Friday, January 21, 2022
HomeKeralaലതാജി, നിങ്ങള്‍ വേഗം സുഖംപ്രാപിക്കട്ടെ! (ദുര്‍ഗ മനോജ്)

ലതാജി, നിങ്ങള്‍ വേഗം സുഖംപ്രാപിക്കട്ടെ! (ദുര്‍ഗ മനോജ്)

ഒരു തലമുറയുടെ സ്വരമാണ് ലതാജിക്ക്. ഭാരതത്തിന്റെ വാനമ്പാടിയാണവര്‍. താളവും സ്വരജതിയും സമന്വയിക്കുന്ന ശബ്ദമാന്ത്രികതയുടെ സപ്തധ്വനി. ജനലക്ഷങ്ങളുടെ ആരാധനാപാത്രം, ഈ ലതയ്ക്ക്, ലതാ മങ്കേഷ്‌ക്കര്‍ക്ക് കോവിഡ് ബാധിച്ചിരിക്കുന്നു. കോവിഡ് ന്യൂമോണിയയായി മാറിയിരിക്കുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഐസിയുവിലാണവര്‍. കോവിഡ് 19 നെ തുടര്‍ന്നുള്ള ന്യുമോണിയ ലതാജിയുടെ ആരോഗ്യനിലയില്‍ വഷളാക്കിയിരിക്കുന്നു.

‘കദളി ചെങ്കദളി’ എന്ന നെല്ലിലെ പാട്ട് മലയാളികള്‍ നെഞ്ചിലേറ്റിയ കാലത്തിനു മുന്നേ തന്നെ ലതാ മങ്കേഷ്‌കര്‍ എന്ന ഗായികയെ മലയാളികള്‍ ഹൃദയത്തോടു ചേര്‍ത്തു പിടിച്ചിരുന്നു. ലഗ് ജാ ഗലേയും, നൈനാ ബര്‍സേ റിം ജിം റിം ജിമും മൂളാത്ത സംഗീതാസ്വാദകര്‍ ഉണ്ടാകില്ല. ‘ആ ജാരേ പര്‍ദേശീ… ‘ ദിലീപ് കുമാറും വൈജയന്തിമാലയും അഭിനയിച്ച മധുമതി എന്ന ചിത്രം അതിലെ ഗാനങ്ങള്‍ക്കു കിട്ടിയ വലിയ സ്വീകാര്യത കൊണ്ട് ഇന്നും ആളുകള്‍ ഓര്‍ക്കുന്ന ഒന്നായി തുടരുന്നു. എം.എസ് സുബ്ബലക്ഷ്മിക്കു ശേഷം രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിച്ച ഗായികയാണ് ലതാജി. ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച അവര്‍ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും പാടിക്കഴിഞ്ഞിരിക്കുന്നു. ആ ശ്രുതിമധുര ആലാപനത്തില്‍ അലിയാത്ത മാനവഹൃദയമേതുണ്ട്?

‘മൂത്ത ജ്യേഷ്ഠൻ’ നടൻ  ദിലീപ് കുമാറുമൊത്ത് 

ആയിരത്തിലധികം ഹിന്ദി സിനിമകളില്‍ പാടിയ ലത മുപ്പത്തിയാറിലധികം ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 1989-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് അവര്‍ക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കി ആദരിച്ചു. 2001-ല്‍, രാഷ്ട്രത്തിനുള്ള സംഭാവനകളെ മാനിച്ച്, അവര്‍ക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം ലഭിച്ചു. 2007-ല്‍ ഫ്രാന്‍സ് അവര്‍ക്ക് അവരുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓഫീസര്‍ ഓഫ് ലീജിയന്‍ ഓഫ് ഓണര്‍ നല്‍കി ആദരിച്ചു.

ബാല്യകാല ചിത്രം

മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, 15 ബംഗാള്‍ ഫിലിം ജേണലിസ്റ്റ്‌സ് അസോസിയേഷന്‍ അവാര്‍ഡുകള്‍, നാല് ഫിലിംഫെയര്‍ മികച്ച വനിതാ പിന്നണി അവാര്‍ഡുകള്‍, രണ്ട് ഫിലിംഫെയര്‍ സ്‌പെഷ്യല്‍ അവാര്‍ഡുകള്‍, ഫിലിംഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അവര്‍ നേടിയിട്ടുണ്ട്. 1974-ല്‍ ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പരിപാടി അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി.

 പ്രധാനമന്ത്രി മോദിയുടെ ആദരം 

മീന ഖാദികര്‍, ആശാ ഭോസ്ലെ, ഉഷാ മങ്കേഷ്‌കര്‍, ഹൃദയനാഥ് മങ്കേഷ്‌കര്‍ എന്നിങ്ങനെ അവര്‍ക്ക് നാല് സഹോദരങ്ങളുണ്ട്-ലത മൂത്തവളാണ്. 1929-ല്‍, മറാത്തി, കൊങ്കണി സംഗീതജ്ഞനായ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെയും ഭാര്യ ശെവന്തിയുടെയും] മൂത്ത മകളായി ഇന്‍ഡോറില്‍ ജനനം. പിതാവ് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കര്‍ ഒരു ക്ലാസിക്കല്‍ ഗായകനും നാടക നടനുമായിരുന്നു. അവളുടെ അമ്മ ഷെവന്തി (പിന്നീട് ശുദ്ധമതി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു), ബോംബെ പ്രസിഡന്‍സിയിലെ (ഇപ്പോള്‍ വടക്കുപടിഞ്ഞാറന്‍ മഹാരാഷ്ട്രയിലാണ്) തല്‍നറില്‍ നിന്നുള്ള ഒരു ഗുജറാത്തി സ്ത്രീയായിരുന്നു.

ദീനനാഥ് തന്റെ കുടുംബത്തെ ഗോവയിലെ തന്റെ ജന്മനഗരമായ മംഗേഷിയാണെന്ന് തിരിച്ചറിയുന്നതിനായി മങ്കേഷ്‌കര്‍ എന്ന കുടുംബപ്പേര് സ്വീകരിച്ചു. ലതയുടെ ജനനസമയത്ത് ‘ഹേമ’ എന്നായിരുന്നു പേര്. അവളുടെ പിതാവിന്റെ നാടകങ്ങളിലൊന്നായ ഭാവബന്ധനിലെ ലതിക എന്ന സ്ത്രീ കഥാപാത്രത്തിന്റെ പേരില്‍ അവളുടെ മാതാപിതാക്കള്‍ പിന്നീട് അവളെ ലത എന്ന് പുനര്‍നാമകരണം ചെയ്തു.

ദുർഗ   മനോജ് 

ഭാവഗാനത്തിലൂടെ വളരെയധികം പേരെടുത്ത ലത അഞ്ചോളം ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം ചെയ്തിട്ടുണ്ട്. 1974-ല്‍, ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട കലാകാരിയായി ലതാ മങ്കേഷ്‌കറിനെ പട്ടികപ്പെടുത്തി, 1948-നും 1974-നും ഇടയില്‍ ’20 ഇന്ത്യന്‍ ഭാഷകളിലായി 25,000-ത്തില്‍ കുറയാത്ത സോളോ, ഡ്യുയറ്റ്, കോറസ് പശ്ചാത്തലത്തിലുള്ള ഗാനങ്ങള്‍’ അവര്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഏകദേശം 28,000 ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന മുഹമ്മദ് റാഫിയോടാണ് ലത മത്സരിച്ചത്. റാഫിയുടെ മരണശേഷം, അതിന്റെ 1984-ലെ പതിപ്പില്‍, ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ‘ഏറ്റവും കൂടുതല്‍ റെക്കോര്‍ഡിംഗുകള്‍’ എന്ന പേരില്‍ ലതാ മങ്കേഷ്‌കറിന്റെ പേര് പ്രസ്താവിച്ചു, 1948 നും 1987 നും ഇടയില്‍ ലതാ മങ്കേഷ്‌കര്‍ 30,000 ഗാനങ്ങളില്‍ കുറയാതെ പാടിയിട്ടുണ്ടെന്ന് ഗിന്നസ് ബുക്കിന്റെ പിന്നീടുള്ള പതിപ്പുകള്‍ പറയുന്നു. എന്തായാലും ലതാജി ലോകത്തിന്റെ തന്നെ വാനമ്പാടിയാണ്, അവര്‍ വേഗം സുഖം പ്രാപിക്കട്ടെ, സ്വരജതി പാടും പൈങ്കിളിയായി ലോകമെങ്ങും നിഴലിക്കട്ടെ!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular