Saturday, April 20, 2024
HomeKeralaകെ.സി. ജോസഫിനും വാഴയ്ക്കനും ശിക്ഷ ഉറപ്പാക്കി

കെ.സി. ജോസഫിനും വാഴയ്ക്കനും ശിക്ഷ ഉറപ്പാക്കി

കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവന പാടില്ലെന്ന  കോണ്‍ഗ്രസ്  നേതൃത്വത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞ കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് വാഴയ്ക്കനും കെ.സിജോസഫിനും  പണി വരുന്നു.   അച്ചടക്കനടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാകുന്നു.  അച്ചടക്ക നടപടിക്കെതിരെ ഉമ്മന്‍ചാണ്ടി പ്രതികരിച്ചതോടെ അതിന്റെ ചുവടുപിടിച്ച് ഇന്നു രാവിലെ മാധ്യമങ്ങളില്‍ പ്രതികരിച്ച മുതിര്‍ന്ന നേതാക്കളായ കെസി ജോസഫ്, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാനാണ് കെപിസിസിയും ഒരുങ്ങുന്നത്.

ഇന്നലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ എടുത്ത നടപടി ശരിയായില്ലെന്നാണ് ഇരുവരും ഏഷ്യാനെറ്റ് ന്യൂസില്‍ രാവിലെ പ്രതികരിച്ചത്.ഗ്രൂപ്പു താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാതെ പോയതിലുള്ള അതൃപ്തിയായാണ് ഇരുവരും ഇന്നും ചാനലില്‍ പറഞ്ഞത്. ഇക്കാര്യം ചില നേതാക്കള്‍ കെപിസിസി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ എന്തും ആര്‍ക്കും പറയാമെന്നായിരുന്നു ഇരു നേതാക്കളും ചില മുന്‍കാല ഉദാഹരണങ്ങള്‍ നിരത്തി വാദിച്ചത്.

ഇതു അച്ചടക്ക ലംഘനം തന്നെയാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കെപിസിസി നേതൃത്വത്തിനും ഹൈക്കമാന്‍ഡിനുമെതിരെയുമാണ് ഇവര്‍ പ്രസ്താവനകള്‍ നടത്തിയതെന്നും വിലയിരുത്തപ്പെടുന്നു. സംഘടനാ സംവീധാനത്തെ ഗ്രൂപ്പ് എന്നുമാത്രം കണ്ട് വിലയിരുത്തുന്ന ചില നേതാക്കളാണ് പാര്‍ട്ടിയുടെ തോല്‍വിക്ക് പിന്നിലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഇവരെ ഇളക്കിവിട്ട് നേട്ടം കൊയ്യാനാണ് ഇന്നു ഗ്രൂപ്പു നേതാക്കള്‍ ശ്രമിച്ചതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.അതിനിടെ ഇന്നത്തെ ഈ കലാപ നീക്കം മുന്‍കൂര്‍ തിരക്കഥയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു.

ആരു ഡിസിസി അധ്യക്ഷനായാലും ഈ വിവാദം ഉണ്ടാക്കണമെന്ന് ഗ്രൂപ്പു നേതൃത്വം നിശ്ചയിച്ചിരുന്നുവെന്നും ഇതിന്റെ ഭാഗമായി പല ഗ്രൂപ്പുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു.ഇതു ശരിവയ്ക്കുന്നതാണ് ഇന്നലെ പട്ടിക പുറത്തുവന്നതു മുതലുള്ള വിവാദങ്ങള്‍. മുതിര്‍ന്ന നേതാക്കള്‍തന്നെ നേരിട്ട് രംഗത്ത് വന്ന് ഇതിനു ആശീര്‍വാദം നല്‍കിയത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയാകും.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular