Friday, April 19, 2024
HomeIndiaലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ലീഡ് ; ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ഒന്‍പതാമത്തെ ടോട്ടലാണിത്

ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ലീഡ് ; ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ഒന്‍പതാമത്തെ ടോട്ടലാണിത്

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ശക്തമായ മേല്‍ക്കൈ നേടി ആതിഥേയര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത് 78 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയിരിക്കുകയാണ്. 42 റണ്‍സ് ലീഡോടു കൂടി ഒന്നാം ദിവസം 120/0 എന്ന നിലയിലാണ് ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്.

റോറി ബേണ്‍സും ഹസീബ് ഹമീദും തങ്ങളുടെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. ഹസീബ് 58 റണ്‍സും ബേണ്‍സ് 52 റണ്‍സും നേടിയാണ് ഇന്ത്യയ്ക്ക് ദുരിതപൂര്‍ണ്ണമായ ആദ്യ ദിനം സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി മൂന്ന് വീതം വിക്കറ്റുമായി ജെയിംസ് ആന്‍ഡേഴ്‌സണും ക്രെയിഗ് ഓവര്‍ട്ടണും തിളങ്ങിയപ്പോള്‍ ഒല്ലി റോബിന്‍സണും സാം കറനും രണ്ട് വീതം വിക്കറ്റ് നേടി. അഞ്ചുപേരെ വിക്കറ്റിനു പിന്നില്‍ ക്യാച്ചെടുത്തത് ജോസ് ബട്‌ലറാണ്.

ഇംഗ്ലണ്ടില്‍ ആദ്യമായാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടോസ് ജയിച്ചത്. എന്നാല്‍ ആ ആഹ്ലാദത്തിന് അധികം ആയുസുണ്ടായില്ല. അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 78 റണ്‍സിന് പുറത്തവുകയായിരുന്നു. 19 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ടോപ് സ്‌കോറര്‍. രോഹിത്തിനെ കൂടാതെ അജിന്‍ക്യ രഹാനെ മാത്രമാണ് (18 റണ്‍സ്) രണ്ടക്കം കടന്നത്.

ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ഒന്‍പതാമത്തെ ടോട്ടലാണിത്. 2020ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 36 റണ്‍സിനു പുറത്തായതാണു ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍. കെ എല്‍ രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (ഒന്ന്), വിരാട് കോഹ്ലി ( 7), അജിന്‍ക്യ രഹാനെ (18), ഋഷഭ് പന്ത് (2), രോഹിത് ശര്‍മ (19), രവീന്ദ്ര ജഡേജ (4), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുമ്ര (0), മുഹമ്മദ് സിറാജ് (3), ഇഷാന്ത് ശര്‍മ (പുറത്താകാതെ 8) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

ആദ്യ ഓവറില്‍ത്തന്നെ ഫോമിലുള്ള ബാറ്റ്‌സ്മാന്‍ കെ എല്‍ രാഹുല്‍ പുറത്തായി. ജയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറിന് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ മാത്രം. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റ് ജയിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ടോസ് ജയിച്ചതിന്റെ ആശ്ചര്യം കോലി പങ്കുവെയ്ക്കുകയും ചെയ്തു. തുടര്‍ച്ചയായി എട്ടു മത്സരങ്ങളില്‍ ടോസ് നഷ്ടപ്പെട്ട ശേഷമാണ് കോഹ്ലി ഒരു ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് ടീമില്‍ ഡേവിഡ് മാലനും ക്രെയ്ഗ് ഓവര്‍ടണും ഇടംനേടി.

ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 25.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഒലി റോബിന്‍സണ്‍ എറിഞ്ഞ 26-ാം ഓവറിലെ അഞ്ചാം പന്തില്‍ അജിന്‍ക്യ രഹാനെ പുറത്തായതോടെ അംപയര്‍മാര്‍ ഉച്ചഭക്ഷണത്തിനു പിരിയുകയായിരുന്നു. രണ്ടാം സെഷന്റെ തുടക്കത്തില്‍ത്തന്നെ പന്തും പുറത്തായി. കരുതലോടെ കളിച്ച രോഹിത് ക്രെയ്ഗ് ഓവര്‍ട്ടനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ റോബിന്‍സണ് ക്യാച്ച് നല്‍കിയാണു പുറത്തായത്. 104 പന്തുകള്‍ പിടിച്ചുനിന്ന രോഹിത് കൂടി വീണതോടെ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular