Wednesday, April 24, 2024
HomeGulfക്രിക്കറ്റിന് താലിബാന്റെ പച്ചക്കൊടി! അഫ്ഗാന് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് കളിക്കാം

ക്രിക്കറ്റിന് താലിബാന്റെ പച്ചക്കൊടി! അഫ്ഗാന് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് കളിക്കാം

താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണമേറ്റെടുത്ത ശേഷം അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി അനിശ്ചിതത്വത്തിലാവുമോയെന്ന് ക്രിക്കറ്റ് പ്രേമികള്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും ആശ്വസിക്കാന്‍ വക നല്‍കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ക്രിക്കറ്റുമായി മുന്നോട്ട്‌പോവാന്‍ അഫ്ഗാന്‍ ടീമിനു പച്ചക്കൊടി കാണിച്ചിരിക്കുകയാണ് താലിബാന്‍. അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഹമീദ് ഷിന്‍വാരിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ടീമിനെ അയക്കാന്‍ താലിബാന്‍ അനുമതി നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. കൂടാതെ അഫ്ഗാന്റെ അണ്ടര്‍ 19 ടീം ഈ മാസമവസാനം ബംഗ്ലാദേശില്‍ പരമ്പര കളിക്കുമെന്നും ഷിന്‍വാരി കൂട്ടിച്ചേര്‍ത്തു.

ഇതു രണ്ടാം തവണയാണ് താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണമേറ്റെടുത്തത്. നേരത്തേ 2001ലും സമാനമായ സാഹചര്യമുണ്ടായിരുന്നു. അന്നു പക്ഷെ കടുത്ത നിലപാടായിരുന്നു അവര്‍ സ്വീകരിച്ചത്. ക്രിക്കറ്റുള്‍പ്പെടെയുള്ള കായിക ഇനങ്ങള്‍ മാത്രമല്ല മിക്ക വിനോദങ്ങളും താലിബാന്‍ നിരോധിച്ചിരുന്നു. മാത്രല്ല വധശിക്ഷ നടപ്പാക്കാനുള്ള വേദിയായിട്ടായിരുന്നു അന്നു അവര്‍ രാജ്യത്തെ സ്റ്റേഡിയങ്ങള്‍ ഉപയോഗിച്ചിരുന്നത്

പക്ഷെ ഇത്തവണ കുറേക്കൂടി നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് താലിബാന്‍. അഫ്ഗാന്‍ ക്രിക്കറ്റ് ടീം നിലവില്‍ ഏഷ്യയിലെ മികച്ച ടീമുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവരെപ്പോലെയുള്ള സൂപ്പര്‍ താരങ്ങളും അഫ്ഗാനില്‍ നിന്നും ലോക ക്രിക്കറ്റിനെ കീഴടക്കുകയും ചെയ്തിരുന്നു. ഐസിസിയുടെ ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ റാഷിദ് മൂന്നാംസ്ഥാനത്തുണ്ട്. കൂടാതെ ഓള്‍റൗണ്ടര്‍മാരില്‍ ലോകത്തിലെ രണ്ടാം നമ്പര്‍ താരം കൂടിയാണ് നബി. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരങ്ങളായ ഇരുവര്‍ക്കും ഇന്ത്യയിലും ഏറെ ആരാധകരുണ്ട്.

ഓസ്‌ട്രേലിയയില്‍ ഒരേയൊരു ടെസ്റ്റിലാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീം കളിക്കാനൊരുങ്ങുന്നത്. നവംബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്നു വരെ ഹൊബാര്‍ട്ടിലായിരിക്കും ഈ മല്‍സരം. കഴിഞ്ഞ വര്‍ഷം ഷെഡ്യൂള്‍ ചെയ്തിരുന്ന മല്‍സരം കൂടിയായിരുന്നു ഇത്. പക്ഷെ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ വന്നതോടെ മല്‍സരം നീട്ടിവയ്ക്കുകയായിരുന്നു. ഓസ്‌ട്രേലിയയില്‍ അഫ്ഗാന്‍ ടീമിന്റെ കന്നി ടെസ്റ്റ് കൂടിയായിരിക്കും ഇത്. ഓസ്‌ട്രേലിയയിലെ ഈ ടെസ്റ്റിനു മുമ്പ് യുഎഇയില്‍ ഐസിസിയുടെ ടി20 ലോകകപ്പിലും അഫ്ഗാനിസ്താന്‍ പങ്കെടുക്കുന്നുണ്ട്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 15 വരെയായിരിക്കും ഈ ടൂര്‍ണമെന്റ്. മുന്‍നിര ടീമുകള്‍ക്കൊപ്പം ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്കു അഫ്ഗാന്‍ നേരത്തേ തന്നെ യോഗ്യത നേടിയിരുന്നു. സൂപ്പര്‍ 12ല്‍ ഇന്ത്യ, ന്യൂസിലാന്‍ഡ്, പാകിസ്താന്‍ എന്നിവര്‍ക്കൊപ്പമാണ് അവരുടെ സ്ഥാനം. യോഗ്യതാ മല്‍സരം കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പിലുണ്ടാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular