Friday, April 19, 2024
HomeIndiaഅയോധ്യയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഇനിയും സ്ഥാനാര്‍ത്ഥിയായില്ല

അയോധ്യയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഇനിയും സ്ഥാനാര്‍ത്ഥിയായില്ല

ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള താരമണ്ഡലമായ അയോധ്യയില്‍ എല്ലാവര്‍ക്കും മുന്‍പെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്‌ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സമാജ്‌വാദി പാര്‍ട്ടി(എസ്‍പി).

ബിജെപിയും കോണ്‍ഗ്രസുമെല്ലാം ഇനിയും സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാകാതെ ചര്‍ച്ച തുടരുമ്ബോഴാണ് ഒരുമുഴംമുന്‍പെ അഖിലേഷിന്റെ സ്‌ട്രൈക്ക്. അയോധ്യയില്‍നിന്നു തന്നെ ജയിച്ച്‌ 2012ലെ അഖിലേഷ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന തേജ് നാരായണ്‍ പാണ്ഡെ എന്ന പവന്‍ പാണ്ഡെയാണ് എസ്പി സ്ഥാനാര്‍ത്ഥി.

അയോധ്യയില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനവിധി തേടുമെന്നാണ് നേരത്തെ പ്രചാരണമുണ്ടായത്. എന്നാല്‍, ഇതിനു നില്‍ക്കാതെ സ്വന്തം തട്ടകമായ ഗൊരക്പൂര്‍ അര്‍ബന്‍ സീറ്റാണ് യോഗി തിരഞ്ഞെടുത്തത്. യോഗിക്ക് പകരം ഒരു സ്റ്റാര്‍ സ്ഥാനാര്‍ത്ഥിയെ ബിജെപി തിരഞ്ഞുകൊണ്ടിരിക്കുമ്ബോഴാണ് എസ്പിയുടെ പ്രഖ്യാപനമെത്തുന്നത്. കോണ്‍ഗ്രസും ആരെ ഇറക്കുമെന്ന ചര്‍ച്ച തുടരുകയാണ്. ബിഎസ്പിക്കും ഇതുവരെ സ്ഥാനാര്‍ത്ഥിയായിട്ടില്ല.

ലഖ്‌നൗ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി നേതാവായിരുന്ന പവന്‍ പാണ്ഡെ എസ്പിയുടെ യുവനേതാക്കളില്‍ പ്രമുഖനാണ്. 2012ലാണ് അയോധ്യയില്‍നിന്ന് ജയിച്ച്‌ ഉത്തര്‍പ്രദേശ് നിയമസഭയിലെത്തുന്നത്. 2017ലും മത്സരിച്ചെങ്കിലും ബിജെപിയുടെ വേദ് പ്രകാശ് ഗുപ്തയോട് തോല്‍ക്കുകയായിരുന്നു.

മറ്റു പാര്‍ട്ടികളെല്ലാം ഏറെ പ്രാധാന്യത്തോടെയാണ് അയോധ്യയെ കാണുന്നതെങ്കിലും എസ്പിയും ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കുമിത്. ബിജെപിയുടെ ലല്ലു സിങ് ആയിരുന്നു ദീര്‍ഘകാലം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 1991, 1993, 1996, 2002, 2007 തെരഞ്ഞെടുപ്പുകളിലെല്ലാം ലല്ലു തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. 2012ല്‍ ലല്ലുവിനെതിരെ പവന്‍ പാണ്ഡെ അട്ടിമറി ജയം നേടുകയായിരുന്നു.

13-15 ശതമാനമാണ് മണ്ഡലത്തിലെ യാദവ-ബ്രാഹ്‌മണ വോട്ട്. മുസ്‌ലിം വോട്ടര്‍മാര്‍ 18-20 ശതമാനവും വരും.

RELATED ARTICLES

STORIES

Most Popular