Friday, April 26, 2024
HomeKeralaകോണ്‍ഗ്രസ് പൊട്ടിത്തെറിയില്‍ യൂത്തന്‍മാര്‍ക്ക് മൗനം കോണ്‍ഗ്രസിനൊപ്പം

കോണ്‍ഗ്രസ് പൊട്ടിത്തെറിയില്‍ യൂത്തന്‍മാര്‍ക്ക് മൗനം കോണ്‍ഗ്രസിനൊപ്പം

കോണ്‍ഗ്രസിലെ പൊട്ടിത്തെറിയിലൊന്നും  യൂത്ത് കോണ്‍ഗ്രസ് പങ്കെടുക്കുന്നില്ല. കോണ്‍ഗ്രസിനൊപ്പം എന്നാല്‍ ഗ്രൂപ്പുകളിക്കൊന്നുമില്ലെന്ന അഭിപ്രായമാണ്  അവര്‍ പുലര്‍ത്തുന്നത്. ഡിസിസി പ്രസിഡന്റ് നിയമനത്തിനെതിരേ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന ഗ്രൂപ്പു നേതാക്കള്‍ പരസ്യമായി രംഗത്തുവന്നപ്പോഴും കോണ്‍ഗ്രസില്‍ ചെറുപ്പക്കാരുടെ മൗനം ശ്രദ്ധേയമാകുന്നു.ഗ്രൂപ്പിന്റെ അതിപ്രസരം കോണ്‍ഗ്രസിനെ നശിപ്പിക്കുമെന്ന വികാരം കോണ്‍ഗ്രസിലെ യുവതലമുറയില്‍ ശക്തമാകുന്നതിന്റെ സൂചനയാണ് ഇതു നല്‍കുന്നത്. നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്‌പോള്‍ ഗ്രൂപ്പ് നേതാക്കള്‍ക്കു വേണ്ടി ചാവേറുകളായി രംഗത്തിറങ്ങുന്നതു പലപ്പോഴും ചെറുപ്പക്കാരായിരുന്നു.ചെറുപ്പക്കാരെ രംഗത്തിറക്കി ഗ്രൂപ്പുകളുടെ വികാരം നേതൃതലങ്ങളില്‍ എത്തിക്കുന്ന രീതിയും കോണ്‍ഗ്രസില്‍ ശക്തമായിരുന്നു. എന്നാല്‍, തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിട്ടതോടെ ഇനി ഗ്രൂപ്പുകളിയുമായി മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസിനു വലിയ ഭാവിയുണ്ടാകില്ലെന്നു വികാരം ശക്തമായി.

യുവതലമുറയിലാണ് ഈ ചിന്ത കൂടുതല്‍ ശക്തമായത്. കെ.സുധാകരനും വി.ഡി. സതീശനും നേതൃത്വത്തിലേക്കു വന്നതോടെ മാറ്റം അനിവാര്യമാണെന്ന സന്ദേശം ഹൈക്കമാന്‍ഡും പാര്‍ട്ടിക്കു നല്‍കി. അതോടെയാണ് സജീവ ഗ്രൂപ്പു പ്രവര്‍ത്തനത്തില്‍നിന്നു യുവാക്കള്‍ പതിയെ വിട്ടുനിന്നു തുടങ്ങിയത്.ഗ്രൂപ്പുകളുടെ ഭാഗമായി തുടരാന്‍ നല്ലൊരു വിഭാഗം യുവനേതാക്കള്‍ക്കും താത്പര്യമില്ലെന്നതാണ് സ്ഥിതി. നിലവിലെ ഗ്രൂപ്പുനേതാക്കള്‍ക്കു ഹൈക്കമാന്‍ഡിലും പാര്‍ട്ടിയിലുമുള്ള സ്വാധീനം കുറഞ്ഞുവരികയാണെന്നും ഇനി അവര്‍ക്കു വേണ്ടി ചാവേറുകളായതുകൊണ്ട് കാര്യമായ പ്രയോജനമില്ലെന്നും ചെറുപ്പക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.നേതാക്കള്‍ക്കു വേണ്ടി ചാവേറുകളായി നിന്നിരുന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പോലും പുതിയ സാഹചര്യത്തില്‍ മൗനംപാലിച്ചിരിക്കുകയാണ്.പുതിയ ഭാരവാഹികളായി വന്നവര്‍ പെട്ടിതൂക്കികളല്ല എന്നു സതീശന്‍ തുറന്നടിച്ചു പറഞ്ഞതും ചെറുപ്പക്കാരുടെ മനസ് തിരിച്ചറിഞ്ഞാണ്.മാത്രമല്ല ഗ്രൂപ്പുകളി തുടര്‍ന്നാല്‍ കോണ്‍ഗ്രസ് യാദവകുലംപോലെ നശിക്കുമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ പ്രതികരണങ്ങളും ഇപ്പോഴത്തെ നേതൃത്വത്തിന് ഊര്‍ജം പകര്‍ന്നിട്ടുണ്ട്.

ഗ്രൂപ്പ് നേതാക്കള്‍ പരസ്പരം ചര്‍ച്ച ചെയ്തു നേതാക്കളെയും സ്ഥാനമാനങ്ങളും തീരുമാനിക്കുന്ന രീതിയായിരുന്നു കോണ്‍ഗ്രസില്‍ കുറെക്കാലമായി നിലനിന്നിരുന്നത്. പ്രധാന ഗ്രൂപ്പുകളുടെ നേതാക്കള്‍ തമ്മില്‍ ധാരണയുണ്ടാക്കുകയും അതു ഹൈക്കമാന്‍ഡിനെക്കൊണ്ട് അംഗീകരിപ്പിക്കുകയുമായിരുന്നു പതിവ്.

ഇതുകൊണ്ടു തന്നെ നേതാക്കളെ പ്രീതിപ്പെടുത്തി നില്‍ക്കുന്നവര്‍ക്കു മാത്രമേ കോണ്‍ഗ്രസില്‍ ഭാവിയും വളര്‍ച്ചയും സ്ഥാനമാനങ്ങളും കിട്ടൂ എന്നതായിരുന്നു സ്ഥിതി.അതുകൊണ്ടു തന്നെ നേതാക്കള്‍ക്കുവേണ്ടി ചാവേറുകളാകാനും പെട്ടി ചുമക്കാനുമൊക്കെ ആശ്രിതരെപ്പോലെ നടക്കുന്നവരായിരുന്നു യുവതലമുറിയിലെ നേതാക്കളില്‍ ഏറെയും.ഇതുമൂലം പാര്‍ട്ടിപ്രവര്‍ത്തനമെന്നു പറഞ്ഞാല്‍ ഗ്രൂപ്പ് പ്രവര്‍ത്തനവും ഏതെങ്കിലുമൊക്കെ നേതാക്കളെ പ്രീതിപ്പെടുത്തി നില്‍ക്കലും മാത്രമാണെന്ന മനോഭാവവും യുവാക്കള്‍ക്കിടയില്‍ ശക്തമായി. ജനങ്ങളുമായി ബന്ധമുള്ള പുതിയ നേതൃനിരയെ വളര്‍ത്തിയെടുക്കുന്നതിന് ഇതു വലിയ തടസമായിരുന്നു.

ആദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular