Friday, April 19, 2024
HomeGulfഹത്തയിൽ ദീവയുടെ അഭിമാന ജലവൈദ്യുത പദ്ധതി

ഹത്തയിൽ ദീവയുടെ അഭിമാന ജലവൈദ്യുത പദ്ധതി

ദുബായ് ∙ ദീവ (ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി) ഹത്തയിൽ നിർമിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ 29% പൂർത്തിയായതായി അധികൃതർ അറിയിച്ചു. 250 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ഇതിന് 1500 മെഗാവാട്ട് മണിക്കൂർ സംഭരണ ശേഷിയും 80 വർഷം കാലാവധിയുമുണ്ട്.

ജിസിസിയിൽ ഇത്തരത്തിലുള്ള ആദ്യ നിർമാണമാണിത്. 2800 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ദീവ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായറിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു നിർമാണ പുരോഗതി വിലയിരുത്തി.  പദ്ധതിയിലെ മുകൾ ഭാഗത്തുള്ള അണക്കെട്ടിന്റെ 37 മീറ്റർ ഉയരത്തിലുള്ള കോൺക്രീറ്റ് കെട്ടും പൂർത്തിയായി. 500 മീറ്റർ നീളമുള്ള സർവീസ് ടണലുകളും പൂർത്തിയായി.

ഹത്ത അണക്കെട്ടിലെ ജലമാണ് വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. ഇവിടെ നിന്ന് 1.2 കി.മീ നീളത്തിലുള്ള ടണലിലൂടെ ടർബൈനിലേക്ക് വെള്ളം ഒഴുക്കി പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക. ഈ ജലം വീണ്ടും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് മുകളിലെ അണക്കെട്ടിലേക്ക് പമ്പ് ചെയ്യും. ഇങ്ങനെ 100 ശതമാനം പുനരുപയോഗിക്കാവുന്ന വൈദ്യുതിയാണ് ഉൽപാദിപ്പിക്കുക.

2050ൽ ദുബായിലെ 75% വൈദ്യുതി ആവശ്യങ്ങളും സംശുദ്ധ വൈദ്യുതി വഴിയാകണമെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആശയത്തോടു ചേർന്നു നിന്നാണ് ഈ പദ്ധതി നിർമിക്കുന്നതെന്ന് അൽ തായർ വ്യക്തമാക്കി.  ഹത്തയിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാധ്യതയും പഠിക്കുകയാണ്. ഹത്തയുടെ പ്രകൃതി വിഭവങ്ങളെ ബാധിക്കാത്ത രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്.

ദുബായ് മൗണ്ടൻ പീക്ക്, ഹത്ത സസ്റ്റെയ്നബിൾ വാട്ടർ ഫാൾസ് എന്നീ രണ്ടു പദ്ധതികളും അവിടെ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംശുദ്ധ ഊർജം, കാർഷിക-വിനോദസഞ്ചാര മേഖലകളുടെ വളർച്ച എന്നീ 3 നേട്ടങ്ങളാണ് യുഎഇക്കു പദ്ധതി സമ്മാനിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular