Saturday, May 4, 2024
HomeEditorialആരാണാവോ ആ പഴയ വാലന്റൈൻ

ആരാണാവോ ആ പഴയ വാലന്റൈൻ

അറ്റ്‌ലാന്റാ: പത്ത് ഇരുപത് വർഷം മുൻപ് ഒരു വാലന്റൈൻ ദിന സുപ്രഭാതം..മുറ്റമടിക്കാനായി കയ്യിൽ ചൂലും കണ്ണിൽ ഉറക്കച്ചടവുമായി വരുന്ന നായിക . (നായിക ആകെ ചെയ്യുന്നതും ഇഷ്ടമുള്ളതുമായ ജോലി അതാണ് ആ വീട്ടിൽ.)

ഗേറ്റിനടുത്തെത്തിയ നായിക ഞെട്ടിത്തരിച്ചു ധൃതംഗപുളകിതയായി. അതാ മുറ്റത്തൊരു ചുവന്ന ബലൂൺ. ആ ബലൂൺ കയ്യിലെടുത്ത നായിക വീണ്ടും ഒരു തവണ കൂടെ ഞെട്ടി. ആ ബലൂണിൽ അതാ ഐ ലവ് യൂ എന്ന് എഴുതിയിരിക്കുന്നു.. ജീവിതത്തിൽ ആദ്യമായി കിട്ടിയ ഐ ലവ് യു ആയ കാരണം ആകെ പകച്ചുപോയിരുന്നു ആ നായികയുടെ കൗമാരം..

‘ഇതാര് , എപ്പോ , എങ്ങനെ’ എന്ന നിരവധിയനവധി ചോദ്യങ്ങൾ മനസ്സിലൂടെ കടന്നു പോയെങ്കിലും നാട്ടിലെ പല പല ചെറുക്കൻമാരുടെ മുഖങ്ങളും ആലോചിച്ചെങ്കിലും ഒരു നിഗമനത്തിൽ എത്താനായില്ല..

ശ്ശെടാ, ഏതവനാ പേര് വെളിപ്പെടുത്താത്ത പേടിത്തൊണ്ടൻ എന്നൊക്കെ ആലോചിച്ചു ആ ബലൂണിനെ തിരിച്ചും മറിച്ചും നോക്കി.

എന്നാൽ ഈ പകപ്പും ഈ ധൃതംഗപുളകിത ഭാവവും അധിക നേരം നീണ്ടു നിന്നില്ല .. പിന്നിൽ നിന്ന് ഒരു കഠോര ശബ്ദം, എന്താ നിന്റെ കയ്യിൽ?

നായികയുടെ അച്ഛനാണ്.
ഇത് എവിടെ നിന്നോ പറന്നു വന്നതാണച്ഛാ, എനിക്കൊന്നുമറിയാൻ പാടില്ലേ, എന്നും പറഞ്ഞ് ആ ബലൂൺ അച്ഛനു നേരെ നീട്ടി . പാവം നായിക നിഷ്കൂ ആണല്ലോ.

അച്ഛൻ ഒന്നും പറഞ്ഞില്ല ആ ബലൂണും വാങ്ങി അകത്തേക്കു പോയി..
നായിക അതിനുശേഷം ആ മുറ്റം മുഴുവൻ അരിച്ചു പെറുക്കി എന്തെങ്കിലും ക്ളൂ കിട്ടുമോയെന്നറിയാൻ,
മുറ്റത്തെ മണ്ണുമുഴുവൻ പോയതല്ലാതേ നോ പ്രയോജനം ..

പിറ്റേദിവസം കുറച്ചു നേരത്തേ മുറ്റമടിക്കാൻ എത്തി .. സ്ഥിരം വീടിനുമുമ്പിൽ കൂടെ പോകുന്ന പത്രമിടുന്നയാൾ, പാൽകൊണ്ടുപോകുന്നവർ, പള്ളിയിൽ പോകുന്നവർ,ജോലിക്ക് പോകുന്നവർ എന്നിവരിൽ ആരെങ്കിലും സംശയാസ്പദമായ സാഹചര്യത്തിൽ തന്നെ നോക്കുന്നുണ്ടോയെന്ന് നായിക അന്വേഷണം തുടർന്നെങ്കിലും ആ വാലന്റൈനെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല..

എല്ലാ വർഷവും വാലന്റൈൻ ദിനത്തിൽ നായികക്ക് ഈ കഥ ഓർമ്മ വരും. ആരാണാവോ ആ പഴയ വാലന്റൈൻ എന്നറിയാൻ ഒരു വഴിയുമില്ല. ഇനി എന്നറിയാമെങ്കിലും വെറുതേ ഇങ്ങനെ ആലോചിച്ചു നിൽക്കാമല്ലോ!!!

രമ്യ മനോജ് 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular