Monday, April 22, 2024
HomeEditorialഎന്റെ മണവാളനായ മ്ശിഹാ അറിയുന്നതിന്

എന്റെ മണവാളനായ മ്ശിഹാ അറിയുന്നതിന്

ഞാൻ ആരാവുന്നു എന്നും, എന്തിനാവും ഈ കത്ത്  എഴുതുന്നത് എന്നും അങ്ങ് അറിയുമെല്ലോ. എങ്കിലും എൻറ്റെ സങ്കടങ്ങൾ ഒന്ന് ബോധിപ്പിക്കുന്നു. അങ്ങയുടെ മണവാട്ടിയായി ഞാൻ ജീവിച്ചു. അനീതിക്കെതിരെ ഞാൻ പ്രതികരിച്ചു. പക്ഷെ  # അവൾക്കൊപ്പം എന്തൊക്കെയോ ആരൊക്കെയോ പറഞ്ഞു . ഒടുവിൽ തെമിസ്സ്പോലും “# അവനൊപ്പെം” ആയി കർത്താവെ…

 തെമിസ്, അവൾ നീതിയുടെ ദേവതയാണുപോലും. കണ്ണുമൂടികെട്ടിയ നീതിദേവത, തുല്യനീതിക്ക് വേണ്ടി പോരാടുന്നവൾ . നീതിക്കുവേണ്ടി പോരാടുവാൻ തെമിസിന് വാൾ ഒക്കെ ഉണ്ട്  കേട്ടോ കർത്താവെ, പക്ഷെ അതിൽ പൂശിയിരിക്കുന്ന സ്വർണം മാത്രം കാണുന്നുള്ളോ  എന്നൊരു തോന്നൽ. പ്രത്യേകിച്ച് അങ്ങയുടെ പിതാവിൻറ്റെ സ്വന്തം നാട് എന്ന് പറയുന്നിടത്തു  അവൾക്ക് നീതി കാണുവാൻ  പറ്റുന്നില്ല, കാരണം  സമ്പന്നരെ അവർ ഭയപ്പെടുന്നു . തുല്യനീതിയുടെ തുലാസ് വിറ്റുപോയി . നിഷ്കളങ്കരുടെ കണ്ണുനീരിന് എന്ത് വില . അധികാരവും പണവും ഉണ്ടെങ്കിൽ എന്തു നീതി.

എന്നാലും ഞാൻ ആ തെമിസിനെ വീണ്ടും ഓർത്തു പോവുന്നു. തെമിസിന്റ്റെ തുലാസ് -കോടതിയിൽ ഹാജരാക്കിയ തെളിവുകൾ തൂക്കിനോക്കാനുള്ള നിയമത്തിൻറ്റെ  നിഷ്പക്ഷതയും ബാധ്യതയും ഇവ പ്രതിനിധീകരിക്കുന്നു. ഒരു നിയമപരമായ കേസിൻറ്റെ  ഓരോ വശവും നോക്കേണ്ടതും നീതി നടപ്പാകുമ്പോൾ താരതമ്യം ചെയ്യേണ്ടതുമാണ്.

കർത്താവെ, എൻറ്റെ കേസിനു തെളിവില്ലായിരുന്നു . പിന്നെ ഞാൻ ഏതു ആദ്യമേ  പറഞ്ഞുമില്ല. തെറ്റ് എൻറ്റെ യാണ്. അല്ല  കർത്താവു ഒന്ന് പറഞ്ഞെ ഞാൻ ഇതിനു തെളിവ് എങ്ങനെ കാണിക്കും, എൻറ്റെ വാക്ക്, ഞാൻ അനുഭവിച്ചത്‌ അതിലും വലിയ തെളിവ് എന്തിനു കർത്താവെ ? പിന്നെ ഒരു മണവാട്ടി കോട്ടയത്തു കിണറ്റിൽ പോയത് അങ്ങ് ഓർക്കുന്നുണ്ടാവുമെല്ലോ അല്ലെ? അവർക്ക് ഒരു കള്ളൻ എങ്കിലും ഉണ്ടായിരുന്നു സാക്ഷി. എനിക്ക് ആരുമില്ല , ആരും … എൻറ്റെ കണ്ണീർ കണ്ടിട്ട് കർത്താവിനു മനസ്സ് അലിഞ്ഞില്ലേ  ? തെമിസ്ൻറ്റെ മൂടികെട്ടിയ കണ്ണുകൾ ഒരുപക്ഷെ കണ്ണുനീർ പൊഴിക്കുണ്ടാവുമോ? എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ  മാത്രമേ ഉള്ളു കർത്താവെ .

പ്രത്യക്ഷത്തിൽ, തെമിസ് കണ്ണടയ്ക്കുന്നത് നിയമത്തിന്റെ നിഷ്പക്ഷതയെയും വസ്തുനിഷ്ഠതയെയും പ്രതിനിധീകരിക്കുന്നു, മാത്രമല്ല അത് രാഷ്ട്രീയമോ സമ്പത്തോ പ്രശസ്തിയോ പോലുള്ള ബാഹ്യഘടകങ്ങളെ അതിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻ അനുവദിക്കുന്നില്ല. പക്ഷെ അതാണോ കർത്താവെ എൻറ്റെ കേസിൻറ്റെ വിധിയിൽ നടന്നത്?.

അനാഥർക്കും , പീഡിതർക്കും , കണ്ണുനീർ വാർക്കുന്നവർക്കും ഒപ്പം ഞങ്ങൾ എന്ന് കർത്താവിനെ കൂട്ടുപിടിച്ചു പറഞ്ഞവർ പോലും എന്റ്റെ കണ്ണുനീരിന് മീതെ കതിന പൊട്ടിച്ചു ആഘോഷിച്ചു  .അത് സഹിക്കാൻ പറ്റുന്നില്ല കർത്താവെ. # അവൾക്കൊപ്പെം പെട്ടെന്ന് ദൈവത്തിനു സ്തുതി പാടി # പീഢകനൊപ്പെം ആയി .  തെമിസ് നീ കണ്ണ് തുറന്നു ഒന്ന് യാഥാർത്ഥ്യം നോക്കി കാണൂ .ഞാൻ കെഞ്ചുകയാണ് നീതിക്കുവേണ്ടി…  തെമിസ് ആ വാൾ എന്തിനാണ് നിങ്ങൾക്ക് ? നിങ്ങളുടെ പവിത്രമായ നീതിയുടെ ആലയത്തിൽ നിരപരാധികളായ സ്ത്രീകളുടെ ശരീരവും കണ്ണീരും അനുദിനം ചൊരിയുമ്പോൾ നിങ്ങൾ എന്തിനാണ് അധികാരത്തിന്റെ വാൾ ഉയർത്തുന്നത്.

ഇവിടെ നീതിയും നിയമവും  ഒരു കണ്ടെത്തലിനുമേലുള്ള ഒരു യാത്രയാണ്, കുറ്റംചെയ്തവന്‌ ഒരു പ്രതിഫലമായി  അനുകൂല വിധി നൽകപ്പെടുന്നു.  എനിക്ക്, എന്നെ പോലെ ഉള്ള അനേകം പേർക്ക്, കണ്ണുനീരും പ്രഹസനവും മാത്രം ഫലം . പക്ഷെ  ഞാൻ തളരില്ല . ഞാൻ പോരാടും..എൻറ്റെയൊപ്പം വിവേകം ഉള്ളവരും ഹൃദയപരമാർത്ഥികളും ഉണ്ടാവും  പിന്നെ കർത്താവും കട്ടയ്ക്കു  കൂടെ ഉണ്ടാവണം.  അനീതി തടയാൻ നമുക്ക് ശക്തിയില്ലാത്ത സമയങ്ങളുണ്ടാകാം, പക്ഷേ പ്രതിഷേധിക്കുന്നതിൽ പരാജയപ്പെടുന്ന ഒരു സമയവും ഉണ്ടാകരുത്. വേദന  അനുഭവിച്ചവർക്കൊപ്പം  അനുഭവിക്കാത്തവരും  പ്രകോപിതരാകുന്നത് വരെ നീതി ലഭിക്കില്ല. എനിക്ക് നീതി വേണം , തെളിവ് എന്റ്റെ അനുഭവം ആണ് , അത് വെളിപ്പെടുത്തുവാൻ ഞാൻ കാണിച്ച ധൈര്യം അതാണ് തെളിവ് , തെമിസ് അത് മാത്രം മതി തെളിവ് ….ഒന്ന് കണ്ണ് തുറക്കൂ. അനീതി എല്ലായിടത്തും നീതിക്ക് ഭീഷണിയാണ്..ഒരാളെ നേരിട്ട് ബാധിക്കുന്നതെന്തും പരോക്ഷമായി എല്ലാവരെയും ബാധിക്കുന്നു.പ്രത്യേകിച്ച് സ്ത്രീകൾക്ക് എതിരെയുള്ള അനീതി …

കർത്താവു കട്ടക്ക് ഇനിയും ഉണ്ടാവും (എൻറ്റെ ഒപ്പം  അങ്ങ് കൂടെ ഉണ്ട് എന്നുള്ള തെളിവാണ് ഞാൻ ഇന്ന് ജീവനോട് ഉള്ളത്), തെമിസിന്റ്റെ കണ്ണിൻറ്റെ തിമിരം ഭേദമാകും എന്ന് പ്രതീക്ഷയോടെ, പ്രത്യാശയോടെ കത്ത് ചുരുക്കുന്നു ..

……….എന്ന് നീതിക്കു വേണ്ടി കേഴുന്ന അങ്ങയുടെ സ്വന്തം മണവാട്ടിയും എനിക്കൊപ്പം ഉള്ളവരും. # അവൾക്കൊപ്പം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular