Friday, April 19, 2024
HomeKeralaപള്‍സര്‍ സുനിയിലേക്കു പോലീസ് നീങ്ങുന്നു

പള്‍സര്‍ സുനിയിലേക്കു പോലീസ് നീങ്ങുന്നു

കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയെ വീണ്ടും വിസ്തരിക്കാന്‍  പ്രോസിക്യൂഷന്‍ അനുമതി തേടിയതായിപോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സുനിയുടെ അമ്മ ശോഭന ചൊവാഴ്ച ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കുമെന്നും പോലീസ് അറിയിച്ചു. ജീവനക്കാര്‍ക്ക് കോവിഡ് വന്നതിനാല്‍ കോടതികള്‍ ഓണ്‍ലൈനില്‍ പ്രവേശിച്ചാല്‍ ഈ മൊഴിയെടുപ്പു ചൊവാഴ്ച നടക്കുമോ എന്ന് ഉറപ്പായിട്ടില്ല.

ജയിലില്‍ നിന്ന് സുനി തനിക്കയച്ച കത്തിലെ ചില കാര്യങ്ങള്‍ ശോഭന പുറത്തു പറഞ്ഞിരുന്നു. ദിലീപ് ആണ് എല്ലാം ചെയ്യിച്ചതെന്നു മകന്‍ പറഞ്ഞതായും ശോഭന പറഞ്ഞു.  സിനിമാ രംഗത്തെ ചില പ്രമുഖര്‍ കൂടി കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നു മകന്‍ പറഞ്ഞതായും സുനിയുടെ ജീവന് ഭീഷണി ഉള്ളതായും അവര്‍ പറഞ്ഞു. മാനസിക അസ്വാസ്ഥ്യം മൂലം ഉറങ്ങാന്‍ കഴിയാത്തതിനാല്‍ അവശനായ സുനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
സുനിയെ വീണ്ടും ചോദ്യം ചെയ്താല്‍ ദിലീപിനെതിരായ സുപ്രധാന വിവരങ്ങള്‍ ലഭ്യമാകും എന്നാണ്  പ്രോസിക്യൂഷന്റെ പ്രതീക്ഷ. വിചാരണ കോടതിയില്‍ ദിലീപിനെ ശിക്ഷിക്കാന്‍ ആവശ്യമായ തെളിവുകള്‍ സുനി വെളിപ്പെടുത്തിയിരുന്നില്ല എന്ന് പോലീസ് വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നുണ്ട്. അത് കൊണ്ട് പ്രതിയെ വീണ്ടും വിചാരണ ചെയ്യാന്‍ പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയെങ്കിലും വിചാരണ കോടതി അത് സമ്മതിച്ചില്ല.

അതേ സമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത്  ശരത്ത്  ജി. നായര്‍ ആറാം പ്രതിയാകും. ‘വി ഐ പി’ എന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ വ്യക്തി ആലുവയിലെ സൂര്യ ഹോട്ടല്‍ ശൃംഖലയുടെയും ശരത് ട്രാവല്‍സിന്റെയും ഉടമയായ ശരത്ത് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.

ഈ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച്ചയ്ക്ക് മാറ്റിയതോടൊപ്പം ശരത്തിന്റെ ജാമ്യാപേക്ഷയും മാറ്റി വച്ചിട്ടുണ്ട്. കോടതി ആവശ്യപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൊവാഴ്ച്ച ബോധിപ്പിച്ചു. വിശദമായ എതിര്‍ സത്യവാങ്മൂലം നല്‍കാനുണ്ടെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു.

അപേക്ഷയില്‍ തീരുമാനമാകും വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ഉറപ്പു നല്‍കി.
ഗൂഢാലോചന കേസില്‍ ദിലീപിനൊപ്പം സഹോദരന്‍ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു എന്നിവരും പ്രതികളാണ്. ഇവരെല്ലാം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

സൂരജിന്റെ കൊച്ചി കടവന്ത്രയിലുള്ള ഫ്‌ലാറ്റില്‍ തിങ്കളാഴ്ച രാത്രി ക്രൈം ബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. അതോടൊപ്പം ശരത്തിന്റെ ആലുവയിലെ വീട്ടിലും പരിശോധന നടന്നു.

ശരത്ത് റെയ്ഡ് സമയത്തു തോട്ടുമുഖത്തെ വീട്ടില്‍ ഉണ്ടായിരുന്നില്ല.  പാസ്‌പോര്‍ട്ട്  പിടിച്ചെടുത്തിട്ടുണ്ടെന്നു പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

പുതിയ തെളിവുകള്‍ വെളിപ്പെടുത്തി കേസിനു ഊര്‍ജം പകര്‍ന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആയിരുന്നു പോലീസിന് ശരത്തിന്റെ പേര് കൊടുത്തത്. 2017 നവംബര്‍ 11 നു ദിലീപിന്റെ ആലുവയിലെ വീട്ടിലേക്കു വന്ന ‘വി ഐ പി’ യെ വീട്ടിലുണ്ടായിരുന്ന കുട്ടി ശരത് അങ്കിള്‍ എന്നു വിളിച്ചു എന്നായിരുന്നു കുമാര്‍ പറഞ്ഞത്. എന്നാല്‍ നടന്റെ ഭാര്യ കാവ്യ അയാളെ ‘ഇക്കാ’ എന്ന് വിളിച്ചു എന്ന മൊഴി ചിന്താക്കുഴപ്പം ഉണ്ടാക്കി. അതു കൊണ്ട് ഖത്തറില്‍ ദിലീപിന്റെ ‘ദേ പുട്ട്’ കടയുടെ ഫ്രാഞ്ചൈസി ആയ കോട്ടയം സ്വദേശി മെഹ്ബൂബിനെ സംശയിച്ചു. പിന്നീട് പോലീസ് കാണിച്ച മൂന്ന് ഫോട്ടോകളില്‍ നിന്ന് കുമാര്‍ ശരത്തിനെ ചൂണ്ടിക്കാട്ടി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ശരത്തിന്റെ ശബ്ദ സാമ്പിള്‍ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും പോലീസ് പറയുന്നു. ആളെ കിട്ടാത്തതു കൊണ്ട് അദ്ദേഹം ടെലിവിഷനില്‍ സംസാരിച്ചതുമായി താരതമ്യം ചെയ്താണ് സ്ഥിരീകരിച്ചത്.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ‘വി ഐ പി’ കൊണ്ട് വന്നുവെന്നും ദിലീപും കൂട്ടരും ഒന്നിച്ചിരുന്നു അത് കണ്ടുവെന്നുമാണ് കുമാറിന്റെ വെളിപ്പെടുത്തല്‍. ആ ദൃശ്യങ്ങള്‍ പകര്‍ത്തിയ സി ഡി ശരത് ആണ് കൊണ്ടുവന്നതെങ്കില്‍ അത് മറവു ചെയ്തതും അയാള്‍ തന്നെ എന്ന് പോലീസ് കരുതുന്നു.
ശരത്തിന്റെ വീട്ടിലും സൂരജിന്റെ വീട്ടിലും നടത്തിയ പരിശോധനയും പ്രധാനമായി ഈ സി ഡി കണ്ടെത്താന്‍ ആയിരുന്നു. എന്നാല്‍ വേണ്ടത്ര തെളിവുകള്‍ ലഭ്യമായിട്ടില്ല എന്ന സൂചനയാണ് ചൊവാഴ്ച പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയത്. അത് കൊണ്ടാണ് ജാമ്യാപേക്ഷയിലുള്ള വിശദ വിചാരണ വെള്ളിയാഴ്ച വരെ നീട്ടണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചത്.

പ്രധാന കേസിന്റെ വിചാരണ കഴിയാറായ നേരത്തു കൊണ്ട് വന്ന പുതിയ കേസ് ദുരുദ്ദേശ്യമാണെന്നാണ് ദിലീപ് വാദിക്കുന്നത്. വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് പോലീസിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular