Friday, March 29, 2024
HomeEditorialനോയമ്പ് കാലം, വസന്തകാലം, പ്രത്യാശയുടെ കാലം (ഈസ്റ്റർ സന്ദേശം:സുധീർ പണിക്കവീട്ടിൽ)

നോയമ്പ് കാലം, വസന്തകാലം, പ്രത്യാശയുടെ കാലം (ഈസ്റ്റർ സന്ദേശം:സുധീർ പണിക്കവീട്ടിൽ)

മാനസാന്തരത്തിന്റെ, അനുതാപത്തിന്റെ, ഉപവാസത്തിന്റെ പ്രാർത്ഥനയുടെ നാല്പത് ദിവസങ്ങളാണ് നോയമ്പ്കാലം. കർത്താവിന്റെ കുരിശുമരണവും പിന്നെയുള്ള ഉയര്ത്തെഴുനേൽപ്പിന്റെ ആഘോഷമായ ഈസ്റ്ററിനുമുള്ള തയ്യാറെടുപ്പുകളാണ് ഈ ദിവസങ്ങളിൽ വിശ്വാസികൾ അനുഷ്ഠിക്കുന്നത്. ഈ സമയത്ത് തന്നെ വസന്തഋതു വരുന്നു. വൃക്ഷലതാതികൾ തളിരിടുകയും പൂവണിയുകയും ചെയ്യുന്നു. ശൈത്യകാലം വരുമ്പോൾ വസന്തം അധികം പുറകിലല്ലെന്നു കവി പറയുന്നു. എന്ത് പ്രതിസന്ധികൾ നേരിടുമ്പോഴും നമുക്ക് പ്രത്യാശയുണ്ട്. ഈ ആചാരത്തെ മതപരമായി കരുതാം കരുതാതിരിക്കാം. എന്നാൽ പ്രകൃതിയിൽ ഇതെല്ലാം പ്രതിവർഷം നടക്കുന്നു. മനുഷ്യരുടെ വിശ്വാസപ്രകാരമല്ലല്ലോ പ്രകൃതിയുടെ ചര്യകൾ നടക്കുന്നത്. ഇത്തരം അനുഷ്ഠാനങ്ങൾക്ക് ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യമുണ്ട്.

ഇന്ന് ലോകം ഒരു മഹാമാരിയുടെ പിടിയിലാണ്. മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോഴും രോഗം പൂർണമായി മാറ്റാനുള്ള കഴിവ് മനുഷ്യൻ നേടിയിട്ടില്ല. എന്നാൽ ഒരു ചെറിയ  ബാക്ടീരിയയുടെ മുന്നിൽ അടിയറ വച്ചിട്ടും അവന്റെ അഹങ്കാരം കുറയുന്നില്ലെന്നുള്ളത്കൊണ്ടായിരിക്കും ഈ രോഗം പല രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ലോകം മുഴുവൻ ഈ രോഗത്തിന്റെ ഭീതിയിൽ അമർന്നുകഴിയുമ്പോഴാണ് യുദ്ധം എന്ന ഭീകരൻ പ്രത്യക്ഷപ്പെടുന്നത്. റഷ്യ തന്റെ അയൽരാജ്യമായ യുക്രൈനെ ആക്രമിക്കുന്നു. യുദ്ധം നൽകിയ പാഠങ്ങൾ ഇനിയും ജനം പഠിച്ചിട്ടില്ല.

ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ  യൂറോപ്പിന്റെ അവശത കണ്ട ടി. എസ്. എലിയട്ട് “തരിശുഭൂമി” (wasteland) എന്ന കവിത എഴുതി. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിരണ്ടിൽ (1922) എഴുതിയ ഈ കാവ്യം ആധുനികകവിതയുടെ മുഖവുരയായി ഇന്നും നില നിൽക്കുന്നു. നാന്നൂറ്റിമുപ്പത്തിനാലു (434) വരികൾ ഉള്ള ഈ കവിത അഞ്ചു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതിൽ വിവിധ ഭാഷകളും വ്യത്യസ്തമത ചിന്തകളും ഉൾപ്പെടുത്തിയിരിക്കുന്നു. നൂറു വർഷങ്ങൾ പിന്നിടുമ്പോഴും ആ കവിതയുടെ പ്രസക്തി നഷ്ടപ്പെടുന്നില്ല.

ഈ അവസരത്തിൽ ഈ കവിതയെ വളരെ ഹൃസ്യമായി ഒന്നവലോകനം ചെയ്യുന്നതു നമ്മുടെ ചിന്തകളെ നൂറു വര്ഷം പിറകിലേക്കും വർത്തമാനകാലത്തേക്കും സഞ്ചരിപ്പിക്കാൻ സഹായകമാകും.. ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികളിൽ ഈ ലോകം മുഴുവൻ പ്രത്യേകിച്ച് ഇംഗ്ലണ്ടിനുണ്ടായ മാറ്റങ്ങളെ ധാരാളം പരാമർശങ്ങൾ ഉൾപ്പെടുത്തികൊണ്ടു ഇതിൽ വരച്ചുകാട്ടിയിരിക്കുന്നു. യുദ്ധാനന്തരം മരവിച്ചുപോയ മനുഷ്യർ ഒന്നും മുളക്കാത്ത ഭൂമി പോലെ കാണപ്പെടുന്നു.  അവർ നിരാശയുടെ കയങ്ങളിലേക്ക് മുങ്ങിപോകുന്നു. ഇക്കാലത്തും മനുഷ്യർ  ആത്മീയ ദാരിദ്ര്യം അനുഭവിച്ചുകൊണ്ടിരിക്കുന്നു.

യുദ്ധാനന്തരഭൂമിയുടെ അവശനില കണ്ടു ഭഗ്നാശയനായ കവിമനസ്സിൽ രൂപം കൊണ്ട ചിന്തകളെ ഈ കവിതയിൽ  പ്രതിപാദിച്ചിരിക്കുന്നത് നമുക്ക് ശിഥിലചിത്രങ്ങളായി അനുഭവപ്പെട്ടേക്കാം. കാരണം പരസ്പരബന്ധമില്ലാത്ത ഒരു ബിംബാവലി നമുക്ക് ഇതിൽ കാണാൻ കഴിയും. അല്ലെങ്കിലും എലിയട്ട് കവിതകളിൽ ശിഥില ചിത്രങ്ങളുടെ കൂട്ടങ്ങൾ  കാണാവുന്നതാണ്. (heap of broken images). ഏപ്രിൽ ക്രൂരമായ മാസമാണെന്നു പറഞ്ഞുകൊണ്ടാണ് കവിത ആരംഭിക്കുന്നത്. ഇംഗളീഷ് ഭാഷയുടെ പിതാവെന്നു കരുതുന്ന ജെഫ്‌റി ചോസറിന്റെ “കാന്റർബറി ടെയിൽസ് ” ആരംഭിക്കുന്നത് ഏപ്രിൽ മാസത്തെ പ്രകീർത്തിച്ചുകൊണ്ടാണ്. ടി. എസ്. എലിയട്ട് ആ കവിതയിലെ വരികൾ അദ്ദേഹത്തിന്റെ ഭാവനയിൽ കണ്ടപ്പോൾ നേർ വിപരീതമായി..

ജെഫ്രി ചോസർ എഴുതിയത് “ഏപ്രിൽ മാസത്തിലെ സുഗന്ധപൂരിതമായ മഴത്തുള്ളികൾ വരണ്ടുപോയ മാർച്ചുമാസത്തിലെ വേരുകളെ ജലസേചനം ചെയ്യുമ്പോൾ ആ ഊർജ്ജശക്തിയിൽ പൂക്കൾ  ജന്മമെടുക്കുന്നു. പടിഞ്ഞാറൻ കാറ്റ് അതിന്റെ സുഗന്ധവായുകൊണ്ടു വനങ്ങൾക്കും വയലുകൾക്കും നവജീവൻ നൽകുന്നു. ഏപ്രിൽ മഴ മെയ്മാസ പൂക്കളെ കൊണ്ടുവരുന്നുവെന്നു ചുരുക്കം. ഇദ്ദേഹം വസന്തകാല ഭംഗി വിവരിച്ചുകൊണ്ടാണ് തന്റെ കാവ്യം ആരംഭിക്കുന്നത്.

എന്നാൽ എലിയട്ട് കാണുന്നത് ഏപ്രിൽ മാസത്തിലെ ക്രൂരതയാണ്. കാരണം വസന്തകാലത്തിൽ പുതുനാമ്പുകൾ പൊടിക്കുന്നു.  പുതിയ ജീവൻ ചെടികൾക്ക് ലഭിക്കുന്നു. അത് പ്രതീക്ഷയാണ്. പ്രതീക്ഷ മിക്കപ്പോഴും നിരാശയിൽ ചെന്നെത്തുന്നു. തൻെറ മുന്നിൽ കാണുന്ന “തരിശൂഭൂമി” എങ്ങനെ തളിരണിയും. ജോഫ്രി ചോസർ എഴുതുമ്പോൾ അദ്ദേഹത്തിന്റെ മുന്നിൽ ഒരു തരിശു ഭൂമിയല്ലായിരുന്നു. എലിയട്ടിനെ സംബന്ധിച്ചേടത്തോളം ശൈത്യകാലമാണ് ഉഷ്മളമായിരുന്നത്. കാരണം തരിശുഭൂമിക്ക് മീതെ മഞ്ഞു മൂടികിടന്നിരുന്നു. അപ്പോൾ അതൊരു തരിശുഭൂമിയാണെന്ന പ്രതീതിയുളവാക്കിയില്ല.

തരിശുഭൂമിയുടെ അഞ്ചുഭാഗങ്ങൾ ഏതാണ്ട് ഇങ്ങനെ പരിഭാഷ ചെയ്യാം. മരിച്ചവരുടെ സംസ്കാരം, ഒരു ചതുരംഗ മത്സരം, അഗ്നിപ്രഭാഷണം,ജലമൃത്യു, ഇടിമുഴക്കങ്ങൾ പറഞ്ഞത്. ഈ അഞ്ചുഭാഗങ്ങൾ മുഴുവനായി വിവരിക്കുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. ഈ അഞ്ചു ഭാഗങ്ങളിൽ കവി കണ്ടെത്തിയ വിഷയങ്ങൾ ഈ ആധുനിക കാലഘട്ടത്തിലും പ്രസക്തമാണെന്ന് വായനക്കാർക്ക് സങ്കൽപ്പിക്കാൻ കഴിയുമാറാക്കുക എന്ന എളിയ ശ്രമം മാത്രം,. മരിച്ചവരുടെ സംസ്കാരം എന്ന ഭാഗത്തിൽ കവി വ്യക്തമാക്കുന്നത് മരണത്തിനു ശേഷം പുനർജനനം ഉണ്ടാകണം എന്നാൽ തരിശ്ഭൂമിയിൽ അതുണ്ടാകുന്നില്ല.  ആധുനിക മനുഷ്യർ അവരുടെ ഊർജ്ജം അക്രമങ്ങളിലും, ചൂതുകളിയിലും കാമവികാരങ്ങളിലും പാഴാക്കി കളയുന്നതിനാൽ അവനു പുരോഗതിയുണ്ടാകുന്നില്ല. വീണ്ടും ജനനം ഉണ്ടാകണമെങ്കിൽ ആത്മാവിൽ പരിശുദ്ധിയുള്ളവരായിരിക്കണം. മരിച്ചവരുടെ സംസ്കാരം എന്ന ആദ്യഭാഗത്തിന്റെ അവസാനവരികളിലെ ബീഭത്സ രസം ഇന്നത്തെ ചുറ്റുപാടുകളോടുള്ള ചോദ്യമാണ്. വരികൾ ഇങ്ങനെ  ” That corpse you planted last year in your garden, ‘Has it begun to sprout? Will it bloom this year?”” ഓരോ യുദ്ധത്തിലും നമ്മൾ ശവശരീരങ്ങൾ കുഴിച്ചുമൂടുന്നു. അവ തളിർത്തുവോ കിളർത്തുവോ എന്ന് കവി ചോദിക്കുന്നു.

തന്റെ ആശയം വായനക്കാർക്ക് വ്യക്തമാകാൻ കവി ധാരാളം ഐതിഹ്യങ്ങളും, പുരാണങ്ങളും കൂട്ടിച്ചേർക്കുന്നുണ്ട്. രണ്ടാമത്തെ ഭാഗമായ ഒരു ചതുരംഗമത്സരത്തിൽ ഒരു കഥ ഉദ്ധരിക്കുന്നുണ്ട്.  സഹോദരിയുടെ രാജവായ ഭർത്താവിനാൽ ബലാൽസംഗപ്പെടുകയും അതിനുശേഷം അയാൾ അവളുടെ നാവറുത്ത് മരുഭൂമിയിൽ തള്ളുകയും ചെയ്യുന്നു. നാവില്ലെങ്കിൽ സംസാരിക്കാൻ കഴിയില്ലല്ലോ. എന്നാൽ അവൾ ഒരു ചിത്രകമ്പളം തുന്നി വിവരം സഹോദരിയെ ധരിപ്പിച്ചു. കോപിഷ്ഠയായ സഹോദരി ഭർത്താവിന്റെ മകനെ കൊന്നു അയാൾക്ക് ഭക്ഷണമായി നൽകി. അതറിഞ്ഞ അയാൾ രണ്ടുപേരെയും കൊട്ടാരത്തിൽ നിന്നും  ഓടിക്കുകയും പിന്തുടരുകയും ചെയ്തു,

അവർ മൂന്നുപേരും പക്ഷികളായി. മാനഭംഗപ്പെട്ട സ്ത്രീ  രാപ്പാടിയായി. എന്നാൽ ഭാഷ മറന്ന ആധുനിക മനുഷ്യന്  രാപ്പാടി പറയുന്നത് മനസ്സിലാക്കാൻ കഴിയുന്നില്ല. അവൻ രാപ്പാടിയുടെ ശബ്ദത്തിൽ അശ്ലീലം കേൾക്കുന്നു. ഈ ഭാഗത്തിന്റെ അവസാനം രണ്ടു ലണ്ടൻ യുവതികൾ അടയ്ക്കാൻ  സമയമായ ഒരു മദ്യശാലയിൽ ഇരുന്നു സംസാരിക്കുന്നതാണ്. അതുകൊണ്ടു  HURRY UP PLEASE IT’S TIME.” എന്ന് പറയുന്നുണ്ട്. വാസ്തവത്തിൽ അത് ആധുനികമനുഷ്യരോടുള്ള സൂചനയായി കണക്കാക്കാം. മനുഷ്യർ അവരുടെ കാമവികാരം വെറും വിനോദത്തിനായി ഉപയോഗിക്കുന്നു എന്ന് കവി കുറ്റപ്പെടുത്തുന്നുണ്ട്. മനുഷ്യരിലെ ലൈംഗികവൈകൃതങ്ങൾ ഈ ലോകത്തെ തരിശുഭൂമിയാക്കുന്നു. കാമത്തെപ്പറ്റി അഗ്നിപ്രഭാഷണം എന്ന ഭാഗത്തും കവി പറയുന്നുണ്ട്.

അഗ്നിപ്രഭാഷണം എന്ന മൂന്നാമത്തെ ഭാഗത്തിൽ തേംസ് നദിയുടെ തീരത്ത് ആരോ ഇരിക്കുന്നതായി പറഞ്ഞുകൊണ്ട് തുടങ്ങുന്നു. തേംസ് നദിയുടെ സൗന്ദര്യം എല്ലാം നഷ്ടപ്പെട്ടു. ജലകന്യകൾ അവിടെ നിന്നും യാത്രയായി എന്ന് കവി ഉൽപ്രേക്ഷിക്കുന്നുണ്ട്. ഈ ഭാഗത്തിലും കവിയുടെ ഊന്നൽ മനുഷ്യർ സദാചാരനിരതരാകണം എന്ന ആഹ്വാനമാണ്. ഇതിൽ ബുദ്ധന്റെ അഗ്നിപ്രഭാഷണത്തെ ഉദ്ധരിക്കുന്നുണ്ട്. വൈരാഗ്യത്തിലൂടെ ഇന്ദ്രിയങ്ങളെ ജയിക്കണമെന്ന ബുദ്ധന്റെ സിദ്ധാന്തം കവിയും ശരി വയ്ക്കുന്നു. ബുദ്ധന്റെ പ്രഭാഷണത്തോടൊപ്പം ബൈബിളിലെ ഗിരിപ്രഭാഷണവും കവി ഉൾപ്പെടുത്തുന്നു. കവിക്ക് പറയാനുള്ളത് പാശ്ചാത്യസംസ്കാരം അധഃപതിച്ചുകൊണ്ടിരിക്കുന്നു. അത് വെറും തരിശുഭൂമിയാകുന്നു. അതുകൊണ്ട് മനുഷ്യർ ഉണരുകയും നന്മയിലേക്കുള്ള മാർഗത്തിലേക്ക് മാറുകയും ചെയ്യണമെന്നാണ്.  മനുഷ്യർക്ക് ധാർമികത നഷ്ടപ്പെടുന്നതിൽ കവി ഖേദിക്കുന്നു. സ്നേഹമില്ലാത്ത ലൈംഗികതയെപ്പറ്റിയും കവി ഉത്കണ്ഠാകുലനാകുന്നു.

അടുത്ത വിഭാഗമാണ് “ജലമൃത്യു”  ഇതിൽ മുങ്ങിമരിച്ച ഒരു ഫിനിഷ്യൻകാരനെപ്പറ്റി പറയുന്നു. അദ്ദേഹവും സുന്ദരനും, ഉയരംകൂടിയവനുമായിരുന്നു. അയാൾ ജീവിച്ചിരിക്കുമ്പോൾ വളരെ അഹങ്കരിച്ചു എല്ലാവരെയുംപോലെ. എന്നാൽ ഒരുനാൾ മരണം വന്നപ്പോൾ എല്ലാം നിമിഷനേരം കൊണ്ട് നഷ്ടപ്പെട്ടു. നിങ്ങൾ  ഏതു ജാതിയിൽ പെട്ടാലും മരണം നിങ്ങളെ അവകാശപെടുത്തും. അപ്പോൾ ജീവിതം സുചരിതമായ മാര്ഗങ്ങളിലൂടെ നയിക്കുക. അഹങ്കാരം നിങ്ങളെ അടിമയാക്കുമ്പോൾ ഓർക്കുക ഒന്നും ശാശ്വതമല്ല.  അഗ്നിയിൽ സ്ഫുടം ചെയ്‌തെടുക്കുന്ന പോലെ വെള്ളത്താൽ മാലിന്യങ്ങൾ കഴുകിക്കളയാമെന്നു സൂചനയും ഈ കവിതവിഭാഗം തരുന്നു.

ഇടിമുഴക്കങ്ങൾ പറഞ്ഞത് എന്ന വിഭാഗത്തിൽ നമ്മൾ കാണുന്നത് രണ്ടുപേർ നടന്നുപോകുമ്പോൾ അവർ മൂന്നാമത് ഒരാളെ കാണുന്നു. അയാൾ പിന്നെ അപ്രത്യക്ഷനാകുന്നു. അപ്പോഴാണ് ഇടിമുഴക്കമുണ്ടാകുന്നത്. ഉപനിഷത്തുക്കളിൽ ഇടിമുഴക്കം എന്താണ് പറയുന്നതെന്ന് വിവരിക്കുന്നുണ്ട്. അതിങ്ങനെ ദത്ത, = നൽകുക, ദയത്വം,= സഹതപിക്കുക,  ദമത്യ =ആത്മനിയന്ത്രണം പാലിക്കുക. അതിനുശേഷം ശാന്തി, ശാന്തി, ശാന്തി എന്ന മന്ത്രം മൂന്നു പ്രാവശ്യം ഉരുവിട്ടുകൊണ്ടു കാവ്യം അവസാനിക്കുന്നു. മനുഷ്യരും ദേവന്മാരും അസുരന്മാരും അടങ്ങുന്ന ഒരു കൂട്ടം പ്രജാപതിയോട് വിവേകം ഉപദേശിക്കണമെന്നു ആവശ്യപ്പെട്ടു.പ്രജാപതി മൂന്നുപേരോടും ഡാ ഡാ ഡാ എന്ന് പറഞ്ഞുകൊടുത്തു. ദേവന്മാർ മനസ്സിലാക്കിയത്  ദമത്യ എന്നാണു. അതായത് നിയന്ത്രണം പാലിക്കുക. മനുഷ്യർ മനസ്സിലാക്കിയത് ദത്ത എന്നാണു. അതായത് മറ്റുള്ളവർക്ക് നൽകുക. അസുരന്മാർ മനസ്സിലാക്കിയത് ദയത്വം എന്നാണു. അതായത് കരുണ കാണിക്കുക. പ്രജാപതി അവരോട് പറഞ്ഞു നിങ്ങൾ മൂന്നുപേരും ഞാൻ പറഞ്ഞത് ശരിയായി മനസ്സിലാക്കിയിരിക്കുന്നു.

നിരാശക്ക് ശേഷമുള്ള പ്രത്യാശയും മരണത്തിനുശേഷമുള്ള ജീവിതവും കവിത നിഷേധിക്കുന്നില്ല. പ്രത്യാശയുടെ മുകുളങ്ങൾ അങ്കുരിക്കേണ്ട ഭൂമി തരിശ്ശായി കിടക്കുന്നത് കണ്ടിട്ടാണ് കവി പറയുന്നത് ഈ മാസം ക്രൂരമാണെന്നു. ആ നിലത്ത് പുതുനാമ്പുകൾ പൊടിക്കുന്നില്ലെന്ന ഖേദം. യുദ്ധക്കെടുതികളുടെ ഘോരമായ അവസ്ഥയാണ് കവി നമുക്ക് ചൂണ്ടിക്കാണിക്കുന്നത്. പിന്നെ കവിതയിലുടനീളം ധാരാളം കഥകളും ഉപകഥകളും ചേർത്ത് മനുഷ്യർ ധാർമികമായി ഉയരേണ്ട ആവശ്യകതയെ വിവരിക്കുന്നു.

നോയമ്പ്കാലം മനുഷ്യർക്ക് അവരുടെ ബലഹീനതകൾ മനസ്സിലാക്കാനും അതിൽ നിന്നും മോചനത്തിനായി ആത്മനിയന്ത്രണത്തിലൂടെ ശ്രമിക്കാനും കഴിയുന്നു.  എലിയട്ട് കവിതയിൽ ചൂണ്ടിക്കാണിക്കുന്നപോലെ ധാർമ്മികമായി മനുഷ്യർ അധഃപതിക്കുമ്പോൾ അവരിൽ പ്രത്യാശ നഷ്ടപ്പെടുന്നു. പിന്നെയുള്ള ജീവിതം യാന്ത്രികമാണ്. ഇന്ന് ലോകം അനീതിയുടെയും അക്രമത്തിന്റെയും സ്വാധീനത്തിൽ നന്മകൾ കിളർക്കാത്ത മരുഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു. ആത്മീയമായ ഉണർവും, പരസ്പര സ്നേഹവും വളർത്തി ഭൂമിയെ സമൃദ്ധിയാൽ ഹരിതാഭമാക്കുമ്പോൾ ശാന്തിയും സമാധാനവും നിറയും. എല്ലാവര്ക്കും അനുഗ്രഹപ്രദമായ ഈസ്റ്റർ ആശംസകൾ നേരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular