Saturday, December 4, 2021
HomeKeralaരണ്ടാം പിണറായി സര്‍ക്കാരിന് നൂറാം ദിനം ; മുഖ്യമന്ത്രിയുടെ സന്ദേശം

രണ്ടാം പിണറായി സര്‍ക്കാരിന് നൂറാം ദിനം ; മുഖ്യമന്ത്രിയുടെ സന്ദേശം

ചരിത്രം തിരുത്തിയെഴുതി കേരളത്തില്‍ രണ്ടാമതും അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന് നൂറാം ദിവസം, കേരളത്തില്‍ കോവിഡ് കണക്കുകള്‍ കുതിച്ചുയരുന്നതിനെതിരെ രൂക്ഷ വിമര്‍ശനമുയരുമ്പോഴാണ് സര്‍ക്കാര്‍ നൂറാംദിനം ആഘോഷിക്കുന്നത്.
ചിന്താ വാരികയിലെഴുതിയ ലേഖനത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ വിമര്‍ശിച്ചും മുഖ്യമന്ത്രി കേരളാ മോഡലിനെ പുകഴ്്ത്തിയിരുന്നു. എന്നാല്‍ തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തിയ പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.
ഇടത് സര്‍ക്കാരിന് തുടര്‍ഭരണം നല്‍കിയതിലൂടെ നവകേരള സൃഷ്ടിയുടെ തുടര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. എല്ലാത്തരം വര്‍ഗ്ഗീയ -വിധ്വംസക-വിദ്വേഷ പ്രവര്‍ത്തനങ്ങളെയും സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ഇല്ലായ്മ ചെയ്യുമെന്നും  വാക്‌സിനേഷന്‍ എല്ലാവരിലേയ്ക്കുമെത്തിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തുടര്‍ഭരണം എന്ന ചരിത്രദൗത്യം സമ്മാനിച്ചതിന്റെ നൂറാം ദിവസമാണ് ഇന്ന്. 2016ല്‍ ആരംഭിച്ച നവകേരള സൃഷ്ടിയുടെ തുടര്‍ച്ചയാണ് അതിലൂടെ ഉണ്ടായിട്ടുള്ളത്. നവകേരളം സുസ്ഥിരവും വികസിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ആയിരിക്കുമെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വമാണ് ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാനുള്ളത്.
വൈജ്ഞാനിക സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും കേരളത്തെ വാര്‍ത്തെടുക്കുകയാണ്. അതിന്റെ അടിസ്ഥാനമൊരുക്കിക്കൊണ്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയും വിജ്ഞാന വിസ്ഫോടനത്തിന്റെ പ്രയോജനം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാകുന്ന വിധത്തില്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ സാര്‍വത്രികമായി ലഭ്യമാക്കിയും ഒരു സമൂഹമെന്ന നിലയ്ക്ക് മുന്നേറുകയാണ് നാം.
ഈ മുന്നേറ്റത്തില്‍ നാമൊറ്റക്കെട്ടായി നില്‍ക്കുക എന്നത് പരമപ്രധാനമാണ്. അതുകൊണ്ടുതന്നെയാണ് എല്ലാത്തരം വര്‍ഗീയ വിദ്വേഷ വിധ്വംസക പ്രവര്‍ത്തനങ്ങളെയും അകറ്റിനിര്‍ത്താന്‍ സര്‍ക്കാര്‍തന്നെ ഈ ഘട്ടത്തില്‍ മുന്‍കൈ എടുക്കുന്നത്. അതാകട്ടെ കോവിഡ് മഹാമാരിക്കെതിരായുള്ള പോരാട്ടത്തില്‍ അനിവാര്യമാണുതാനും. പരമാവധി ആളുകള്‍ക്ക് വാക്സിനേഷന്‍ ലഭ്യമാക്കിക്കൊണ്ട് ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതിനാണ് ഈ ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നത്.
ആത്മാഭിമാനത്തോടെ എല്ലാവര്‍ക്കും ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ പൂര്‍ത്തീകരണത്തോട് അടുക്കുകയാണ്. ഈ സര്‍ക്കാരിന്റെ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ തീരുമാനിച്ച അതിദാരിദ്ര്യ നിര്‍മാര്‍ജനം, വാതില്‍പ്പടി സേവനം, സ്ത്രീകളുടെ ഗാര്‍ഹിക ജോലിഭാരം കുറയ്ക്കല്‍ എന്നിവ ഉടന്‍തന്നെ പ്രാവര്‍ത്തികമാകും. അതോടൊപ്പം എല്ലാവര്‍ക്കും ഭൂമി, ഭവനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള ഇടപെടലും മുന്നോട്ടുകൊണ്ടുപോവുകയാണ്. അത്തരത്തില്‍ സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു നവകേരളമാണ് വിഭാവനം ചെയ്യുന്നത്.
കാര്‍ഷിക, വ്യാവസായിക, ഐറ്റി, ടൂറിസം മേഖലകളില്‍ കേരളത്തിനുള്ള തനതു സാധ്യതകളെ പ്രയോജനപ്പെടുത്തി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും തല്‍ഫലമായി സൃഷ്ടിക്കപ്പെടുന്ന അധികവിഭവങ്ങളുടെ നീതിയുക്തമായ വിതരണം സാധ്യമാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ നൂറു ദിവസംകൊണ്ട് തുടക്കം കുറിച്ചിരിക്കുന്നത്. അവയിലെല്ലാം കേരളത്തിലെ ജനങ്ങളുടെയാകെ അഭൂതപൂര്‍വമായ പിന്തുണയാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്.
തുടര്‍ന്നും ഒരുമിച്ചുനിന്ന് ലോകത്തിനുതന്നെ മാതൃകയാകുന്ന വിധത്തില്‍ ബദല്‍ നയങ്ങള്‍ നടപ്പാക്കി മുന്നേറാം എന്ന പ്രതിജ്ഞ എടുത്തുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടര്‍ഭരണത്തിന്റെ ഈ നൂറാം ദിവസത്തെ നമുക്ക് അന്വര്‍ഥമാക്കാം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular