Monday, May 6, 2024
HomeEditorialമറക്കാനാവാത്ത അതിരടയാളങ്ങള്‍

മറക്കാനാവാത്ത അതിരടയാളങ്ങള്‍

‘വന്നവഴി മറക്കരുത്…’ അങ്ങനെയൊരു ഉപദേശം മലയാളത്തിലുണ്ട്. വിനയത്തോടെ നടക്കാനുള്ള ഓര്‍മ്മിപ്പിക്കല്‍. ‘ജീവിച്ച സ്ഥലങ്ങള്‍ മറക്കരുത്..’ എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതൊരു പ്രബോധനമായി തോന്നുകയില്ല, പകരം ചരിത്രപാഠമോ, ഓര്‍മ്മ നിലനിര്‍ത്താനുള്ള ആഹ്വാനമോ, അത്രമാത്രം!

ഞങ്ങള്‍ ഹൂസ്റ്റനില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് നാലു പതിറ്റാണ്ടുകളാകുന്നു. മറ്റൊരിടത്തും ഇത്രയും കാലം താമസിച്ചിട്ടില്ല.

ആദ്യമായി തോന്നിയത് ഞാന്‍ നേരത്തെ ജീവിച്ച നാടുകളിലേക്കുള്ള ഒരു മടക്കം. ആ സ്ഥലങ്ങളെല്ലാം ‘സ്വന്ത’മെന്ന് തോന്നുകയും അവിടെയെല്ലാം എടുത്തുപറയാന്‍ ഒരു ‘ലാന്‍ഡ്മാര്‍ക്ക്’ ഉണ്ടായിരുന്നുതാനും. ‘ഭൂമിക്കുമേലൊരു മുദ്ര’യെന്ന നോവലില്‍ തുറക്കുന്ന താളില്‍ ഒരു പ്രസ്താവന, അല്ല, ഏതാനും വരികളില്‍ ‘ആത്മകഥ’ എഴുതിയിരുന്നു. അതിങ്ങനെ:

”അമ്പതുകളുടെ ആദ്യ വര്‍ഷങ്ങളില്‍ മണിമലയാറിനു കുറുകെ പാലം കെട്ടിയപ്പോള്‍ മുതല്‍ മല്ലപ്പള്ളി എന്ന ഗ്രാമത്തിനുണ്ടായ വാണിജ്യപ്രധാനമായ വളര്‍ച്ച, അറുപതുകളില്‍ ആധുനികത ചര്‍ച്ച ചെയ്ത ഡല്‍ഹി, മഞ്ഞിന്റെയും മോട്ടോര്‍കാറുകളുടെയും ഡിട്രോയ്റ്റ് എഴുപതുകളില്‍, പിന്നെ അമേരിക്കയിലെ ആധുനിക മുതലാളിത്തത്തിന്റെ സൂര്യകവചത്തിലെ തിളക്കമേറിയ കൊളുത്തായ ഹൂസ്റ്റന്‍ നഗരത്തിന്റെ കുതിപ്പിന് നേര്‍ക്കുനേര്‍ നോക്കിനിന്നത്…”

ഇതില്‍ മണിമലയാറും ആധുനികതയും മഞ്ഞും സ്വന്തമെന്ന് കരുതി ഇന്നും എന്റെ എഴുത്തുകളില്‍ ഇടം നേടുന്നു.

എന്നാല്‍ ഹൂസ്റ്റനിലേക്ക് വരുമ്പോള്‍ അതൊരു അവലോകനമായി….! ഉപയോഗിച്ചിരിക്കുന്ന രണ്ടു പ്രധാന വാക്കുകള്‍ ‘സൂര്യകവചവും മുതലാളിത്ത’വും. ആ സൂര്യകവചമാണ് ഹൂസ്റ്റനിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചതു തന്നെ. ഞങ്ങള്‍ നേരത്തെ താമസിച്ചിരുന്ന ഡിട്രോയ്റ്റ് അന്നൊരു തൊഴിലാളി നഗരമായിരുന്നെങ്കില്‍ ഹൂസ്റ്റന്‍ അതിനു നേരെ വിപരീതവും. തെക്കന്‍ ജീവിതരീതി ഉള്‍ക്കൊണ്ട് യാഥാസ്ഥിതികത നിര്‍വ്വചിക്കുന്നയിടം! ഇവിടെ യാഥാസ്ഥിതികത മുതലാളിത്തം എന്നൊക്കെ പറഞ്ഞാല്‍ അത് രാഷ്ട്രീയ ചിന്ത മാത്രമല്ല, ഒരു യാഥാസ്ഥിതികതയില്‍ ഊന്നിയ ജീവിതം, അവകാശങ്ങള്‍ പിടിച്ചുപറ്റുന്നതിനു പകരം അത് നേടിയെടുക്കുന്ന രീതി.

നാമെല്ലാം ജീവിക്കുന്ന, ഇന്ന് ജീവിക്കുന്ന, ദേശങ്ങളുമായി സാധാരണ രീതിയില്‍ ആത്മബന്ധം ഉണ്ടായിരിക്കാം. അങ്ങനെയുള്ള അനുഭവങ്ങളെ ഒന്ന് ചുരുക്കി നമ്മുടെ താല്പര്യത്തിനു ഉതകുംവിധം ചേര്‍ത്തുപിടിക്കുക. അതൊരിക്കലും മറക്കാനാവാത്തതായി മാറും.

ഹൂസ്റ്റന്‍ വിശാലമാണ്, ഇവിടെ നമുക്ക് വൈകാരികമായോ ബൗദ്ധികമായോ എന്തിനോടാണ് താദാത്മ്യം ഉണ്ടാകേണ്ടത്? പുറംലോകം ഹൂസ്റ്റനെ അറിയുന്നത് ബഹിരാകാശ, വൈദ്യശാസ്ത്ര, ഓയില്‍ ഗവേഷണങ്ങളെ മുന്‍നിര്‍ത്തിയാണ്. പലപ്പോഴും ഇതെല്ലാം നമ്മില്‍ നിന്ന് ഏറെ ദൂരെ. ഇനിയുള്ളത് കലാരൂപങ്ങളുടെയും സ്‌പോര്‍ട്‌സിന്റെയും ലോകമാണ്. അത് അതില്‍ത്തന്നെ, തീര്‍ച്ചയായും, സമൃദ്ധമാണുതാനും. പക്ഷേ, കുടിയേറ്റ സമൂഹം പൊതുവേ ഇതിനോടെല്ലാം അകലം പാലിക്കുന്നു. വിശ്വപ്രസിദ്ധങ്ങളായ കലാരൂപങ്ങള്‍ ഇവിടെ വന്നുപോകുന്നു, നമ്മില്‍ പലരും അറിയാതെ!

ഒറ്റപ്പെട്ട സബ്ബ്ഡിവിഷനുകളുടെയും ടൗണ്‍ഷിപ്പുകളുടെയും നഗരം അമിതമായ വളര്‍ച്ച കാരണം അവിടവിടെ കൂട്ടിയോജിപ്പിക്കപ്പെട്ടു. കൗതുകത്തോടെയാണ് ആ വളര്‍ച്ച നോക്കിനിന്നത്. ആകാശം മുട്ടുന്ന കത്തീഡ്രലുകള്‍ ഇവിടെയില്ല, പകരം ആധുനിക കാലത്തിന്റെ പ്രതീകങ്ങളായ ‘മെഗാചര്‍ച്ചകള്‍’! ഈ മെഗാപ്പള്ളികള്‍ പൊതുവേ ജനത്തിന് സമ്പത്തുമായി ബന്ധപ്പെടുന്ന ആദ്ധ്യാത്മികതയോടുള്ള സമീപനത്തിനുണ്ടായ മാറ്റത്തെ സൂചിപ്പിക്കുന്നു. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി വേദശാസ്ത്രത്തില്‍ വന്ന പുതിയ കാഴ്ചപ്പാടിനെയും ഇത് സൂചിപ്പിക്കുന്നു.

നമ്മുടെ പുതുകുടിയേറ്റക്കാര്‍ എന്നും സമര്‍ത്ഥരായിരിക്കും. ഒറ്റനോട്ടത്തില്‍ത്തന്നെ അവര്‍ സാമൂഹിക ‘ഭൂമിശാസ്ത്രം’ പഠിക്കുന്നു. ‘ഒരേതൂവല്‍പ്പക്ഷിശാസ്ത്രം’ അവര്‍ക്കറിയാം.

എങ്ങനെയോ വന്നുഭവിച്ചതാണ് കിഴക്കും തെക്കും ദരിദ്രം, പടിഞ്ഞാറും വടക്കും സമ്പന്നമെന്ന ചിന്ത. അതിന്റെ രഹസ്യം എനിക്കറിയില്ല. ഇവിടെ ഹൂസ്റ്റന്‍ നഗരത്തിലും ഐ-ഫോര്‍ട്ടിഫൈവ് എന്ന തെക്കു-വടക്ക് പെരുവഴിയുടെ കിഴക്ക് ആഫ്രോ-അമേരിക്കയും ലാറ്റിനോകളും. ആഫ്രോയെന്നാല്‍ വംശീയപ്രയോഗമാണ്. ലാറ്റിനോ ഒരു വംശമാണോ? ലാറ്റിന്‍ ഒരു ഭാഷയല്ലേ, ആ മൂലഭാഷയോട് ബന്ധമുള്ള ഏതെങ്കിലുമൊന്ന് സംസാരിക്കുന്നവരാണ് ലാറ്റിനോസ്. ചര്‍ച്ചാവിഷയം അതല്ലല്ലോ. നമ്മുടെ പുതുകുടിയേറ്റക്കാര്‍ മുന്‍വിധിയോടെ ‘മേല്‍’ വര്‍ഗ്ഗക്കാര്‍ക്കൊപ്പമാണ്, അത് ട്രാഷിവൈറ്റാണെങ്കിലും പ്രശ്‌നമാകുന്നില്ല.

മുകളില്‍ പറഞ്ഞതെല്ലാം നിരീക്ഷണങ്ങളായിരുന്നു, എന്നാല്‍ കരടിത്തോടുമായി, അതിന്റെ മണ്‍-അണക്കെട്ടുമായി കരടിപ്പാര്‍ക്കുമായി ബന്ധം സ്ഥാപിച്ചത് തികച്ചും അവിചാരിതം. ആ ആദ്യയാത്ര ഇന്നും മറക്കാനാവാതെ.

ഒരു ശീഘ്രപ്രളയത്തിനുശേഷം കരടിത്താഴ്‌വരയിലേക്കുള്ള ഒറ്റവരിപ്പാത തുറന്നു. അതിവേഗം പിന്‍വാങ്ങുന്ന തടാകം കാണാന്‍ ആ ഇടുങ്ങിയ കാനനപ്പാതയിലൂടെ കാറോടിച്ചു. അപ്പോള്‍ കണ്ടത്, വേഗത്തില്‍ സംഭവിച്ച ആ പ്രളയത്തില്‍ നിന്ന് രക്ഷനേടാന്‍ പാമ്പുകള്‍ ഇരുവശങ്ങളിലുമുള്ള പൊക്കംകുറഞ്ഞ മരച്ചില്ലകളില്‍ തൂങ്ങിക്കിടക്കുന്നത്!

തുടര്‍ന്ന് ഈ ‘കരടിത്താഴ്‌വരയുടെ തീരങ്ങളിലായിരുന്നു എങ്ങനെയോ ഞങ്ങള്‍ മാറിമാറി താമസിച്ചത്, തൊഴിലെടുത്തത്. അതുകൊണ്ടുതന്നെ എന്നും കാണുന്ന ഈ ‘കരടി’ ഒരു പ്രചോദനമായി.

ലോകമെമ്പാടും മൃഗങ്ങളോടു ബന്ധപ്പെടുത്തിയാണ് അനേകം സ്ഥലനാമങ്ങള്‍. സ്വന്തം നാട്ടിലെ ആനക്കുഴിയും കടുവാക്കുഴിയും മറക്കുന്നില്ല, അതുപോലെ ഹൂസ്റ്റനിലെ പോത്തിന്‍പുഴയും.

ഈ കരടിപുരാണം പറയുമ്പോള്‍ മറ്റൊരു കഥ ഞാന്‍ ഓര്‍ക്കുകയാണ്. ഏതാണ്ട് പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഹൂസ്റ്റനില്‍ നിന്ന് പ്രസിദ്ധീകരിച്ച ഒരു ചെറുകഥ. ഇന്ന് ഹൂസ്റ്റനിലെ ഒരു കഥ തെരഞ്ഞെടുക്കാന്‍ എന്നോടു പറഞ്ഞാല്‍ സംശയം വേണ്ട അത് ‘വെര്‍ജനിയവാലി’ ആയിരിക്കും. അനില്‍ ആറന്മുളയുടെ വെര്‍ജീനിയവാലി!

ഇന്നും കരടിത്താഴ്‌വരയിലെ കാട്ടുവഴിയിലൂടെ രാത്രിസമയങ്ങളില്‍ കാറോടിക്കുമ്പോള്‍ വെര്‍ജീനിയ മുന്നില്‍ നില്ക്കുന്നതിന്റെ നടുക്കം. ആറടി ഉയരമുള്ള അറേബ്യന്‍ അത്തറിന്റെ ഗന്ധം പരത്തുന്ന വെജീനിയയെന്ന സ്ത്രീ മൂടല്‍മഞ്ഞിലൂടെ ചുമന്ന മുഖവുമായി എന്നെ തുറിച്ചുനോക്കുന്നു. വന്യമൃഗങ്ങളും പാമ്പും താണുവരുന്ന മേഘങ്ങള്‍ക്കപ്പുറം മറഞ്ഞിരിക്കുന്ന അരൂപികളും ഞെട്ടലുണ്ടാക്കുന്നു.

പക്ഷേ, മനസ്സില്‍ എന്നും ഓര്‍മ്മിക്കാന്‍ ഇന്ന് എനിക്കിവിടെ ഒരു കരടിത്താഴ്‌വരയുണ്ട്. മല്ലപ്പള്ളിയിലെ മണിമലയാറും പാലവും, ഡല്‍ഹിയിലെ കൊണാട്ട്‌പ്ലേസും ‘ആധുനികതയും, ഡിട്രോയ്റ്റിലെ കാസ്‌റോഡും മാസോണിക്ക് ടെമ്പിളും വെയ്ന്‍ സ്റ്റേറ്റും പോലെ.

വേഗം ഉണങ്ങി വരളുകയും ഒരു മഴ പെയ്താല്‍ നിറഞ്ഞു കവിയുകയും ചെയ്യുന്ന കരടിത്താഴ്‌വര. അത് പലപ്പോഴും വഴിമുടക്കിയാണെങ്കിലും എത്രവട്ടമാണ് അങ്ങോട്ട് നോക്കിനിന്നിട്ടുള്ളത്. പ്രളയത്തില്‍ ജീവരക്ഷാര്‍ത്ഥം നീന്തി കരയ്ക്കടുത്ത മാന്‍കിടാങ്ങളെയും നോക്കി, ഐകമത്യം മഹാബലമായി കരുതി കെട്ടിപ്പിടിച്ച് ഒരു പന്തുപോലെ കരതേടാന്‍ മല്ലിടുന്ന ഉറുമ്പിന്‍ കൂട്ടങ്ങളെയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular