Friday, April 19, 2024
HomeIndiaടാറ്റയുടെ മുന്നേറ്റം, 51% വളര്‍ച്ചയുമായി മൂന്നാമത്, ഒന്നാമന് കാലിടറുന്നു

ടാറ്റയുടെ മുന്നേറ്റം, 51% വളര്‍ച്ചയുമായി മൂന്നാമത്, ഒന്നാമന് കാലിടറുന്നു

കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഈ പ്രതിസന്ധി സകല മേഖലകളെയും ബാധിച്ചിരിക്കുന്നു. വാഹനവിപണിയില്‍ ഉള്‍പ്പെടെ ഇത് പ്രകടമാണ്. എന്നാല്‍ 2021 ഓഗസ്റ്റ് മാസത്തിലെ വാഹനവില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ മികച്ച വില്‍പ്പനയുമായി കുലുങ്ങാതെ നില്‍ക്കുകയാണ് രാജ്യത്തിന്‍റെ സ്വന്തം വാഹന നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്‍സ്.

വില്‍പ്പനയില്‍ മൂന്നാം സ്ഥാനമാണ് ടാറ്റയ്ക്ക്. പക്ഷേ എങ്കില്‍ എന്താണ്, 53 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് കയ്യടക്കിക്കൊണ്ടാണ്  ടാറ്റ ഓഗസ്റ്റ് മാസം പിന്നിട്ടിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആകെ 54,190 യൂണിറ്റ് വാഹനങ്ങളാണ് ഓഗസ്റ്റില്‍ ടാറ്റ വിറ്റത്. അതേസമയം പാസഞ്ചര്‍ കാറുകളുടെ 28,018 യൂണിറ്റുകളാണ് പോയമാസം ടാറ്റ വിപണിയില്‍ വിറ്റത്. 2020 ഓഗസ്റ്റില്‍ ഇത് 18,583 യൂണിറ്റുകളായിരുന്നു. 51 ശതമാനമാണ് ഈ സെഗ്‍മെന്റിലെ വളര്‍ച്ച. പാസഞ്ചര്‍ വാഹന വില്‍പ്പനയിലെ ഒന്നാംസ്ഥാനക്കാരായ മാരുതി സുസുക്കിക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന ഇടിഞ്ഞപ്പോഴാണ് ടാറ്റാ മോട്ടോഴ്‍സിന്‍റെ ഈ നേട്ടം എന്നതാണ് ശ്രദ്ധേയം.

നെക്‌സോണ്‍, അള്‍ട്രോസ്, ടിയാഗൊ, ഹാരിയര്‍, സഫാരി മോഡലുകളുടെ കയ്യും പിടിച്ചാണ് ടാറ്റയുടെ മുന്നേറ്റം. ഇതേസമയം, ജൂലായിലെ കണക്കുകള്‍ വിലയിരുത്തിയാല്‍ വില്‍പ്പനയില്‍ കമ്പനി 7.2 ശതമാനം പിന്നാക്കം പോയി എന്ന്ത് മറ്റൊരു വസ്‍തുത. ജൂലായില്‍ 30,184 യൂണിറ്റുകള്‍ വില്‍ക്കാന്‍ ടാറ്റയ്ക്ക് സാധിച്ചിരുന്നു. എന്തായാലും ഒരു വര്‍ഷം കൊണ്ട് മാര്‍ക്കറ്റ് വിഹിതം 7.9 ശതമാനത്തില്‍ നിന്നും 10.8 ശതമാനമായി കൂട്ടാന്‍ ടാറ്റയ്ക്ക് കഴിഞ്ഞു.

അതേസമയം സെപ്റ്റംബറില്‍ ടാറ്റയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സെമി കണ്ടക്ടറുകളുടെ ലഭ്യതക്കുറവ് കാരണം ഈ മാസം ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ടാറ്റ ഉള്‍പ്പെടെ വിവിധ വണ്ടിക്കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്.

കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ കാര്‍ വിപണി പച്ച പിടിച്ച മാസമാണ് 2021 ഓഗസ്റ്റ്. ആകെ 2.6 ലക്ഷത്തോളം സ്വകാര്യ കാറുകളാണ് രാജ്യത്തെ പ്രമുഖ 15 കമ്പനികള്‍ ചേര്‍ന്ന് വിറ്റത്. 2020 ഓഗസ്റ്റുമായി താരതമ്യം ചെയ്‍താല്‍ 11 ശതമാനം വളര്‍ച്ച. 2020 ഓഗസ്റ്റില്‍ 2.34 ലക്ഷം കാറുകളായിരുന്നു രാജ്യത്തെ വാഹന വിപണിയില്‍ വിറ്റുപോയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular