Monday, April 22, 2024
HomeEditorialഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

പ്രായഭേദമന്യേ ആളുകളുടെ ഉറക്കം കെടുത്തുന്ന ഒന്നാണ് കോവിഡ് മഹാമാരി. മാനസിക  സമ്മർദ്ദവും ഒറ്റപ്പെടലും  ശാരീരിക പ്രവർത്തനങ്ങളിലെ കുറവും ഉൾപ്പെടെ നിരവധി കാരണങ്ങൾ കൊണ്ട് ഉറക്കമില്ലായ്മ ഉണ്ടാകാമെന്ന് അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ അഭിപ്രായപ്പെടുന്നു. ഉറക്കമില്ലാത്തവർക്കും  ഉറങ്ങാൻ  ബുദ്ധിമുട്ട് തോന്നുന്നവർക്കും അതിൽ നിന്ന് മുക്തരാകാൻ ചില  ശീലങ്ങൾ മനസിലാക്കിയാൽ മതിയെന്നാണ് ഡോക്ടർമാർ പറയുന്നത്. ഉറക്കം മെച്ചപ്പെടുത്താൻ നിരവധി മാർഗങ്ങൾ പിറ്റ്‌സ്‌ബർഗ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ സൈക്യാട്രി പ്രൊഫസറായ ഡാനിയൽ ജെ ബൈസെ അടുത്തിടെ ഒരു ജേണലിൽ നിർദ്ദേശിച്ചിട്ടുണ്ട്.

2021 മാർച്ചിൽ 2,006 പേർ പങ്കെടുത്ത ഓൺലൈൻ സർവേയിൽ , 50% അമേരിക്കക്കാർക്കും പാൻഡെമിക് സമയത്ത് ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി കണ്ടെത്തി. ഉറങ്ങുമ്പോൾ  അസ്വസ്ഥതകൾ ഉണ്ടെന്നതാണ്  ഏറ്റവും സാധാരണമായ പരാതി. 36% പേർക്ക് ഉറക്കം തടസ്സപ്പെടുത്തുന്നത് ദുഃസ്വപ്നങ്ങളാണ്.

ഉറക്കമില്ലായ്മ അഥവാ ഇൻസോംനിയ ചികിത്സ തേടേണ്ട അസുഖമാണ്.  ഉറക്കം ആരംഭിക്കാനോ നിലനിർത്താനോ ഉള്ള കഴിവില്ലായ്മ എന്നാണ്  സിഡിസി ഈ രോഗത്തെ നിർവചിക്കുന്നത്.  അമിതമായ പകൽ ഉറക്കം മൂലം രാത്രിയിൽ സ്വസ്ഥമായി ഉറങ്ങാൻ കഴിയാതെയും ദൈനംദിന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നിർവഹിക്കാൻ സാധിക്കാതെയും വലയുന്ന നിരവധി പേരുണ്ട്.

പ്രമേഹം, പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പുറമേ ഹോർമോൺ വ്യതിയാനങ്ങളും ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്ന ഘടകമാണ്.

മരുന്നുകളുടെ പാർശ്വഫലങ്ങൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗ പ്രശ്നങ്ങൾ, വിഷാദത്തിന്  കാരണമായേക്കാവുന്ന മറ്റ് മെഡിക്കൽ പ്രശ്നങ്ങൾ എന്നിവ കൊണ്ടാണോ ഉറക്കം നഷ്ടപ്പെട്ടതെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഇൻസോംനിയ ആണോ അയാളുടെ പ്രശ്നമെന്ന് സ്ഥിരീകരിക്കാവൂ എന്നാണ്  സിഡിസി  ശുപാർശ ചെയ്യുന്നത്.

മുതിർന്നവർ രാത്രിയിൽ ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കണമെന്നാണ്  വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

“രണ്ട് കാര്യങ്ങൾ പ്രധാനമാണ്. എങ്ങനെ ഉറങ്ങണം എന്ന് ആദ്യം കണ്ടുപിടിക്കണം. രാത്രി മുഴുവൻ ഉറങ്ങാൻ കഴിയുമെന്നും ഉറക്കത്തിൽ നിങ്ങൾ തൃപ്തനാണെന്നും ക്ഷീണമില്ലെന്നും ഉറപ്പാക്കണം.”കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഫോറൻസിക് സൈക്യാട്രിസ്റ്റും അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ ബോർഡ് ഓഫ് ട്രസ്റ്റി അംഗവുമായ  ഡോ. എലി ജി. ഔൺ പറയുന്നു.
പലർക്കും ഉറങ്ങാൻ ബുദ്ധിമുട്ടുള്ള പ്രധാന കാരണങ്ങളിലൊന്ന്  ഉത്കണ്ഠയാണ്. ഉറങ്ങാൻ ആഗ്രഹിച്ചാൽ പോലും വ്യക്തിക്ക് ആ അവസ്ഥയിൽ ഉറങ്ങാൻ സാധിക്കാതെ വരും. ഈ പ്രശ്നം കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല.

ഉറങ്ങാൻ ഉദ്ദേശിക്കുന്ന സമയത്തിന് മുൻപേ തന്നെ കിടക്കയിൽ ഇരിക്കുകയും കണ്ണുകൾ അടച്ച് മറ്റു ചിന്തകളുടെ ഭാരം മനസ്സിൽ നിന്ന് ഒഴിവാക്കുകയും ചെയ്യണമെന്നാണ് ഡോക്ടർ ശുപാർശ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിരവധി പേർക്ക് സുഖമായി ഉറങ്ങാൻ സാധിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉറങ്ങുന്നതിനുമുമ്പ് മനസ്സിനെ ശുദ്ധീകരിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഈ  തന്ത്രം വിജയിച്ചില്ലെങ്കിൽ അത് വിദഗ്ധ ചികിത്സ ആവശ്യമായ അവസ്ഥയാണ്.

 പകൽ സമയത്ത് ഉത്കണ്ഠാകുലരായിരിക്കുമ്പോൾ, ഉറങ്ങാൻ പോകുന്നത് ബോധപൂർവമായ ചിന്തകളെ തടസ്സപ്പെടുത്തും. മനസ്സ് ആ ദിവസത്തെ ഉത്കണ്ഠ നിറഞ്ഞ  ചിന്തകളും സമ്മർദ്ദങ്ങളും പ്രോസസ്സ് ചെയ്യുന്നത് ആ നേരത്താണ്. ഇക്കാരണത്താൽ  അർദ്ധരാത്രിയിലും അതിരാവിലെയും  ഉണരുകയോ ക്ഷീണം അനുഭവപ്പെടുകയോ ചെയ്യും. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ടാകാനും സാധ്യതയുണ്ട്.
ട്രോമ അല്ലെങ്കിൽ പി ടി എസ് ഡി  [പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ] രോഗം ഉണ്ടായിട്ടുള്ളവർക്കും  അത്തരം പാരമ്പര്യമുള്ളവർക്കും , ഡോക്ടറെ കണ്ട്  മരുന്നുകൾ തുടങ്ങിയാൽ ഉറക്കം  ഫലപ്രദമായി മെച്ചപ്പെടുത്താൻ കഴിയും.

ഒമിക്രോൺ പകർച്ചവ്യാധിയുടെ ആദ്യഘട്ടം മാത്രം 

വാഷിംഗ്ടൺ, ജനുവരി 18: ഒമിക്രോൺ വ്യാപനം കോവിഡ് മഹാമാരിയുടെ  അന്ത്യം കുറിക്കുമോ എന്നും മറ്റൊരു വകഭേദം ഉണ്ടായേക്കുമോ എന്നും ഇപ്പോൾ പറയാൻ കഴിയില്ലെന്ന് ഡോ.  ആന്റണി ഫൗച്ചി. മുൻപ് കോവിഡ് പിടിപ്പെട്ടതിലൂടെ ആർജ്ജിച്ച സ്വാഭാവിക പ്രതിരോധം രോഗത്തിനെതിരെ ഫലപ്രദമാകില്ലെന്നും വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രമല്ല, പാൻഡെമിക്കിന്റെ പരിണാമം ഇപ്പോഴും ഒരു തുറന്ന ചോദ്യമാണെന്ന് ഫൗച്ചി  അഭിപ്രായപ്പെട്ടു. അതിനുള്ള  ഉത്തരം ഇപ്പോൾ  അറിയില്ലെന്നും  അദ്ദേഹം പറഞ്ഞു.
പാൻഡെമിക്കിന്റെ അഞ്ച് ഘട്ടങ്ങൾ  അദ്ദേഹം കണക്കാക്കിയതിൽ ലോകം ഇപ്പോഴും ആദ്യ ഘട്ടത്തിലാണെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

ലോകത്തെ  മുഴുവൻ  പ്രതികൂലമായി ബാധിച്ച ശേഷം നിയന്ത്രണവിധേയമാവുകയും പിന്നീട് ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്ത വസൂരി അദ്ദേഹം ഉദാഹരണമായി പറഞ്ഞു.
എന്നാൽ,കൊറോണ  വൈറസിൽ അത് സംഭവിക്കാൻ പോകുന്നില്ലെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യങ്ങൾ നിയന്ത്രണ ഘട്ടത്തിൽ എത്തിക്കഴിഞ്ഞാൽ, വൈറസ് വലിയ പ്രശ്നക്കാരനല്ലാതെ പ്രാദേശികമായി തുടരുമെന്നാണ് കരുതുന്നത്.

നഴ്‌സിംഗ് ഹോമുകളിലും നിയന്ത്രണം 

നഴ്സിംഗ് ഹോമുകളിൽ  ഒമിക്രോൺ മൂലം കേസുകളും മരണങ്ങളും വളരെ കൂടുതലാണ്.ജനുവരി രണ്ടാം ആഴ്ച നഴ്സിംഗ് ഹോമുകളിലെ പ്രതിവാര കോവിഡ് നിരക്ക് 32000 എന്ന റെക്കോർഡിലെത്തി. 645 മരണങ്ങളാണ് അതേ ആഴ്ച നഴ്സിംഗ് ഹോമുകളിലും റിപ്പോർട്ട് ചെയ്തത്.

സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ അധികൃതർ എടുത്തിട്ടുണ്ട്. 65 വയസ് പിന്നിട്ട അമേരിക്കക്കാരിൽ 95 ശതമാനം പേരും കോവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 87.9 % പേർ പൂർണമായും വാക്സിനേറ്റഡാണ്. രാജ്യത്ത് പ്രതിദിനം 8 ലക്ഷം കോവിഡ്  കേസുകളും 1800 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അമേരിക്കയിൽ എല്ലായിടത്തും ഒരേ രീതിയിലല്ല വ്യാപന തോത് എന്നതാണ് മറ്റൊരു പ്രതിസന്ധിയെന്ന് സർജൻ ജനറൽ വിവേക് മൂർത്തി അഭിപ്രായപ്പെട്ടു.

ജനം ബൈഡൻ ഭരണകൂടത്തിനെതിരെ 

കോവിഡിനെ നേരിടുന്നതിൽ  വൈറ്റ് ഹൗസ്‌ കൈക്കൊണ്ട  നടപടികളിൽ അമേരിക്കക്കാർ തൃപ്തരല്ലെന്നാണ്    അഭിപ്രായ വോട്ട്  സൂചിപ്പിക്കുന്നത്.

ജനുവരി 12 മുതൽ 14 വരെ  2,094 അമേരിക്കക്കാരിൽ സിബിഎസ്‌ ന്യൂസ്  നടത്തിയ  സർവേ പ്രകാരം,49 ശതമാനം പേർ മാത്രമേ കോവിഡിനെതിരെയുള്ള  ഗവണ്മെന്റിന്റെ നയങ്ങളെ പിന്തുണച്ചുള്ളു. നയങ്ങളെ അംഗീകരിക്കുന്നവരിൽ 78 ശതമാനം ലിബറലുകളും  , അംഗീകരിക്കാത്ത 83 ശതമാനം കൺസർവേറ്റിവുകളുമാണ്.

 2021 ജൂലൈയിൽ നടത്തിയ മുൻ സർവേയിൽ ഭരണകൂടത്തിന്റെ കോവിഡ്  മാനേജ്‌മെന്റിൽ  66 ശതമാനം പേർ സംതൃപ്തരായിരുന്നു.

80 മില്യണിലധികം തൊഴിലാളികളെ കോവിഡിൽ നിന്ന് സംരക്ഷിക്കാൻ വാക്സിൻ മാൻഡേറ്റും  ടെസ്റ്റിംഗ് ഉത്തരവും ഭരണകൂടം ഏർപ്പെടുത്തിയത്  സുപ്രീം കോടതി നിരസിച്ചപ്പോൾ വൈറസ് പടരുന്നത് തടയാനുള്ള ശ്രമങ്ങളിൽ ഫെഡറൽ ഗവൺമെന്റ് കാര്യമായ തിരിച്ചടി നേരിട്ടതായി റിപ്പോർട്ടുണ്ട്.

തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പുതിയ സിഡിസി ഡാറ്റ പ്രകാരം  കേസുകളും , ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളും അനിയന്ത്രിതമായി കൂടുകയാണ്. ഹെൽത്ത് കെയർ സ്റ്റാഫിന്റെ  ഗുരുതരമായ ക്ഷാമമാണ് മറ്റൊരു പ്രതിസന്ധി.

രാജ്യം ഇപ്പോൾ ഓരോ ദിവസവും ശരാശരി 800,000 പുതിയ കേസുകളും 1,800 മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെ വരെ, ലോകത്തിലെ ഏറ്റവും കൂടുതൽ കേസുകളും( 66,375,579 ) മരണങ്ങളും ( 851,451) അമേരിക്കയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular