Thursday, September 23, 2021
HomeCinema'മിന്നല്‍ മുരളി' ഒടിടി റിലീസ് തന്നെ; ഔദ്യോഗിക പ്രഖ്യാപനവുമായി നെറ്റ്ഫ്ളിക്സ്

‘മിന്നല്‍ മുരളി’ ഒടിടി റിലീസ് തന്നെ; ഔദ്യോഗിക പ്രഖ്യാപനവുമായി നെറ്റ്ഫ്ളിക്സ്

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് റെക്കോര്‍ഡ് തുകയാണ് നെറ്റ്ഫ്ളിക്സ് നല്‍കിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ നേരത്തെ അറിയിച്ചിരുന്നു

ടൊവീനോ തോമസ് നായകനാവുന്ന ബേസില്‍ ജോസഫ് ചിത്രം ‘മിന്നല്‍ മുരളി’ പ്രേക്ഷകരിലേക്ക് എത്തുക നെറ്റ്ഫ്ളിക്സിലൂടെ. ഇന്ന് ഒരു പ്രധാന പ്രഖ്യാപനം വരുന്നതായ വിവരം ചിത്രത്തെക്കുറിച്ച് പറയാതെതന്നെ നെറ്റ്ഫ്ളിക്സ് ട്വിറ്ററിലൂടെ ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ ട്വീറ്റിനെ ‘ഡീകോഡ്’ ചെയ്‍ത സിനിമാപ്രേമികളില്‍ പലരും ഇത് ടൊവീനോ തോമസ് ചിത്രത്തെക്കുറിച്ചാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആണെന്ന രീതിയിലാണ് പ്രഖ്യാപനത്തിനൊപ്പം നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയിരിക്കുന്ന ചെറു ടീസര്‍. എന്നാല്‍ ചിത്രം ‘ഉടന്‍ എത്തു’മെന്നല്ലാതെ റിലീസ് തീയതി അറിയിച്ചിട്ടില്ല.

‘ഇന്നത്തെ ദിവസം എളുപ്പത്തില്‍ പോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കാരണം നാളെ ഇതിലും എളുപ്പത്തില്‍ കടന്നുപോകും’, എന്നായിരുന്നു നെറ്റ്ഫ്ള്ക്സിന്‍റെ ഹാന്‍ഡിലില്‍ ഇന്നലെ എത്തിയ ട്വീറ്റ്. ഒപ്പം വേഗത്തെ സൂചിപ്പിക്കുന്ന രണ്ട് സ്മൈലികളും ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമെത്തിയ ‘മിന്നല്‍ മുരളി’ ടീസറില്‍ അവതരിപ്പിക്കപ്പെട്ട ‘വേഗം’ എന്ന ഘടകത്തെക്കുറിച്ചാണ് നെറ്റ്ഫ്ളിക്സ് പറയാതെ പറയുന്നതെന്നായിരുന്നു ആരാധകരില്‍ പലരുടെയും വിലയിരുത്തല്‍. ഒപ്പം ചില ട്രേഡ് അനലിസ്റ്റുകളും ഈ വിവരം ശരിവച്ചിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’യുടെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ളിക്സിന് ആണെന്ന് മാസങ്ങള്‍ക്കു മുന്‍പ് അണിയറക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. തിയറ്റര്‍ റിലീസിനു ശേഷം ‘കള’ ആമസോണ്‍ പ്രൈമില്‍ നേടിയ മികച്ച പ്രതികരണമാണ് നെറ്റ്ഫ്ലിക്സിനെക്കൊണ്ട് ‘മിന്നല്‍ മുരളി’യുടെ കാര്യത്തില്‍ തീരുമാനം എടുപ്പിച്ചതെന്ന് ട്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ‘കള’ എത്തിയതുപോലെ തിയറ്റര്‍ റിലീസിനു ശേഷമുള്ള സ്ട്രീമിംഗ് ആവും നെറ്റ്ഫ്ളിക്സ് നടത്തുകയെന്നാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്നാണ് നെറ്റ്ഫ്ളിക്സ് നിലവില്‍ അറിയിച്ചിരിക്കുന്നത്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് റെക്കോര്‍ഡ് തുകയാണ് നെറ്റ്ഫ്ളിക്സ് നല്‍കിയിരിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള നേരത്തെ അറിയിച്ചിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം ‘ഗോദ’യ്ക്കു ശേഷം ടൊവീനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ടൊവീനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വി എഫ് എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആണ്. ഓണം തിയട്രിക്കല്‍ റിലീസ് ആയാണ് മിന്നല്‍ മുരളി പ്ലാന്‍ ചെയ്‍തിരുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ തിയറ്ററുകള്‍ അടഞ്ഞുകിടന്നതിനാല്‍ അത് ഉണ്ടായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular