Thursday, March 28, 2024
HomeKeralaബിജെപിക്ക് തിരിച്ചടി; സുരേന്ദ്രന്‍ വെട്ടിലായി

ബിജെപിക്ക് തിരിച്ചടി; സുരേന്ദ്രന്‍ വെട്ടിലായി

നിയമസഭ തെരഞ്ഞെടുപ്പില്‍  പരാജയപ്പെടാന്‍ പ്രധാനകാരണം കെ. സുരേന്ദ്രനാണെന്ന നിലപാടുമായി  പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട്.  ഇതു ബിജെപിക്കും   സംസ്ഥാന പ്രസിഡന്റിനും തിരിച്ചടിയാണ്. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ദോഷം ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേമത്ത് ഒ. രാജഗോപാലിന് ജനകീയനാകാന്‍ സാധിക്കാതിരുന്നത് ഈ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന വലിയ ദോഷമാണ് ഉണ്ടാക്കിയത്. 35 സീറ്റ് നേടിയാല്‍ കേരളം ഭരിക്കുമെന്ന അവകാശവാദം ബിജെപി – കോണ്‍ഗ്രസ് ധാരണ ഉണ്ടെന്ന ചിന്ത ജനങ്ങളില്‍ ഉണ്ടാക്കി. കുതിരക്കച്ചവടം സംബന്ധിച്ച സംശയത്തിനും ഇടയാക്കി. ഇതെല്ലാം കേരളത്തില്‍ ന്യൂനപക്ഷങ്ങളെ എല്‍ഡിഎഫിന് അനുകൂലമാക്കി. എല്‍ഡിഎഫിന് അത് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചു.

പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചെങ്കിലും രണ്ടിടത്തും ശ്രദ്ധ കിട്ടിയില്ല.  മാത്രമല്ല അദ്ദേഹം വിജയിച്ചു കഴിഞ്ഞാല്‍ മണ്ഡലം കൈവിടും എന്ന പ്രതീതിയും ഉണ്ടാക്കി. മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് സാധ്യതയുണ്ടായിരുന്നുവെങ്കിലും ശ്രദ്ധ കുറഞ്ഞു.

ഏക ബിജെപി സീറ്റായിരുന്ന നേമം. മണ്ഡലം നഷ്ടപ്പെട്ടതിന് കാരണം മുന്‍ എംഎല്‍എ ആയിരുന്ന ഒ രാജഗോപാലിന് ജനകീയനാകാന്‍ സാധിച്ചില്ല എന്നതാണ്. എംഎല്‍എ ഓഫീസിലും മരണ വീടുകളിലും റെസിഡന്‍സ് അസോസിയേഷന്റെ പരിപാടികളിലും അദ്ദേഹം സജീവമായിരുന്നില്ല. എന്നാല്‍ വി .ശിവന്‍കുട്ടി നേരത്തെ തന്നെ സജീവമായിരുന്നു. ഇതിന് പുറമെ നേമം ഗുജറാത്ത് ആണെന്ന കുമ്മനം അടക്കമുള്ളവരുടെ പരാമര്‍ശങ്ങള്‍ തിരിച്ചടിയായി. കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ ശബരിമല മാത്രമാണ് പ്രചാരണ വിഷയമാക്കിയത്. എന്നാല്‍ ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി.

എല്‍ഡിഎഫ് ജനകീയ വിഷയങ്ങളും സര്‍ക്കാരിന്റേ നേട്ടങ്ങളും പ്രചാരണ വിഷയമാക്കി. തീവ്ര ഹിന്ദു നിലപാടിലേക്ക് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി പോയി എന്നത് വലിയ തിരിച്ചടിയായി. ശബരിമല പോലെയുള്ള മതപരമായ വിഷയങ്ങളല്ല പാര്‍ട്ടി ഏറ്റെടുക്കേണ്ടത്. ജനകീയ വിഷയങ്ങളാണ് ഏറ്റെടുക്കേണ്ടത്. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയുടെ പ്രവര്‍ത്തനം മാറണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ബിഡിജെഎസ്, എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരുന്നെങ്കില്‍ പോലും ഈഴവ വോട്ടുകള്‍ ബിജെപിയ്ക്ക് ലഭിച്ചില്ല. നേമത്ത് അടക്കം എസ്എന്‍ഡിപി, ഈഴവ വോട്ടുകളും നായര്‍ വോട്ടുകളും കിട്ടിയില്ല. അതേസമയം ഗുരുവായൂരിലേയും തലശ്ശേരിയിലേയും നാമനിര്‍ദ്ദേശപത്രിക തള്ളിയത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍  കെ സുരേന്ദ്രനാണ് തിരഞ്ഞെടുപ്പ് അവലോകന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഞ്ചംഗ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നാല് ജനറല്‍ സെക്രട്ടറിമാരും ഒരു വൈസ് പ്രസിഡന്റും അടങ്ങിയ സമിതി സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും പര്യടനം നടത്തിയാണ് അവലോകനം നടത്തിയത്. തിരുവനന്തപുരം മണ്ഡലത്തില്‍ പൊതുവെ ഇറക്കുമതി സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പരിഗണിക്കുന്നത് എന്ന വിമര്‍ശനം പ്രവര്‍ത്തകര്‍ അന്വേഷണ സമിതിക്ക് മുമ്പാകെ അറിയിച്ചിട്ടുണ്ട്. ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ പരീക്ഷിക്കുന്ന തന്ത്രം ഇനി പാടില്ലെന്നും പ്രവര്‍ത്തകര്‍ അന്വേഷണ സമിതിക്ക് മുന്നില്‍ പറഞ്ഞു. അടുത്ത ആഴ്ച ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം ചേരും. കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ക്രോഡീകരിച്ച ഭാരവാഹി യോഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular