Thursday, May 2, 2024
HomeEuropeയുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. യുക്രൈനില്‍ കീവില്‍ നിന്ന മടങ്ങുന്നതിനിടെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്.  കേന്ദ്ര മന്ത്രി വി.കെ സിങാണ് ഇക്കാര്യം അറിയിച്ചത്. കാറില്‍ കീവില്‍ നിന്നും രക്ഷപെടുന്നതിനിടെയാണ് വെടിയേറ്റതെന്നും പാതി വഴിയില്‍ വച്ച് വിദ്യാര്‍ത്ഥിയെ തിരികെ കൊണ്ടുപോയെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാര്‍ത്ഥിയെ അതിര്‍ത്തിയില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണ്. വിദ്യാര്‍ത്ഥിയുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആള്‍നാശം പരമാവധി കുറച്ച് ഒഴിപ്പിക്കലിനാണ് ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ കര്‍ണ്ണാടക സ്വദേശിയായ വിദ്യാര്‍ത്ഥി കാര്‍ഖീവില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കുട്ടിയുടെ മൃതദേഹം ഇതുവരെ നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടില്ല.

വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ എംബസി

ആക്രമണം രൂക്ഷമായ യുക്രൈന്‍ കാര്‍ഖീവിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ എംബസി. വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയുമാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികളും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എംബസി പറയുന്നു.

വ്യോമാക്രമണം, ഡ്രോണ്‍ വഴിയുള്ള ആക്രമണം, മിസൈലാക്രമണം, ആര്‍ട്ടിലറി ഷെല്ലിംഗ്, വെടിവെപ്പ്, ഗ്രനേഡ് സ്‌ഫോടനങ്ങള്‍, പ്രാദേശികരും സൈനികരും തമ്മിലുള്ള പെട്രോള്‍ ബോംബേറ്, കെട്ടിടങ്ങള്‍ തകരാനുള്ള സാധ്യത, തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ പെടാനുള്ള സാധ്യത, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെടല്‍, വൈദ്യുതി, വെള്ളം, ഭക്ഷണം എന്നിവയ്ക്ക് ക്ഷാമം, കൊടും തണുപ്പില്‍ പെട്ടുപോകല്‍, കടുത്ത മാനസികസംഘര്‍ഷത്തിന് അടിമപ്പെടല്‍, പരിക്കേല്‍ക്കല്‍, വേണ്ടത്ര ചികിത്സ ലഭിക്കാതെ വരല്‍, യാത്ര ചെയ്യാന്‍ വഴിയില്ലാതാകല്‍, സൈനികരുമായോ സായുധരായ മറ്റ് പോരാളികളെയോ നേര്‍ക്കുനേര്‍ വരേണ്ട സാഹചര്യം എന്നിവ ഹാര്‍കീവില്‍ തുടരുന്നവര്‍ക്കും അവിടെ നിന്ന് യാത്ര ചെയ്ത് അതിര്‍ത്തികളിലേക്ക് എത്താന്‍ ശ്രമിക്കുന്നവര്‍ക്കും നേരിടേണ്ടി വരാമെന്നും, അത്തരത്തിലുള്ളവര്‍ അടിയന്തരമായി ഈ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാണ് എംബസി വ്യക്തമാക്കുന്നത്.

നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്

കൃത്യമായി നിങ്ങള്‍ക്കൊപ്പമുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്കൊപ്പം വിവരം പങ്കുവയ്ക്കുക, അവര്‍ക്കൊപ്പം സഞ്ചരിക്കുക
പരിഭ്രാന്തരാകരുത്, മാനസികസംഘര്‍ഷത്തിലാകരുത്
ചെറുസംഘങ്ങളായി മാത്രം നീങ്ങുക. പരമാവധി ഒരു സംഘത്തില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ മാത്രം. കൃത്യമായി ഒരു യാത്രാ പങ്കാളിയെ കണ്ടെത്തുക. സ്വയം ആ സംഘം രണ്ട് കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുക.
നിങ്ങളുടെ വിവരങ്ങള്‍ നിങ്ങളുടെ യാത്രാപങ്കാളിയുമായി കൃത്യമായി പങ്കുവയ്ക്കണം.
വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കുക. നിങ്ങളുടെ സംഘത്തിലുള്ളവരുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇന്ത്യയിലെ കോണ്ടാക്ട് നമ്പര്‍, ഇന്ത്യയിലെ വിലാസം, നിലവിലുള്ള ലൊക്കേഷന്‍, ദില്ലിയിലെയോ അതിര്‍ത്തി രാജ്യങ്ങളിലെയോ എംബസി കണ്‍ട്രോള്‍ റൂം നമ്പറുകള്‍ എന്നിവ പങ്കുവയ്ക്കുക. ഓരോ എട്ട് മണിക്കൂര്‍ കൂടുമ്പോഴും വിവരം പുതുക്കാന്‍ മറക്കാതിരിക്കുക. കൃത്യമായി പത്ത് പേര്‍ ഒപ്പമുണ്ടെന്ന് കോര്‍ഡിനേറ്റര്‍ ഉറപ്പ് വരുത്തി നിങ്ങളുടെ ഇപ്പോഴത്തെ ലൊക്കേഷന്‍ കണ്‍ട്രോള്‍ റൂം/ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ അറിയിക്കുക.
എംബസി/ കണ്‍ട്രോള്‍ റൂം/ പ്രാദേശിക അധികൃതര്‍ എന്നിവരുമായി കോര്‍ഡിനേറ്റര്‍ മാത്രം സംസാരിക്കുക.
ഫോണിലെ ബാറ്ററികള്‍ പരമാവധി സേവ് ചെയ്യുക.

ശ്രദ്ധിക്കേണ്ടത്:

അവശ്യസാധനങ്ങളടങ്ങിയ ഒരു കിറ്റ് എപ്പോഴും കയ്യില്‍ കരുതുക
പാസ്‌പോര്‍ട്ട്, ഐഡി കാര്‍ഡ്, അവശ്യമരുന്നുകള്‍, ജീവന്‍രക്ഷാ മരുന്നുകള്‍, ടോര്‍ച്ച്, തീപ്പെട്ടി, ലൈറ്റര്‍, മെഴുകുതിരികള്‍, പണം, കഴിക്കാന്‍ എനര്‍ജി ബാറുകള്‍, പവര്‍ ബാങ്ക്, വെള്ളം, ഫസ്റ്റ് എയ്ഡ് കിറ്റ്, ഹെഡ് ഗിയര്‍, മഫ്‌ളര്‍, ഗ്ലൗസ്, വാം ജാക്കറ്റ്, വാം സോക്‌സ്, ഷൂ എന്നിവ അവശ്യസാധനങ്ങളുടെ കിറ്റില്‍ വേണം.
പരമാവധി വെള്ളവും ഭക്ഷണവും കരുതുക, പങ്കുവയ്ക്കുക. വയറുനിറയെ കഴിക്കരുത്. കുറച്ചുകുറച്ചായി പല സമയങ്ങളില്‍ കഴിക്കുക. ഇത് ഉടന്‍ വിശക്കാതിരിക്കാന്‍ സഹായിക്കും. നല്ലവണ്ണം വെള്ളം കുടിക്കുക. തുറന്ന സ്ഥലങ്ങളില്‍ പറ്റുമെങ്കില്‍ മഞ്ഞുരുക്കി വെള്ളം ശേഖരിക്കുക.
വലിയ ഗാര്‍ബേജ് ബാഗ് കയ്യില്‍ കരുതുക. നിലത്ത് വിരിക്കാനോ, മഴയില്‍ നിന്ന് രക്ഷ നേടാനോ, മഞ്ഞ് കൊള്ളാതിരിക്കാനോ ഇത് സഹായിക്കും.
അസുഖബാധിതരാകുകയോ പരിക്കേല്‍ക്കുകയോ ചെയ്താല്‍ ഉടനടി എമര്‍ജന്‍സി ഹെല്‍പ് ലൈന്‍/കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിളിക്കുക.
മൊബൈലിലെ അനാവശ്യ ആപ്പുകളെല്ലാം ഡിലീറ്റ് ചെയ്യുക. ബാറ്ററി സേവ് ചെയ്യുക. പരമാവധി സംസാരം കുറയ്ക്കുക.
സുരക്ഷിതമായ ബങ്കറുകളിലോ സേഫ് സോണിലോ, ബേസ്‌മെന്റുകളിലോ പരമാവധി കഴിയാന്‍ ശ്രമിക്കുക.
തെരുവിലാണെങ്കില്‍ റോഡിന് നടുവിലൂടെ നടക്കരുത്. കെട്ടിടങ്ങളുടെ മറവില്‍ നടക്കുക. പരമാവധി കുനിഞ്ഞ് നടക്കുക. സിറ്റി സെന്ററുകള്‍ ഒഴിവാക്കുക. ഡൗണ്‍ ടൗണ്‍ പ്രദേശങ്ങള്‍ ഒഴിവാക്കുക. സ്ട്രീറ്റ് കോര്‍ണറുകള്‍ കടക്കുമ്പോള്‍ പരമാവധി ശ്രദ്ധിക്കുക.
സംഘങ്ങളായി സഞ്ചരിക്കുമ്പോള്‍ പരമാവധി വെള്ള വസ്ത്രം കരുതുക – ആവശ്യമെങ്കില്‍ വീശിക്കാണിക്കുക.
റഷ്യനില്‍ സംസാരിക്കാന്‍ അത്യാവശ്യം പഠിക്കുക. ഉദാഹരണം – യാ സ്റ്റുഡന്റ് ഇസ് ഇന്‍ഡി (ഞാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ്), യാ നീകോംബറ്റന്റ് (ഞാന്‍ നിരായുധനാ/യാണ്), പൊഴാലുസ്ത പൊമോജിത് മിന്‍ (എന്നെ സഹായിക്കൂ) എന്നീ വാചകങ്ങള്‍ പഠിക്കണം.
യാത്ര ചെയ്യാതിരിക്കുമ്പോള്‍ പരമാവധി നീട്ടി ശ്വാസമെടുക്കുക. കൈകാലുകള്‍ അനക്കുക. രക്തചംക്രമണം കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കുക.
അവശ്യകിറ്റിന് പുറമേ അത്യാവശ്യം വേണ്ട സാധനങ്ങള്‍ മാത്രമെടുക്കുക. ദൂരയാത്ര വേണ്ടി വരുന്നതിനാല്‍ ചെറുബാഗുകള്‍ അഭികാമ്യം.
അടിയന്തരസാഹചര്യം വന്നാല്‍ ഉടനടി നിലവിലുള്ള ഇടത്ത് നിന്ന് മാറാന്‍ തയ്യാറായിരിക്കുക.
മിലിട്ടറി ചെക്ക് പോസ്റ്റുകളില്‍ തടഞ്ഞാല്‍ അവര്‍ പറയുന്നത് അനുസരിക്കുക. കൈയുയര്‍ത്തി അവരുടെ അടുത്തേക്ക് നടന്നെത്തുക.
പരമാവധി മര്യാദയോടെ മാത്രം അവരോട് പെരുമാറുക. അവര്‍ക്ക് വേണ്ട വിവരം നല്‍കുക. അടിയന്തര ഇടപെടല്‍ വേണ്ടി വന്നാല്‍ കണ്‍ട്രോള്‍ റൂമിലോ ഹെല്‍പ് ലൈനിലോ വിളിക്കുക.
കണ്‍ട്രോള്‍ റൂമും ഹെല്‍പ് ലൈനും നിര്‍ദേശിക്കുന്നതിനനുസരിച്ച് കൃത്യമായി മാത്രം അതിര്‍ത്തികളിലേക്ക് യാത്ര ചെയ്യുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular