Thursday, March 28, 2024
HomeKeralaചിത്താരി പുഴ വീണ്ടും ഗതിമാറി ഒഴുകാന്‍ തുടങ്ങി

ചിത്താരി പുഴ വീണ്ടും ഗതിമാറി ഒഴുകാന്‍ തുടങ്ങി

കാഞ്ഞങ്ങാട്: അജാനൂര്‍ ചിത്താരി പുഴ ഗതി മാറിയൊഴുകിത്തുടങ്ങി മീനിറക്കുകേന്ദ്രത്തിനു തൊട്ടടുത്തെത്തി. വരും ദിവസങ്ങളില്‍ ശക്തമായ മഴ വന്നാല്‍ ഇതിനടുത്തേക്ക് ഒഴുകിയെത്തും.

ഇതിനു പരിഹാരമായി അഴിമുഖം ചിത്താരിക്കും അജാനൂരിനും മധ്യഭാഗത്തുനിന്നു മുറിച്ചു മാറ്റി പുഴയിലെ നീരൊഴുക്കു തിരിച്ചു വിടണമെന്നും ഇപ്പോഴത്തെ അഴിമുഖം മണല്‍ ചാക്കിട്ട് മൂടണമെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

2017 ഒക്ടോബറില്‍ അജാനൂര്‍ അഴിമുഖത്തില്‍നിന്ന് ചിത്താരി പുഴ ഗതി മാറി ഒഴുകിയതിനെ തുടര്‍ന്നു മീന്‍ ഇറക്കു കേന്ദ്രം കടലെടുക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ വിമുഖത കാണിച്ചിരുന്നു.

തുടര്‍ന്നു പത്തായിരം ചാക്കുകളില്‍ മണല്‍ നിറച്ച്‌ മുള കമ്ബുകളും ഓലകളും കയറുകളും ഉപയോഗിച്ച്‌ മത്സ്യത്തൊഴിലാളികളായ ആയിരത്തോളം ആളുകളുടെ അധ്വാന ഫലമായി പ്രതിഷേധ തടയണ തീര്‍ത്താണ് അന്ന് മീനിറക്കു കേന്ദ്രം സംരക്ഷിച്ചത്.

ചാക്കുകളും മുളകളും വാങ്ങി അന്നവര്‍ക്കു ഒരു ലക്ഷത്തോളം രൂപ ചെലവായിരുന്നു. അന്ന് അവിടം സന്ദര്‍ശിച്ച ജില്ല ഭരണാധികാരി ചെലവായ തുക തിരികെ നല്‍കും എന്നു വാഗ്ദാനം ചെയ്തെങ്കിലും അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും കാശ് കിട്ടിയില്ലയെന്നും ഇവര്‍ പറഞ്ഞു.

കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറം നിവാസികളോട് അധികൃതരുടെ അവഗണന തുടരുന്നു. വീടുകളില്‍ വെള്ളം കയറുമെന്ന അവസ്ഥയെത്തിയിട്ടും മുന്‍ വര്‍ഷങ്ങളില്‍ ചിത്താരി പുഴയുടെ അഴിമുഖം തുറക്കാന്‍ നടപടിയുണ്ടായിരുന്നില്ല. വെള്ളപ്പൊക്ക ഭീഷണിയെത്തുടര്‍ന്നു നാട്ടുകാരാണു അഴിമുറിച്ചത്.

മഴ കനക്കുമ്ബോള്‍ അഴിമുഖം തുറന്നാണ് പുഴയിലെ വെള്ളം കടലിലേക്ക് ഒഴുക്കുന്നത്. എന്നാല്‍, ഇക്കുറി പെരുമഴക്കാലത്തും പഞ്ചായത്ത് അധികൃതരോ ഫിഷറീസ് വകുപ്പോ അഴിമുഖം തുറക്കാന്‍ വരുമോയെന്നാണ് തീരദേശത്തിന്റെ ചോദ്യം. വെള്ളം ഉയര്‍ന്നാല്‍ തീരത്തെ മത്സ്യബന്ധന കേന്ദ്രം വരെ അപകടാവസ്ഥയിലാകും. അഴിമുഖം തുറന്നില്ലെങ്കില്‍ പ്രദേശത്തെ വീടുകളും വെള്ളത്തിനടിയിലാകുമെന്ന സഹചര്യം വന്നാല്‍ നാട്ടുകാര്‍തന്നെ രംഗത്തിറങ്ങുകയാണ് പതിവ്. മണലുകൊണ്ടു താല്‍ക്കാലിക തടയണയൊരുക്കിയാണ് മത്സ്യബന്ധന കേന്ദ്രത്തിന് സംരക്ഷണവും നല്‍കാറുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular