Saturday, July 20, 2024
HomeKeralaയുഡിഎഫില്‍ കൂട്ടപ്പൊരിച്ചില്‍; ആര്‍എസ്പിയും പിണങ്ങുന്നു

യുഡിഎഫില്‍ കൂട്ടപ്പൊരിച്ചില്‍; ആര്‍എസ്പിയും പിണങ്ങുന്നു

ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ അടി തുടരുന്നതിനിടെ, യു.ഡി.എഫ്. യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന കടുത്ത തീരുമാനവുമായി ആര്‍.എസ്.പി. കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും ജോസഫ് ഗ്രൂപ്പിലും ആഭ്യന്തരവിഷയങ്ങള്‍ നീറിപ്പുകയുന്നതിനിടെയാണ് ഇടിത്തീപോലെ ആര്‍.എസ്.പി. തീരുമാനം.

അടുത്ത ആറിന് യു.ഡി.എഫ്. യോഗം നിശ്ചയിച്ചതായി അറിയിപ്പുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എ.എ. അസീസ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, പാര്‍ട്ടി ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടു യോഗത്തില്‍ പങ്കെടുത്താല്‍ മതിയെന്ന അഭിപ്രായത്തിനാണ് മേല്‍ക്കൈ ലഭിച്ചത്. യു.ഡി.എഫ് യോഗത്തിനു മുമ്പായി ഉഭയകക്ഷി ചര്‍ച്ചയുടെ കാര്യത്തില്‍ അറിയിപ്പുണ്ടാകുന്നില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് നീങ്ങണമെന്ന വികാരവും സെക്രട്ടേറിയറ്റിലുയര്‍ന്നു. നാലിനു ചേരുന്ന സംസ്ഥാന കമ്മിറ്റി വിഷയം വിശദമായി ചര്‍ച്ചചെയ്യും. അതിലെ തീരുമാനമനുസരിച്ചാകും തുടര്‍നടപടി. തെരഞ്ഞെടുപ്പ് വേളയിലടക്കം ഉയര്‍ത്തിക്കാട്ടിയ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതാണ് ആര്‍.എസ്.പിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. രണ്ടു നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ആര്‍.എസ്.പി. വട്ടപ്പൂജ്യത്തിലൊതുങ്ങി. ഇതോടെ മുന്നണി മാറണമെന്നടക്കം പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നു. എന്നിട്ടും കോണ്‍ഗ്രസ് നിസ്സംഗമനോഭാവം പിന്തുടരുന്നെന്നാണ് ആക്ഷേപം. ഇതേസമയം, ഉഭയകക്ഷി ചര്‍ച്ച വൈകാതെ നടത്തുമെന്ന് മുന്നണിനേതൃത്വം ആര്‍.എസ്.പിയെ അറിയിച്ചിട്ടുണ്ട്.

ചവറ, ഇരവിപുരം, ആറ്റിങ്ങല്‍, കുന്നത്തൂര്‍, മട്ടന്നൂര്‍ മണ്ഡലങ്ങളിലാണ് ഇത്തവണ ആര്‍.എസ്.പി മത്സരിച്ചത്. രണ്ട് സംവരണ സീറ്റുകള്‍ (കുന്നത്തൂരും ആറ്റിങ്ങലും) ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നതിനാല്‍ ആറ്റിങ്ങലിനു പകരം മറ്റൊരു സീറ്റ് ചോദിച്ചെങ്കിലും നല്‍കിയില്ല. കയ്പമംഗലത്തിനു പകരം മറ്റൊന്ന് ചോദിച്ചപ്പോള്‍ ഒരു സാധ്യതയുമില്ലാത്ത മട്ടന്നൂരാണ് അടിച്ചേല്‍പ്പിച്ചത്. ഇതിനെല്ലാം പുറമേ കോണ്‍ഗ്രസുകാര്‍ പ്രചരണരംഗത്ത് കാര്യമായി സഹകരിച്ചില്ലെന്ന പരാതിയാണ് ആര്‍.എസ്.പിക്ക്. ചവറയില്‍ മത്സരിച്ച ഷിബു ബേബി ജോണും ഇരവിപുരത്ത് മത്സരിച്ച ബാബു ദിവാകരനും ഇതില്‍ കടുത്ത നീരസത്തിലാണ്. ഇരവിപുരത്ത് ബാബു ദിവാകരനെ രമേശ് ചെന്നിത്തല നിര്‍ബന്ധിപ്പിച്ചു മല്‍സരിപ്പിച്ചിട്ടും കോണ്‍ഗ്രസുകാര്‍ നിസ്സഹകരിച്ചെന്നാണ് പരാതി.കക്ഷി നോക്കാതെ പ്രവര്‍ത്തകര്‍ ഒന്നിച്ചുനില്‍ക്കുന്ന രീതിയാണ് ഇടതുമുന്നണിയില്‍. യു.ഡി.എഫില്‍ അതില്ല. യു.ഡി.എഫിലേക്കു വന്ന ശേഷം നഷ്ടമേയുള്ളെന്ന പരിഭവവും ആര്‍.എസ്.പിയിലെ വലിയ വിഭാഗത്തിനുണ്ട്. ഇതിനിടെ, തെരഞ്ഞെടുപ്പ് പരാജയകാരണം വിലയിരുത്തുന്ന കെ.പി.സി.സി. റിപ്പോര്‍ട്ടില്‍ ജോസഫ് ഗ്രൂപ്പ് കരുത്തില്ലാത്ത പാര്‍ട്ടിയാണെന്നു നിരീക്ഷിച്ചത് അവരെയും പ്രകോപിപ്പിച്ചു.

അവസരം മുതലെടുത്ത് മുന്നണി വിപുലീകരണ ലക്ഷ്യവുമായി ഇടതുമുന്നണി നീങ്ങുകയാണ്. ജോസ് കെ. മാണിയേയും എന്‍.സി.പിയേയും ഉപയോഗിച്ച് യു.ഡി.എഫില്‍ നിന്നും കഴിയുന്നത്ര ആളുകളെ അടര്‍ത്തിയെടുക്കാനാണ് നീക്കം. ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനങ്ങളുടെ വീതംവയ്പ് പൂര്‍ത്തിയായാലുടന്‍ ഈ നീക്കം സജീവമാകും.

സജി വിശ്വംഭരന്‍

RELATED ARTICLES

STORIES

Most Popular