Thursday, April 25, 2024
HomeKeralaഅവര്‌ കരുതിക്കൂട്ടി ചെയ്‌തതല്ലേ, എന്റെ കുഞ്ഞിനെ...

അവര്‌ കരുതിക്കൂട്ടി ചെയ്‌തതല്ലേ, എന്റെ കുഞ്ഞിനെ…

കണ്ണൂര്‍
‘‘ഒറ്റക്കുത്തിന് അവരെന്റെ കുഞ്ഞിനെ തീര്‍ത്തില്ലേ…അത്രയ്ക്ക് ആഴത്തിലല്ലേ കത്തി കുത്തിയിറക്കിയത്…..

അപ്പോത്തന്നെ കുഞ്ഞ് വീണു. ആ നിമിഷം എന്റെ കുഞ്ഞ് അനുഭവിച്ച വേദന….അമ്മേന്ന് വിളിക്കാന്‍പോലും പറ്റീട്ട്ണ്ടാവില്ല… മോനെ എടുത്തോണ്ട് പോയവര്‍ പറഞ്ഞത് അവന് എന്തോ പറയാനുണ്ടായിരുന്നു. ശബ്ദം പുറത്തോട്ട് വന്നില്ലെന്നാണ്.. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്നുണ്ടോ അവനില്ലാന്ന്…. പിന്നെ അമ്മയായ എനിക്കെങ്ങനെ പറ്റും?’’–- ഉള്ളു ചൂഴ്ന്നിറങ്ങിവരുന്ന വേദനയില്‍ പുഷ്കല ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ആര്‍ക്കാണ് ഉത്തരം നല്‍കാനാവുക. കണ്ണുനിറഞ്ഞല്ലാതെ ആ അമ്മയുടെ മുന്നില്‍ നില്‍ക്കാനാവില്ല. പറഞ്ഞും കരഞ്ഞും ആശ്വാസത്തിന്റെ തുരുത്തുകള്‍ തേടുന്ന മാതൃഹൃദയം വീണ്ടും വീണ്ടും ദുഃഖത്തിന്റെ നിലയില്ലാക്കയങ്ങളിലേക്ക് ആഴ്ന്നുപോവുകയാണ്.

ഇടുക്കി ഗവ. എന്‍ജിനിയറിങ് കോളേജില്‍ കെഎസ്യു –-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന എസ്‌എഫ് ഐ പ്രവര്ത്തകന് ധീരജിന്റെ തളിപ്പറമ്ബ് തൃച്ചംബരത്തെ അദ്വൈതമെന്ന വീട് ഓരോ നിമിഷവും ഓര്‍മകളില്‍ അസ്വസ്ഥമാവുകയാണ്. ധീരജും അച്ഛന്‍ രാജേന്ദ്രനും അമ്മ പുഷ്കലയും അനുജന്‍ അദ്വൈതും ഉണ്ടായിരുന്ന ആ കിളിക്കൂട്ടിലെ സ്വീകരണമുറിയില്‍ ധീരജിന്റെ വലിയ ചിത്രം.

‘‘നോക്കിയേ അവന്‍ ചിരിക്കുന്ന കണ്ടില്ലേ….ഞങ്ങളൊക്കെ ഇവിടെ കരഞ്ഞ് കരഞ്ഞ് …. ഒരു തെറ്റും ചെയ്യാത്ത എന്റെ കുഞ്ഞിനെ… ഞങ്ങള്‍ക്കില്ലാതാക്കിയില്ലേ….’’ പുഷ്കലയുടെ വാക്കുകള്‍ തേങ്ങലുകളില്‍ അലിഞ്ഞ് അവ്യക്തമായി. അച്ഛന്‍ രാജേന്ദ്രനും ധീരജിന്റെ ഓര്‍മകളില്‍ വിങ്ങി. ‘‘കുഞ്ഞായിരിക്കുമ്ബോഴേ പാട്ട് വച്ചാലേ അവന്‍ അടങ്ങിയിരിക്കൂ. അത്രയും ഇഷ്ടാണ് പാട്ട്. വരികള്‍ പെട്ടെന്ന് പഠിക്കും. ഞാനാണ് ഡ്രൈവിങ് പഠിപ്പിച്ചത്. അവസാനം വന്നപ്പോ ലൈസന്‍സുമായാണ് തിരിച്ചുപോയത്. എവിടെ പേരെഴുതുമ്ബോഴും അവന്‍ ധീരജ് രാജേന്ദ്രന്‍ എന്നേ എഴുതൂ…അത്രയ്ക്ക് സ്നേഹായിരുന്നു എന്റെ മോന് …. അവനുവേണ്ടി എഴുതിയ താരാട്ടുപാട്ടുകളുടെ പുസ്തകത്തില്‍ കണ്ണും നട്ട് ആ മനുഷ്യന്‍ ഇരുന്നു. ‘‘എന്നിട്ടും ഞങ്ങളെ കുത്തിക്കുത്തി നോവിക്കുകയല്ലേ….സുധാകരന്‍ എങ്ങനെയാ പറയുവാ ഇരന്ന് വാങ്ങിയെന്ന്…അവര് കരുതിക്കൂട്ടി ചെയ്തതല്ലേ….അവരെ സംരക്ഷിക്കുമെന്ന് വെല്ലുവിളിക്കുകയല്ലേ ചെയ്തത്…

അദ്വൈതിനും കോളേജില്‍ പോയപ്പോ പ്രയാസമുണ്ടായി. ‘കൊന്നത് പോരാഞ്ഞിട്ട് ചേട്ടന്റെ ചിത്രമുള്ള ബാനര്‍ കീറിക്കളഞ്ഞാല്‍ അവന് സഹിക്കുമോ … ഇനി ആ കോളേജിലേക്ക് പോണോ എന്നാണ് അദ്വൈത് ചോദിച്ചത് ’ പുഷ്കല പറഞ്ഞു. ഉള്ളില്‍ സങ്കടക്കടല്‍ ഒതുക്കി അദ്വൈത് അമ്മയുടെ അടുത്തിരുന്നു. ഹൃദയത്തില്‍ രക്തം കിനിയുന്ന മുറിവുമായി ഈ മൂന്ന് മനുഷ്യര്‍ക്ക് ഇനിയുള്ള കാലം ജീവിക്കണം. ഏതുകാലം സുഖപ്പെടുത്തുമെന്നറിയാത്ത മുറിവിന്റെ വേദനയില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular