Thursday, April 25, 2024
HomeUSAപട്ടാള യൂണിഫോം അണിഞ്ഞ് ഇനി പൊതുവേദികളില്‍ എത്താനാവില്ല; മെഡലുകള്‍ എല്ലാം നഷ്ടമാകും;

പട്ടാള യൂണിഫോം അണിഞ്ഞ് ഇനി പൊതുവേദികളില്‍ എത്താനാവില്ല; മെഡലുകള്‍ എല്ലാം നഷ്ടമാകും;

ലണ്ടന്‍: സൈനിക ബഹുമതികളും രാജപദവികളും പേറി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാനും പ്ര്യതേക പരിഗണനകള്‍ ലഭിക്കാനുമുള്ള അവസാന അവസരവും ആന്‍ഡ്രുവിന് ഇന്നലത്തോടെ നഷ്ടപ്പെട്ടിരിക്കുകയാണ്.

ഇനി അമേരിക്കയില്‍ ലൈംഗിക പീഡനകേസില്‍ ആന്‍ഡ്രൂ ഹാജരാകുക ഒരു സാധാരണ ബ്രിട്ടീഷ് പൗരനായിട്ടായിരിക്കും. കനേഡിയന്‍, ന്യുസിലാന്‍ഡ്, ബ്രിട്ടീഷ് സൈനിക ബഹുമതികളൊക്കെ ഇന്നലെ തന്നെ രാജ്ഞി തിരിച്ചെടുത്തു. അതിനു പുറമേ ഈ 61 കാരന് ഇനിമുതല്‍ രാജകുടുംബത്തിന്റെ ഒരു ഔദ്യോഗിക സംരക്ഷണവും ഉണ്ടായിരിക്കുന്നതുമല്ല.

റോയല്‍ നേവിയില്‍ ഒരു ഹെലികോപ്റ്റര്‍ പൈലറ്റായി സേവനമനുഷ്ഠിച്ച്‌ ഫോക്ക്ലാന്‍ഡ് യുദ്ധത്തില്‍ പങ്കെടുത്ത ആന്‍ഡ്രുവിന് ഇത് കനത്ത തിരിച്ചടി തന്നെയാണ്. അദ്ദേഹം വഹിച്ചിരുന്ന രാജപദവികളും സൈനിക പദവികളും ഇനി രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് വീതിച്ചു നല്‍കും. ഇന്നലെ ഉച്ചയ്ക്കായിരുന്നു ആന്‍ഡ്രുവിനെ രാജകുടുംബത്തില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള രാജ്ഞിയുടെ തീരുമാനം ബക്കിങ്ഹാം പാലസ് പുറത്തുവിട്ടത്.

ബ്രിട്ടീഷ് സൈന്യത്തിന്റെ സര്‍വ്വാധികാരി എന്ന നിലയില്‍ ഏതൊരു സൈനിക ബഹുമതിയും തിരിച്ചെടുക്കാന്‍ രാജ്ഞിക്ക് അധികാരമുണ്ട്. രാജ്ഞിയുടെ ഈ നടപടിയെ ജനപ്രതിനിധി സഭയിലെ ഡിഫന്‍സ് സെലക്‌ട് കമ്മിറ്റി ചെയര്‍മാന്‍ ടോബിയാസ് എല്‍വുഡ് എം പി സ്വാഗതം ചെയ്യുകയും ചെയ്തു. രാജ്ഞി ഈ തീരുമാനത്തില്‍ തീര്‍ത്തും ദുഃഖിതയായിരിക്കുമെന്നാണ് മുന്‍ പ്രസ്സ് സെക്രട്ടറി ഡിക്കീ ആര്‍ബിറ്റര്‍ പറഞ്ഞത്. എന്നിരുന്നാലും രാജകുടുംബത്തിന്റെ യശസ്സിനെ രക്ഷിക്കാന്‍ ഇത്തരത്തിലൊരു തീരുമാനം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സൈനിക പദവിയില്‍ തുടരുക വഴി സൈന്യത്തിന്റെ യശസ്സിനും ആന്‍ഡ്രു കളങ്കം ചാര്‍ത്തുകയാണെന്നും അദ്ദേഹത്തെ സൈനിക പദവികളില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 152 മുന്‍സൈനികര്‍ രാജ്ഞിക്ക് കഴിഞ്ഞദിവസം കത്തയച്ചിരുന്നു. റോയല്‍ നേവി, എയര്‍ഫൊഴ്സ്, ആര്‍മി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള മുന്‍ സൈനികരാണ് കത്തയച്ചത്. അതേസമയം, ആന്‍ഡ്രുവിന്റെ സൈനിക ബഹുമതികളെ കുറിച്ച്‌ പ്രതികരിക്കാനില്ലെന്നായിരുന്നു പ്രതിരോധമന്ത്രാലയം പറഞ്ഞത്. അത് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒന്നല്ലെന്നും മറിച്ച്‌ രാജ്ഞി തീരുമാനിക്കേണ്ട വിഷയമാണെന്നുമായിരുന്നു മന്ത്രാലയത്തിന്റെ നിലപാട്.

കാര്യങ്ങള്‍ രാജ്ഞിയെ ധരിപ്പിക്കുവാനും വിശദീകരണങ്ങള്‍ നല്‍കുവാനും വേണ്ടി തന്റെ അഭിഭാഷകനും അടുത്ത സുഹൃത്തുമായ ഗാരി ബ്ലോക്സമിനൊപ്പമായിരുന്നു ഇന്നലെ ഉച്ചയ്ക്ക് ആന്‍ഡ്രൂ കൊട്ടാരത്തില്‍ എത്തിയത്. ഇതു തന്നെ, ഗുരുതരമായതെന്തൊ സംഭവിക്കാന്‍ പോകുന്നു എന്ന് ആന്‍ഡ്രു അറിഞ്ഞിരുന്നു എന്നതിന്റെ സൂചനയായി കണക്കാക്കുന്നു. എന്നാല്‍, അഭിഭാഷകന് വിന്‍ഡ്സര്‍ കാസിലിലേക്ക് പ്രവേശനം ലഭിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആന്‍ഡ്രൂ തിരിച്ചു വരുന്നതുവരെ അദ്ദേഹത്തിന് കോട്ടയ്ക്ക് വെളിയില്‍ കാറിനുള്ളില്‍ തന്നെ ഇരിക്കേണ്ടതായി വന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular