Saturday, May 18, 2024
HomeIndiaആദിവാസി കുടുംബങ്ങള്‍ കടുത്ത ജലക്ഷാമത്തിന്റെ പിടിയില്‍

ആദിവാസി കുടുംബങ്ങള്‍ കടുത്ത ജലക്ഷാമത്തിന്റെ പിടിയില്‍

സീതത്തോട്∙ ശബരിമല കാടുകളില്‍നിന്ന് പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി റോഡരികിലേക്കു മാറ്റിയ ആദിവാസി കുടുംബങ്ങള്‍ കടുത്ത ജലക്ഷാമത്തിന്റെ പിടിയില്‍.

മിക്കവരും കുളിച്ചിട്ടു പോലും ദിവസങ്ങള്‍ ആയി. ഭക്ഷണം പാകം ചെയ്ത പാത്രങ്ങള്‍ പോലും കഴുകാന്‍ വെള്ളം ഇല്ല. എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നു പറഞ്ഞാണ് ഇവരെ ഉള്‍വനത്തില്‍നിന്ന് ഇവിടെ എത്തിച്ചത്. കുടിക്കാനെങ്കിലും വെള്ളം കിട്ടിയാല്‍ മതിയായിരുന്നുവെന്നു സങ്കടത്തോടും അമര്‍ഷത്തോടും കൂടി പറയുകയാണ് ഈ ആദിവാസികള്‍.

ശബരിമലയ്ക്കു പോകുംവഴിയില്‍ പെരുനാട് പഞ്ചായത്തിലെ ളാഹ മഞ്ഞത്തോട്, പൂങ്കാവനം പ്രദേശത്തു തമ്ബടിച്ച ആദിവാസികളുടെ ദയനീയ അവസ്ഥ അധികൃതര്‍ അറിയാഞ്ഞിട്ടല്ല. ഇതൊന്നും വലിയ വിഷയങ്ങള്‍ അല്ലെന്ന മട്ടിലാണ് ട്രൈബല്‍ വകുപ്പും പഞ്ചായത്ത് അധികൃതരും.

ശബരിമല കാടിന്റെ വിവിധ ഇടങ്ങളില്‍ കഴിഞ്ഞിരുന്ന ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ളാഹയ്ക്കു സമീപം മഞ്ഞത്തോട്ടിലും പൂങ്കാവനത്തിലുമായി റോഡിനോടു ചേര്‍ന്ന് താമസിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. വേനല്‍ ശക്തമായതോടെ ശുദ്ധജലത്തിന് ഇവിടെ കടുത്ത ക്ഷാമമാണ് നേരിടുന്നത്.

മഞ്ഞത്തോട്ടില്‍ വനത്തില്‍ ഉണ്ടായിരുന്ന ഓലിയായിരുന്നു പ്രധാന ജല സ്രോതസ്. വേനലിന്റെ തീവ്രതയില്‍ ഓലി വറ്റി വരണ്ടു. ളാഹ നിവാസികള്‍ക്കു വെള്ളം എത്തിക്കാന്‍ വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വളഞ്ഞങ്ങാനം ജലവിതരണ പദ്ധതിയുടെ കുളത്തിനു സമീപം ഓലി നിര്‍മിച്ച്‌ ഇതില്‍ നിന്നാണ് ആദിവാസി കുടുംബങ്ങള്‍ ഇപ്പോള്‍ വെള്ളം ശേഖരിക്കുന്നത്.

വനത്തിലെ മിക്ക നീര്‍ച്ചാലുകളും വറ്റിയതോടെ വന്യമൃഗങ്ങളും വെള്ളം കുടിക്കാന്‍ വളഞ്ഞങ്ങാനത്തുള്ള കുളത്തിലാണ് എത്തുന്നത്. പകല്‍ സമയത്തും കാട്ടാനകള്‍ അടക്കം എത്താറുണ്ടെന്നാണ് ആദിവാസികളുടെ സാക്ഷ്യം. വെള്ളം ശേഖരിക്കാന്‍ പോയവര്‍ ആനയുടെ കണ്‍മുന്‍പില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട സംഭവങ്ങളും അനവധി.

വന്യമൃഗങ്ങളെ ഭയന്ന് കൂട്ടത്തോടെയാണ് പലരും വെള്ളത്തിനായി പോകുന്നത്. ഇവര്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം അര കിലോമീറ്ററോളം അകലെയാണ് കുളം. ഈ കുളവും ഏത് സമയവും വറ്റുന്ന സ്ഥിതിയിലാണ്. നിത്യച്ചെലവിനു ബുദ്ധിമുട്ടുന്ന തങ്ങള്‍ പണം കൊടുത്ത് എങ്ങനെ വെള്ളം എത്തിക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. ദിവസങ്ങള്‍ കൂടുമ്ബോഴാണ് മിക്കവരും കുളിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങള്‍ പോലും കഴുകി വൃത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ഇവര്‍ പറയുന്നു.

ഊരുകളില്‍ വെള്ളം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പെരുനാട് പഞ്ചായത്ത് അധികൃതരും ട്രൈബല്‍ വകുപ്പും തയാറാകണമെന്നാണ് ആദിവാസികളുടെ ആവശ്യം. അധികൃതരുടെ അവഗണന തുടര്‍ന്നാല്‍ മുന്‍പ് താമസിച്ചിരുന്ന ഉള്‍വനങ്ങളിലേക്കു മടങ്ങി പോകുന്നതിനെ പറ്റി ആലോചിക്കുന്നതായി ഊരുമൂപ്പന്‍ രാജു പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular