Wednesday, May 8, 2024
HomeUSAകുട്ടികളിൽ 8.5 മില്യൺ കോവിഡ് കേസുകൾ (കോവിഡ് വാർത്തകൾ)

കുട്ടികളിൽ 8.5 മില്യൺ കോവിഡ് കേസുകൾ (കോവിഡ് വാർത്തകൾ)

വാഷിംഗ്ടൺ, ജനുവരി 12 : മഹാമാരി  ആരംഭിച്ചതിന് ശേഷം അമേരിക്കയിൽ ഏകദേശം 8.5 മില്യൺ കുട്ടികളാണ്  കോവിഡ് പോസിറ്റീവായത്.  അമേരിക്കൻ കുട്ടികളിൽ കോവിഡ്  കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അക്കാദമി ഓഫ് പീഡിയാട്രിക്‌സും (എഎപി) ചിൽഡ്രൻസ് ഹോസ്പിറ്റൽ അസോസിയേഷനും പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.

ജനുവരി 6 വരെ രാജ്യത്തുടനീളം 8,471,003 കുട്ടികൾ  കോവിഡ് ബാധിതരായെന്ന് റിപ്പോർട്ടിൽ പറയുന്നു.ഇതുവരെ സ്ഥിരീകരിച്ച കേസുകളിൽ 17.4 ശതമാനവും കുട്ടികളാണ്.

100,000 കുട്ടികളിൽ 11,255 കേസുകൾ എന്നതാണ്  നിരക്ക്.

റിപ്പോർട്ട് അനുസരിച്ച്, അമേരിക്കയിലെ  കുട്ടികൾക്കിടയിൽ  മുൻ തരംഗങ്ങളിലേതിനെ അപേക്ഷിച്ച് ഇത്തവണ വളരെ വേഗത്തിലാണ് കേസുകൾ വർദ്ധിക്കുന്നത്.

ജനുവരി ആദ്യ  ആഴ്ചയിൽ, 580,000-ലധികം കുട്ടികൾക്ക്  കോവിഡ് പിടിപ്പെട്ടു.അതായത്  മുമ്പത്തെ ആഴ്‌ചയെ അപേക്ഷിച്ച് 78 ശതമാനം വർദ്ധനവും രണ്ടാഴ്ച മുമ്പുള്ള കേസുകളുടെ  മൂന്നിരട്ടിയും രേഖപ്പെടുത്തി.

യുഎസിൽ തുടർച്ചയായ 22-ാം ആഴ്ചയിലും കുട്ടികളിൽ  കോവിഡ് കേസുകൾ 100,000-ത്തിന് മുകളിലാണ്. എഎപിയുടെ കണക്കനുസരിച്ച് സെപ്റ്റംബർ ആദ്യവാരം മുതൽ 3.4 മില്യണിലധികം കുട്ടികൾക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്.
ആശുപത്രികളിൽ പ്രവേശിതരായ കോവിഡ് രോഗികളിൽ  1.7 മുതൽ 4.3 ശതമാനം വരെ കുട്ടികളാണ്,  കോവിഡ് മരണങ്ങളിൽ 0 മുതൽ 0.27 ശതമാനം വരെയാണ് കുട്ടികളുടെ അനുപാതം.
പുതിയ വേരിയന്റുകളുമായി ബന്ധപ്പെട്ട രോഗതീവ്രതയും  പ്രത്യാഘാതങ്ങളും വിലയിരുത്തുന്നതിന് പ്രായ-നിർദ്ദിഷ്‌ട ഡാറ്റ  ശേഖരിക്കേണ്ടത് ആവശ്യമാണെന്ന് എഎപി റിപ്പോർട്ടിൽ പറയുന്നു.

 കോവിഡ്  പുതിയ ഉയരങ്ങളിലേക്ക് കടക്കുന്നു;   ജാഗ്രത 

ന്യൂയോർക്ക്, ജനുവരി 12: കോവിഡ് ഹോസ്പിറ്റലൈസേഷനുകളുടെ നിരക്ക് റെക്കോർഡുകൾ ഭേദിച്ച് ഉയരുകയാണ്. രോഗബാധിതരുടെ വർദ്ധനവ് കൈകാര്യം ചെയ്യാൻ മെഡിക്കൽ സംവിധാനങ്ങൾ  പാടുപെടുകയാണ്.
ചൊവ്വാഴ്ച രാജ്യത്ത്  145,982 പേരെയാണ്  കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2021 ജനുവരി 14 ന് സ്ഥാപിച്ച 142,273 എന്ന മുൻ റെക്കോർഡാണ് മറികടന്നത്. രണ്ടാഴ്ച മുമ്പുള്ളതിന്റെ ഇരട്ടിയാണിത്.
മാസാവസാനം ഒമിക്രോൺ കേസുകൾ  ഏറ്റവും ഉയർന്ന നിലയിലെത്തുമ്പോൾ, 275,000 മുതൽ 300,000 വരെ  ഹോസ്പിറ്റലൈസേഷനുകൾ ഉണ്ടായേക്കുമെന്നാണ് വിവിധ മോഡലുകൾ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവചനം.

യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) മാസ്‌ക് ധരിക്കണമെന്ന മാർഗ്ഗനിർദ്ദേശം അപ്‌ഡേറ്റ് ചെയ്യുന്നത് പരിഗണിക്കുകയാണ്.
ആരോഗ്യ പ്രവർത്തകർക്ക് സമാനമായി സാധാരണക്കാരും ഉയർന്ന സംരക്ഷണമുള്ള N95 മാസ്‌കോ  KN95 മാസ്‌കോ തിരഞ്ഞെടുക്കണമെന്നാണ്  ശുപാർശ ചെയ്യുമെന്ന് സൂചനയുണ്ട്.

വായുവിലൂടെയുള്ള വൈറസിനെ പ്രതിരോധിക്കാൻ തുണി മാസ്കുകൾക്ക്  പകരം മികച്ച നിലവാരമുള്ള മാസ്കുകൾ ശുപാർശ ചെയ്യാൻ വിദഗ്ധർ ജോ ബൈഡൻ ഭരണകൂടത്തോട് ആവർത്തിച്ച് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.

2020-ൽ സിഡിസി  പ്രാരംഭ മാസ്‌ക് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചപ്പോൾ, ആരോഗ്യ പ്രവർത്തകർക്ക് മാത്രമേ  N95 മാസ്‌കുകൾ ശുപാർശ ചെയ്തിരുന്നുള്ളു. അന്നത്തെപ്പോലെ  ഇനി അത്തരം മാസ്കുകൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

വാക്സിൻ സ്വീകരിച്ചാൽ കോവിഡ് സങ്കീർണതകൾ കുറയ്ക്കാനാകുമെന്ന് സിഡിസി പഠനം 

വാക്സിനേഷൻ എടുക്കുന്നവർക്ക് കോവിഡ് മൂലമുള്ള അപകടസാധ്യത എത്രമാത്രം കുറവാണെന്ന് എടുത്തുകാണിക്കുന്ന പഠനത്തിന്റെ വിവരങ്ങൾ സിഡിസി പങ്കുവച്ചു.
വാക്‌സിനേഷൻ എടുക്കുന്നതിൽ ഗുണമുണ്ടെന്ന്  ബോധ്യമില്ലെങ്കിലോ, കോവിഡിനെതിരെ പോരാടാൻ നിയന്ത്രിത ഉത്തരവുകൾ ആവശ്യമാണെന്ന് വിശ്വസിക്കുന്നില്ലെങ്കിലോ   ഏറ്റവും പുതിയ പഠനം പരിശോധിച്ച് സംശയം പരിഹരിക്കാൻ സിഡിസി  ഡയറക്ടർ ഡോ. റോഷെൽ വാലൻസ്‌കി നിർദ്ദേശിച്ചു.

2020 ഡിസംബറിനും 2021 ഒക്‌ടോബറിനും ഇടയിൽ വാക്‌സിനേഷൻ എടുത്ത 1,228,664 പേരുടെ ഡാറ്റ പരിശോധിച്ചാണ്  ഏജൻസി പഠനം നടത്തിയത്.അവരിൽ 2,256 പേർക്ക്(0.1%) കോവിഡ് പിടിപ്പെട്ടു. അതിൽ, 189 പേരുടെ(0.01%) സ്ഥിതി ഗുരുതരമാവുകയും 36 പേർ( 0.0029%)മരണപ്പെടുകയും ചെയ്തു.
മരിച്ചവരിൽ ഏകദേശം 28 പേർക്ക് രോഗപ്രതിരോധ ശേഷി കുറവായിരുന്നു. പ്രമേഹം,  വൃക്ക, ഹൃദയം, ശ്വാസകോശം, കരൾ രോഗങ്ങൾ എന്നിവയുൾപ്പെടെ നാലോ അതിലധികമോ വിട്ടുമാറാത്തരോഗങ്ങൾ  ഇവർക്കുണ്ടായിരുന്നു.
വാക്സിനേഷൻ എടുത്താൽ, കോവിഡ് മൂലമുള്ള  മരണത്തിനും  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിനുമുള്ള  സാധ്യത വളരെയധികം കുറയുമെന്നാണ് ഡാറ്റയിൽ നിന്ന് വ്യക്തമാകുന്നതെന്ന് വാലെൻസ്കി അടിവരയിട്ടു.

ചൊവ്വാഴ്ച രാജ്യത്ത്  145,982 പേരാണ്  കോവിഡ് ബാധിച്ച് ആശുപത്രികളിൽ കഴിയുന്നത്.അവരിൽ 50% പേർക്കും കോവിഡിനേക്കാൾ പ്രാഥമികമായി ഉണ്ടായിരുന്ന രോഗാവസ്ഥ മൂർച്ഛിച്ചാണ് ചികിത്സ തേടേണ്ട സാഹചര്യമുണ്ടായത്. അവരിൽ ബഹുഭൂരിപക്ഷവും വാക്സിനേഷൻ എടുക്കാത്തവരാണ് എന്നതാണ് ഇതിൽ ശ്രദ്ധേയം. അവരുടെ ബുദ്ധിശൂന്യതയാണ് രോഗം വഷളാക്കിയതെന്ന് സിഡിസി ഡയറക്ടർ ചൂണ്ടിക്കാട്ടി. റിസ്ക് കുറയ്ക്കാൻ ഏവരും ശ്രദ്ധിക്കണമെന്നും വാലൻസ്കി ഓർമ്മപ്പെടുത്തി.

 രോഗികളുടെ കണക്കുകൾ ദേശീയ പ്രതിസന്ധിയല്ല സൂചിപ്പിക്കുന്നതെന്നും  ന്യൂനപക്ഷമായ അമേരിക്കക്കാരുടെ തീരുമാനങ്ങളെ ആശ്രയിച്ചാണിതെന്നും അവർ പറഞ്ഞു.

വകഭേദങ്ങൾ നേരിടാൻ നിലവിലെ വാക്സിനുകളുടെ ബൂസ്റ്റർ മതിയാകില്ലെന്ന് ലോകാരോഗ്യസംഘടന
ജനീവ, ജനുവരി 12: ഒമിക്രോൺ ഉൾപ്പെടെ ഉയർന്നുവരുന്ന വകഭേദങ്ങളിൽ നിന്ന് തുടർച്ചയായ സംരക്ഷണം നൽകണമെങ്കിൽ നിലവിലെ കോവിഡ് വാക്സിനുകളിൽ മാറ്റം വേണ്ടിവരുമെന്ന്  ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അഭിപ്രായപ്പെട്ടു.

 കോവിഡ്-19 വാക്‌സിൻ കോമ്പോസിഷൻ (TAG-CO-VAC) സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘത്തിലെ  18 വിദഗ്ധരുടേതാണ് ഈ അഭിപ്രായം.

നിലവിലുള്ള വാക്‌സിനുകൾ ഗുരുതരമായ രോഗങ്ങൾക്കും വേരിയന്റ്‌സ് ഓഫ് കൺസേൺ (VOC) മൂലമുണ്ടാകുന്ന മരണത്തിനും എതിരെ ഉയർന്ന തലത്തിലുള്ള സംരക്ഷണം നൽകുന്നുണ്ടെങ്കിലും വൈറസ്  പകരുന്നത്  തടയാൻ കഴിയുന്ന  വാക്സിനുകൾ ഭാവിയിൽ  വികസിപ്പിക്കേണ്ടതുണ്ടെന്ന്  സംഘം വ്യക്തമാക്കി.
വൈറസിന്റെ വകഭേദങ്ങളിൽ  നിന്ന് പരിരക്ഷിക്കുന്നതിന് നിലവിലെ കോവിഡ് -19 വാക്സിനുകളുടെ ഘടന അപ്‌ഡേറ്റ് ചെയ്യേണ്ടതായി വന്നേക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

ഇടയ്ക്കിടെ ബൂസ്റ്ററുകൾ നൽകുന്നതിന് പകരം, ദീർഘകാല സംരക്ഷണം ലഭിക്കുന്ന വാക്സിനുകൾ കണ്ടെത്തുകയാണ് വേണ്ടതെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

വാക്‌സിൻ ഘടനയിൽ എപ്പോൾ മുതൽ  മാറ്റങ്ങൾ ആവശ്യമായി വരുമെന്ന് തീരുമാനിക്കാൻ സഹായിക്കുന്നതിന് നിലവിലുള്ള വാക്സിനുകളുടെയും   ഒമിക്‌റോണിന്റെ പശ്ചാത്തലത്തിൽ വികസിപ്പിക്കുന്നവയുടെയും പ്രകടനത്തെക്കുറിച്ചുള്ള ഡാറ്റ നൽകാൻ വിദഗ്ധർ കോവിഡ് വാക്‌സിൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular