Saturday, April 27, 2024
HomeKeralaദുഃഖം വിതച്ച്‌ സൗദിയില്‍ മൂന്ന് മലയാളികളുടെ മരണം; ഒരാള്‍ അടുത്ത മാസം നാട്ടില്‍ പോകാനിരിക്കെ, മറ്റൊരാള്‍...

ദുഃഖം വിതച്ച്‌ സൗദിയില്‍ മൂന്ന് മലയാളികളുടെ മരണം; ഒരാള്‍ അടുത്ത മാസം നാട്ടില്‍ പോകാനിരിക്കെ, മറ്റൊരാള്‍ പിറ്റേന്ന് നാട്ടിലെത്താനിരിക്കേ, മൂന്നാമത്തെയാള്‍ നാട്ടിലേക്കുള്ള വിമാനം കയറുന്നതിനിടെ

ജിദ്ദ: സൗദിയിലെ മൂന്നിടങ്ങളിലായി കഴിഞ്ഞ ദിവസം ഉണ്ടായ മരണങ്ങളില്‍ കണ്ണീര്‍ വാര്‍ക്കുകയാണ് രാജ്യത്തെ മലയാളി സമൂഹം.

ഒന്നല്ലെങ്കില്‍ മറ്റൊന്ന് മൂലം ചിന്തയില്‍ പതിയുന്നതായിരുന്നു മൂന്ന് സംഭവങ്ങളും. ഹൃദയാഘാതം ആയിരുന്നു മൂന്ന് മരണങ്ങളുടെയും നിമിത്തം. മരണാസന്നരായി ആശുപത്രിയിലേയ്ക്ക് നീക്കിയ ശേഷമായിരുന്നു മൂവരുടെയും വേര്‍പാട്.

ഒരാള്‍ അടുത്ത മാസം നാട്ടില്‍ പോകാനിരിക്കെയായിരുന്നുവെങ്കില്‍ മറ്റൊരാള്‍ പിറ്റേന്ന് നാട്ടിലേക്കുള്ള വിമാനത്തില്‍ പോകേണ്ടയാളായിരുന്നു. മൂന്നാമത്തെയാള്‍ മരിച്ചതോ നാട്ടിലേക്കുള്ള വിമാനം കയറുന്നതിനിടെ തളര്‍ന്ന് വീണും!!!

മക്കയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ത്വായിഫില്‍ വെച്ചാണ് ഒരു മരണം. അവിടെ, അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെ തലേന്നാള്‍ പത്തനംതിട്ട സ്വദേശി മരണപ്പെട്ടു. പത്തനംതിട്ട, ആറന്മുള, കുന്‍ഞ്ചിറവേളി ജ്യോതി നിവാസില്‍ ഗിരീഷ് കുമാര്‍ (47) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ നാട്ടില്‍ എത്തേണ്ടതായിരുന്നു ഗിരീഷ് കുമാര്‍.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ത്വായിഫിലെ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ ഒരുമാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷം തുടര്‍ ചികിത്സയ്ക്ക് വേണ്ടി നാട്ടില്‍ പോകുന്നതിന് ഒരുങ്ങവേയാണ് മരണം പിടികൂടിയത്.

ഇരുപത്തി ഏഴ് വര്‍ഷത്തോളമായി ത്വായിഫില്‍ ജോലി ചെയ്യുന്ന ഗിരീഷ് കുമാറിന്റെ താമസ രേഖയുടെ കാലാവധി കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായിട്ടുണ്ടെന്ന് യാത്ര രേഖകള്‍ ശരിയാക്കുന്നതിനും മറ്റു സഹായങ്ങള്‍ക്കുമായി ഗിരീഷിനെ സഹായിച്ചിരുന്ന ത്വായിഫ് കെ എം സി സി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സ്വാലിഹ് പറഞ്ഞു. കിംഗ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും മുഹമ്മദ് സ്വാലിഹ് അറിയിച്ചു.

ദക്ഷിണ സൗദിയിലെ ജീസാനിലാണ് മറ്റൊരു മരണം. അവിടെ, ആരോഗ്യ പ്രവര്‍ത്തകനായ എറണാകുളം സ്വദേശിയാണ് മരണപ്പെട്ടത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന വിനോദ്‌കുമാര്‍ പിള്ള (50) ആണ് മരിച്ചത്. ഇദ്ദേഹം അടുത്ത മാസം നാട്ടില്‍ പോകാനിരുന്നതാണ്. ശനിയാഴ്ച ഉച്ചക്ക് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജിസാന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.

പിതാവ്: പരേതനായ ബാലന്‍ പിള്ള, ഭാര്യ: ശാലിനി, മക്കള്‍: വൈശാഖ് (മുംബയില്‍ സൗണ്ട് എഞ്ചിനീയര്‍), വിനയ (നിയമ വിദ്യാര്‍ത്ഥിനി). പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രിയില്‍ ബയോ മെഡിക്കല്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ജിസാനില്‍ ജോലി ചെയ്തു വരികയായിരുന്നു.

മരണാനന്തര നടപടികള്‍ക്ക് സഹപ്രവര്‍ത്തകനായിരുന്ന റിനു വര്‍ഗീസ്, ജീസാനിലെ സാമൂഹ്യ സംഘടനയായ “ജല”യുടെ ജനറല്‍ സെക്രട്ടറി ദേവന്‍ എന്നിവര്‍ രംഗത്തുണ്ട്. ദമ്മാമില്‍ ഉണ്ടായ മരണം നാട്ടിലേക്കുള്ള വിമാനം കയറുന്നതിനിടെയാണ് സംഭവിച്ചത്. തൃശൂര്‍, മുക്കാട്ടുകര, നെറ്റിശ്ശേരി നെല്ലിപ്പറമ്ബില്‍ ഗിരീഷ് (57) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി കൊച്ചിയിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാനത്തില്‍ ബോര്‍ഡിംഗ് പൂര്‍ത്തീകരിച്ചു വിമാനത്തിന്റെ കവാടത്തിലേക്ക് നീങ്ങിയ ഗിരീഷ് വിമാനത്തിലേക്ക് കാലെടുത്തു വെക്കവേ തളര്‍ന്ന് വീഴുകയായിരുന്നു.

വിമാനത്താവളത്തിലെ അത്യാഹിത വിഭാഗം സ്ഥലത്തെത്തി സി പി ആര്‍ നല്‍കിയതിന് ശേഷം ഖതീഫ് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. രണ്ടു വര്‍ഷത്തിന് ശേഷം അവധിയില്‍ നാട്ടിലേയ്ക്ക് പോവുകയായിരുന്നു ഗിരീഷ്. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഒരു സ്വകാര്യ ഫയര്‍ ആന്റ് സേഫ്റ്റി കമ്ബനിയില്‍ ബിസിനസ് ഡെവലപ്മന്റ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: സതി. വിദ്യാര്‍ത്ഥികളായ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉണ്ട്. ഖതീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്ന് ഇതിനായി രംഗത്തുള്ള കമ്ബനി അധികൃതരും സാമൂഹ്യ പ്രവര്‍ത്തകരും അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular