Thursday, April 25, 2024
HomeKeralaവ്യതിചലിക്കുന്ന മദ്യനയം വിവാദമാകുന്ന മന്ത്രി

വ്യതിചലിക്കുന്ന മദ്യനയം വിവാദമാകുന്ന മന്ത്രി

മദ്യനയത്തില്‍ നിന്നും എല്‍ഡിഎഫ് പിന്‍വാങ്ങുകയാണോ? ഏതായാലും വ്യതിചലിക്കുന്ന  മദ്യനയവുമായി എല്‍ഡിഎഫ് കടന്നു വരികയാണ്. ഏതായാലും ഗതാഗതമന്ത്രി  ആന്റണി രാജു  വിവാദത്തിലേക്ക് എടുത്തറിയപ്പെട്ടു.കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡുകളില്‍ മദ്യക്കടകള്‍ തുടങ്ങാനുള്ള പുറപ്പാടിലാണ് സര്‍ക്കാര്‍. ഗതാഗതമന്ത്രി ആന്റണി രാജുവാണ് കഴിഞ്ഞ ദിവസം ഈ കാര്യമറിയിച്ചത്. തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്‍പ്പെടെ കെ എസ് ആര്‍ ടി സി കോംപ്ലക്സുകള്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. ബെവ്‌കോക്ക് മദ്യഷാപ്പുകള്‍ തുടങ്ങാന്‍ നല്‍കിയാല്‍ കുറച്ച് മുറികള്‍ വാടകക്ക് പോകും. ഇതടിസ്ഥാനത്തില്‍ കെ എസ് ആര്‍ ടി സി മുന്നോട്ടുവെച്ച നിര്‍ദേശപ്രകാരം ബെവ്‌കോയുടെ വക്താക്കള്‍ വിവിധ കെ എസ് ആര്‍ ടി സി ബസ്്സ്റ്റാന്‍ഡ് കെട്ടിടങ്ങളില്‍ മദ്യഷാപ്പുകള്‍ നടത്താന്‍ പറ്റിയ മുറികള്‍ കണ്ടെത്തിവരികയാണ്. കെ എസ് ആര്‍ ടി സിക്ക് സ്വന്തം കെട്ടിടങ്ങളില്ലാത്ത പ്രദേശങ്ങളില്‍ കെട്ടിടം നിര്‍മിച്ചു നല്‍കാമെന്നും തിരക്കൊഴിവാക്കാനായി മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കാത്തിരിപ്പിന് സ്ഥലം സജ്ജീകരിച്ചു കൊടുക്കാമെന്നും ബീവറേജ് കോര്‍പറേഷനെ അറിയിച്ചിട്ടുണ്ടെന്ന് കെ എസ് ആര്‍ ടി സി. എം ഡി ബിജുപ്രഭാകരന്‍ വെളിപ്പെടുത്തി. അതേസമയം ബസ് കയറാന്‍ കാത്തിരിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കുമടക്കം കാത്തിരിപ്പിനു മതിയായ സൗകര്യങ്ങളില്ല പല ബസ് സ്റ്റാന്‍ഡുകളിലും.

കോര്‍പറേഷന്‍ കെട്ടിട മുറികള്‍ വാടകക്ക് പോകുന്നതിനു പുറമെ കെ എസ് ആര്‍ ടി സി യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവിനും ഇത് സഹായകമാകുമെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകൂട്ടല്‍. ബെവ്‌കോ ഔട്ട്്‌ലെറ്റുകളുടെ എണ്ണം കുറവായതിനാല്‍ പലയിടത്തും തടസ്സങ്ങളും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. മദ്യഷാപ്പുകള്‍ക്കു മുമ്പില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കൊവിഡ് പശ്ചാത്തലത്തില്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡുകളില്‍ ബെവ്‌കോ ഔട്ട്്‌ലെറ്റുകള്‍ തുടങ്ങിയാല്‍ ഈ പ്രശ്നം വലിയൊരളവില്‍ പരിഹരിക്കാനും തിരക്ക് കുറക്കാനും സഹായകമാകുമെന്നും ഗതാഗത മന്ത്രി പറയുന്നു. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശവും ഈ നീക്കത്തിന് ന്യായീകരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

പൊതു സമൂഹത്തില്‍ നിന്നും മത, സാംസ്‌കരിക സംഘടനകളില്‍ നിന്നും വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട് യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കടുത്ത ഭീഷണി സൃഷ്ടിക്കുന്ന ഈ തീരുമാനത്തിനെതിരെ. സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം പൊതുവെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത്. സ്ത്രീകള്‍ക്കെതിരായ അക്രമവും പീഡനങ്ങളും ലൈംഗിക പരാക്രമവും വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡുകളില്‍ മദ്യഷാപ്പ് തുടങ്ങിയാല്‍ സ്ത്രീസുരക്ഷയെ അത് കൂടുതല്‍ ബാധിക്കും. സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാര്‍ക്ക് ശല്യമുണ്ടാകാത്ത രീതിയിലായിരിക്കും മദ്യക്കടകള്‍ തുറക്കുകയെന്നാണ് ഗതാഗത മന്ത്രിയുടെ അവകാശവാദമെങ്കിലും അത് പൊയ്വാക്കായി തീരുമെന്ന് മദ്യഷാപ്പുകള്‍ക്ക് മുന്നിലെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.

നിയമപരമായ തടസ്സങ്ങളും ഏറെയുണ്ട് കെ എസ് ആര്‍ ടി സിയുടെ ഈ നീക്കത്തിന്. കെ എസ് ആര്‍ ടി സി ബസില്‍ എന്തൊക്കെ സാധനങ്ങള്‍ കൊണ്ടുപോകാമെന്നും കൊണ്ടുപോകരുതെന്നും അതിന്റെ മാനുവലില്‍ കൃത്യമായ നിര്‍ദേശമുണ്ട്. ഇതനുസരിച്ച് മദ്യവും മറ്റു ലഹരി വസ്തുക്കളുമായി യാത്ര ചെയ്യുന്നതിന് കെ എസ് ആര്‍ ടി സി ബസില്‍ വിലക്കുണ്ട്. ബസ് സ്റ്റാന്‍ഡിലെ കടയില്‍ നിന്ന് വാങ്ങിയ മദ്യം അവിടെ നിന്ന് കുടിക്കാമെന്നു വെച്ചാലും പ്രശ്നമുണ്ട്. പൊതുസ്ഥലത്ത് മദ്യപിക്കുന്നത് നിയമവിരുദ്ധമാണ്. മദ്യപിച്ച് ബസില്‍ കയറി ബഹളമുണ്ടാക്കിയാല്‍ പൊതു ഇടങ്ങളില്‍ പ്രശ്നമുണ്ടാക്കിയതിന് കേസ് ചാര്‍ജ് ചെയ്യാം. മദ്യപന്മാര്‍ ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന് പരസ്യമായി കുടിക്കാന്‍ തുടങ്ങിയാല്‍ കുടുംബ സമേതം യാത്ര ചെയ്യുന്നവരെ കെ എസ് ആര്‍ ടി സിയുമായി അകറ്റുകയും ചെയ്യും. ബസ് സ്റ്റാന്‍ഡില്‍ മദ്യം ലഭ്യമാകുന്നതോടെ ഡ്രൈവര്‍മാര്‍ക്കിടയില്‍ മദ്യപാനവും അതുവഴി വാഹനാപകടങ്ങളും വര്‍ധിക്കാനും വഴിയൊരുങ്ങും.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular