Sunday, May 5, 2024
HomeIndia'സച്ചിന്‍ തെണ്ടുല്‍ക്കറെ നേരില്‍ കാണണം'; മെഡല്‍ നേട്ടത്തിന് ശേഷം ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി ഭാവിന...

‘സച്ചിന്‍ തെണ്ടുല്‍ക്കറെ നേരില്‍ കാണണം’; മെഡല്‍ നേട്ടത്തിന് ശേഷം ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി ഭാവിന പട്ടേല്‍

‘എനിക്കദ്ദേഹത്തെ ഒന്ന് നേരില്‍ കാണണം. അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കണം. അതില്‍ നിന്ന് ആത്മവിശ്വാസമുള്‍ക്കൊണ്ട് കരിയറില്‍ ഇനിയും മുന്നോട്ടുപോവണം’- ഭാവിന പറഞ്ഞു.

ടോക്യോ പാരാലിമ്പിക്‌സില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഭാവിന ബെന്‍ പട്ടേല്‍. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ സൂ യിങ്ങിനോട് പരാജയം സമ്മതിക്കേണ്ടി വന്ന താരത്തിന് സ്വര്‍ണ മെഡല്‍ നഷ്ടമായെങ്കിലും സ്വന്തമായ വെള്ളി മെഡലിന് സ്വര്‍ണത്തിനോളം തിളക്കമുണ്ട്. ഇന്ത്യക്കായി പാരാലിമ്പിക്സില്‍ ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടുന്ന ആദ്യ താരമാണ് ഭാവിന.

ഇപ്പോഴിതാ വെള്ളിമെഡല്‍ നേട്ടത്തിന് ശേഷം തന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തുകയാണ് ഭാവിന പട്ടേല്‍. രണ്ട് പതിറ്റാണ്ടു നീണ്ട തന്റെ കായിക ജീവിതത്തിന് പ്രചോദനം നല്‍കിയത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണെന്നും സച്ചിനാണ് ആരാധ്യപുരുഷനെന്നും ഭാവിന പട്ടേല്‍ പറഞ്ഞു. മെഡലുമായി അദ്ദേഹത്തെ നേരില്‍ക്കാണണമെന്നാണ് തന്റെ വലിയ ആഗ്രഹമെന്നും എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവിന പട്ടേല്‍ വ്യക്തമാക്കി.

‘സച്ചിന്‍ തെണ്ടുല്‍ക്കറാണ് എല്ലായ്പ്പോഴും എന്റെ പ്രചോദനം. എന്റെ സ്വന്തം കണ്ണുകള്‍ക്കൊണ്ട് എനിക്കദ്ദേഹത്തെ ഒന്ന് നേരില്‍ കാണണം. അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കണം. അതില്‍ നിന്ന് ആത്മവിശ്വാസമുള്‍ക്കൊണ്ട് കരിയറില്‍ ഇനിയും മുന്നോട്ടുപോവണം’- ഭാവിന പറഞ്ഞു.

മെഡിറ്റേഷനാണ് തന്റെ ശക്തിയെന്നും ടേബിള്‍ ടെന്നീസ് പോലെ അതിവേഗ കളിയില്‍ അത് വളരെ പ്രധാനമാണെന്നും ഭവിന പറഞ്ഞു. പാരാലിമ്പിക്സില്‍ ചൈനീസ് താരങ്ങളെ അട്ടിമറിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് എല്ലാവര്‍ക്കും ചൈനീസ് താരങ്ങളോട് മത്സരിക്കാന്‍ പേടിയാണെന്നും തനിക്കും പേടിയുണ്ടായിരുന്നുവെന്നും ഭാവിന പറഞ്ഞു. പക്ഷെ എതിരാളികള്‍ ആരായാലും 100 ശതമാനം പ്രകടനം പുറത്തെടുക്കുക എന്നതാണ് തന്റെ പരിശീലകന്‍ നല്‍കിയിരിക്കുന്ന ഉപദേശമെന്നും ഭാവിന പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടന്റെ താരത്തിനെതിരായ മത്സരമായിരുന്നു പാരാലിമ്പിക്സില്‍ വഴിത്തിരവായതെന്നും അതാണ് ടൂര്‍ണമെന്റില്‍ മുന്നോട്ടുള്ള കുതിപ്പിനുള്ള ആത്മവിശ്വാസം നല്‍കിയതെന്നും ഭാവിന പറഞ്ഞു.

ഒന്നാം വയസ്സില്‍ പോളിയോ ബാധിച്ചാണ് ഭാവിന ബെന്‍ പട്ടേലിന്റെ അരയ്ക്കു താഴേക്ക് തളര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലെ വഡനഗറിലാണ് ഭാവിന ജനിച്ചത്. 12ാം ക്ലാസ് വരെ നാട്ടിലെ സ്‌കൂളില്‍ പഠിച്ചശേഷം അഹമ്മദാബാദിലേക്ക് മാറി. അവിടെ ആദ്യം കമ്പ്യൂട്ടര്‍ പഠനം. അതിനൊപ്പം ടേബിള്‍ ടെന്നിസും കളിച്ചു തുടങ്ങി. ഗുജറാത്ത് സര്‍വകലാശാലയില്‍നിന്നു ഡിഗ്രി നേടിയതിനൊപ്പം മത്സരവേദികളിലും തിളങ്ങി.

ബെംഗളൂരുവില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ പാരാ ടേബിള്‍ ടെന്നിസില്‍ ജേതാവായതോടെ കഥ മാറി. 2016ല്‍ റിയോ പാരാലിംപിക്‌സിനു യോഗ്യത നേടിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മത്സരിക്കാന്‍ പറ്റിയില്ല. അതിന്റെ സങ്കടം മറികടന്നു പരിശീലനം തുടര്‍ന്നു. 2018ല്‍ ഏഷ്യന്‍ പാരാ ഗെയിംസില്‍ മെഡല്‍. ഒടുവില്‍ ടോക്യോ പാരാലിംപിക്‌സിനു യോഗ്യത. വെള്ളി മെഡല്‍ നേടി ചരിത്രത്തിന്റെ ഭാഗമാകുമ്പോള്‍ ഭര്‍ത്താവ് നികുല്‍ പട്ടേല്‍ പിന്തുണയുമായി ഒപ്പമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular