Saturday, May 28, 2022
HomeEuropeഉക്രയിനിലേക്ക് ഏത് സമയവും റഷ്യന്‍ സേന ഇരച്ചു കയറുമെന്ന വിലയിരുത്തലില്‍ അമേരിക്ക

ഉക്രയിനിലേക്ക് ഏത് സമയവും റഷ്യന്‍ സേന ഇരച്ചു കയറുമെന്ന വിലയിരുത്തലില്‍ അമേരിക്ക

വാഷിങ്ടണ്‍ ഡിസി: യുഎസ് ആര്‍മിയിലെ 8,500 സൈനികരോട് യുദ്ധ സജ്ജരായിരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം.

പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ ഏതുനിമിഷവും റഷ്യ അധിനിവേശം നടത്താനുള്ള സാധ്യതയുള്ളത് കണക്കുകൂട്ടി പ്രതിരോധിക്കാന്‍ വേണ്ടിയാണ് സൈനികരോട് സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം.

ഉക്രെയ്‌ന് നിരവധി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. നാറ്റോ സഖ്യം ഇടപെട്ട കാര്യമായതിനാല്‍ ഇത് യൂറോപ്യന്‍ രാജ്യങ്ങളുടെ അഭിമാന പ്രശ്‌നമാണ്. മറ്റുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ സൈനികര്‍ കൂടി ഇവരോടൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തര പ്രതികരണ സേനയെന്നാണ് ഈ സൈനികരെ ജോ ബൈഡന്‍ വിശേഷിപ്പിക്കുന്നത്. യുദ്ധം ആസന്നമായാല്‍ പ്രതികരിക്കാന്‍ വേണ്ടി ബ്രിട്ടനും യുഎസും യുക്രെയ്‌ന് മിസൈലുകള്‍ അടക്കമുള്ള പ്രതിരോധ ആയുധങ്ങള്‍ നല്‍കിയിരുന്നു.

ഉക്രയിനില്‍ അമേരിക്ക ആയുധങ്ങള്‍ നിറയ്ക്കുകയാണെന്ന പരാതിയുമായി റഷ്യയും സജീവമാകുന്നുണ്ട്. അമേരിക്കയും നാറ്റോ സേനയും നടത്തുന്ന നീക്കങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയില്‍ കൊണ്ടു വരാനാണ് റഷ്യയുടെ ശ്രമം. റഷ്യയോട് ചേര്‍ന്ന അതിര്‍ത്തിയിലാണ് ആയുധങ്ങള്‍ നിറയ്ക്കുന്നത്. ഈ മേഖലയെ ഇത് സംഘര്‍ഷത്തിലാക്കുന്നുവെന്ന് റഷ്യയും ആരോപിക്കുന്നു.

അതിനിടെ വിമാനവാഹിനിയില്‍ പറന്നിറങ്ങവേ യുദ്ധവിമാനം കടലില്‍ വീണു. യുഎസ് പസഫിക് ഫ്‌ളീറ്റ് കമാന്‍ഡിലെ വിമാനവാഹിനിക്കപ്പലായ യുഎസ് എസ് കാള്‍ വിന്‍സണിലാണ് അപകടം നടന്നത്. ദക്ഷിണ ചൈന കടലില്‍ ഫിലിപ്പിന്‍സ് തീരത്തിനു സമീപമാണ് അപകടം. അപകടത്തിന് പിന്നില്‍ അട്ടിമറിയില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാലും എല്ലാ സാധ്യതയും പരിശോധിക്കുന്നുണ്ട്. പരിശീലനപ്പറക്കലിനായി പറന്നുയര്‍ന്ന എഫ്-35 യുദ്ധവിമാനം തിരിച്ചിറങ്ങവേയാണ് കടലില്‍ വീണത്. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് യുഎസ് നേവി ട്വിറ്റ് ചെയ്തു.

റഷ്യന്‍ -ഉക്രെയിന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉരുണ്ടുകൂടുകയാണ്. നാറ്റോ സഖ്യവും അമേരിക്കയും ഉക്രെയിന് പിന്തുണ പ്രഖ്യാപിച്ച്‌ കളത്തിലിറങ്ങിയതോടെ മറ്റൊരു ലോകമഹായുദ്ധത്തിന് യൂറോപ്യന്‍ വന്‍കര സാക്ഷ്യം വഹിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. നേരിട്ടുള്ള യുദ്ധത്തിനൊപ്പം തന്നെ നിരവധി നിരോധനങ്ങളും വിലക്കുകളും ഉപരോധങ്ങളും കൊണ്ട് പരോക്ഷമായി പരസ്പരം തകര്‍ക്കാനും ഇരു ചേരികളും ശ്രമിക്കും. ഇത് സത്യത്തില്‍ ലോകം ഇതുവരെ കൈവരിച്ച പുരോഗതിയെ പിന്നോട്ടടിക്കുമെന്നാണ് നിഷ്പക്ഷ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

റഷ്യ ഉക്രെയിനിനെ ആക്രമിക്കുന്ന സാഹചര്യം വന്നാല്‍, റഷ്യയിലേക്കുള്ള ആധുനിക സാങ്കേതിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി അമേരിക്ക നിരോധിച്ചേക്കും. നേരത്തേ ചൈനീസ് സാങ്കേതിക ഭീമന്‍ ആയ വാവേയ് കമ്ബനിക്ക് സെമി കണ്ടക്ടറുകള്‍ ഉള്‍പ്പടെയുള്ള ഉദ്പന്നങ്ങള്‍ നല്‍കുന്നത് അമേരിക്ക നിരോധിച്ചിരുന്നു. ഇതേ മാര്‍ഗ്ഗം റഷ്യയുടെ കാര്യത്തിലും പിന്തുടര്‍ന്നാല്‍ അവതാളത്തിലാവുക റഷ്യയുടെ നിര്‍മ്മിതി ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സംവിധാനങ്ങളും ബഹിരാകാശ ഗവേഷണവുമായിരിക്കും.

അതേസമയം, യൂറോപ്പിനെ കെണിയിലാക്കാന്‍ പുട്ടിന്റെ കൈവശം ഉള്ളത് പ്രകൃതി വാതകമാണ്. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലേയും വൈദ്യൂതി ഉദ്പാദനവും മറ്റും നടക്കുന്നത് പ്രധാനമായും റഷ്യയില്‍ നിന്നെത്തുന്ന ഗ്യാസിനെ ആശ്രയിച്ചാണ്. ഹരിത സമ്ബദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിച്ച്‌ കൂടുതല്‍ നിക്ഷേപവും കൂടുതല്‍ ഉയര്‍ന്ന തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കാന്‍ പാശ്ചാത്യ ശക്തികള്‍ മത്സരിച്ചപ്പോള്‍അവര്‍ മനസ്സിലാക്കാതെ പോയ ഒരു കാര്യമാണ് പാരമ്ബര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ക്ക് ഒരിക്കലും പരമ്ബരാഗത ഊര്‍ജ്ജ സ്രോതസ്സുകള്‍ക്ക് പകരമാകാന്‍ കഴിയില്ല എന്ന കാര്യം.

കല്‍ക്കരി ഉള്‍പ്പടെയുള്ള ഫോസില്‍ ഇന്ധനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ പാശ്ചാത്യ ശക്തികള്‍ക്ക് ഊര്‍ജ്ജ ആവശ്യത്തിനായി റഷ്യ ഉള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളെ ആശ്രയിക്കെണ്ടതായി വന്നിരിക്കുന്നു. അതുതന്നെയാണ് റഷ്യന്‍-ഉക്രെയിന്‍ സംഘര്‍ഷത്തില്‍ ജര്‍മ്മനി അയഞ്ഞ സമീപനം എടുക്കുവാനുള്ള കാരണവും. ഹരിതപദ്ധതികളില്‍ ഉദ്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജം വ്യാപകമായ ആവശ്യത്തിന് മതിയാവുകയില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ എടുത്ത തീരുമാനമാണ് ഇപ്പോള്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളെ റഷ്യയുടെ കെണിയില്‍ ആക്കിയിരിക്കുന്നത്.

റഷ്യ തങ്ങളുടെ പ്രകൃതിവാതകം ആയുധമാക്കിയാല്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ധനചെലവും ഊര്‍ജ്ജ ചെലവും വര്‍ദ്ധിക്കും. ഇപ്പോള്‍ തന്നെ നാണയപ്പെരുപ്പം മൂലം കഷ്ടപ്പെടുന്ന ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളിലെ സാധാരണക്കാര്‍ക്ക് ജീവിതം ദുസ്സഹമാകുന്ന ഒരു സാഹചര്യം അത് സൃഷ്ടിച്ചേക്കാം. അങ്ങനെ ഈ രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ക്കെതിരെ ജനരോഷം ഉയര്‍ന്നേക്കാം. ഏതായാലും, റഷ്യന്‍ -ഉക്രെയിന്‍ യുദ്ധമുണ്ടായാല്‍ അത് വളരെ ദൂരവ്യാപകമായ അനന്തരഫലങ്ങള്‍ സൃഷ്ടിക്കും എന്ന് ഉറപ്പാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular