Thursday, March 28, 2024
HomeKeralaകേരളത്തില്‍ വീണ്ടും നിപ ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

കേരളത്തില്‍ വീണ്ടും നിപ ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

കോഴിക്കോട് നിപയുടെ ലക്ഷണങ്ങളോടെ മരിച്ച കുട്ടിയുടെ മരണകാരണം നിപയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി  വീണാ ജോര്‍ജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ച മൂന്നു സാംപിളുകളിലും നിപ പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രിയാണ് വിവരം അറിഞ്ഞതെന്നും അപ്പോള്‍ തന്നെ ജാഗ്രതാനിര്‍ദ്ദേശം നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ മുഴുവന്‍ കണ്ടെത്തി ഇതിനകം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് ജില്ലയില്‍ കുട്ടിയുടെ വീടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇവിടേയ്ക്കുള്ള വാഹനഗതാഗതം അടക്കം നിരോധിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുന്ന ശ്മശാനത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലും കര്‍ശന നിയന്ത്രങ്ങളാണുള്ളത്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോട്ടേയ്ക്ക തിരിച്ചു. കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ദ സംഘവും എത്തും. ഇവര്‍ എത്തിയശേഷം കൂടുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കും.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 12 വയസുകാരനാണ് മരിച്ചത്. പനി കുറയാത്തതിനെ തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളാകുകയായിരുന്നു. പുലര്‍ച്ചെ 4.45 ഓടെ മരിച്ചു.

2018 മേയിലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചിരുന്നത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2019ല്‍ കൊച്ചിയിലും നിപ വൈറസ് സ്ഥിരീകരിച്ചെങ്കിലും വളരെ വേഗത്തില്‍ നിയന്ത്രണ വിധേയമായിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular