Tuesday, May 28, 2024
HomeEditorialപർദ്ദ ഇസ്ലാമികമല്ല, മത ഉന്മാദികളും പർദ്ദ കച്ചവടക്കാരും പിന്നിൽ: ഹമീദ് ചേന്നമംഗലൂർ (രചന: കുര്യൻ...

പർദ്ദ ഇസ്ലാമികമല്ല, മത ഉന്മാദികളും പർദ്ദ കച്ചവടക്കാരും പിന്നിൽ: ഹമീദ് ചേന്നമംഗലൂർ (രചന: കുര്യൻ പാമ്പാടി)

“പർദ്ദ ധരിക്കണമെന്നു ഒരു ഖുർ ആനിലും പറഞ്ഞിട്ടില്ല. പുരുഷ മേധാവിത്തത്തിന്റെ പ്രതീകമായി മതോന്മാദികളും പർദ്ദക്കച്ചവടക്കാരും അടിചേൽപ്പിച്ചതാണത്,” പറയുന്നതു കേരളത്തിലെ  മതനിരപേക്ഷ മുസ്ലിംകളിൽ ഏറ്റവും പ്രമുഖനായ  ഹമീദ് ചേന്നമംഗലൂർ.

“അഫ്‌ഗാനിസ്ഥാനിൽ താലിബാനും സൗദിയിൽ മതതീവ്ര വാദികളും  നടപ്പാക്കുന്ന പർദ്ദ, ഹിജാബ്, നിക്കാബ്‌, ബുർഖ വസ്ത്ര ധാരണത്തിനു  ഇസ്ലാമിക ധർമ്മ സംഹിതകളുമായി യാതൊരു സാധർമ്യവും ഇല്ല,”– അരനൂറ്റാണ്ടായി എല്ലാ മതതീവ്ര വാദികൾക്കെതിരെ കുരിശു യുദ്ധം നടത്തുന്ന പ്രൊഫ. ഹമീദ് വാദിക്കുന്നു.

 അഫ്ഘാനിസ്ഥാനിലെ ‘മാതോന്മാദ വേഷം’

മുഗൾ ഭരണ കാലത്ത് ആവിഷ്‌ക്കരിച്ച പർദാ സമ്പ്രദായം ഉത്തരേന്ത്യയിലെ ചില ഹിന്ദു സമൂഹങ്ങൾക്കിടയിലും പ്രാബല്യത്തിൽ വന്നു. പക്ഷെ ലോകത്തിലെ  എല്ലാ പരിഷ്ക്കൃത സമൂഹങ്ങളിലുമെന്ന പോലെ അവിടങ്ങളിലും സ്ത്രീകളുടെ സ്വാതന്ത്ര്യവാദത്തിന്റെ ഭാഗമായി  പർദ്ദക്കെതിരെ ശബ്ദം ഉയരുന്നുവെന്നു ‘ഇ മലയാളി’ക്കു പ്രത്യേകമായി നൽകിയ  ഒരഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഖുർ ആനിൽ രണ്ടുതരം  സൂക്തങ്ങൾ ഉണ്ട്.  ഒന്ന് സർവകാല പ്രസക്തി ഉള്ളവ. രണ്ട്, അവതരണകാല പ്രസക്തി മാത്രം ഉള്ളവ. നബി ജീവിച്ചിരുന്ന കാലഘട്ടത്തിൽ എഡി 610  മുതൽ മരണം വരെ 23  വർഷം മാത്രം പ്രസക്തി ഉണ്ടായിരുന്നവ. യുദ്ധത്തിൽ പിടിച്ചെടുക്കുന്ന സ്ത്രീകളെ വെപ്പാട്ടിമാരായി വയ്ക്കാൻ അനുവദിച്ചിരുന്ന അന്നത്തെ രീതിക്കു ഇന്ന് എന്ത് പ്രസക്തിയാണുള്ളത്?

ഹിജാബ്–കർണാടകത്തിലെ വിവാദവിഷയം

“മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും വേദങ്ങളെക്കുറിച്ചുമുള്ള പരമ്പരാഗത ധാരണകളെ നിശിത വിചാരണക്ക് വിധേയമാക്കാൻ മുന്നിട്ടിറങ്ങുന്നവരെ മത നിന്ദകർ എന്ന മുദ്ര ചാർത്തി ആക്രമിക്കുന്നു. തങ്ങൾ വിശ്വസിക്കുന്ന മതവും ആരാധിക്കുന്ന ദൈവവും പിന്തുടരുന്ന വേദപുസ്തകവും തങ്ങളുടെ തറവാട്ടു  സ്വത്തെന്ന മൂഢ ധാരണ വച്ചു പുലർത്തുന്നവരാണവർ.”

ചേന്ദമംഗലൂരിൽ നിന്ന് ഉയരുന്ന സ്വതന്ത്ര ചിന്ത

കോഴിക്കോട്  സിറ്റിയിൽ നിന്ന് 30 കിമീ അകലെ വയനാട് റോഡിൽ മണാശേരിയിൽ നിന്ന് വലത്തോട്ടു തിരിഞ്ഞു മൂന്നര കിമീ പോയാൽ ചേന്നമംഗലൂർ ആയി. എൻഐടി, ഐഐഎം, കെഎംസിടി   വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിഴലിൽ കിടക്കുന്ന ഗ്രാമമാണ്. ഇരുവഞ്ഞിപ്പുഴയുടെ തീരം. ‘എന്നു നിന്റെ മൊയ്തീൻ’ എന്ന സിനിമയിൽ ആവിഷ്കരിച്ച ദുരന്ത പ്രണയം നടന്ന മുക്കം മൂന്നര കി.മീ അടുത്ത്.

സബീറയുമൊത്തു വീടിന്റെ കോലായിൽ

ചേന്നമംഗലൂർ അരീപട്ടമണ്ണിൽ അബ്ദുൽ സലാമിന്റെയും പെരുമണ്ണയിലെ കദീശുമ്മയുടെയും   മകനായി ജനിച്ചു, പിതാവും മുത്തശ്ശനും മുതുമുത്തശ്ശനും ബ്രിട്ടീഷ് മലബാറിൽ അധികാരികൾ ആയിരുന്നു. ചേന്നമംഗലൂരിലും മുക്കത്തും കോഴിക്കോടും പഠിച്ച് ഇംഗ്ലീഷ്  സാഹിത്യത്തിൽ മാസ്റേഴ്സ്  നേടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂരിൽ പ്രൊബേഷനറി ഓഫീസർ ആയി ചേർന്നു. ഗവർമെന്റ് കോളേജിൽ ലക്ച്ചറർ  ആയി. കോഴിക്കോട് ഗവ. ആർട്സ് സയൻസ് കോളജിൽ ഇംഗ്ലീഷ് പ്രൊഫസറായി 27 വർഷം സർവീസോടെ റിട്ടയർ ചെയ്‌തു.

ഇന്നും നിറഞ്ഞ സദസ്സുകൾ

ചേന്നമംഗലൂർ യുപി സ്‌കൂൾ, മുക്കം ഹൈസ്‌കൂൾ എന്നിവിടങ്ങൾക്കു ശേഷം ഫാറൂഖ് കോളേജിൽ ബിഎ. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജിൽ എംഎ. പ്രസിദ്ധനായ പ്രൊഫ. സിഎ  ഷെപ്പേഡിന്റെ ശിഷ്യനാണ്. മലപ്പുറം തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ ജോലി കിട്ടേണ്ടതായിരുന്നു. നിരീശ്വര രവാദി എന്ന പേരിൽ തഴയപ്പെട്ടു. കാസർഗോഡ് ഗവ. കോളേജിലാണ് ആദ്യ നിയമനം കിട്ടിയത്.

എഴുപത്തിനാലായിട്ടും വീണ്ടുമൊരു അങ്കത്തിനു ബാല്യം. ചെറുപ്പം മുതലേ മുസ്ലിമുകൾക്കിടയിലുള്ള  അന്ധവിശ്വാസങ്ങൾക്കും തീവ്ര നിലപാടുകള്ക്കുമെതിരെ ആഞ്ഞടിച്ച്‌ ലേഖനങ്ങൾ  എഴുതുന്നു,  പ്രസംഗിക്കുന്നു.

പ്രചുരപ്രചാരമായ  പുസ്തകങ്ങൾ

തലശേരിയിലെ സാബിറ കുന്നുംപുറത്തു ആണ് ഭാര്യ. സെക്കുലർ ആക്ടീവിസ്റ്റും പുല്ലാറ്റ്  ഗവർമെന്റ് കോളേജ് ചരിത്രാദ്ധ്യാപകനുമായ ഡോ എ എം ഷിനാസ്, കാലിഫോർണിയയിൽ എൻജിനീയർ  ഷംസാർ, കാനഡയിൽ നിന്ന് എഡ്യൂക്കേഷനിൽ പിഎച്ച്ഡി എടുത്ത അബുദാബിയിലെ   ഷൽജാൻ, വടകരയിലെ ഡോ ജയാന  എന്നിവർ മക്കൾ.

മതം, രാഷ്ട്രീയം ജനാധിപത്യം (മാതൃഭൂമി, 2005), ഭീകരതയുടെ ദൈവശാസ്ത്രം (ഡിസി, 2007),  ഹമീദ് ചേന്ന മംഗലൂരിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ (ഹരിതം, 2007), മാർക്സിസം, ഇസ്ലാമിസം സെക്കുലറിസം (മാതൃഭൂമി 2009), ദൈവത്തിന്റെ രാഷ്ട്രീയം (മാതൃഭൂമി, 2011), ഒരു ഇന്ത്യൻ മുസ്ലിമിന്റെ സ്വതന്ത്രചിന്തകൾ (തർജമ, ചിന്ത, 2017) എന്നിങ്ങനെ 25 പുസ്തകങ്ങൾ.

“മത തീവ്രവാദം പറയുന്നവർ ഓർക്കേണ്ട ഒരു കാര്യം ഇന്ത്യയിൽ  മതനിരപേക്ഷമായ ഒരു ഭരണഘടന ഉണ്ട് എന്നതാണ്.  സൗദി അറേബ്യയിൽ ഒരു മുസ്ലിം സ്ത്രീക്ക് മുസ്ലിം അല്ലാത്ത ഒരു പുരുഷനെ വേൾക്കാൻ    അനുമതിയില്ല. എന്നാൽ പുരുഷന്മാർക്ക് യഹൂദരെയും ക്രിസ്ത്യാനികളെയും വിവാഹം ചെ യ്യാം.

“മാനവചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള ഒരു മതത്തിനും ദൈവത്തിനും പ്രവാചകനും അവതാര പുരുഷനും സ്വകാര്യ ഉടമസ്ഥർ ഇല്ല. വായു പോലെ എല്ലാവർക്കും  ഒരുപോലെ അവകാശപെട്ട പൊതുസ്വത്താണ് എല്ലാ മതങ്ങളും ദൈവങ്ങളും അവതാരങ്ങളുംപ്രവാചകന്മാരും.

“രാമന്റെ ആവിർഭാവ പശ്ചാത്തലം ഭാരതീയമാണ്. എന്നു വെച്ചു രാമൻ ഭാരതത്തിനോ ഭാരതത്തിലെ ഹിന്ദുക്കൾക്കോ മാത്രം അവകാശപ്പെട്ട പ്രതിഭാസം അല്ല. അതേപോലെ, റോമൻ–യെരുശലേം പശ്ചാത്തലത്തിൽ നിന്ന് വന്ന ക്രിസ്തുവും അറേബ്യൻ ആവിർഭാവ പശ്ചാത്തലമുള്ള മുഹമ്മദും അതതു പ്രദേശങ്ങളുടെയോ പ്രത്യേക മതവിഭാഗങ്ങളുടെയോ മാത്രം തറവാട്ട് സ്വത്താവുന്നില്ല.

“അല്ലാഹു എന്നു തങ്ങൾ വിളിക്കുന്ന ദൈവത്തെയും അല്ലാഹുവിന്റെ പ്രവാചകൻ എന്ന് തങ്ങൾ കരുതുന്ന മുഹമ്മദിനെയും അദ്ദേഹം വഴി കൈവന്ന ഖുർ ആനേയും ഇസ്ലാം മത വിശ്വാസികൾ തങ്ങളുടെ സ്വകാര്യ സ്വത്തായാണ് കാണുന്നത്. അതുപോലെ തന്നെയാണ് ക്രിസ് തുമത വിശ്വാസികളുടെയും ഹിന്ദുമത വിശ്വാസികളുടെയും സ്ഥിതി.

മതനിന്ദ നിയമം മഹാപാതകം

“ഓരോമതക്കാരും തങ്ങളുടെ മതത്തിന്റെയും തങ്ങളുടെ ദൈവത്തിന്റെയും കാവൽ ഭടന്മാരായി രൂപാന്തരപ്പെട്ടതിന്റെ അനന്തര ഫലമായിരുന്നു മതനിന്ദ (ബ്ലാസ്‌ഫെമി) എന്ന ആശയം. പഴയകാലം തൊട്ടു തുടങ്ങിയ ആ ദുർവാശി മിക്ക മതക്കാരും ഇപ്പോഴും മുറുകെ പിടിക്കുന്ന പല രാഷ്ട്രങ്ങളും മതനിന്ദയെ കൊടും കുറ്റമായി കാണുകയും വധശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പ്രാകൃതത്വം തുടരുന്നുണ്ട്.

 ബാലുശേരിയിലെ യുണിസെക്സ് യൂണിഫോം

“പാക്കിസ്ഥാൻ , അഫ് ഗാനിസ്ഥാൻ, ഇറാൻ, സൗദി അറേബ്യ, നൈജീരിയ, സോമാലിയ,  മൗറിറ്റാനിയ, ബ്രൂണൈ എന്നീ രാജ്യങ്ങളിൽ വധശിക്ഷാർഹമത്രെ മതനിന്ദയും ദൈവദൂഷണവും. മറ്റിടങ്ങളിൽ മാതോന്മാദികൾ നിയമം കയ്യിലെടുക്കുകയും മതനിന്ദ നടത്തിയതായി തങ്ങൾ വിലയിരുത്തുന്നവരെ കൊലപ്പെടുത്തുകയും ചെയ്യുന്ന പ്രവണത വർധിച്ചുകൊണ്ടിരിക്കുന്നു.

“1988 ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘സാത്താനിക  വചനങ്ങൾ’  എന്ന നോവലിന്റെ പേരിൽ ബ്രിട്ടീഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദിക്ക് നേരെ ഇസ്ലാമിക മൗലിക വാദികൾ ഉറഞ്ഞു തുള്ളി. ഇറാനിലെ ആയത്തുള്ള ഖൊമെയ്‌നി റുഷ്ദിയെ കണ്ടടത്തു വച്ചു കൊല്ലാൻ ഫത്‌വ (മതവിധി) പുറപ്പെടുവിച്ചു. ബ്രിട്ടീഷ് സംരക്ഷണം ലഭിച്ചതിനാൽ നടന്നില്ല. എന്നാൽ ആ നോവൽ ജപ്പനീസിലേക്കു വിവർത്തനം ചെയ്ത ഹിരോഷി ഇഗാറഷി  കൊല്ലപ്പെട്ടു. മതനിന്ദയുടെ പേരിൽ ഒട്ടേറെ ആൾക്കൂട്ടക്കൊലകൾ നടന്നിട്ടുള്ള രാജ്യമെന്ന ദുര്യശസ് പാകിസ്ഥാന്
അവകാശപെട്ടതാണ്.

“ഇന്ത്യയിലേക്കു വരുമ്പോഴും മതദൂഷണത്തിന്റെ പേരിൽ  വ്യത്യസ്ത മതങ്ങളിൽ പെട്ട ഉന്മാദികൾ നിയമം കയ്യിലെടുക്കുന്നതു നാം കാണുന്നു. ആൾക്കൂട്ടക്കൊലയും ഹിംസയും ഹിന്ദുത്വക്കെതിരാണെന്നു ആർഎസ്എസ് മേധാവി മോഹൻ ഭഹഗവത്‍ 2021 ജൂലൈ  നാലിന് പ്രസംഗിച്ചുവെങ്കിലും ഗോമാതാവിൻെറ പേരിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഉത്തരേന്ത്യൻ ആൾക്കൂട്ടകൊലകളൂം ആക്രമണങ്ങളും പലവുരു നടന്നിട്ടുണ്ടെന്നത്  വസ്തുതയായി അവശേഷിക്കുന്നു.

“അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശബ്ദിച്ച നരേന്ദ്ര ധാബോൽക്കറും എംഎം കൽബുർ ഗിയും ഗോവിന്ദ് പൻസാരെയും വെടിയുണ്ടക്കിരയായതും മതനിന്ദയുടെ പേരിൽ തന്നെയാണ്. മുസ്ലിം മാതോന്മാദികൾ ജനുവരി 25 നു  അഹമ്മദാബാദിൽ കിഷൻ ഭർവാഡ് എന്ന ഹിന്ദു യുവാവിനെ ഇസ്ലാം മതനിന്ദ ആരോപിച്ച് വെടിവച്ചു കൊല്ലുകയുണ്ടായി.

“കേരളത്തിലെ ചേകന്നൂർ മൗലവിയെയും തമിഴ്‌നാട്ടിലെ എച് ഫാറൂഖിനെയും കൊലചയ്തവരും തൊടുപുഴ ന്യൂമാൻ അദ്ധ്യാപകൻ ആയിരുന്ന പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയവരും തങ്ങളുടെ പൈശാചിക കൃത്യങ്ങൾക്കു ന്യായം ചമച്ചതും മതനിന്ദ എന്ന ഉപകരണമുപയോഗിച്ചു തന്നെ.

“ഇസ്ലാം മതവും  അതുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ ഉൾപ്പെടെ സർവ്വതും മുസ്ലിങ്ങൾക്കെന്ന പോലെ  അമുസ്ലിങ്ങൾക്കും അവകാശപ്പെട്ടതാണെന്ന് ഇസ്ലാം മത വിശ്വാസികൾ അംഗീകരിച്ചാൽ റുഷ്ദിയുടെ നോവലോ പ്രവാചക കാർട്ടൂണുകളോ അവരെ പ്രകോപിപ്പിക്കില്ല.

യൂണിഫോമിനെതിരെ പ്രതിഷേധ റാലി

“ക്രിസ്തു മതക്കാർക്കും ഹിന്ദുമതക്കാർക്കുമെല്ലാം  ഇത് ബാധകമാണ്. ബൈബിൾ ഉൾപ്പെടെയെല്ലാം മാനവരാശിയുടെ പൊതുസ്വത്താണെന്ന ബോധത്തിലേക്ക് ക്രിസ്ത്യാനികൾ വളർന്നാൽ ‘ക്രിസ്തുവിന്റെ അന്ത്യ പ്രലോഭനം’ അവരിൽ പ്രകോപനം സൃഷിട്ടിക്കില്ല.

“ഹൈന്ദവ  ചിഹ്നങ്ങളൊന്നും തങ്ങളുടെ തറവാട്ടുസ്വത്തല്ലെന്ന വസ്തുത ഉൾകൊള്ളാൻ ഹിന്ദുമതക്കാർക്കു സാധിച്ചാൽ രാമനിന്ദയോ കൃഷ്ണനിന്ദയോ അവരെ ക്ഷുഭിതരാക്കില്ല. പ്രശ്നത്തിലെ വില്ലൻ മതത്തെയും ദൈവത്തെയും മുൻനിർത്തിയുള്ള സ്വകാര്യ ഉടമസ്ഥതാ കോംപ്ലക്സ് ആണ്,” ചേന്നമംഗലൂർ  സമർഥിക്കുന്നു. ഇതേ ആശയങ്ങൾ സമകാലിക മലയാളം വാരികയിൽ ‘ശബ്ദമില്ലാത്ത ശബ്ദം’ എന്ന പംക്തിയിൽ (ഫെബ്രുവരി 14) ആദ്ദേഹം ആവർത്തിക്കുന്നു.

ഏകീകൃത സിവിൽ ക്രിമിനൽ നിയമം വേണം; നാനാത്വം കളയരുത്

“അമിതമായാൽ യൂണിഫോമിറ്റിയും വിഷം” എന്നതാണ് ചേന്നമംഗലൂരിന്റെ മറ്റൊരു സിദ്ധാന്തം. ‘ഒരു രാഷ്ട്രം ഒരു സംസ്ക്കാരം’  അത്ര നല്ലകാര്യമല്ല എന്ന വിചാരത്തട്ടിൽ നിന്നാണ് മൾട്ടി കൽച്ചറലിസം  (അനേക സംസ്ക്കാരവാദം) എന്ന ആശയം നാമ്പെടുത്ത്. അതുകൊണ്ടത്രെ  ജവഹർലാൽ നെഹ്‌റു ഭാരതത്തിന്റെ സവിഷേതകളിൽ ഒന്നായി ‘നാനാത്വത്തിൽ ഏകത്വം ‘ അടയാളപ്പെടുത്തിയത്.

ബാലുശ്ശേരി ഗവർമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് റ്റു തലത്തിൽ ഏർപ്പെടുത്തിയ യൂനിസെക്സ് യൂണിഫോം (ലിംഗനിരപേക്ഷ യൂണിഫോം) ഉയർത്തി വിട്ട വിവാദം ഓർക്കുക. അവിടെ ആൺ-പെൺ ഭേദമെന്യേ എല്ലാ വിദ്യാർത്ഥികൾക്കും ഒരേ നിറത്തിലുള്ള ഷർട്ടും പാന്റ്സുമാക്കി യൂണിഫോം.

“പാന്റ്സ് ധരിക്കുമ്പോൾ തങ്ങൾക്കു കൂടുതൽ  ചലന സ്വാതന്ത്ര്യം ലഭിക്കുന്നു എന്ന് പെൺകുട്ടികൾ പറഞ്ഞാതായി കേട്ടു. പക്ഷെ എല്ലാദിവസവും ഒരേ നിറത്തിലുള്ള ഷർട്ടും പാന്റ്സും ധരിച്ച് പോകുന്നത് അവരിഷ്ടപെടുന്നുണ്ടോ എന്ന് ആരും ചോദിക്കുന്നില്ല. മറുപടി നിഷേധ സ്വരത്തിലാകുമെന്നതു നിസ്തർക്കമാണ്. മറ്റുപല വിഷയങ്ങളിലുമെന്നതു പോലെ വസ്ത്രത്തിലും എല്ലാവരും വൈവിധ്യം ഇഷ്ട്ടപെടുന്നു എന്നത് തന്നെ കാരണം.

ഏകീകൃത  സിവിൽ നിയമം എന്നതും ഇതുപോലെയാണ്. യൂണിഫോമിറ്റി ആവശ്യമായ ചില മേഖലകൾ ഉണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നിയമം. രാജ്യത്തെ ക്രിമിനൽ നിയമങ്ങൾക്കും സിവിൽ നിയമങ്ങൾക്കും യൂണിഫോമിറ്റി കൂടിയേ തീരൂ. യൂണിഫോം ക്രിമിനൽ കോഡ് ഇല്ലാതിരുന്ന കാലത്ത് ബ്രാഹ്മണർക്കു ഒരു നിയമവും അബ്രാഹ്മണർക്കു മറ്റൊരു നിയമവും എന്നതായിരുന്നു അവസ്ഥ.

‘ഇന്ത്യയിൽ ഇപ്പോഴും യൂണിഫേം സിവിൽകോഡ് ഇല്ല. അക്കാരണത്താൽ  തന്നെ ചില സമുദായങ്ങളുടെ വ്യക്തിനിയമങ്ങളിലടങ്ങിയ സ്ത്രീ വിരുദ്ധതയും ആൺകോയ്മാമൂല്യങ്ങളും ബന്ധപ്പെട്ട സമൂഹത്തിലെ പെൺ സമൂഹത്തിനു ദ്രോഹകരമായി നിലനിൽക്കുന്നു. വിവാഹ വിഷയത്തിലും പിന്തുടർച്ചാവിഷയത്തിലുമൊക്കെ സ്ത്രീകൾക്കു നേരെയുള്ള വിവേചനം അവസാനിപ്പിക്കാൻ ലിംഗസമത്വത്തിലൂന്നിയ  പൊതുപൗര  നിയമം ഒഴിച്ച് കൂടാനാവാത്തതാണ്.

“വിശുദ്ധ നഗരം എന്നറിയപ്പെടുന്ന ഹരിദ്വാറിൽ നിന്ന് ഡിസംബർ മൂന്നാംവാരത്തിൽ മുഴങ്ങിയ അവിശുദ്ധ ഭാഷണങ്ങൾ ശ്രധ്ധിക്കുക. ഹിന്ദുത്വ കൂട്ടായ്‌മയിൽ പെട്ടവർ സംഘടിപ്പിച്ച ധർമ്മ സംസദിൽ (മത പാർലമെൻറ്) പങ്കെടുത്ത സ്വാമിമാർ ഹിന്ദുക്കളുടെ  രക്ഷക്ക് മുസ്ലിംകളുടെ കൂട്ടക്കശാപ്പ്  അനിവാര്യമാണെന്ന ഹീന സന്ദേശമാണ് നൽകിയത്. കേന്ദ്ര ഗവർമെന്റ് ഇത് ഔദ്യോഗിക  നിലപാടായി അംഗീകരിക്കാത്ത പക്ഷം 1857 ലെ ലഹളയെക്കാൾ വലിയ ലഹള രാജ്യത്ത് പൊട്ടിപ്പുറപ്പെടുമെന്നു മുന്നറിയിപ്പ് നൽകാനും അവർ മറന്നില്ല.

“2015ൽ ഇറാഖിൽ അബുബക്കർ അൽ ബാഗ്ദാദിയുടെ നേതൃത്വത്തിൽ ഐഎസുകാർ യസീദികളെ കൊന്നു തള്ളിയതും കൾച്ചറൽ യുണിഫോമിറ്റി ലക്ഷ്യമിട്ടായിരുന്നു എന്ന് കൂട്ടത്തിൽ ഓർക്കാം. അമിതമായാൽ യൂണിഫോമിറ്റിയും വിഷമാണെന്നതിന്റെ തെളിവുകളാണ് ഹരിദ്വാർ ധർമ്മസംസദും യസീദി വേട്ടയും,” ചേന്നമംഗലൂർ അവസാനിപ്പിക്കുന്നു.

വരുംതലമുറകളുടെ നിലനിൽപ്പിനു അവശ്യം ആവശ്യമായ പ്രൊഫ. ഹമീദിന്റെ ഉൽബോധങ്ങൾക്കു അവസാനം ഇല്ലാതിരിക്കട്ടെ!

“എല്ലാ മത തീവ്രവാദികൾക്കുമെതിരെ സന്ധിയില്ലാ സമരം നടത്തുന്ന താങ്കളെ വകവരുത്തുമെന്ന ഭീഷണി ഉണ്ടാകാറുണ്ടോ?’ എന്ന് അവസാനമായി അദ്ദേഹത്തോട് ചോദിച്ചു.

“നിന്നെ കൊന്നു കളയും, കശാപ്പു ചെയ്യും എന്ന പോലുള്ള  മുറവിളികൾ സാമുഹ്യ മാധ്യമങ്ങളിൽ നിറയെ കിട്ടുന്നുണ്ട്. എന്നുവച്ചു നമുക്ക് സംസാരിക്കാതിരിക്കാൻ പറ്റുമോ? വിവാദ വിഷയങ്ങളിൽ കേരളത്തിലെ ഭൂരിപക്ഷം സാംസ്ക്കാരിക നായകന്മാരും അതാണ് ചെയ്യുന്നത്. എനിക്കങ്ങനെ പറ്റില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ അക്ഷോഭ്യമായ മറുപടി.

ഖത്തർ, ഒമാൻ, ദുബായ് എന്നിവിടങ്ങളിൽ പ്രഭാഷണങ്ങൾക്കു പോയിട്ടുണ്ട്. ക്ഷണിക്കുന്ന സംഘടനകളെ ആശ്രയിച്ചിരിക്കും സദസിന്റെ വലിപ്പം. കോവിഡ് കാലമായതിനാൽ പ്രഭാഷണങ്ങൾ കുറവാണ്. എങ്കിലും ചാനൽ ചർച്ചകളിൽ നിരന്തരമായി പങ്കെടുക്കുന്നുണ്ട്.

മൊയ്ദീനും കാഞ്ചനമാലയും

“പൃഥ്വിരാജ് നായകനായ ‘എന്നു നിന്റെ മൊയ്തീൻ’ എന്ന ജനപ്രിയചിത്രം ഇറങ്ങിയപ്പോൾ മൊയ്തീന്റെ അടുത്ത ബന്ധു നിലയിൽ കയ്യോടെ പ്രതികരിച്ച ആളാണ് പ്രൊഫ, ഹമീദ്. മൊയ്‌തീനും കാഞ്ചനമാലയും തമ്മിലുള്ള പ്രണയം തീവ്രമായിരുന്നുവെങ്കിൽ നാൽപത്തി മൂന്ന് വയസ് വരെ ജിവിച്ചിരുന്ന മൊയ്തീൻ എന്തുകൊണ്ട് അവരെ വിവാഹം  ചെയ്തില്ല?”. ചേന്നമംഗലൂർ ചോദിക്കുന്നു.

“മൊയ്തീന്റെതു  യഥാർഥ പ്രണയമല്ല“– ചേന്നമംഗലൂർ.

“എന്റെ പിതാവിന്റെ സഹോദരിയുടെ ഏക മകനായിരുന്നു മൊയ്‌ദീൻ. അതിസമർത്ഥൻ. ഉല്പതിഷ്ണു. ധീരനായ ജനസേവകൻ. കലാകാരൻ. കാഞ്ചനയുമായി മൊയ്ദീൻ കൈമാറിയ പ്രണയ ലേഖനങ്ങൾ ആരെയും വിസ്മയിപ്പിക്കും.

“ഇരവഞ്ഞി പുഴയിൽ വഞ്ചിമറിഞ്ഞു മരണമടഞ്ഞു. പലരെയും രക്ഷിച്ചതിനു മരണാനന്തരം  ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടി. മരണശേഷം  രൂപംകൊടുത്ത സ്മാരകം എന്തുകൊണ്ടു ധനികയായ കാഞ്ചന സ്വന്തം സ്ഥലത്തു നിർമ്മിച്ചില്ല?” പ്രൊഫ. ഹമീദ് ചോദിക്കുന്നു.

ഓർമകളുടെ താജ് മഹലിൽ  മുക്കത്ത് ഇന്നും ജീവിക്കുന്ന കാഞ്ചന

ഒരു സ്മാരകം ഉണ്ടാക്കാൻ സ്വന്തം  ഭൂമിയിൽ നിന്ന് പത്തു സെന്റ് സ്ഥലം എന്ത്‌കൊണ്ട് നായിക കൊടുത്തില്ല?” എന്നദേഹം  ചോദിച്ചു.

‘ഇവൻ ഞങ്ങളുടെ പ്രിയ മൊയ്ദീൻ’ എന്ന പേരിൽ പ്രൊഫ. ഹമീദ് എഴുതിയ ഓർമ്മ പുസ്തകം 2015 ൽ ഡിസി പ്രസിദ്ധീ കരിച്ചു.പിറ്റേ വർഷം രണ്ടാം പതിപ്പ് ഇറങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular