Friday, April 19, 2024
HomeEuropeഇറ്റലി ഖത്തറിലേക്കില്ല; ലോകകപ്പ് യോഗ്യത നേടാനാവാതെ പുറത്ത്

ഇറ്റലി ഖത്തറിലേക്കില്ല; ലോകകപ്പ് യോഗ്യത നേടാനാവാതെ പുറത്ത്

പലെര്‍മോ: തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പ് യോഗ്യത നേടാനാകാതെ ഇറ്റലി പുറത്ത്. ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേഓഫ് സെമിയില്‍ ദുര്‍ബലരായ നോര്‍ത്ത് മാസിഡോണിയയോട് 1-0ന് തോറ്റതോടെയാണ് ഇറ്റലിയുടെ ഖത്തര്‍ മോഹങ്ങള്‍ക്ക് തിരശീല വീണത്.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിലാണ് ഇറ്റലിയുടെ തോല്‍വി. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ ഇന്‍ജറി ടൈമില്‍ അലക്സാണ്ടര്‍ താജ്കോവ്സ്കിയാണ് നോര്‍ത്ത് മാസിഡോണിയയ്ക്കായി വിജയഗോള്‍ നേടിയത്.

എട്ട് മാസം മുന്‍പ് കരുത്തരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് യൂറോ കപ്പ് നേടിയ ഇറ്റലി, ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന രണ്ട് മത്സരങ്ങളില്‍ സമനില വഴങ്ങിയതോടെയാണ്‌ പ്ലേ ഓഫ് മത്സരങ്ങള്‍ കളിക്കേണ്ട സാഹചര്യത്തിലെത്തിയത്. കരുത്തരായ പോര്‍ച്ചുഗല്‍ അടങ്ങുന്ന ഗ്രൂപ്പിലായിരുന്നു ഇറ്റലിയുടെ സ്ഥാനം. അതോടെ ഇറ്റലിയും പോര്‍ച്ചുഗലും തമ്മിലായിരിക്കും പ്ലേഓഫ് ഫൈനലെന്നും ഇവരില്‍ ആരെങ്കിലും ഒരാള്‍ മാത്രമേ ലോകകപ്പ് യോഗ്യത നേടൂ എന്നും ആരാധകര്‍ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ അതിനിടെയാണ് ദുര്‍ബലരായ മാസിഡോണിയയോട് തോറ്റ് ഇറ്റലി പുറത്താകുന്നത്.

അതേസമയം, ആദ്യ ആദ്യ പ്ലേഓഫില്‍ തുര്‍ക്കിയെ 3-1ന് വീഴ്ത്തിയ പോര്‍ച്ചുഗല്‍ ലോകകപ്പ് യോഗ്യതയ്ക്ക് അരികെയെത്തി. നോര്‍ത്ത് മാസിഡോണിയ ആണ് ഫൈനലില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍. ഒട്ടാവിയോ, ഡീഗോ ജോട്ട, മാത്യൂസ് നൂനസ് എന്നിവരാണ് തുക്കിക്കെതിരെ പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടത്. തുര്‍ക്കിയുടെ ആശ്വാസ ഗോള്‍ 65-ാം മിനിറ്റില്‍ ബുറാക് യില്‍മാസാണ് നേടിയത്. 85-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ തുര്‍ക്കിക്ക് തിരിച്ചുവരവിനുള്ള നേരിയ സാധ്യത ഉണ്ടായിരുന്നെങ്കിലും യില്‍മാസ് അത് നഷ്ടമാക്കി. ഇതോടെയാണ് പോര്‍ച്ചുഗല്‍ ഇഞ്ചുറി ടൈമില്‍ ഗോളടിച്ച്‌ ആധികാരിക ജയം ഉറപ്പിച്ചത്.

നാല് തവണ ഫുട്‌ബോള്‍ ലോകകപ്പ് നേടിയിട്ടുള്ള ഇറ്റലിയ്ക്ക് 2018ന് പുറമെ 1958 ലും ഇറ്റലിക്ക് ലോകകപ്പിന് യോഗ്യത നേടാനായിരുന്നില്ല. 1934,1938, 1982, 2006 എന്നീ വര്‍ഷങ്ങളിലാണ് ഇറ്റലി ലോകകപ്പ് കിരീടമുയര്‍ത്തിയത്. 1970, 1994 ലോകകപ്പുകളില്‍ ഫൈനലില്‍ കളിച്ചെങ്കിലും പരാജയപ്പെട്ടു.

ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി പതിനഞ്ചിലധികം ടീമുകള്‍ ഇതുവരെ ലോകകപ്പ് യോഗ്യത നേടിയിട്ടുണ്ട്. ഈ വര്‍ഷമവസാനം ഖത്തറിലാണ് ലോകകപ്പ് നടക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular