Friday, April 26, 2024
HomeEuropeഅലി ദേയിയുടെ റെക്കോഡ് തകര്‍ത്തു, എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍

അലി ദേയിയുടെ റെക്കോഡ് തകര്‍ത്തു, എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍

ലിസ്ബന്‍: അന്താരാഷ്ട്ര ഫുട്‌ബോളില്‍ ചരിത്ര റെക്കോഡില്‍ മുത്തമിട്ട് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അന്താരാഷ്ട്ര ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനെന്ന റെക്കോഡാണ് അദ്ദേഹം സ്വന്തം പേരിലാക്കിയത്. 2022ലെ ഫുട്‌ബോള്‍ ലോകകപ്പിന് മുന്നോടിയായുള്ള യോഗ്യതാ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരേ ഇരട്ട ഗോള്‍ നേടിയതോടെയാണ് റൊണാള്‍ഡോ ഈ നേട്ടം സ്വന്തം പേരിലാക്കിയത്. ഇറാന്റെ അലി ദേയിയുടെ 109 ഗോളെന്ന റെക്കോഡാണ് റൊണാള്‍ഡോ തിരുത്തിയത്. നിലവില്‍ 180 മത്സരത്തില്‍ നിന്ന് 111 ഗോളാണ് ഇതിഹാസ താരത്തിന്റെ പേരിലുള്ളത്. അലി 140 മത്സരത്തില്‍ നിന്നാണ് 109 ഗോള്‍ നേടിയത്.

അയര്‍ലന്‍ഡിനെതിരേ പോര്‍ച്ചുഗലിന് അവസാന നിമിഷം ജയം സമ്മാനിച്ചത് റൊണാള്‍ഡോയാണ്. 15ാ മിനുട്ടില്‍ പെനാല്‍റ്റി പാഴാക്കിയ റൊണാള്‍ഡോ 89ാം മിനുട്ടില്‍ ഗോള്‍ നേടി പോര്‍ച്ചുഗലിന് 1-1 സമനിലയിലേക്കെത്തിച്ചു. ഇഞ്ചുറി ടൈമിലെ ഗോളിലാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിന് ജയം സമ്മാനിച്ചത്. ‘ഞാന്‍ വളരെ സന്തോഷവാനാണ്. റെക്കോഡ് നേടിയതുകൊണ്ട് മാത്രമല്ല. അവസാന സമയത്ത് രണ്ട് ഗോളുകള്‍ നേടിയെന്നത് സവിശേഷമായ നിമിഷമാണ്. വളരെ ബുദ്ധിമുട്ടായിരുന്നു കാര്യങ്ങള്‍. എന്നാല്‍ ടീമിന് വിജയത്തിലേക്കെത്താന്‍ സാധിച്ചു. ആരാധകരും ടീം മാനേജ്‌മെന്റും മത്സരത്തിന്റെ അവസാന നിമിഷം വരെ ഈ ടീമില്‍ വിശ്വസിച്ചു’ – റൊണാള്‍ഡോ പറഞ്ഞു. ചരിത്ര നേട്ടമെന്ന് തന്നെയാണ് പോര്‍ച്ചുഗീസ് താരം സ്വന്തം പേരിലാക്കിയിരിക്കുന്നത്. ഫുട്‌ബോള്‍ ഇതിഹാസമെന്ന് വിശേഷിപ്പിക്കുന്ന ബ്രസീലിന്റെ പെലെ അന്താരാഷ്ട്ര കരിയറില്‍ 92 മത്സരത്തില്‍ നിന്ന് 77 ഗോളാണ് നേടിയിട്ടുള്ളത്. അര്‍ജന്റീനയുടെ ലയണല്‍ മെസ്സി 151 മത്സരത്തില്‍ നിന്ന് നേടിയത് 76 ഗോളാണ്. ഇന്ത്യയുടെ സുനില്‍ ഛേത്രി 118 മത്സരത്തില്‍ നിന്ന് 74 ഗോളും നേടിയിട്ടുണ്ട്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ കരിയറിലെ നിര്‍ണ്ണായക ചുവടുവെപ്പ് എടുത്തതിന് പിന്നാലെയാണ് ഇത്തരമൊരു ചരിത്ര നേട്ടം അദ്ദേഹം സ്വന്തമാക്കിയത്. റൊണാള്‍ഡോയെ സിആര്‍7 എന്ന വലിയ ബ്രാന്റായി വളര്‍ത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കാണ് അദ്ദേഹത്തിന്റെ മടങ്ങിവരവ്. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ നിന്നാണ് റൊണാള്‍ഡോ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുന്നത്. റയല്‍ മാഡ്രിഡിലെ ഇതിഹാസ കരിയറിന് ശേഷം യുവന്റസിലേക്ക് കൂടുമാറിയ റോണോക്ക് സീരി എയില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് അദ്ദേഹം യുണൈറ്റഡിലേക്ക് കൂടുമാറിയത്. റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള വരവ് ഇതിനോടകം പല റെക്കോഡുകളും തകര്‍ത്ത് കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമിലൊക്കെ റോണോയുടെ വരവ് ആഘോഷമാക്കുകയാണ്. നേരത്തെ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയാല്‍ ഏഴാം നമ്പര്‍ റൊണാള്‍ഡോയ്ക്ക് ലഭിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാല്‍ ഏഴാം നമ്പര്‍ അദ്ദേഹത്തിന് തന്നെ ലഭിക്കുമെന്നുറപ്പായി. ഏഴാം നമ്പറില്‍ കളിച്ചിരുന്ന എഡിന്‍സന്‍ കവാനി 21ാം നമ്പറിലേക്കാവും മാറുക.

റൊണാള്‍ഡോയ്ക്ക് ഏഴാം നമ്പറില്‍ തിരിച്ചെത്താന്‍ ഒരു താരത്തെ ഒഴിവാക്കുകയാണ് യുണൈറ്റഡ് ചെയ്തത്. 21ാം നമ്പറില്‍ കളിച്ച ഡാനിയല്‍ ജെയിംസിനെ ഒഴിവാക്കിയതോടെ 21ാം നമ്പര്‍ ഒഴിവുവന്നു. ഇത് കവാനിക്ക് നല്‍കിയാണ് റോണോക്ക് ഏഴാം നമ്പര്‍ നല്‍കുന്നത്.എന്തായാലും ചുവന്ന ചെകുത്താന്‍മാര്‍ക്കം റൊണാള്‍ഡോ വീണ്ടും ഓള്‍ഡ് ട്രഫോര്‍ഡില്‍ പന്ത് തട്ടുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. മത്സരത്തിലൂടെ ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച യൂറോപ്യന്‍ താരമെന്ന റെക്കോഡില്‍ സ്‌പെയിന്റെ സെര്‍ജിയോ റാമോസിനൊപ്പമെത്താനും റൊണാള്‍ഡോക്കായി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് 33 ഗോള്‍, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് 31 ഗോള്‍, അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലൂടെ 19 ഗോള്‍, യൂറോ കപ്പിലൂടെ 14 ഗോള്‍,ലോകകപ്പില്‍ ഏഴ് ഗോള്‍, യുവേഫ നാഷണല്‍ ലീഗിലൂടെ നാല് ഗോള്‍, കോണ്‍ഫെഡറേഷന്‍ കപ്പിലൂടെ രണ്ട് ഗോളുമാണ് അദ്ദേഹം നേടിയത്. 2022ലെ ഖത്തര്‍ ലോകകപ്പ് റൊണാള്‍ഡോയുടെയും മെസ്സിയുടെയും കരിയറിലെ അവസാന ലോകകപ്പായി മാറിയേക്കും. അതിനാല്‍ത്തന്നെ ഇതിഹാസങ്ങളുടെ അവിസ്മരണീയ പ്രകടനമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular