Thursday, April 25, 2024
HomeKeralaസാവകാശം തേടി ദിലീപ്: മൊബൈല്‍ ഫോണുകള്‍ ഇന്ന് ഹാജരാക്കില്ല

സാവകാശം തേടി ദിലീപ്: മൊബൈല്‍ ഫോണുകള്‍ ഇന്ന് ഹാജരാക്കില്ല

കൊച്ചി: വധശ്രമ, ഗൂഢാലോചന കേസില്‍ മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ സാവകാശം തേടി ദിലീപ് (Actor Dileep) കത്ത് നല്‍കും.

ദിലീപടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഇന്ന് ഹാജരാക്കില്ല. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് മൊബൈല്‍ ഫോണ്‍ ഹാജരാകണം എന്നായിരുന്നു ക്രൈംബ്രാഞ്ച് (Crime Branch) നിര്‍ദ്ദേശിച്ചത്. മൊബൈല്‍ ഫോണുകള്‍ ദിലീപിന്റെ അഭിഭാഷകന്റെ കയ്യില്‍ ഏല്‍പ്പിച്ചെന്നാണ് സൂചന.

വധശ്രമ ഗൂഢാലോചന തെളിയിക്കുന്നതിന് നിര്‍ണ്ണായകമായ ഫോണുകള്‍ ദിലീപ് കൈമാറിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സൂരജും നിലവില്‍ ഉപയോഗിച്ചിരുന്ന ഫോണുകളാണ് അന്വേഷണസംഘത്തിന് നല്‍കിയത്. പഴയ ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയട്ടുണ്ട്.

ദിലീപിന്റെയും അനൂപിനെയും രണ്ടും, സൂരജിന്റെ ഒരു ഫോണും ബന്ധു അപ്പുവിന്റെ ഫോണും ഹാജരാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ ഫോണുകള്‍ കിട്ടിയാല്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണസംഘത്തിലെ പ്രതീക്ഷ.

പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ റിപ്പോര്‍ട്ട്‌ ചൊവ്വാഴ്ച ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇതുകൂടി വിശദമായി പരിശോധിച്ചശേഷം ചോദ്യംചെയ്യലിന് ഹാജരാകാന്‍ പ്രതികളോട് വീണ്ടും ആവശ്യപ്പെടുമെന്നും എസ്.പി. മോഹനചന്ദ്രന്‍ പറഞ്ഞു.

ദിലീപിന്റെ സഹോദരന്‍ അനൂപിനെയും ബാലചന്ദ്ര കുമാറിനെയും ഒരുമിച്ച്‌ കണ്ടിട്ടുണ്ടെന്ന് ദിലീപിന്റെ കാര്യസ്ഥന്റെ മകന്‍ ദാസന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അനൂപും ബാലചന്ദ്ര കുമാറും തമ്മില്‍ പരിചയം ഇല്ല എന്നാണ് അന്വേഷണസംഘത്തോട് ദിലീപ് പറഞ്ഞത്. ഇതില്‍ വ്യക്തത വരുത്താന്‍ ദാസനെ വീണ്ടും വിളിച്ചു വരുത്തി ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തും.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെയും മറ്റ് നാല് പ്രതികളെയും മൂന്നു ദിവസത്തേക്കാണ് ചോദ്യം ചെയ്യാനായി കോടതി അനുവദിച്ചിരുന്നത്. 33 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും പ്രതികളില്‍ നിന്ന് പൂര്‍ണ്ണമായ വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. വ്യാഴാഴ്ചയാണ് കേസില്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.

എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കേസിന്റെ പുരോഗതി വിലയിരുത്തിയ ശേഷമാകും റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കുക. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ദിലീപ് അടക്കം അഞ്ച് പ്രതികളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യാന്‍ മൂന്നു ദിവസമാണ് ഹൈക്കോടതി അനുവദിച്ചത്. മൂന്നു ദിവസങ്ങളിലായി 33 മണിക്കൂറാണ് ചോദ്യം ചെയ്തത്.

പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്ത ചില ഡിജിറ്റല്‍ സാമഗ്രികളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്.

മൂന്നു ദിവസത്തെ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരങ്ങളും തെളിവുകളും ഉള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് വ്യാഴാഴ്ച ഹൈക്കോടതിയ്ക്ക് കൈമാറണം. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് ശേഷം മൊഴികള്‍ വിലയിരുത്തിയാകും കോടതിയില്‍ നല്‍കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular