Friday, April 19, 2024
HomeUSAകളത്തിൽ നാടകീയ രംഗങ്ങൾ; അർജന്റീന - ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരം ഉപേക്ഷിച്ചു

കളത്തിൽ നാടകീയ രംഗങ്ങൾ; അർജന്റീന – ബ്രസീൽ ലോകകപ്പ് യോഗ്യത മത്സരം ഉപേക്ഷിച്ചു

അര്‍ജന്റീനയുടെ നാല് താരങ്ങള്‍ ക്വാറന്റീൻ നിയമങ്ങൾ പാലിക്കാതെയാണ് മത്സരത്തിനിറങ്ങിയത് എന്ന പരാതിയിൽ ഗ്രൗണ്ടിലേക്ക് ഇറങ്ങിയ ബ്രസീലിയന്‍ ആരോഗ്യ പ്രവർത്തകർ ഇവരോട് ഗ്രൗണ്ട് വിടാൻ ആവശ്യപ്പെടുകയായിരുന്നു.

ഫുട്‍ബോൾ ലോകം ആവേശത്തോടെ കാത്തിരുന്ന അർജന്റീനയും ബ്രസീലും തമ്മിലുള്ള ലാറ്റിനമേരിക്കൻ ക്ലാസ്സിക് പോരാട്ടം ഉപേക്ഷിച്ചു. മത്സരത്തിനിടയിൽ നടന്ന നാടകീയ രംഗങ്ങൾക്ക് ഒടുവിലാണ് മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്. മത്സരം പുരോഗമിക്കുന്നതിനിടെ ബ്രസീലിയന്‍ ആരോഗ്യ പ്രവർത്തകർ കളിക്കളത്തിലേക്ക് ഇറങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. അര്‍ജന്റീനയുടെ നാല് താരങ്ങള്‍ ബ്രസീലിലെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ കളത്തിലേക്ക് ഇറങ്ങിയത്.

പ്രീമിയർ ലീഗിൽ വിവിധ ടീമുകളിലായി കളിക്കുന്ന അർജന്റീനയുടെ താരങ്ങളായ എമിലിയാനോ മാര്‍ട്ടിനെസ്,ബുയന്‍ഡിയ,റൊമേരോ,ലോ സെല്‍സോ എന്നിവർ ക്വാറന്റീൻ നിയമങ്ങൾ പാലിക്കാതെയാണ് മത്സരത്തിനിറങ്ങിയത് എന്ന പരാതിയിലാണ് ആരോഗ്യ പ്രവർത്തകർ കളത്തിലേക്ക് ഇറങ്ങിയത്. തുടർന്ന് ഇവരോട് ഗ്രൗണ്ട് വിടാൻ ആവശ്യപ്പെടുകയായിരുന്നു.

ഇംഗ്ലണ്ടില്‍ നിന്നും വരുന്നവര്‍ നിര്‍ബന്ധിതമായ 14 ദിവസത്തെ ക്വാറന്റീനിൽ കഴിയണമെന്നാണ് ബ്രസീലിലെ നിയമം. ഇത് അര്‍ജന്റീനിയന്‍ താരങ്ങള്‍ തെറ്റിച്ചെന്നാണ് ആരോപണം. ഇത് ഉയർത്തിയാണ് ഈ നാല് താരങ്ങളെ മത്സരത്തിൽ നിന്നും ഒഴിവാക്കാനായി ആരോഗ്യ മന്ത്രാലയത്തിലെ അധികൃതർ കളത്തിലേക്ക് ഇറങ്ങിയത്.

മത്സരം തുടങ്ങി ഏഴാം മിനിറ്റിലാണ് സംഭവം നടന്നത്. കളത്തിൽ ഇറങ്ങിയ അധികൃതരും അർജന്റീന താരങ്ങളും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് കയ്യാങ്കളിയിൽ എത്തുകയും ചെയ്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പി എസ് ജിയിൽ സഹതാരങ്ങളായതിന് ശേഷം മെസ്സിയും നെയ്മറും തമ്മിലുള്ള പോരാട്ടത്തിനായി കാത്തിരുന്ന ആരാധകർക്കും ഇതോടെ നിരാശരാകേണ്ടി വന്നു.

അതേസമയം, മത്സരം ആരംഭിച്ച ശേഷം പൊലീസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്ത് എത്തിയിട്ടുണ്ട്. തങ്ങളുടെ ടീം മൂന്നു ദിവസം മുൻപേ എല്ലാ നിബന്ധനകളും പാലിച്ച്‌ ബ്രസീലില്‍ എത്തിയിട്ടും ഇത്തരമൊരു നടപടിയെടുക്കാന്‍ മത്സരം തുടങ്ങുന്നതു വരെ കാത്തിരുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് എ.എഫ്.എ പ്രസ്താവനയില്‍ അറിയിച്ചു.
അർജന്റീന ടീമിൽ പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾ അണിനിരന്നപ്പോൾ മറുവശത്ത് പ്രീമിയർ ലീഗിൽ കളിക്കുന്ന ബ്രസീലിന്റെ താരങ്ങളിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. പ്രീമിയർ ലീഗിലെ ക്ലബുകൾ അവരെ വിട്ടുനൽകാത്തതാണ് കാരണം. കോവിഡ് ബാധയിൽ പെട്ട് വലയുന്ന രാജ്യങ്ങളിൽ ചുവന്ന പട്ടികയിൽ പെടുന്ന തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ പോയിവന്നാൽ 10 ദിവസം ക്വാറന്റീനിൽ ഇരിക്കണം എന്നതിനാലാണ് ക്ലബുകൾ അവരെ വിട്ടുനൽകാഞ്ഞത്. അതിനാൽ ബ്രസീൽ പരിശീലകനായ ടിറ്റെ എന്നീ പ്രമുഖ താരങ്ങളില്ലാതെയാണ് മത്സരത്തിനുള്ള ടീമിനെ ഒരുക്കിയത്.

ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിലെ ഏഴ് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ 21 പോയിന്റുമായി ബ്രസീലാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അര്‍ജന്റീന 15 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular