Wednesday, May 8, 2024
HomeUSAയുഎസിലെ കോവിഡ് കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ 47 ശതമാനം കുറഞ്ഞു

യുഎസിലെ കോവിഡ് കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ 47 ശതമാനം കുറഞ്ഞു

വാഷിംഗ്ടൺ : അമേരിക്കയിലെ  പ്രതിദിന  കോവിഡ് കേസുകൾ കഴിഞ്ഞ ആഴ്‌ചയിൽ 47 ശതമാനം കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ഒമിക്‌റോണിന്റെ ഉഗ്രവ്യാപനം കുറയാൻ  തുടങ്ങുന്നു എന്നത് ശുഭസൂചനയായാണ് ആരോഗ്യവിദഗ്ദ്ധർ കണക്കാക്കുന്നത്.
തിങ്കളാഴ്ച യുഎസിൽ ഏകദേശം 717,800 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കേസുകളുടെ ശരാശരി 800,000 ആയിരുന്നു.
ജനുവരി 10 ന് മുമ്പുള്ള ആഴ്ചയിൽ  1.4 മില്യൺ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഓരോ ആഴ്ചയും കേസുകൾ കുറയുന്നുവെന്നാണ്  ഇതിൽ നിന്ന് വ്യക്തമാകുന്നത്.

രാജ്യത്തുടനീളം തിങ്കളാഴ്ച 1,122 കോവിഡ്  മരണങ്ങൾ സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 156,676 ആണ്.
ന്യൂയോർക്കിലും കോവിഡ്  കേസുകളുടെ ഏഴ് ദിവസത്തെ ശരാശരി ജനുവരി 9-ന് പ്രതിദിനം 85,000-ൽ അധികമായിരുന്നത് പിന്നീട് കുറഞ്ഞു.
ന്യൂയോർക്കിലെ ആശുപത്രിയിൽ തുടർച്ചയായി നാല് ദിവസം രോഗികളുടെ എണ്ണം കുറഞ്ഞതിന് ശേഷം ഞായറാഴ്ച വീണ്ടും ഉയർന്നു.  സംസ്ഥാനത്തൊട്ടാകെ 11,751 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; 152 കോവിഡ്  മരണങ്ങളും ഉണ്ടായി.

ന്യൂയോർക്ക് പോലുള്ള സംസ്ഥാനങ്ങളിൽ കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും, രാജ്യവ്യാപകമായി ഒമിക്രൊൺ വ്യാപനം കുറഞ്ഞിട്ടില്ലെന്നും കരുതിയിരിക്കണമെന്നും  യുഎസ് സർജൻ ജനറൽ ഡോ. വിവേക് മൂർത്തി മുന്നറിയിപ്പ് നൽകി.
രാജ്യം മുഴുവൻ രോഗവ്യാപനം  ഒരേ വേഗത്തിലല്ല നീങ്ങുന്നത് എന്നതാണ് വെല്ലുവിളിഎന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിൽ കേസുകൾ ഉയരില്ലെങ്കിലും അടുത്ത ഏതാനും ആഴ്ചകൾ സ്ഥിതി രൂക്ഷമായേക്കുമെന്ന് മൂർത്തി പറഞ്ഞു.

ന്യൂയോർക്കിൽ കോവിഡ് കേസുകൾ ഗണ്യമായി  കുറഞ്ഞെന്ന് ഗവർണർ ഹോക്കൽ 

ന്യൂയോർക്ക് :ന്യൂയോർക്കിൽ  22,312 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടാഴ്ച മുമ്പ് 90,132 കേസുകൾ സ്ഥിരീകരിച്ചിരുന്നു. ആ സ്ഥിതിയിൽ നിന്ന് കേസുകൾ ഗണ്യമായി കുറഞ്ഞതിലെ ആശ്വാസം ബജറ്റ് അവതരണത്തിനിടയിൽ ഗവർണർ കാത്തി ഹോക്കൽ പങ്കുവച്ചു. പോസിറ്റീവ് കേസുകളുടെ ദൈനംദിന നിരക്ക് 12% മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ പ്രവേശിതരാകുന്ന രോഗികളുടെ എണ്ണവും കുറയുന്ന പ്രവണതയാണ് കാണുന്നതെന്ന്  ഗവർണർ പറഞ്ഞു, ന്യൂയോർക്കിൽ  കേസുകൾ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 34% കുറഞ്ഞു, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ  5% കുറവേ രേഖപ്പെടുത്തിയിട്ടുള്ളു.
ദേശീയതലത്തിൽ കോവിഡ്  മരണങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മാർച്ച് പകുതിയോടെ തരംഗം കുറയുമെങ്കിലും അതിനിടെ  50,000 മുതൽ 300,000 വരെ അമേരിക്കക്കാർ മരണപ്പെടുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular