Friday, March 29, 2024
HomeCinemaമലയാളത്തിലെ ലക്ഷണമൊത്ത ഹൊറർ സിനിമകളിലൊന്ന് (ഭൂതകാലം മൂവി റിവ്യൂ)

മലയാളത്തിലെ ലക്ഷണമൊത്ത ഹൊറർ സിനിമകളിലൊന്ന് (ഭൂതകാലം മൂവി റിവ്യൂ)

ഷെയിന്‍ നിഗം, രേവതി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഭൂതകാലം.’ ജനുവരി 21-ന് സോണി ലിവ് പ്ലാറ്റ്‌ഫോം വഴിയാണ് സിനിമ റിലീസായിരിക്കുന്നത്. തിരക്കഥാ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രാഹുലും, ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ്.

പിടിച്ചിരുത്തി ത്രില്ലടിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന ചിത്രം എന്നാണ് ഭൂതകാലത്തെ പറ്റി ഒറ്റ വാചകത്തില്‍ പറയാനുള്ളത്. ലക്ഷണമൊത്ത ഹൊറര്‍ സിനിമകള്‍ വിരലിലെണ്ണാവുന്നവ മാത്രമായ മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും പുറത്തുവന്ന, ജോണറിനോട് നീതി പുലര്‍ത്തുന്ന ചിത്രമാണ് ഭൂതകാലം. അതിനാല്‍ത്തന്നെ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറര്‍ സിനിമകളിലൊന്നുമായി മാറുന്നു ഈ സിനിമ.

കൊച്ചിയിലെ ഒരു വാടകവീട്ടില്‍ താമസിക്കുന്ന വിനു (ഷെയിന്‍ നിഗം), അമ്മ ആശ (രേവതി) എന്നിവരെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ വികസിക്കുന്നത്.  കുടുംബപരമായി മൂഡ് സ്വിങ്‌സ്, ബൈപോളാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണിവര്‍. ആശയുടെ അമ്മയ്ക്കും ഇതേ പ്രശ്‌നമായിരുന്നുവെന്ന് പറയുന്നുണ്ട്.

അതേസമയം വിനുവിലേയ്‌ക്കെത്തുമ്പോള്‍ അത് ഡിപ്രഷന്‍, ആല്‍ക്കഹോളിസം, കഞ്ചാവ് ഉപയോഗം എന്നിങ്ങനെ മറ്റ് തലങ്ങളിലേയ്ക്കുമെത്തി നില്‍ക്കുന്നു.

ആയിടെ ആശയുടെ അമ്മ (വത്സല മേനോന്റെ കഥാപാത്രം) മരിക്കുക കൂടി ചെയ്യുന്നതോടെ ആശയുടെ മനസിന്റെ താളം ആകെ തെറ്റുന്നു. പഠിച്ചിറങ്ങിയിട്ടും ജോലി ലഭിക്കാത്തതും മറ്റുമായ പ്രശ്‌നങ്ങളും, ആല്‍ക്കഹോളിസവുമെല്ലാം വിനുവിനെയും അസ്വസ്ഥപ്പെടുത്തുന്നു. ഇതിനിടെ ഇവര്‍ താമസിക്കുന്ന വീട്ടില്‍ അസ്വാഭാവികമായ പലതും കാണുകയും കേള്‍ക്കുകയും കൂടി ചെയ്യുന്നതോടെ ഇതെല്ലാം അസ്വസ്ഥമായ മനസുകളുടെ ജല്‍പ്പനങ്ങളാണോ, അതോ യാഥാര്‍ത്ഥ്യമാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു വല്ലാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചേരുകയാണ് കഥാപാത്രങ്ങളും, അവരെ പിന്തുടരുന്ന പ്രേക്ഷകരും.

ഈ പശ്ചാത്തലത്തില്‍, ഹൊറര്‍-ത്രില്ലര്‍ ചേരുവകളുമായി മികച്ചൊരു സിനിമാ അനുഭവം നല്‍കുന്നുണ്ട് ഭൂതകാലം.

നേരത്തെ പറഞ്ഞതുപോലെ മികച്ച ഹൊറര്‍ സിനിമകള്‍ മലയാളത്തില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്. ഭാര്‍ഗ്ഗവീ നിലയവും, ഈയടുത്ത കാലത്ത് എസ്രയുമെല്ലാം ലക്ഷണമൊത്ത ഹൊറര്‍ സിനിമകളാണെങ്കിലും മലയാളത്തില്‍ ഹൊറര്‍, സൂപ്പര്‍ നാച്വറല്‍ സിനിമകള്‍ പൊതുവെ വരുന്നത് കോമഡിയുടെ അകമ്പടിയോടെയാണ്. ആകാശഗംഗ, പകല്‍പ്പൂരം തുങ്ങിയ സിനിമകള്‍ ഉദാഹരണം. പൂര്‍ണ്ണമായും ഹൊറര്‍ ജോണര്‍ എന്ന് വിളിക്കാന്‍ സാധിക്കാത്ത ഈ സിനിമകളില്‍ പലതും ബോക്‌സ് ഓഫീസ് ഹിറ്റ് ആണെങ്കിലും കോണ്‍ജ്വറിങ്, അനബെല്ലെ, എക്‌സോര്‍സിസ്റ്റ് ഒക്കെ പോലെ ഹൊറര്‍ ജോണറിനെ സ്‌നേഹിക്കുന്നവരെ നിരാശപ്പെടുത്തും.

മണിച്ചിത്രത്താഴ് മികച്ച സിനിമയായിരുന്നെങ്കിലും ഹൊറര്‍ എന്നത് അതിലെ ഒരു എലമന്റ് മാത്രമായിരുന്നു. സത്യത്തില്‍ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ആ ചിത്രം വരുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സൈക്കോളജിക്കല്‍ ത്രില്ലറുമാണ് മണിച്ചിത്രത്താഴ്.

അതേസമയം ഈ ന്യൂനത പരിഹരിക്കുന്നതാണ് അമേരിക്കന്‍, യൂറോപ്യന്‍ ഹൊറര്‍ സിനിമകളോട് സാമ്യം പുലര്‍ത്തുന്ന ഭൂതകാലം. അത് തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണവും. അതിനായി മികച്ച രീതിയില്‍ ഒരുക്കിയ തിരക്കഥയും, കയ്യടക്കത്തോടെയുള്ള സംവിധാനവും ഏറെ സഹായിച്ചിട്ടുണ്ട്. ഒപ്പം മറ്റ് മേഖലകളായ സിനിമാറ്റോഗ്രാഫി, മ്യൂസിക്, എഡിറ്റിങ്, ഹൊറര്‍ സിനിമകളില്‍ നിര്‍ണ്ണായകമായ സൗണ്ട് ഡിസൈന്‍ എന്നിവയെല്ലാം മികച്ചുനില്‍ക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനും അതിഗംഭീരമാണ്.

സാങ്കേതികവശങ്ങള്‍ക്കൊപ്പം തന്നെ എടുത്തുപറയേണ്ടതാണ് ഷെയിന്‍ നിഗം, രേവതി എന്നിവരുടെ പ്രകടനങ്ങള്‍. അത്രമേല്‍ ഫ്‌ളക്‌സിബിളാണ് തന്നിലെ നടനെന്ന് ഒരിക്കല്‍ കൂടി അടിവരയിടുന്നതാണ് ഷെയിനിന്റെ പ്രകടനം. വളരെ സ്വാഭാവികവും, അതേസമയം തിരക്കഥയ്ക്ക് ഏറ്റവും ചേരുന്നതുമായി അഭിനയശൈലിയാണ് അദ്ദേഹം ഈ ചിത്രത്തില്‍ പുറത്തെടുത്തിരിക്കുന്നത്.

മറുവശത്ത് രേവതിയും അതിഗംഭീര പ്രകടനവുമായി കയ്യടി അര്‍ഹിക്കുന്നു. ഭര്‍ത്താവ് മരിച്ച്, അമ്മയെ നഷ്ടപ്പെട്ട്, മകന്‍ തന്നില്‍ നിന്നും അനുനിമിഷം അകലുകയാണെന്ന തിരിച്ചറിവിനൊപ്പം ബൈപോളാര്‍ ഡിസോര്‍ഡറിന്റെ ഭീകരതയുമായി ജീവിക്കുന്ന ആശയെ പൂര്‍ണ്ണതയിലെത്തിച്ചിരിക്കുന്നു രേവതി.

മറ്റ് അഭിനേതാക്കളും സിനിമയുടെ ആകെയുള്ള മൂഡിനോട് ചേര്‍ന്നുപോകുന്ന തരത്തില്‍ നന്നായി അഭിനയിച്ചിരിക്കുന്നു.

ഹൊറര്‍ സീനുകളെല്ലാം തന്നെ പതിവ് മലയാള സിനിമകളിലെ പോലെ ലൗഡ് ആക്കാതെ, വളരെ subtle ആയി അവതരിപ്പിച്ചിരിക്കുന്നത് പലപ്പോഴും അമേരിക്കന്‍, യൂറോപ്യന്‍ ഹൊറര്‍ ത്രില്ലറുകളെ അനുസ്മരിപ്പിക്കും. അതിനിടയിലും ഒരു സ്വത്വമുണ്ടാക്കാന്‍ ഭൂതകാലത്തിന് സാധിച്ചു എന്നത് തന്നെയാണ് ചിത്രത്തിന്റെ വിജയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular