Saturday, July 27, 2024
HomeKeralaസില്‍വര്‍ ലൈനില്‍ സര്‍ക്കാരിന് ആശ്വാസം ; സര്‍വ്വേ തടഞ്ഞ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന് ആശ്വാസം ; സര്‍വ്വേ തടഞ്ഞ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന് അനുകൂല വിധി. സര്‍വേ തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍വേ നിര്‍ത്തിവെക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്.

ഹര്‍ജിക്കാരുടെ ഭൂമിയില്‍ പദ്ധതിക്ക് വേണ്ടി സര്‍വേ നടത്തരുത് എന്ന് സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ അപ്പീലിലാണ് നടപടി. സര്‍ക്കാരിന്റെ വാദങ്ങള്‍ പരിഗണിക്കാതെ ഏകപക്ഷീയമായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അപ്പീലില്‍ പറഞ്ഞിരുന്നു.

ഡി.പി.ആര്‍ തയാറാക്കിയത് എങ്ങനെയാണ് എന്ന് വിശദീകരിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശവും ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കി. നേരത്തേ സാമൂഹികാഘാത സര്‍വേ നടത്തുന്നതിന് സര്‍ക്കാരിന് മുന്നില്‍ നിയമപരമായ തടസ്സമൊന്നുമില്ലെന്ന് സര്‍ക്കാര്‍ അപ്പീലില്‍ വാദം കേള്‍ക്കവേ ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചിരുന്നു.

പരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സര്‍വേ ആന്റ് ബൗണ്ടറി ആക്ട് പ്രകാരം സര്‍വേ നടത്താമെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാല്‍ ഡിപിആറിന് അനുമതി കിട്ടാത്ത പശ്ചാത്തലത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതാണ് നല്ലതെന്നാണ് റെയില്‍വേ സത്യവാങ്മൂലത്തില്‍ ഹൈക്കോടതിയെ അറിയിച്ചത്.

എന്നാല്‍ സര്‍വേ തടഞ്ഞ ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ ഇനി നിയമപരമായി എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും, സമരം തുടരുമെന്നും കെ റയില്‍ വിരുദ്ധസമരസമിതി പറഞ്ഞു.

RELATED ARTICLES

STORIES

Most Popular