Friday, April 26, 2024
HomeEuropeലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് താരങ്ങളെ വിട്ടു നൽകില്ല; ഹർജി തള്ളി, യൂറോപ്യൻ ക്ലബുകൾക്ക് തിരിച്ചടി

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് താരങ്ങളെ വിട്ടു നൽകില്ല; ഹർജി തള്ളി, യൂറോപ്യൻ ക്ലബുകൾക്ക് തിരിച്ചടി

2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള യോഗ്യതാ മത്സരങ്ങള്‍ക്ക് താരങ്ങളെ വിട്ടുനല്‍കില്ല എന്ന നിലപാട് സ്വീകരിച്ചിരുന്ന യൂറോപ്യന്‍ ക്ലബുകള്‍ക്ക് തിരിച്ചടി. മത്സരങ്ങള്‍ക്കായി രാജ്യങ്ങള്‍ക്ക് താരങ്ങളെ വിട്ടുനല്‍കണമെന്ന കായികതര്‍ക്ക പരിഹാര കോടതിയുടെ വിധിയാണ് ക്ലബ് ഫുട്‌ബോളിലെ വമ്പന്‍ ശക്തിയായ യൂറോപ്പിലെ ഫുട്‌ബോള്‍ ക്ലബുകള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ക്ലബുകളുടെ നടപടിയെ നിശിതമായി വിമര്‍ശിച്ചിരുന്നു ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ കോടതിയുടെ വിധിയെ സ്വാഗതം ചെയ്തു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേത് ഉള്‍പ്പെടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒരു ഇടവേളയ്ക്ക് ശേഷം അടുത്തയാഴ്ച വീണ്ടും ആരംഭിക്കുകയാണ്. ഇതിനായി താരങ്ങളെ വിട്ടുനല്‍കാന്‍ ഫിഫ ക്ലബുകളോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പല പ്രമുഖ ക്ലബുകളും താരങ്ങളെ വിട്ടു നല്‍കില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഫിഫയുടെ നിര്‍ദേശത്തിനെതിരെ സ്പാനിഷ് ലീഗ് ലാ ലിഗ ഇതില്‍ നല്‍കിയ ഹര്‍ജിയാണ് കായിക തര്‍ക്ക പരിഹാര കോടതി തള്ളിയിരിക്കുന്നത്. വന്‍തുക മുടക്കി താരങ്ങള്‍ക്ക് പരിശീലനവും സൗകര്യങ്ങളുമൊരുക്കുന്ന ക്ലബുകള്‍ക്ക് വന്‍നഷ്ടമാണ് നീക്കത്തിലൂടെയുണ്ടാകുന്നതെന്ന് ലാ ലിഗ വാദിച്ചെങ്കിലും ഫിഫയ്ക്ക് അനുകൂലമായി കോടതി വിധി പ്രഖ്യാപിക്കുകയായിരുന്നു.

കോവിഡ് ചുവപ്പ് പട്ടികയിലുള്ള രാജ്യങ്ങളില്‍ കളിക്കാന്‍ പോകുന്ന താരങ്ങള്‍ തിരിച്ചെത്തിയാല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം എന്നതിനാല്‍, രാജ്യങ്ങള്‍ക്ക് ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കായി താരങ്ങളെ വിട്ടുനല്‍കില്ലെന്നാണ് പ്രീമിയര്‍ ലീഗും ലാ ലിഗയും നേരത്തെ വ്യക്തമാക്കിയത്. ഈ രാജ്യങ്ങളിലേക്ക് താരങ്ങള്‍ യാത്ര ചെയ്താല്‍ കോവിഡ് ബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നും തിരിച്ചെത്തുമ്പോള്‍ ഐസൊലേഷന്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും ലീഗുകള്‍ വ്യക്തമാക്കി. എന്നതിനാല്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് പോകുന്ന താരങ്ങളുടെ സേവനം ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും ക്ലബുകള്‍ക്ക് ലഭ്യമാകില്ല എന്നതും താരങ്ങളെ വിട്ടുനല്‍കില്ല എന്ന തീരുമാനമെടുക്കാന്‍ ക്ലബുകളെ പ്രേരിപ്പിച്ചു.

താരങ്ങളെ വിട്ടുനല്‍കില്ല എന്നതായതോടെ സെപ്റ്റംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന ബ്രസീല്‍-അര്‍ജന്റീന സൂപ്പര്‍ പോരാട്ടത്തിന്റെയടക്കം മാറ്റ് കുറയുമെന്ന ആശങ്കയുണ്ടായിരുന്നു. കായികതര്‍ക്ക പരിഹാര കോടതിയുടെ വിധി വന്നതോടെ ഈ ആശങ്ക അകലുകയാണ്. ലാറ്റിനമേരിക്കയിലെ ഈ മത്സരത്തിന് പുറമെ യൂറോപ്പിലും ആഫ്രിക്കയിലും എല്ലാം തന്നെ മത്സരങ്ങള്‍ നടക്കാനുണ്ട്.

ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ പോരാട്ടമായ ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായ യോഗ്യതാ മത്സരങ്ങള്‍ക്കായി താരങ്ങളെ വിട്ടുനല്‍കില്ലെന്ന യൂറോപ്യന്‍ ക്ലബുകളുടെ നിലപാടിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഫിഫയുടെ എതിര്‍പ്പിന് പുറമെ ആരാധകരും ഒരു കൂട്ടം താരങ്ങളും ക്ലബുകളുടെ നീക്കത്തിനെതിരെ വിമര്‍ശനം നടത്തിയിരുന്നു. പ്രീമിയര്‍ ലീഗിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉറുഗ്വേ താരം എഡിന്‍സണ്‍ കവാനി രംഗത്തെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular