Sunday, May 5, 2024
HomeKeralaകേരള പൊലീസിന് കരുത്തേകാന്‍ ഇനി 'ഗൂര്‍ഖ'യും; ഹൈറേഞ്ചും ദുര്‍ഘട പാതകളും കീഴടക്കാന്‍ എത്തുന്നത് ഫോഴ്‌സിന്റെ കരുത്തന്‍...

കേരള പൊലീസിന് കരുത്തേകാന്‍ ഇനി ‘ഗൂര്‍ഖ’യും; ഹൈറേഞ്ചും ദുര്‍ഘട പാതകളും കീഴടക്കാന്‍ എത്തുന്നത് ഫോഴ്‌സിന്റെ കരുത്തന്‍ മോഡല്‍; വാഹന നിരയിലേക്ക് എത്തുന്നത് 44 എസ് യു വികളെന്നും റിപ്പോര്‍ട്ട്

കേരള പൊലീസിന് കരുത്തേകാന്‍ ഇനി ‘ഗൂര്‍ഖ’യും. ദുര്‍ഘടം പിടിച്ച പാതകളും ഹൈറേഞ്ച് മേഖലകളിലുമെല്ലാം എത്താന്‍ സാധിക്കുന്ന ഫോഴ്‌സിന്റെ കരുത്തന്‍ മോഡലായ ഗൂര്‍ഖയും ഇനി കേരള പോലീസിന്റെ വാഹനനിരയില്‍.

സാധാരണ വാഹനങ്ങള്‍ക്ക് എത്താനാകാത്ത ദുര്‍ഘട പാതകള്‍ കീഴടക്കാന്‍ 4×4 സംവിധാനമുള്ള ഗൂര്‍ഖ എസ് യു വിക്ക് സാധിക്കും. കേരളത്തിലെ ഹൈറേഞ്ച് പ്രദേശങ്ങളിലും നക്‌സല്‍ സാന്നിധ്യമുള്ള മേഖലകളിലേയും ഉപയോഗത്തിനായാണ് ഇവ എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കേരള പോലീസ് വാഹനനിരയില്‍ അരങ്ങുവാഴുന്നത് മഹീന്ദ്രയുടെ വാഹനങ്ങളാണ്. 4×4 സംവിധാനമുള്ള മഹീന്ദ്രയുടെ വാഹനങ്ങള്‍ മുമ്ബും പോലീസ് സേനയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍, ആദ്യമായാണ് ഫോഴ്‌സ് ഗൂര്‍ഖ കേരളാ പോലീസിന്റെ ഭാഗമാകുന്നത്. ഗൂര്‍ഖയ്ക്ക് പുറമെ, മഹീന്ദ്ര ബൊലേറോയുടെ 72 യൂണിറ്റുകളും പോലീസ് സേനയ്ക്ക് അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഗൂര്‍ഖയുടെ പുതിയ പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത് 2021-ന്റെ അവസാന മാസങ്ങളിലാണ്. 13.59 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മോഡുലാര്‍ ആര്‍കിടെക്ചര്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഗുര്‍ഖ ഒരുങ്ങിയിട്ടുള്ളത്. എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും പ്രൊജക്ഷന്‍ ഹെഡ്‌ലൈറ്റും നല്‍കിയാണ് ഹെഡ്‌ലാമ്ബ് ക്ലെസ്റ്റര്‍ ഒരുങ്ങിയിട്ടുള്ളത്. ബോണറ്റില്‍ നിന്ന് നീളുന്ന സ്‌നോര്‍ക്കലും മികച്ച സ്റ്റൈലിങ്ങ് നല്‍കിയിട്ടുള്ള 16 ഇഞ്ച് അലോയി വീലുകളും കരുത്തന്‍ ഭാവമുള്ള വീല്‍ ആര്‍ച്ചും വലിയ ഗ്ലാസുമാണ് വശങ്ങളുടെ പ്രധാന ആകര്‍ഷണം.

പുതുതലമുറ ഫീച്ചറുകളുടെ അകമ്ബടിയോടെയാണ് അകത്തളം ഒരുക്കിയിട്ടുള്ളത്. നാല് ക്യാപ്റ്റന്‍ സീറ്റുകളാണ് ഇന്റീരിയറിലെ പ്രധാന പ്രത്യേകത. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, കെന്‍വുഡ് സ്റ്റിയറിയോ സിസ്റ്റം, സിംപിളായി ഒരുക്കിയിട്ടുള്ള സ്റ്റിയറിങ്ങ് വീല്‍, മാനുവല്‍ എ.സി, യു.എസ്.ബി. ചാര്‍ജിങ്ങ് സോക്കറ്റ് എന്നിവയാണ് ഇന്റീരിയറില മറ്റ് ഫീച്ചറുകള്‍.

2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഗുര്‍ഖയുടെ ഹൃദയം. ഇത് 91 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് മോഡലായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 4116 എം.എം. നീളം, 1812 എം.എം. വീതി, 2075 എം.എം. ഉയരം, 2400 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അഴകളവുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular