Friday, March 29, 2024
HomeKerala‘ക്യാപ്റ്റനി’ല്ലാതെ പിജെ ആർമി; സുധാകരനെ വീഴ്‌ത്താനോ ചെന്നിത്തല

‘ക്യാപ്റ്റനി’ല്ലാതെ പിജെ ആർമി; സുധാകരനെ വീഴ്‌ത്താനോ ചെന്നിത്തല

തിരുവനന്തപുരം ∙ കേരളത്തിലെ പാർട്ടികളിൽ നേതാക്കളോടു വ്യക്തി ആരാധനയുണ്ടെങ്കിലും അതിനായി ‘റജിസ്റ്റേഡ്’ ആരാധകവൃന്ദമുള്ള നേതാക്കൾ വിരലിലെണ്ണാവുന്നവർ മാത്രമാണ്. അക്കൂട്ടത്തിലേക്കാണ് ഡിസിസി പുനഃസംഘടനയുടെ പശ്ചാത്തലത്തിൽ ‘ആർസി ബ്രിഗേഡി’ന്റെ വരവ്. ആർസി എന്നാൽ രമേശ് ചെന്നിത്തല. എന്നാൽ തന്റെ പേരിലുണ്ടായ ഫാൻസ് അസോസിയേഷനെ ചെന്നിത്തല മുളയിലേ നുള്ളി. ആർസി ബ്രിഗേഡുമായി ഒരു ബന്ധവുമില്ലെന്നു തുടക്കത്തിൽതന്നെ ചെന്നിത്തല വ്യക്തമാക്കിയെങ്കിലും ബ്രിഗേഡ് പ്രവർത്തനം അവസാനിപ്പിച്ചിട്ടില്ല.

കേരളത്തിൽ ഇപ്പോഴത്തെ കോൺഗ്രസ് നേതാക്കളിൽ ഏറ്റവുമധികം ആരാധകരും അനുയായികളുമുള്ളത് ഉമ്മൻചാണ്ടി, കെ.സുധാകരൻ, രമേശ് ചെന്നിത്തല, ശശി തരൂർ എന്നിവർക്കാണ്. കെപിസിസി പ്രസിഡന്റ് പദത്തിലേക്ക് എത്തിയപ്പോഴാണു കെ.സുധാകരൻ സംസ്ഥാന നേതാക്കളിൽ മുൻനിരക്കാരനായതെങ്കിലും സുധാകരന് ആരാധക പ്ലാറ്റ്ഫോം വർഷങ്ങൾക്കു മുൻപേയുണ്ട്. അതാണു ‘കെഎസ് ബ്രിഗേഡ്’.

രമേശ് ചെന്നിത്തല
സുധാകരന് ഇങ്ങനെയൊരു കെഎസ് ബ്രിഗേഡ് ഉള്ളതുകൊണ്ടാണു രമേശ് ചെന്നിത്തലയുടെ പേരിൽ അനുയായികൾ തുടങ്ങിയ കൂട്ടായ്മയ്ക്ക് ആർസി ബ്രിഗേഡ് എന്നു പേരിട്ടതെന്നും സംസാരമുണ്ട്. . സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള കേരളത്തിലെ കോൺഗ്രസ് നേതാവ് ശശി തരൂരാണ്. എന്നാൽ തരൂരിന് ഒരു സമൂഹമാധ്യമസേനയില്ല. പാർട്ടിയുടെ ഏറ്റവും ജനകീയനായ നേതാവായ ഉമ്മൻചാണ്ടിക്കുമില്ല ‘സേനാബലം’. കെ.കരുണാകരൻ ജീവിച്ചിരുന്നതു ഫെയ്സ്ബുക്കും വാട്സാപ്പും സജീവമായിരുന്ന കാലത്തായിരുന്നെങ്കിൽ ഉറപ്പായും അദ്ദേഹത്തിന്റെ പേരിൽ ഒരു ‘ലീഡർ ബ്രിഗേഡ്’ ഉണ്ടായിരുന്നേനെ.
അഡ്മിൻ മരുമകൻ, ആൾബലം ഗൾഫിൽ
കെഎസ് ബ്രിഗേഡ് എന്ന പേരിൽ സുധാകരനായി ഫെയ്സ്ബുക്കിൽ പ്രത്യേക പേജുണ്ട്. ഇതിനു പുറമേ ഇതേ പേരിൽ വാട്സാപ് ഗ്രൂപ്പുകളും. കെ.സുധാകരന്റെ സഹോദരിയുടെ മകൻ അജിത് ആണ് ചീഫ് അഡ്മിൻ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിവിധ വിദേശരാജ്യങ്ങളിലും കെഎസ് ബ്രിഗേഡിനു ചാപ്റ്ററുകളുണ്ട്. കെ.സുധാകരനാണു കെഎസ് ബ്രിഗേഡിന്റെ മുഖമെങ്കിലും ഇതു സുധാകരനു വേണ്ടിയുള്ള വെറും ആരാധകവൃന്ദം മാത്രമല്ല.

സൂപ്പർസ്റ്റാറുകളുടെ ഫാൻസ് അസോസിയേഷനുകളെപ്പോലെ ചാരിറ്റി പ്രവർത്തനത്തിൽ സജീവമാണ് ഈ കൂട്ടായ്മ. ഭക്ഷണം, വീട്, വിദേശത്തു കുടുങ്ങിയവർക്കുള്ള വിമാന ടിക്കറ്റ്, സാമ്പത്തിക സഹായം, പഠനസഹായം, ചികിത്സ, തൊഴിൽ എന്നിങ്ങനെ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് കെഎസ് ബ്രിഗേഡ്. കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തനമില്ലാത്ത സിപിഎം പാർട്ടി ഗ്രാമങ്ങളിൽ തിരഞ്ഞെടുപ്പുകാലത്ത് പ്രചാരണവുമായി കയറിച്ചെല്ലാറുമുണ്ട്.

കെ.സുധാകരൻ
നാലു വർഷം മുൻപു കണ്ണൂരിലെ കോൺഗ്രസ് രക്തസാക്ഷികളുടെ കുടുംബസംഗമം നടത്തി വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രക്തസാക്ഷി കുടുംബങ്ങൾക്കു ധനസഹായം കൂടി നൽകിയ ഈ പരിപാടിയിൽ രമേശ് ചെന്നിത്തലയും അതിഥിയായെത്തി. സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസിനു വേണ്ടി പൊതുവായും, കെ.സുധാകരനു വേണ്ടി പ്രത്യേകിച്ചും സൈബർ പോരാളികളുടെ വേഷം ഭംഗിയായി കൈകാര്യം ചെയ്യുന്നുണ്ട് കെഎസ് ബ്രിഗേഡ്. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പഴയ കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ബ്രിഗേഡിൽ അധികംപേരും.
കുറവല്ല വിവാദങ്ങൾ

രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞ ആർസി ബ്രിഗേഡ് അദ്ദേഹത്തെ ആദ്യംതന്നെ വിവാദത്തിൽ ചാടിക്കുകയാണു ചെയ്തത്. ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക വന്നാൽ പ്രതിഷേധമുയർത്തണമെന്ന് ആർസി ബ്രിഗേഡ് വാട്സാപ് ഗ്രൂപ്പിലുണ്ടായ ആഹ്വാനം വിവാദമായതു ചെന്നിത്തലയുടെ പ്രതിഛായയ്ക്കു ദോഷം ചെയ്തു. തള്ളിപ്പറയാൻ ഒരു നിമിഷം പോലും വൈകാതിരുന്നത് അതുകൊണ്ടാണ്.

കോണ്‍ഗ്രസില്‍ സൈബര്‍ പോര്; ചെന്നിത്തലയ്ക്കും കുടുംബത്തിനും അധിക്ഷേപം
കോണ്‍ഗ്രസില്‍ സൈബര്‍ പോര്; ചെന്നിത്തലയ്ക്കും കുടുംബത്തിനും അധിക്ഷേപം
ഇതുപോലെ കെഎസ് ബ്രിഗേഡും പലതവണ വിവാദങ്ങളിൽ ചാടിയിട്ടുണ്ട്. കെ.സുധാകരനെ കെപിസിസി പ്രസിഡന്റാക്കാൻ വേണ്ടി തുടങ്ങിവച്ച പ്രചാരണ പരിപാടികളെത്തുടർന്നായിരുന്നു ഇതെല്ലാം. സുധാകരൻ പ്രസിഡന്റാകുമെന്നു പ്രതീക്ഷിച്ചിടത്തു മുല്ലപ്പള്ളി രാമചന്ദ്രൻ വന്നപ്പോൾ സുധാകരാനുകൂലികൾക്കുണ്ടായ നിരാശ പ്രതിഷേധ രൂപത്തിൽ കെഎസ് ബ്രിഗേഡ് കൂട്ടായ്മകളിലും പ്രതിഫലിച്ചു.

കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റുമാരുടെ അന്തിമ പട്ടികയെന്ന പേരിൽ ഗ്രൂപ്പിൽ പട്ടിക പ്രചരിച്ചതും വിവാദത്തിനിടയാക്കി. സുധാകരൻ കെപിസിസി പ്രസിഡന്റായിരിക്കുമ്പോൾ, അദ്ദേഹത്തിന്റെ കയ്യിലുള്ള പട്ടിക, അദ്ദേഹത്തിന്റെ പേരിലുള്ള ഗ്രൂപ്പിൽ വന്നാൽ വിവാദമാകാതിരിക്കുമോ? മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച പട്ടിക വെറുതെ ഫോർവേഡ് ചെയ്തതാണെന്നു വിശദീകരിച്ച് അഡ്മിൻ തലയൂരി.

‘ക്യാപ്റ്റൻ’ ഇല്ലാതെ പിജെ ആർമി
കെ.സുധാകരന്റെ പേരിൽ കെഎസ് ബ്രിഗേഡ് തുടങ്ങിയതിനു പിന്നാലെയാണ്, കണ്ണൂരിൽ സുധാകരന് ഒത്ത എതിരാളിയായ പി.ജയരാജന്റെ അനുചരൻമാർ ‘പിജെ ആർമി’ക്കു തുടക്കമിട്ടത്. കരുത്തനായ നേതാവ് എന്ന നിലയിൽ ജയരാജന്റെ പ്രതിച്ഛായ സൃഷ്ടിക്കുന്നതിൽ പിജെ ആർമി വഹിച്ച പങ്ക് ചെറുതല്ല. ജയരാജനു വേണ്ടിയാണു പ്രചാരണമെങ്കിലും പാർട്ടിയുടെ സൈബർ മുഖമായി പിജെ ആർമി മാറി. എന്നാൽ പാർട്ടിയേക്കാൾ പി.ജയരാജൻ വളരാൻ ശ്രമിക്കുന്നുവെന്നു നേതൃത്വത്തിനു തോന്നിത്തുടങ്ങിയതോടെ ജയരാജൻ മാത്രമല്ല, പിജെ ആർമിയും നിരീക്ഷണത്തിലായി.

പി.ജയരാജൻ. ചിത്രം: എഎഫ്‌പി
പല തവണ ജയരാജനെ ‘ആർമി’ വിവാദത്തിലാക്കി. അപ്പോഴെല്ലാം ആർമിയെ പുറമേക്കു തള്ളിപ്പറഞ്ഞെങ്കിലും അകത്ത് ആർമിയുടെ ‘ക്യാപ്റ്റൻ’ ആയിത്തന്നെ ജയരാജൻ നിലയുറപ്പിച്ചു. എന്നാൽ ഇത്തവണത്തെ നിയമസഭാ സ്ഥാനാർഥിപ്പട്ടികയിൽനിന്നു ജയരാജനെ പാർട്ടി ഒഴിവാക്കിയപ്പോൾ പിജെ ആർമി പാർട്ടി നേതൃത്വത്തിനെതിരെ തിരിഞ്ഞു. ഇതോടെ ആർമിയുടെ ആണിക്കല്ലിളകി. പാർട്ടി ജില്ലാ കമ്മിറ്റിയിൽ ശക്തമായ വിമർശനമുയർന്നതോടെ, യോഗം നടന്ന ഹാളിനു പുറത്തിറങ്ങിവന്നു പിജെ ആർമിയെ തള്ളിപ്പറയാൻ ജയരാജൻ നിർബന്ധിതനായി.

തുടർന്നു കുറച്ചു നാളത്തേക്കു ജയരാജന്റെ ചിത്രം മാറ്റി, പിണറായി വിജയന്റെ ചിത്രം വച്ചാണ് ഈ ഫെയ്സ്ബുക്ക് ഗ്രൂപ്പ് പ്രവർത്തിച്ചത്. എന്നാൽ അതിനു സ്ഥിരതയുണ്ടായില്ല. കെ.കെ.ശൈലജ മന്ത്രിസഭയിൽനിന്നൊഴിവാക്കപ്പെട്ടപ്പോൾ പിജെ ആർമിയിൽ വീണ്ടും നേതൃത്വത്തിനെതിരായ പ്രതിഷധം നിഴലിച്ചു. ഏറ്റവുമൊടുവിൽ, പി.ജയരാജനു സംസ്ഥാന കമ്മിറ്റിയുടെ താക്കീത് വാങ്ങിക്കൊടുക്കുന്നിടം വരെ പിജെ ആർമിയുടെ ഇടപെടലെത്തി. ക്വട്ടേഷൻ ബന്ധമുള്ള ചിലർ പിജെ ആർമിയുടെ ഭാഗമായി നിന്നുവെന്നതിനെച്ചൊല്ലി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ വാക്കുതർക്കമാണു നടപടിയിലേക്കെത്തിയത്.
ചെറുതല്ല ‘റിസ്ക്’

പിജെ ആർമിയും കെഎസ് ബ്രിഗേഡുമെല്ലാം രാഷ്ട്രീയത്തിലെ വ്യക്തിപൂജയുടെ മൂർത്തീഭാവങ്ങളാണ്. ബ്രിഗേഡ്കൊ‌ണ്ട് സുധാകരനു വലിയ പരുക്കേറ്റിട്ടില്ലെങ്കിൽ, ആർമി കൊണ്ടു ജയരാജനുണ്ടായ പരുക്കു ചെറുതല്ല. പാർട്ടി അംഗത്വം പോലുമില്ലാത്ത ആരാധകക്കൂട്ടമാണ് ഇവരിൽ ഏറെയും. പരസ്യമായി അംഗീകരിച്ചാൽ, എടുക്കേണ്ടതു വലിയ റിസ്കാണ്. കെ.സുധാകരൻ മുൻപിൻ നോക്കാതെ ആ റിസ്ക് എടുത്തതു സുധാകരന്റെ ശൈലിയുടെ പ്രത്യേകതകൊണ്ടാണ്. ജയരാജന് അതിനു കഴിയാതെ പോയത് പാർട്ടിക്കുള്ളിലെ പരിമിതികൾ മൂലവും.

പിണറായി വിജയൻ
യുവാക്കളിൽ ആവേശമുണ്ടാക്കുന്ന നേതാക്കൾ എന്ന നിലയ്ക്കാണ് ഇത്തരം സമൂഹമാധ്യമ കൂട്ടായ്മകൾ ഈ നേതാക്കളുടെ പേരിലുണ്ടാകുന്നത്. സിപിഎമ്മിൽ അടുത്ത കാലത്ത് ജനശ്രദ്ധയിലൂടെ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട നേതാവ് വി.എസ്.അച്യുതാനന്ദനായിരുന്നു. എന്നാൽ വിഎസിനു പാർട്ടിയിലെ യുവാക്കളെ കയ്യിലെടുക്കാൻ കഴിഞ്ഞിരുന്നില്ല. പിണറായി വിജയന് അതിനു കഴിയുന്നുണ്ടെങ്കിലും തന്റെ പേരിലുള്ള ആർമിയെയോ ബ്രിഗേഡിനെയോ അദ്ദേഹം വച്ചുപൊറുപ്പിക്കില്ല.

‘ഇനി ഗ്രൂപ്പ് കളിച്ചാൽ സ്വന്തം അണികൾ തള്ളിപ്പറയും, 51 അംഗ സമിതി ലക്ഷ്യം’
‘ഇനി ഗ്രൂപ്പ് കളിച്ചാൽ സ്വന്തം അണികൾ തള്ളിപ്പറയും, 51 അംഗ സമിതി ലക്ഷ്യം’
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സമൂഹമാധ്യമങ്ങളിലൂടെ എടുത്തണിഞ്ഞ ‘ക്യാപ്റ്റൻ’ പദവി മാത്രമാണ് ഇതിന് അപവാദം. സെമി കേഡർ സംവിധാനം പോലുമില്ലാത്ത കോൺഗ്രസിൽ, ഗ്രൂപ്പിനെ നയിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഇത്തരമൊരു സേനയെ നയിക്കാൻ. തന്റെ പേരിൽ സമൂഹമാധ്യമസേനയുണ്ടായെന്നറിഞ്ഞപ്പോൾതന്നെ ചെന്നിത്തല പരസ്യമായി തള്ളിപ്പറഞ്ഞതിനു കാരണവും മറ്റൊന്നാകില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular