Friday, April 19, 2024
HomeKeralaമെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശനം: അപേക്ഷ സമര്‍പ്പണം ബുധനാഴ്ച തുടങ്ങും

മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശനം: അപേക്ഷ സമര്‍പ്പണം ബുധനാഴ്ച തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍/ എന്‍ജിനീയറിങ് കോഴ്സുകളില്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പണം ഏപ്രില്‍ ആറിന് തുടങ്ങും.

ഫീസ് അടയ്ക്കാനും അപേക്ഷ സമര്‍പ്പിക്കാനുമുള്ള അവസാന തീയതി ഏപ്രില്‍ 30ന് വൈകീട്ട് അഞ്ചു വരെയാണ്. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 10.

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ 10 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ജൂണ്‍ 26ന് രാവിലെ 10 മുതല്‍ 12.30 വരെ പേപ്പര്‍ ഒന്ന്-ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്കു ശേഷം 2.30 മുതല്‍ അഞ്ചു വരെ പേപ്പര്‍ രണ്ട് -മാത്തമാറ്റിക്സും നടക്കും. കേരളത്തിനു പുറമെ മുംബൈ, ഡല്‍ഹി, ദുബൈ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രമുണ്ടാകും. ജൂലൈ 25നോ അതിന് മുമ്ബോ ഫലം പ്രസിദ്ധീകരിക്കും. റാങ്ക് പട്ടിക ആഗസ്റ്റ് 15നകം പ്രസിദ്ധീകരിക്കും. മെഡിക്കല്‍, അനുബന്ധ കോഴ്സുകളില്‍ പ്രവേശനം നീറ്റ്-യു.ജി പരീക്ഷയും ആര്‍ക്കിടെക്ചര്‍ കോഴ്സിലേക്ക് ദേശീയ അഭിരുചി പരീക്ഷയായ ‘നാറ്റ’യും അടിസ്ഥാനപ്പെടുത്തിയായിരിക്കും.

അപേക്ഷ ഫീസ്: എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനത്തിന് ജനറല്‍ വിഭാഗത്തിന് 700 രൂപയും എസ്.സി വിഭാഗത്തിന് 300 രൂപയും. ആര്‍ക്കിടെക്ചര്‍/ മെഡിക്കല്‍, അനുബന്ധ കോഴ്സുകള്‍ക്ക് ജനറല്‍ വിഭാഗത്തിന് 500 രൂപയും എസ്.സി വിഭാഗത്തിന് 200 രൂപയും. മുഴുവന്‍ സ്ട്രീമിലേക്കും ഒന്നിച്ച്‌ അപേക്ഷിക്കാന്‍ ജനറല്‍ വിഭാഗത്തിന് 900 രൂപയും എസ്.സി വിഭാഗത്തിന് 400 രൂപയും. എസ്.ടി വിഭാഗത്തിന് ഫീസില്ല. ദുബൈ പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കുന്നവര്‍ 12,000 രൂപ അധികമായി ഓണ്‍ലൈനായി അടയ്ക്കണം.

കോഴ്സുകള്‍: എന്‍ജിനീയറിങ് (ബി.ടെക്): കാര്‍ഷിക സര്‍വകലാശാല, വെറ്ററിനറി, ഫിഷറീസ് സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള വിവിധ ബി.ടെക് കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ എന്‍ജിനീയറിങ് ബിരുദ കോഴ്സുകള്‍.

ആര്‍ക്കിടെക്ചര്‍ -ബി.ആര്‍ക്.

മെഡിക്കല്‍ കോഴ്സുകള്‍: എം.ബി.ബി.ബി.എസ്, ബി.ഡി.എസ്, ആയുര്‍വേദ (ബി.എ.എം.എസ്), ഹോമിയോപ്പതി (ബി.എച്ച്‌.എം.എസ്), സിദ്ധ (ബി.എസ്.എം.എസ്), യൂനാനി (ബി.യു.എം.എസ്).

മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍: ബി.എസ്സി.(ഓണേഴ്സ്) അഗ്രികള്‍ച്ചര്‍, ബി.എസ്സി.(ഓണേഴ്സ്) ഫോറസ്ട്രി, ബി.എസ്സി.(ഓണേഴ്സ്), വെറ്ററിനറി (ബി.വി.എസ്സി ആന്‍ഡ് എ.എച്ച്‌), ഫിഷറീസ് (ബി.എഫ്.എസ്സി), കോ-ഓപറേഷന്‍ ആന്‍ഡ് ബാങ്കിങ്, ബി.എസ്സി(ഓണേഴ്സ്) ക്ലൈമറ്റ് ചെയ്ഞ്ച് എന്‍വയണ്‍മെന്‍റല്‍ സയന്‍സ്,

ഫാര്‍മസി -ബി.ഫാം. അപേക്ഷ സമര്‍പ്പണത്തിന് അഞ്ച് ഘട്ടം

www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പണം നടത്താം. അപേക്ഷാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ് (എല്ലാം ജെ.പി.ജി ഫോര്‍മാറ്റില്‍), ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്ബര്‍ എന്നിവ ഇതിനാവശ്യമാണ്. അഞ്ച് ഘട്ടമായാണ് അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കേണ്ടത്.

അപേക്ഷാര്‍ഥിയുടെ പേര്, ജനന തീയതി, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്ബര്‍, പാസ്വേഡ്, ആക്സസ് കോഡ് എന്നിവ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുക. ഈ ഘട്ടത്തില്‍ ലഭിക്കുന്ന അപേക്ഷ നമ്ബര്‍ പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി രേഖപ്പെടുത്തി സൂക്ഷിക്കുക.

അപേക്ഷയില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൃത്യമായി ഈ ഘട്ടത്തില്‍ നല്‍കണം. എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ബി.ഫാം, മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ എന്നിവയെല്ലാം ഒരു അപേക്ഷയില്‍ തെരഞ്ഞെടുക്കാം. സാമുദായിക സംവരണം (എസ്.സി/എസ്.ടി/ഒ.ഇ.സി/എസ്.ഇ.ബി.സി വിഭാഗങ്ങള്‍), ഭിന്നശേഷി സംവരണം, പ്രത്യേക സംവരണം എന്നിവ ആവശ്യമുള്ളവര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ നിശ്ചിത സ്ഥാനത്ത് രേഖപ്പെടുത്തണം. വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയെന്ന് പരിശോധിച്ച്‌ ഫൈനല്‍ സബ്മിഷന്‍ നടത്തണം.

അപേക്ഷ ഫീസ് അടയ്ക്കലാണ് ഈ ഘട്ടം. ഓണ്‍ലൈനായോ വെബ്സൈറ്റില്‍നിന്ന് ലഭിക്കുന്ന ഇ-ചെലാന്‍ മുഖേന പോസ്റ്റോഫിസ് ശാഖകള്‍ വഴിയോ ഫീസടയ്ക്കാം. അപേക്ഷാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആവശ്യമായ അനുബന്ധ രേഖകള്‍ എന്നിവ നിര്‍ദേശങ്ങള്‍ക്കനുസൃതമായി അപ്ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷ അക്നോളജ്മെന്‍റ് പേജിന്‍റെ പ്രിന്‍റൗട്ട് എടുത്ത് സൂക്ഷിക്കണം. നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖയും ഓണ്‍ലൈനായി ഈ ഘട്ടത്തില്‍ നിര്‍ബന്ധമായും അപ്ലോഡ് ചെയ്യണം.

നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റില്‍ പിഴക്കരുത്

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന (എസ്.ഇ.ബി.സി) വിഭാഗത്തിലുള്ളവര്‍ കേരള സര്‍ക്കാറിന്‍റെ പഠനാവശ്യത്തിനായുള്ള നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫിസറില്‍നിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം. കേന്ദ്രസര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ളതോ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കുള്ളതോ ആയ സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ല. അപ്ലോഡ് ചെയ്യും മുമ്ബ് ഇത് ഉറപ്പാക്കുക. മുന്‍ വര്‍ഷങ്ങളില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് തെറ്റായ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തത് കാരണം സംവരണം ലഭിക്കാതെ പോയതിനാല്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തണം.

എസ്.സി/ എസ്.ടി വിഭാഗക്കാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് തഹസില്‍ദാറില്‍നിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം. മറ്റ് അര്‍ഹ സമുദായത്തില്‍പെട്ട (ഒ.ഇ.സി) വിദ്യാര്‍ഥികള്‍ കേരള സര്‍ക്കാറിന്‍റെ പഠനാവശ്യങ്ങള്‍ക്കായി നല്‍കുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫിസറില്‍നിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം. നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത ഒ.ഇ.സി അപേക്ഷകര്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി വില്ലേജ് ഓഫിസര്‍ നല്‍കുന്ന സമുദായ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.

മൈനോറിറ്റി സംവരണം ആവശ്യമുള്ളവര്‍ ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ കോളജുകളില്‍ ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ (മുസ്ലിം/ ക്രിസ്ത്യന്‍) വില്ലേജ് ഓഫിസില്‍ നിന്നുള്ള കമ്യൂണിറ്റി/ മൈനോറിറ്റി സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷക‍ന്‍റെ എസ്.എസ്.എല്‍.സി/ വിദ്യാഭ്യാസ രേഖയില്‍ മതം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് വില്ലേജ് ഓഫിസറില്‍നിന്നുള്ള കമ്യൂണിറ്റി/ മൈനോറിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കും. നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവര്‍ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതില്ല.

ഭിന്നശേഷി സംവരണം ആവശ്യമുള്ളവര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ സൂചിപ്പിക്കുകയും ജില്ല മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ നല്‍കിയ ശാരീരിക വൈകല്യത്തിന്‍റെ തോത് സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുകയും വേണം. ഈ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതില്ല.

എസ്.സി/ എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ ഒഴികെയുള്ള മറ്റ് വിഭാഗക്കാര്‍ (ജനറല്‍ കാറ്റഗറി ഉള്‍പ്പെടെ) കുടുംബ വാര്‍ഷിക വരുമാനത്തിന്‍റെ അടിസ്ഥാനത്തിലുള്ള ഫീസ് ആനുകൂല്യങ്ങള്‍/ സ്കോളര്‍ഷിപ് ലഭിക്കാന്‍ വില്ലേജ് ഓഫിസറില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.

സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന സംവരണേതര വിഭാഗത്തില്‍ നിന്നുള്ളവര്‍ (ഇ.ഡബ്ല്യു.എസ്) ആനുകൂല്യം ലഭിക്കുന്നതിനായി ഇ.ഡബ്ല്യു.എസ് സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫിസറില്‍നിന്ന് വാങ്ങി അപ്ലോഡ് ചെയ്യണം. മിശ്രവിവാഹിതരുടെ മക്കള്‍ക്ക് എസ്.ഇ.ബി.സി/ ഒ.ഇ.സി സംവരണം ആവശ്യമെങ്കില്‍ വില്ലേജ് ഓഫിസറില്‍നിന്ന് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി അപ്ലോഡ് ചെയ്യണം. ഇവര്‍ എസ്.സി/ എസ്.ടി വിഭാഗത്തില്‍ നിന്നുള്ളവരാണെങ്കില്‍ ആനുകൂല്യം ലഭിക്കാന്‍ തഹസില്‍ദാര്‍ നല്‍കുന്ന മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. സര്‍ട്ടിഫിക്കറ്റുകളുടെ മാതൃക വെബ്സൈറ്റില്‍ പ്രോസ്പെക്ടസിന്‍റെ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.

സീറ്റ് വിഹിതവും സംവരണ ശതമാനവും

സ്റ്റേറ്റ് മെറിറ്റ് 50%, ഇ.ഡബ്ല്യു.എസ് 10%, എസ്.ഇ.ബി.സി 30% (ഈഴവ 9%, മുസ്ലിം 8%, മറ്റ് പിന്നാക്ക ഹിന്ദു 3%, ലത്തീന്‍ കത്തോലിക്ക & ആംഗ്ലോ ഇന്ത്യന്‍ 3%, ധീവര, അനുബന്ധ സമുദായങ്ങള്‍ 2%, വിശ്വകര്‍മ, അനുബന്ധ സമുദായങ്ങള്‍ 2%, കുശവ, അനുബന്ധ സമുദായങ്ങള്‍ 1%, പിന്നാക്ക ക്രിസ്ത്യന്‍ 1%, കുടുംബി 1%), എസ്.സി 8%, എസ്.ടി 2%

സ്വകാര്യ സ്വാശ്രയ കോളജുകളിലെ 15 ശതമാനം സീറ്റ് എന്‍.ആര്‍.ഐ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കായിരിക്കും. ഉയര്‍ന്ന ഫീസായിരിക്കും ഈ സീറ്റുകളിലേക്ക് ഈടാക്കുക. എന്‍.ആര്‍.ഐ ക്വോട്ടയിലേക്ക് പരിഗണിക്കാന്‍ അപേക്ഷകനായ വിദ്യാര്‍ഥിയും എന്‍.ആര്‍.ഐയായ ബന്ധുവും തമ്മില്‍ ഉണ്ടായിരിക്കേണ്ട ബന്ധം, പ്രവേശന പരീക്ഷ കമീഷണര്‍ക്ക് സമര്‍പ്പിക്കേണ്ട രേഖകള്‍ എന്നിവ പ്രോസ്പെക്ടസില്‍ വിശദീകരിച്ചിട്ടുണ്ട്.

കേരളത്തില്‍ മെഡിക്കല്‍, ഡെന്‍റല്‍, അനുബന്ധ കോഴ്സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തുന്ന നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യു.ജി) പരീക്ഷ എഴുതി യോഗ്യത നേടണം. ഈ വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്നതോടൊപ്പം കേരളത്തിലെ പ്രവേശന നടപടികളില്‍ പങ്കെടുക്കാന്‍ പ്രവേശന പരീക്ഷ കമീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. നീറ്റ് പരീക്ഷ തീയതി ഉള്‍പ്പെടെയുള്ള വിജ്ഞാപനം വൈകാതെ www.nta.ac.in, www.neet.nta.nic.in വെബ്സൈറ്റുകളില്‍ ലഭ്യമാകും. നീറ്റ് പരീക്ഷയിലെ സ്കോര്‍ പരിഗണിച്ച്‌ സംസ്ഥാന അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷ കമീഷണര്‍ തയാറാക്കുന്ന റാങ്ക് പട്ടികയില്‍നിന്നായിരിക്കും കേരളത്തിലെ മെഡിക്കല്‍, ഡെന്‍റല്‍, അനുബന്ധ കോഴ്സുകളില്‍ പ്രവേശനം നല്‍കുക. ആര്‍ക്കിടെക്ചര്‍ കോഴ്സില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ആര്‍ക്കിടെക്ചര്‍ കൗണ്‍സില്‍ നടത്തുന്ന അഭിരുചി പരീക്ഷയായ നാഷനല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) യോഗ്യത നേടിയിരിക്കണം. വിശദാംശങ്ങള്‍ www.nata.in വെബ്സൈറ്റില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular