Sunday, October 17, 2021
HomeKeralaഡിസിസി പുനഃസംഘടന ഗ്രൂപ്പില്ലാത്ത കാലം വരുമോ?

ഡിസിസി പുനഃസംഘടന ഗ്രൂപ്പില്ലാത്ത കാലം വരുമോ?

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍മാരുടെ പട്ടിക വന്നതിന് പിറകെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രൂക്ഷമായി പ്രതികരിക്കുകയുണ്ടായി. മതിയായ കൂടിയാലോചനകള്‍ നടത്തിയില്ലെന്നതാണ് അവരുടെ പരാതിയുടെ മര്‍മം. തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് കാര്യമായ പരിഗണന കിട്ടിയില്ലെന്നും ഈ പരാതിയെ പരാവര്‍ത്തനം ചെയ്യാവുന്നതാണ്. എന്നാല്‍ ഗ്രൂപ്പ് പരിഗണനകളുടെ കാലം കഴിഞ്ഞുവെന്നും യോഗ്യതയാണ് മാനദണ്ഡമെന്നും എല്ലാവരോടും ആവശ്യത്തിന് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കുകയുണ്ടായി.

രണ്ട് പേര്‍ തരുന്ന പേരുകള്‍ അങ്ങനെ നല്‍കാനാണെങ്കില്‍ എന്തിനാണ് ഞങ്ങള്‍ ഈ പദവിയിലിരിക്കുന്നതെന്ന കനമേറിയ ചോദ്യം സതീശന്‍ ഉന്നയിച്ചു. കോണ്‍ഗ്രസ്സിനെപ്പോലെ ഒരു പാര്‍ട്ടിയില്‍ നിന്ന് ഉയരാവുന്ന ശക്തമായ സ്വരമായിരുന്നു അത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയിലും ആലസ്യത്തിലും കഴിയുന്ന അണികള്‍ അത്തരം ശബ്ദം ഇഷ്ടപ്പെടുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ഒരു കാലത്ത് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അടിയുറച്ച അനുയായികളായിരുന്ന നേതാക്കള്‍ പുതിയ നേതൃത്വത്തിന് ശക്തമായ പിന്തുണ നല്‍കിയത് അതിന്റെ പ്രതിഫലനമാണ്. അതുകൊണ്ട് മുതിര്‍ന്ന നേതാക്കളെന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ ഉയര്‍ത്തിയ കലാപത്തേക്കാള്‍ അതിനെതിരെ നടന്ന രക്ഷാപ്രവര്‍ത്തനമാണ് തിളങ്ങി നില്‍ക്കുന്നതെന്ന് പറയാതെ വയ്യ.

പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ ദുര്‍ബലമാകുമെന്നാണ് പുതിയ കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് നേതാക്കളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് സ്ഥാനമാനങ്ങളും സീറ്റുകളും വിഭജിച്ചിരുന്ന പതിവ് രീതിയില്‍ നിന്ന് മാറി പുതിയ നേതൃത്വത്തിന്റെ കീഴില്‍ ”സെമി കേഡര്‍’ സംവിധാനത്തിലേക്ക് മാറാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്സെന്നാണ് വിലയിരുത്തല്‍. ഗ്രൂപ്പുകള്‍ ഉപേക്ഷിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്തുവരുന്നത് കോണ്‍ഗ്രസ്സില്‍ പുതിയ രാഷ്ട്രീയ സംസ്‌കാരത്തിന് തുടക്കമിടുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ്സ് ആഴത്തില്‍ ജനസ്വാധീനം വര്‍ധിപ്പിക്കേണ്ടത് ചരിത്രപരമായി അനിവാര്യതയുള്ള ഘട്ടമാണിത്. രാജ്യത്തിന്റെ ജനാധിപത്യം, മതേതരത്വം, ബഹുസ്വര ദേശീയത, ഭരണഘടനാ മൂല്യങ്ങള്‍, ചരിത്രം എല്ലാം കടുത്ത ഭീഷണി നേരിടുകയാണ്. തീവ്ര വലതുപക്ഷ രാഷ്ട്രീയ യുക്തിക്ക് നമ്മുടെ വ്യവസ്ഥ കീഴൊതുങ്ങുകയാണെന്ന് നിശ്ചമായും ഭയക്കേണ്ട ഘട്ടം.

കൃത്യമായ സംഘടനാ തിരഞ്ഞെടുപ്പ് തന്നെയാണ് പരിഹാരം. താഴേത്തട്ടില്‍ വരെ ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമായി നില്‍ക്കെ ഗ്രൂപ്പിനതീതമായിരിക്കും മുന്നോട്ടുള്ള പ്രയാണമെന്ന് സുധാകരനും സതീശനും പ്രഖ്യാപിക്കുന്നതില്‍ അര്‍ഥമില്ല. അവരും, ഇപ്പോള്‍ അവരെ പിന്തുണക്കുന്നവരുമൊന്നും ഗ്രൂപ്പ് അതിപ്രസരത്തിന്റെ കുറ്റത്തില്‍ നിന്ന് ഒഴിവാകുന്നില്ല. പാര്‍ട്ടി സമിതികള്‍ യഥാസമയം പുനഃസംഘടിപ്പിച്ച് പ്രവര്‍ത്തനക്ഷമമായാല്‍ പരസ്യ വിമര്‍ശനത്തിന്റെ പ്രശ്നമുണ്ടാകില്ല. അതുകൊണ്ട് സര്‍വതലത്തിലും ആത്മപരിശോധന വേണം. അങ്ങനെയെങ്കില്‍ ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങളെ പാര്‍ട്ടി അതിജീവിക്കും.

ദീര്‍ഘകാലം പാര്‍ട്ടിയെ നയിച്ച അനുഭവ സമ്പത്തുള്ള നേതാക്കളെ തഴഞ്ഞുകൊണ്ടും അപമാനിച്ചു കൊണ്ടുമല്ല ഈ പരിഷ്‌കരണം നടത്തേണ്ടത്. അവരുടെ വാക്കുകള്‍ക്ക് വിലയുണ്ട്. അത് കണക്കിലെടുക്കണം. പുതിയ തലമുറക്ക് മാര്‍ഗദര്‍ശനം നല്‍കേണ്ടവരാണ് തങ്ങളെന്ന ബോധം ആ നേതാക്കളെയും നയിക്കണം. എല്ലാവര്‍ക്കും എല്ലായ്പ്പോഴും ഒന്നാം നിരയില്‍ തന്നെ നില്‍ക്കാനാകില്ലല്ലോ. ഇപ്പോഴത്തെ വിവാദങ്ങള്‍ അതിവേഗം കെട്ടടങ്ങാന്‍ എല്ലാവരുടെയും ക്ഷമാപൂര്‍വമായ ജാഗ്രത കൊണ്ടു മാത്രമേ സാധിക്കൂ. കോണ്‍ഗ്രസ്സ് ക്ഷയിക്കുമ്പോള്‍ അത് ബി ജെ പിക്ക് ശക്തിയാകുമെന്നത് ഒരു ആക്ഷേപമായി കാണേണ്ടതില്ല. ആ പാര്‍ട്ടിയുടെ നേതാക്കള്‍ ഉയര്‍ന്ന ജാഗ്രത പുലര്‍ത്തണമെന്ന രാഷ്ട്രീയ സന്ദേശമാണത്.

സജി വിശ്വംഭരന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular