Friday, April 26, 2024
HomeKeralaദിലീപിനെ അടുത്ത ചൊവാഴ്ച്ച വരെ അറസ്റ്റ് ചെയ്യില്ലെന്നു പോലീസ്

ദിലീപിനെ അടുത്ത ചൊവാഴ്ച്ച വരെ അറസ്റ്റ് ചെയ്യില്ലെന്നു പോലീസ്

കൊച്ചി: മലയാള സിനിമയിലെ യുവ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി എന്ന കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ അടുത്ത ചൊവാഴ്ച്ച വരെ അറസ്റ്റ് ചെയ്യില്ലെന്നു പോലീസ് ഹൈക്കോടതിയിൽ ഉറപ്പു നൽകി. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്ന കേസിൽ ദിലീപ് മുൻ‌കൂർ ജാമ്യം തേടിയിരുന്നു. വെള്ളിയാഴ്ച്ച ഈ അപേക്ഷ കേൾക്കുമ്പോൾ ജസ്റ്റിസ് പി. ഗോപിനാഥ് അത് ചൊവാഴ്ചയ്ക്കു നീട്ടി വയ്ക്കുകയും തീർപ്പുണ്ടാവും വരെ നടനെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിക്കയും ചെയ്തു.

ഗൂഢാലോചന തെളിയിക്കാൻ സംവിധായകൻ ബാലചന്ദ്രകുമാർ കൊണ്ട് വന്ന തെളിവുകൾ പരിശോധിക്കേണ്ടതുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസിൽ വിചാരണ ഫെബ്രുവരി 16 നു അവസാനിപ്പിക്കണം എന്ന സുപ്രീം കോടതി വിധി നിലനിൽക്കെ ആ കേസിൽ തുടരന്വേഷണം പോലീസ് ആവശ്യപ്പെടുന്നതു കൊണ്ട് അവർ സമർപ്പിക്കുന്ന പുതിയ തെളിവുകൾ വിശദമായി പരിശോധിക്കേണ്ടതാണ്.

അതേ സമയം, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ. പൗലോസിന്റെ പക്കൽ ഉണ്ടെന്നു അവകാശപ്പെടുന്നതിനാൽ അവ കോടതിയിൽ ഹാജരാക്കി പരിശോധിക്കണം എന്നാവശ്യപ്പെട്ടു ദിലീപ് വിചാരണ കോടതിയിൽ ഹർജി നൽകി.

ബൈജു പൗലോസ് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കെട്ടിച്ചമച്ചതാണ് പുതിയ കേസെന്നു ഹൈക്കോടതിയിൽ ദിലീപ് വാദിച്ചു. നടിയെ ആക്രമിച്ചു എന്ന കേസിൽ പ്രോസിക്യൂഷന്റെ പരിശ്രമങ്ങൾ ദുർബലമായതു കൊണ്ടാണ് പുതിയ കേസുമായി പോലീസ് ഇറങ്ങിയത്.

വ്യാഴാഴ്ച ദിലീപിന്റെ വീട്ടിലും മറ്റും നടത്തിയ മിന്നൽ പരിശോധനയിൽ നിർണായകമായ തെളിവുകൾ എന്തെങ്കിലും പോലീസിന് ലഭിച്ചതായി സൂചനയില്ല. ദിലീപിന്റെ കൈയിൽ തോക്കുണ്ടെന്നു ബാലചന്ദ്രകുമാർ പോലീസിൽ പറഞ്ഞിരുന്നു. നടന് തോക്കിനുള്ള ലൈസൻസ് ഇല്ല. എന്നാൽ തോക്കു കണ്ടു കിട്ടിയില്ല.

കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കും ദിലീപിന്റെ പേർസണൽ ഫോണും പോലീസ് പിടിച്ചെടുത്തത് ദൃശ്യങ്ങൾ കിട്ടുമോ എന്ന് നോക്കാനാണ്. അടുത്ത ദിവസം ഹൈക്കോടതിയിൽ മതിയായ തെളിവ് നൽകിയില്ലെങ്കിൽ പോലീസിന്റെ പുതിയ നീക്കങ്ങൾ വിജയം കണ്ടില്ലെന്നു വരാം.
പോലീസ് അനാവശ്യമായി പീഡിപ്പിക്കയാണെന്നു ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ പരാതിപ്പെട്ടു. പരിശോധനയ്ക്കു വാറന്റ് ഉണ്ടായിരുന്നില്ലേ എന്ന് കോടതി അപ്പോൾ ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular