Friday, April 19, 2024
HomeEditorialകാളക്കൂറ്റന്മാര്‍ക്ക് സിനിമയില്‍ ഇനി മൂക്കുകയര്‍ ; നാട്ടിലെ ഫ്രഷ് ന്യൂസ്

കാളക്കൂറ്റന്മാര്‍ക്ക് സിനിമയില്‍ ഇനി മൂക്കുകയര്‍ ; നാട്ടിലെ ഫ്രഷ് ന്യൂസ്

സിനിമയെന്താ ചില കാളക്കൂറ്റന്മാര്‍ക്ക് എന്തും ചെയ്യാവുന്ന ഇടമാണോ? ചോദിച്ചത് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകളുടെ കൂട്ടായ്മ , അവരുടെ വാദം ന്യായമെന്ന് ഹൈക്കോടതി ശരിവച്ചിരിക്കുന്നു .

അറിയപ്പെടുന്ന ഒരു സിനിമാ നടിക്കുണ്ടായ അനുഭവം നമുക്കറിയാം . ലോകത്ത് കേട്ടു കേള്‍വിയില്ലാത്തവിധം കൊട്ടേഷന്‍ നല്‍കി ആ നടിയെ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ വച്ച് ഒരു ഗുണ്ട ആക്രമിച്ചു അതിന്റെ വീഡിയോയുമെടുത്ത് വൈറലാക്കി . സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകളോട് എന്തുമാവാം എന്നായി ചില പുരുഷകേസരികള്‍ക്ക് അതിലെന്താ തെറ്റെന്ന് ന്യായീകരിക്കാന്‍ ചില ശിങ്കിടികളും രംഗത്ത് .

അഞ്ചു വര്‍ഷം മുന്‍പ് നടന്ന ആ സംഭവത്തെ എതിര്‍ത്ത അന്നത്തെ തിളങ്ങുന്ന നടികള്‍ പോലും അതോടെ സിനിമയില്ലാതെ വീട്ടിലിരിപ്പായി . ആരോട് പറയാന്‍ ? സര്‍ക്കാരിനും പോലീസിലും സിനിമാക്കാരെ പേടി  ഡബ്യു.സി.സി എന്ന സംഘടന തൊഴിലിടങ്ങളില്‍ സ്ത്രീ സംരക്ഷണ സെല്‍ വേണമെന്ന് ചേട്ടന്മാരോട് കരഞ്ഞു പറഞ്ഞു നോക്കി . അവര്‍ ചിരിച്ചും കളിച്ചും ഒഴിഞ്ഞു മാറി , ഇപ്പോഴിതാ ഹൈക്കോടതി അത്തരം സെല്‍ വേണമെന്ന് ഉത്തരവിട്ടിരുന്നു

കേട്ടു കേള്‍വിയില്ലാത്തത് : 

ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ആക്രമിക്കപ്പെട്ട നടിയും രംഗത്തിറങ്ങി . 20 സാക്ഷികളെ കൂറ് മാറ്റിയ അഭിഭാഷക സംഘത്തെ പറ്റിയും അവരുടെ അഭിഭാഷകവൃത്തിയ്ക്ക് നിരക്കാത്ത നടപടികളെപ്പറ്റിയും ബാര്‍ കൗണ്‍സിലിന് പരാതിയും നല്‍കി . ദിലീപും കൂട്ടാളികളും അതപ്പാടെ നിഷേധിക്കുന്നു .

പോലീസും സുതാര്യം :

ദിലീപിന് എന്നും എപ്പോഴും പോലീസ് സഹായം രഹസ്യമായി ലഭിക്കുന്നു . അക്കൂട്ടത്തില്‍ ഡി.ഐ.ജി സഞ്ജയകുമാര്‍ ഗരുഡ് സാറുമുണ്ട് . സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പരാതി കിട്ടിയ ഉടന്‍ ഈ പോലീസ് ഏമാനുമായി വാട്‌സാപ്പില്‍ ദിലീപ് സംസാരിച്ചു . 4.12 മിനിറ്റ് നീണ്ട സംഭാഷണം . അതോടെ ദിലീപും കൂട്ടരും പഴയ മൊബൈല്‍ മാറ്റി പുതിയത് വാങ്ങി. പോലീസും സുതാര്യമാകേണ്ടേ എന്നാകും ഗരുഡ് സാറിന്റെ ന്യായം .

കൗണ്‍സിലിംഗ് ഇങ്ങനെ :

പാതിരിമാര്‍ കൗണ്‍സിലിംഗ് നടത്തുന്നത് സത്യക്രിസ്താനികള്‍ക്ക് വലിയ കാര്യം . പത്തനംതിട്ടയിലെ പോണ്ട്സന്‍ ജോണ്‍സച്ചനാണെങ്കില്‍ പറയേണ്ട , കൗണ്‍സിലിംഗ് സമ്പൂര്‍ണ്ണം ! ഇപ്പോള്‍ ആ അച്ചന്‍ കമ്പിയഴി എണ്ണുന്നു ഒരു പെണ്‍കുട്ടിയെ ശരിക്കും കൗണ്‍സിലിംഗ് ചെയ്തു . പരാതിയായി, പോലീസ് പിടിയിലായി . വേറൊരു അച്ചന്‍ കുമ്പസാര രഹസ്യം മുതലാക്കി കൂട്ടുകാരായ അച്ചന്മാര്‍ക്കും ഗുണമുണ്ടാക്കി .

പ്രഭാതസവാരി :

പ്രഭാതസവാരിക്കാര്‍ സൂക്ഷിക്കുക . പുലര്‍ച്ചെ നൂറനാട്ട് സവാരിക്കിറങ്ങിയ 3 പേര്‍ ടോറസ് ലോറി തട്ടി ഇന്ന് മരിച്ചു . വളവില്‍ വച്ചാണ് പാഞ്ഞു വന്ന ലോറി അവരെ തട്ടി വീഴ്ത്തിയത് . രാത്രിയോ പുലര്‍ച്ചയോ നടക്കാനിറങ്ങുന്നവര്‍ അകലെ നിന്ന് കാണാവുന്ന നിറങ്ങളുള്ള വസ്ത്രങ്ങള്‍ അണിയുന്നത് നല്ലതാണെന്ന് കൂട്ടത്തില്‍ ഓര്‍മപ്പെടുത്തട്ടെ .

പാഴ്സല്‍ ലഹരി :

പാഴ്സലിലാണ് കേരളത്തിന് വേണ്ട വിദേശ ലഹരികളെത്തുന്നത് അതാകട്ടെ , നല്ല വിദ്യാസമ്പന്നര്‍ക്കാണ് കൂടുതല്‍ വരുന്നത് . മൊബൈലില്‍ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കി ക്രിപ്‌റ്റോ കറന്‍സിയുണ്ടാക്കിയാണ് സെറ്റപ്പ് . ഇപ്പോള്‍ പിടിയിലായ ഫസലു വഴി കച്ചവടത്തിന്റെ കണ്ണികളെല്ലാം പുറത്തു വരും .

ബാലഗോപാലിന് സ്വപ്നം :

തോമസ് ഐസക്ക് മാത്രമല്ല ഗൗരവക്കാരനായ ബാലഗോപാലും ധനമന്ത്രിയായാല്‍ സ്വപ്ന ജീവികളായി മാറും  വയനാട്ടിലെ കല്‍പറ്റയില്‍ നിന്നും 9 മുടി പിന്‍ വളവ് ഇറങ്ങാതെ തുരങ്കം റോഡിലൂടെ വന്നു സില്‍വര്‍ ലൈന്‍  വഴി തിരുവനന്തപുരത്ത് എത്തുന്ന സ്വപ്നയാത്രയിലായിരുന്നു നിയമസഭയില്‍ ഇന്നലെ അദ്ദേഹം ഇടയ്ക്ക് യൂത്ത്കോണ്‍ഗ്രസ് ചെക്കന്മാര്‍ കരിങ്കൊടി കാട്ടി തടസമുണ്ടാക്കിയ കാര്യം മാത്രം ബാലഗോപാല്‍ പറയാന്‍ മറന്നു പോയി .

അവര്‍ക്കും മാര്‍ക്ക് :

സര്‍ക്കാര്‍ ഓഫീസിലെ പ്രമോഷനും ഇനി പരീക്ഷകളും  മാര്‍ക്കും വേണം . പണ്ട് ഗ്രേഡ് ആണ്  നോക്കിയിരുന്നത് അത് സുതാര്യമല്ലായിരുന്നു . മാര്‍ക്ക് കുറഞ്ഞാല്‍ സ്‌കൂള്‍ ക്ലാസുകളിലെ പോലെ  തോല്‍പ്പിച്ചു കളയും . അവര്‍ പഴയ ഗ്രേഡില്‍ തന്നെയിരുന്നു പ്രത്യേക പരിശീലനം നേടണം . സേവനങ്ങള്‍ തേടി ഓഫീസിലെത്തുന്നവര്‍ക്ക് മൈനസ് മാര്‍ക്കുണ്ട് . ഏറ്റവുമധികം പ്രശ്‌നം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാക്കുന്ന  ഒരു നിബന്ധന കൂടിയുണ്ട് : ഓഫീസില്‍ സമയത്ത് സീറ്റില്‍ തന്നെ കാണണം ഫയലുകള്‍ അകാരണമായി പിടിച്ചു വച്ചാലും പാരയാകും . ഈ നിയമം നടപ്പാക്കിയാല്‍ സര്‍ക്കാര്‍ ജോലിയുടെ സുഖം അങ്ങ് പോകും .

ശിവന്‍ കുട്ടി അങ്ങനെ :

പരീക്ഷാകാലത്തെ ചൂട് കാരണം ശിവന്‍കുട്ടി മന്ത്രി ഇപ്പോഴത്തെ പരീക്ഷകളെല്ലാം ഉച്ചവരെയാക്കി . 11 മുതല്‍ 2.30 വരെ ആരും പുറത്തിറങ്ങരുതെന്നും സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതൊന്നും മന്ത്രി അറിഞ്ഞില്ലെന്ന് തോന്നുന്നു . തിളയ്ക്കുന്ന ചൂടില്‍ പരീക്ഷ കഴിഞ്ഞു കുരുന്നു മക്കള്‍ വീട്ടിലെത്തണമെന്ന കാര്യം എന്തോ മന്ത്രി  ഇപ്പോള്‍ ഓര്‍ത്തിട്ടില്ല ഇത് വായിച്ചിട്ട് ഓര്‍മ്മ വന്നാല്‍ കുട്ടികളുടെ ഭാഗ്യം .

മുളകിനെന്താ വില ? :

‘അരിക്കെന്താ വില ?’ എന്ന ഒരു ന്യുജെന്‍ പാര്‍ട്ടിയോട് ചോദിക്കുന്ന ഒരു സത്യന്‍ അന്തിക്കാട് സിനിമയുണ്ടായിരുന്നല്ലോ . ഭക്ഷ്യമന്ത്രിയോട് നിയമസഭയില്‍ അങ്ങനെയൊരു ചോദ്യം വന്നു അദ്ദേഹം ഉടനെ ഉദ്യോഗസ്ഥരോട് വിവരം തിരക്കി പറയാന്‍ ഏല്‍പ്പിച്ചു . അതിനനുസരിച്ച് മുളക് കിലോവിന് വില 225 രൂപ ! 75 രൂപക്ക് സിവില്‍ സപ്ലൈസില്‍ ഇത് കിട്ടും . ജന്മ മുഴുവന്‍ സിവില്‍ സപ്ലൈസില്‍ പോകില്ല . പൊതുമാര്‍ക്കറ്റില്‍ എപ്പോള്‍ എല്ലാറ്റിനും പൊള്ളുന്ന വില . സപ്ലൈസില്‍ 60 രൂപക്ക് കിട്ടുന്ന പയറിന് 110 രൂപ ,  72 രൂപക്ക് കിട്ടുന്ന മല്ലിക്ക് 136 രൂപ . ഒടിവില്‍ പൊതു വിപണിയില്‍ വന്‍ വിലക്കയറ്റം തന്നെയെന്ന് മന്ത്രിയും സമ്മതിച്ചു . അതല്ലാതെ കച്ചവടക്കാരനെ പിണക്കാന്‍ ഒന്നും മന്ത്രിയില്ല

മാതൃഭൂമിക്ക് ആശംസ :

മലയാളത്തിലെ പ്രമുഖ പത്രമായ മാതൃഭൂമിയുടെ ശദാബ്ദി ആഘോഷങ്ങള്‍ നാളെ ആരംഭിക്കുന്നു . നാളെ നരേന്ദ്രമോദിയാണത് ഉദ്ഘാടനം ചെയ്യുന്നത്  ഇ-മലയാളിയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍ .

കളി മുരളി പറയും :

രാജ്യസഭയില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കുമുണ്ടല്ലോ ഒരു ഷുവര്‍ സീറ്റ് . സി.പി.എമ്മും സി.പി.ഐയും അത് യുവരക്തങ്ങള്‍ക്ക് നല്‍കിയപ്പോള്‍ ആലപ്പുഴക്കാരന്‍ എം.ലിജുവിനെ സുധാകരന്‍ തന്നെയിറക്കി ശ്രീനിവാസന്‍ കൃഷ്ണനെന്ന ഒരു പ്രവാസി മലയാളിയെ അതിനെതിരെ കെട്ടിയിറക്കിയിരിക്കുകയാണ് പ്രിയങ്ക മോള്‍ . ഈ പെന്‍ഷന്‍കാരന്‍ തന്റെ ഒരു ആശ്രിതനായതിനാല്‍
കെ. മുരളീധരന്‍ കൂടെ കൂടിയിട്ടുണ്ട് . രാജ്യസഭാ സീറ്റിന് രണ്ടു യോഗ്യത വേണമെന്നാണ് മുരളിയുടെ വാദം .  ഒന്ന് ബഹുഭാഷാ പണ്ഡിതനാകണം രണ്ട് കഴിഞ്ഞ നിയമസഭയില്‍ നിന്ന് തോറ്റവരാകരുത് . ലിജുവിന്റെ ചീട്ട് കീറാന്‍ സോണിയമ്മയ്ക്ക് ഇതിലും വലിയൊരു ന്യായം വേറെയുണ്ടോ ?

വാല്‍ക്കഷ്ണം : ‘കേറി വാടാ മക്കളെ ..’ എന്ന ഗോഡ്ഫാദര്‍ സിനിമയിലെ ഡയലോഗില്ലേ ? അതേ ഡയലോഗും അതേ എനര്‍ജിയുമായി നല്ലൊരു കോച്ചുള്ളതിനാല്‍ ആ വിജയം ഫുട്ബോള്‍ പ്രേമികള്‍ ഇപ്പോഴേ ഉറപ്പിക്കുന്നു . ഇവാന്‍ വുകോമനോവിച്ച് അച്ചായന്‍ മാത്രമല്ല ഗോള്‍വലയം കാക്കുന്ന ഗില്‍ കുട്ടപ്പനും സമദ് ലൂണാ എന്നീ  ചുണ കുട്ടികളും നമുക്ക് വലിയ പ്രതീക്ഷ തന്നെ . ഗില്‍ നടത്തിയ സേവുകള്‍ 45 . സമദും ലൂണയും അടിച്ചത് 6 ഗോളുകള്‍ വീതം . ഈ കണക്കുകളും നമുക്ക് കരുത്തേകുന്നു . ഇനി ദൈവം കൂടി തുണച്ചാല്‍ മതി .

കെ.എ. ഫ്രാന്‍സിസ് 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular