Friday, July 26, 2024
HomeKeralaആശ്വാസം: ഇടുക്കി ജില്ലയില്‍ പച്ചക്കറി വില കുറയുന്നു

ആശ്വാസം: ഇടുക്കി ജില്ലയില്‍ പച്ചക്കറി വില കുറയുന്നു

തൊടുപുഴ: കുതിച്ചുയര്‍ന്ന പച്ചക്കറി വിലകുറയുന്നതിന്റെ സൂചനകള്‍ വരുന്നതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍.

വേനല്‍ ശക്തമായതോടെ തമിഴ്നാട്ടില്‍ പച്ചക്കറി ഉത്പാദനം സാധാരണ നിലയിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് വില കുറയാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറഞ്ഞു.

ഇന്ധന വിലയിലുണ്ടായ അമിത വര്‍ദ്ധനവും തമിഴ് നാട്ടിലെ ഉത്പാദനക്കുറവും മൂലം പച്ചക്കറി വില കഴിഞ്ഞ രണ്ട് മാസത്തിനിടെ യാതൊരു നിയന്ത്രണവും ഇല്ലാതെ ഉയര്‍ന്നിരുന്നു. വില പൂര്‍ണ്ണമായും പഴയ നിരക്കിലേക്ക് എത്തിയിട്ടില്ലെങ്കിലും നേരിയ രീതിയിലെങ്കിലും വ്യത്യാസം ഉണ്ടായത് ജില്ലയിലെ സാധാരണക്കാര്‍ക്കും ഹോട്ടല്‍ – റെസ്റ്റോറന്റുകാര്‍ക്കും ആശ്വാസമായിട്ടുണ്ട്.

മഴ മാറി വേനല്‍ ആരംഭിച്ചതോടെ ജില്ലയില്‍ പച്ചക്കറി കൃഷി കൂടുതലായി ആരംഭിച്ചിട്ടുണ്ട്. കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലാണ് പയര്‍, വെള്ളരി, പടവലം, വെണ്ട, പാവല്‍ തുടങ്ങിയവ കൃഷി ചെയ്ത് വരുന്നത്. കുടുംബശ്രീയുടെയും മറ്റും നേതൃത്വത്തില്‍ ജലസേചന സൗകര്യം പ്രയാജനപ്പെടുത്തിയാണ് കൃഷിയിറക്കിയിരിക്കുന്നത്.

കൃഷിഭവന്റെ സബ്സിഡിയോടെ മഴമറ കൃഷിയും ഗ്രോബാഗ്കൃഷിയും ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ചെയ്യുന്നുണ്ട്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശ് സ്ഥലങ്ങളില്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള കൃഷിക്ക് സബ്സിഡി നല്‍കുന്നതും നിരവധിപ്പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.എന്നാല്‍ മുരിങ്ങക്കായ്ക്ക് കിലോയ്ക്ക് 300 രൂപയും പച്ചമാങ്ങയ്ക്ക് 100 രൂപയും കാരറ്റിന് 80 രൂപയുമായി പഴയവിലയില്‍ തുടരുകയാണ്.

വിലനിലവാരം..

പച്ചമുളക്- 100, പാവയ്ക്ക- 50, പച്ചപ്പയര്‍-60, വെണ്ടയ്ക്ക-40, തക്കാളി- 40, ബീറ്റ്റൂട്ട്- 60, കാബേജ്-50, പടവലം- 40, കോവയ്ക്ക- 40, വെള്ളരിക്ക -30, ചേന-40, മത്തങ്ങ-40, കിഴങ്ങ്- 40, സവാള-45, ബീന്‍സ്-40.

RELATED ARTICLES

STORIES

Most Popular