Friday, March 29, 2024
HomeKeralaപ്രൊഫ. ജോര്‍ജ് കോശി: ഒരു കാലഘട്ടത്തിന്റെ ആചാര്യകുലപതിക്ക് വിട (റ്റിറ്റി ചവണിക്കാമണ്ണില്‍)

പ്രൊഫ. ജോര്‍ജ് കോശി: ഒരു കാലഘട്ടത്തിന്റെ ആചാര്യകുലപതിക്ക് വിട (റ്റിറ്റി ചവണിക്കാമണ്ണില്‍)

കോട്ടയം സി.എം.എസ്. കോളേജ് മുന്‍ വൈസ് പ്രിന്‍സിപ്പലും ഇംഗ്ലീഷ് വകുപ്പ് മേധാവിയും വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് കേന്ദ്രകമ്മറ്റി അംഗവുമായിരുന്ന പ്രൊഫ. ജോര്‍ജ് കോശി (തമ്പി-90) അന്തരിച്ചു. 1990 മുതല്‍ 98 വരെയുള്ള കാലയളവില്‍ 4 തവണ തുടര്‍ച്ചയായി സി.എസ്.ഐ. സിനഡിന്‌റെ ജനറല്‍ സെക്രട്ടറി ആയിരുന്നു എന്നത് ചരിത്രമാണ്.

കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തിലുള്ള ആംഗ്ലിക്കന്‍ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ (ACC)ന്റെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയുണ്ടായി. കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് മിഷന്‍ (CWM), വേള്‍ഡ് മെത്തഡിസ്റ്റ് കൗണ്‍സില്‍, നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ (NCCI), The world Alliance of Reformed Churches തുടങ്ങിയവയിലെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്നു എന്നത് അദ്ദേഹം വഹിച്ചിട്ടുള്ള സ്ഥാനങ്ങളില്‍ ചിലത് മാത്രമാണ്.

സിഎസ്.ഐ. സഭയുടെ ഭരണഘടന പുതുക്കുന്നതില്‍ വലിയ പങ്ക് വഹിച്ച പ്രൊഫ.കോശി തന്നെയാണ് സഭയുടെ പരിസ്ഥിതി കമ്മറ്റിയ്ക്ക് തുടക്കമിട്ടതും. 1997-ല്‍ സി.എസ്.ഐ. സഭയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പ്രൊഫ.ജോര്‍ജ് കോശിയുടെ നേതൃത്വത്തിലായിരുന്നു എ്ന്നത് അദ്ദേഹത്തിന്റെ സംഘടനാപാടവത്തിന്റെ ഉത്തമ ഉദാഹരണമാണ്.

കലാ സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്ന പ്രൊഫ.കോശി കോട്ടയം Y’sMens’s Clubന്റെ സ്ഥാപക പ്രസിഡന്റ് കൂടിയാണ്.

തിരുവല്ല മുണ്ടിയപ്പള്ളി കാലാപറമ്പില് കെ.വി. കോശിയുടെയേയും മറിയാമ്മ കോശിയുടെയും മകനായി 1931-ല്‍ ജന്മമെടുത്ത പ്രൊഫ. കോശി, കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തോടൊപ്പം  നോട്ടിഗാം യൂണിവേഴ്‌സിറ്റി, യു.കെ.യില് നിന്നും ബി.എ.(Honors) ബിരുദവും നേടുകയുണ്ടായി.

ഇന്‍ഡ്യന്‍ രാഷ്ട്രീയ ചിന്തകനും, വിദേശകാര്യ വിദഗ്ധനും, പ്രശസ്ത വേദശാസ്ത്ര പണ്ഡിതനുമായ പരേതനായ പ്രൊഫ.നൈനാന്‍ കോശി  സഹോദരനാണ്.

ചേലക്കൊമ്പ് ചവണിക്കാമണ്ണില്‍ റവ.സി.ഐ. അബ്രഹാമിന്റെ മകള്‍ പരേതയായ ഡോ. മോളി ജോര്‍ജ് ആണ് പത്‌നി. 90 കാലഘട്ടങ്ങളില്‍ അമേരിക്കന്‍ കോൺസുലേറ്റിന്റെ  സ്ത്രീകള്ക്കുള്ള മെഡിക്കല്‍ യൂണിറ്റിന്റെ ചുമതല ഡോ. മോളിയ്ക്കായിരുന്നു.

മക്കള്‍ ജീനയും ലീനയും യു.എസിലും ഇളയ മകള്‍ ടീന കാനഡയിലുമാണ്.

പരേതന്റെ ഭൗതികാവശിഷ്ടം ജനുവരി 20-ന് കോട്ടയം സി.എസ്.ഐ. കത്തീഡ്രല്‍, സി.എം.എസ്. കോളേജ് എന്നിവിടങ്ങളിലെ പൊതുദര്‍ശനത്തിന് ശേഷം മാതൃഇടവകയായ മുണ്ടിയപ്പള്ളി സി.എസ്.ഐ. ചര്‍ച്ച് സെമിത്തേരിയില്‍ പ്രിയപത്‌നിയുടെ കല്ലറയില്‍ അടക്കം ചെയ്യുന്നതാണ്.

സി.എസ്.ഐ. സഭാ നേതൃത്വത്തില്‍ ഒരു കാലഘട്ടത്തിന്റെ അവസാന കണ്ണിയായിരുന്ന, അദ്ധ്യാപനം തപസ്യയായി എടുത്തിരുന്ന പ്രൊഫ.ജോര്‍ജ് കോശിയുടെ വിയോഗം സഭയ്ക്കും വിദ്യാഭ്യാസ മേഖലയ്ക്കും ഒരു തീരാനഷ്ടമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular