Saturday, April 20, 2024
HomeEditorialലോകം മുൾമുനയിൽ, വാഷിംഗ്ടണിലെ നീറോമാർ വീണ വായിക്കുന്നു

ലോകം മുൾമുനയിൽ, വാഷിംഗ്ടണിലെ നീറോമാർ വീണ വായിക്കുന്നു

റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം രണ്ടാം മാസത്തിലെത്തി നിൽക്കുമ്പോഴും അത് അവസാനിക്കുന്നതിന്റെ യാതൊരു ലക്ഷണവും പ്രകടമല്ല. സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ എവിടെ? ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ കീവിനും മോസ്കോയ്ക്കും ഇടയിൽ മധ്യസ്ഥതയ്ക്ക് പോകുന്നില്ലേ? എന്തുകൊണ്ടായിരിക്കും ഈ പ്രതിസന്ധിക്ക് സമാധാനപരമായ ഒരു പരിഹാരം കണ്ടെത്തുന്നതിൽ ആരും തീരെ താൽപ്പര്യം കാണിക്കാത്തത്? ഇത്രയധികം നാശനഷ്ടങ്ങളും അതിക്രമങ്ങളും യുദ്ധക്കളത്തിലെ രക്തച്ചൊരിച്ചിലും അശാന്തിയും കണ്ടിട്ടും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിൽ സാധാരണമട്ടിൽ ജീവിതം സാധ്യമാകുന്നത് തികച്ചും വിചിത്രമായി തോന്നുന്നു.

നിയോകോൺസിന്റെ നേതൃത്വത്തിലുള്ള വാഷിംഗ്ടൺ വരേണ്യവർഗം ഒരുവശത്ത് നിന്ന് ആഹ്ലാദാരവം മുഴക്കിക്കൊണ്ട് യുക്രെയ്നികളെ  വീണ്ടുവിചാരമില്ലാത്ത പോരാട്ടം തുടരാൻ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ, വിജയത്തിന് ആവശ്യമായ സാമഗ്രികൾ നൽകാൻ അവർ വിമുഖത കാട്ടുന്നു.

വാഷിംഗ്ടൺ നഗരത്തിലെ സുഖലോലുപതയിൽ അഭിരമിക്കുന്നവർ, നിരപരാധികളായ യുക്രെയ്നികളുടെ ജീവനും സ്വത്തും ഭാവിയും കയ്യിലിട്ട് അമ്മാനമാടുന്നു. കളത്തിൽ നേരിട്ടിറങ്ങാതെ കളിക്കാൻ വീണുകിട്ടിയ അവസരം പാഴാക്കാതിരിക്കാൻ അതിവിദഗ്ധമായി കരുക്കൾ നീക്കുന്നതും അവരുടെ ജിയോപൊളിറ്റിക്കൽ ഗെയിമാണ്.

റഷ്യൻ യുദ്ധക്കപ്പൽ മോസ്‌കോവ അടുത്തിടെ മുങ്ങിയതോടെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി തന്റെ ഡിമാൻഡുകൾ  വർദ്ധിപ്പിച്ചു. പാശ്ചാത്യ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം, ദുഷ്ടശക്തികളോട് പോരാടുന്ന വീര യോദ്ധാവാണ് സെലെൻസ്‌കി. പട നയിച്ച ക്ഷീണത്തോടെ അദ്ദേഹം പത്രസമ്മേളനങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴും പടിഞ്ഞാറുടനീളമുള്ള വിവിധ നിയമനിർമ്മാണ സഭകളെ അഭിസംബോധന ചെയ്യുമ്പോഴും വിൻസ്റ്റൺ ചർച്ചിലിന്റെ പ്രസംഗങ്ങൾ പ്രതിധ്വനിപ്പിച്ചുകൊണ്ട്, റഷ്യയ്ക്കെതിരെയുള്ള പോരാട്ടത്തിൽ മറ്റു ലോകരാജ്യങ്ങളും അണിനിരക്കാൻ ആഹ്വാനം ചെയ്യുന്നു.

എന്നിരുന്നാലും, ഒരു യഥാർത്ഥ ദേശീയ നേതാവിന് എങ്ങനെയാണ് തന്റെ ജനങ്ങളെയും രാജ്യത്തെയും ഈ നിലയിലേക്ക് അധപ്പതിക്കാൻ വിട്ടുകൊടുക്കാൻ കഴിയുക എന്നത് ആശ്ചര്യപ്പെടുത്തും. യുക്രെയ്നിലെ സ്ത്രീകളെയും കുട്ടികളെയും പോലും റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ പങ്കുചേരാൻ പെട്രോൾ ബോംബുകൾ നൽകി സ്വാഗതം ചെയ്തുകൊണ്ട് മരണത്തിലേക്ക്  തള്ളിവിടുകയായിരുന്നു. കീവ് പിടിച്ചെടുക്കുന്നതിൽ നിന്ന് റഷ്യൻ സൈന്യത്തെ ചെറുത്തുനിർത്തുന്നതിൽ വിജയിച്ചതോടെ റഷ്യക്കാരിൽ നിന്ന് യൂറോപ്പിനെ രക്ഷിച്ച ആത്യന്തിക യോദ്ധാവാണ് താനെന്ന് സെലെൻസ്കിക്ക് സ്വയം തോന്നിത്തുടങ്ങിയിരിക്കാം. വാഷിംഗ്ടണിലെ അധികാര പ്രമുഖർ അദ്ദേഹത്തിന് അവരുടെ അചഞ്ചലമായ പിന്തുണ ഉറപ്പുനൽകിക്കൊണ്ട് യുദ്ധത്തിൽ റഷ്യക്കാർ അനുഭവിക്കുന്ന ക്ലേശങ്ങൾ കണ്ടു രസിക്കുകയാണ്.

എന്തുതന്നെയായാലും, നിരപരാധികൾ കൊല്ലപ്പെടുന്നതും കീവിൻറെ പ്രാന്തപ്രദേശമായ ബുച്ചയിലെ തെരുവിലൂടെ കൈകൾ പിന്നിൽ കെട്ടി വലിച്ചിഴച്ച് വെടിവയ്ക്കുന്നതുമെല്ലാം ലോകത്തിനു മുന്നിൽ സങ്കടകരമായ കാഴ്ചയാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത്  ജർമ്മനിയിലെ ഡ്രെസ്ഡനിലെ അവസ്ഥയ്ക്ക് സമാനമായി വിമാനങ്ങൾ വട്ടമിട്ടുപറന്ന് നഗരങ്ങളെ ചാമ്പലാക്കുന്ന ഫയർ ബോംബിങ് തന്നെയാണ് യുക്രെയിനിലുടനീളം കാണാനാകുന്നത്. മരിയുപോൾ ഉൾപ്പെടെയുള്ള പല നഗരങ്ങളിലും, മരണപ്പെട്ടവരുടെ യഥാർത്ഥ സംഖ്യ ഇനിയും വെളിപ്പെട്ടിട്ടില്ല.

യുദ്ധഭൂമിയിൽ നിന്നുള്ള റിപ്പോർട്ടുകൾ നോക്കുമ്പോൾ, നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുകൊണ്ടാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പൗരന്മാരെ ഭയപ്പെടുത്താനും രാജ്യത്തെ മുട്ടുമടക്കിക്കാനും തന്ത്രം മെനയുന്നതെന്ന് മനസ്സിലാക്കാം. സാധാരണക്കാർ താമസിക്കുന്ന കെട്ടിടങ്ങൾക്ക് നേരെ ഷെല്ലാക്രമണം നടത്തുകയും സിവിലിയൻ ജീവിതത്തിന്റെ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നതാണ് പുടിന്റെ രീതി. തന്റെ ഉദ്ദേശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി എത്ര തരം താഴ്ന്ന നീക്കങ്ങൾ നടത്താനും സ്വേച്ഛാധിപതിയും പ്രതികാരദാഹിയുമായ പുടിൻ മടിക്കില്ല. യുക്രെയ്ൻ ജനതയുടെ ഇച്ഛാശക്തിയും രാജ്യത്തിന്റെ ചെറുത്തുനിൽപ്പുമായി  ബന്ധപ്പെട്ട കണക്കുകൂട്ടലുകളിലാണ് അദ്ദേഹത്തിന് പിഴവ് സംഭവിച്ചത്. അതോടൊപ്പം റഷ്യൻ മിലിട്ടറിയുടെ ദൗർബല്യങ്ങളും പുറത്തുവന്നു. എന്നിട്ടും ഇതേ മിലിട്ടറി   അമേരിക്കക്കു കടുത്ത ഭീഷണിയാണെന്ന് പ്രചരിപ്പിച്ച് പെന്റഗൺ ബജറ്റ് വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു.

ഈ വിനാശകരമായ യുദ്ധം  രാജ്യത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിൽക്കൂടി, കടുത്ത ഉപരോധങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലോകമെമ്പാടും അനുഭവപ്പെടുന്നുണ്ട്. സംഘർഷം ഇതിനകം തന്നെ ആഗോള വിപണിയെ സാരമായി ബാധിച്ചു. കോവിഡ് മഹാമാരിക്കുശേഷം സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാൻ ലോകരാജ്യങ്ങൾ നടത്തിവരുന്ന ശ്രമങ്ങളും ഇതോടെ അനിശ്ചിതത്വത്തിലായി. ചരക്ക് വില ഉയരുന്നതും, പണപ്പെരുപ്പവും സമ്മർദ്ദം ജനിപ്പിക്കുകയും സാമ്പത്തിക മാന്ദ്യത്തിലേക്കും സാമൂഹിക അശാന്തിയിലേക്കും നയിക്കുകയും ചെയ്യും.

ലോകത്തിലെ മൂന്നാമത്തെ എണ്ണ ഉൽപ്പാദകരും രണ്ടാമത്തെ പ്രകൃതിവാതക ഉൽപാദകരുമാണ് റഷ്യ. ഗോതമ്പ്, സൂര്യകാന്തി,ചോളം എന്നിവയുടെ  പ്രധാന ഉത്പാദകരാണ് യുക്രെയ്ൻ. അതിനാൽത്തന്നെ, ഈ യുദ്ധം തുടരുന്നത് ഊർജ്ജത്തിന്റെയും അവശ്യവസ്തുക്കളുടെയും വിതരണം തടസ്സപ്പെടുത്തും. വികസിതരാജ്യങ്ങളെയും  വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളെയും ഇത് സ്തംഭനാവസ്ഥയിലേക്ക് തള്ളിവിടും. അതുമൂലമുള്ള  അപകടസാധ്യത തീവ്രമായിരിക്കും.

സംഘർഷം നീണ്ടുപോകുന്ന പക്ഷം,കടുത്ത പാശ്ചാത്യ ഉപരോധങ്ങളും ഉയർന്ന പലിശനിരക്കും റഷ്യയുടെ എണ്ണ-വാതക കയറ്റുമതിയിലെ തടസ്സങ്ങളും ആഗോള വിപണിയെ ബാധിച്ചേക്കാം. ലോക സമ്പദ്‌വ്യവസ്ഥയെ ഇത്  മന്ദഗതിയിലാക്കും. റഷ്യയുടെ റൂബിളിന്റെ വില ഇടിയുമെന്ന്  പ്രതീക്ഷിച്ചതുതന്നെയാണ്. ഇത് ലോകത്തിന്റെ കരുതൽ കറൻസി എന്ന നിലയിൽ യുഎസ് ഡോളറിന്റെ ആധിപത്യത്തെ ചോദ്യം ചെയ്യും.
യുക്രെയ്നിലേക്ക് മാരകായുധങ്ങൾ അയയ്ക്കുന്നത് തുടരുകയാണെങ്കിൽ അതിന് പ്രവചനാതീതമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് റഷ്യ ഈ ആഴ്ച യുഎസിനും നാറ്റോയ്ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവിധ പത്ര റിപ്പോർട്ടുകൾ നൽകുന്ന സൂചന.

റഷ്യ തന്ത്രപരമായ ആണവായുധങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും ലോകം അതിനെ നേരിടാൻ തയ്യാറായിരിക്കണമെന്നുമാണ് ഇതിനുള്ള പ്രതികരണമായി യുക്രെയ്നിയൻ പ്രസിഡന്റ് സെലെൻസ്‌കി വെള്ളിയാഴ്ച സിഎൻഎനിന്  നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഈ ഭീഷണികളും പ്രത്യാക്രമണങ്ങളും എന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്?

നിർണ്ണായകമായ വഴിത്തിരിവിന്റെ ഘട്ടത്തിലാണ് ലോകം ഇപ്പോൾ എത്തിനിൽക്കുന്നതെന്ന് നിസ്സംശയം പറയാം. പാശ്ചാത്യ ഉപരോധങ്ങളും നാറ്റോ രാജ്യങ്ങളിൽ നിന്നുള്ള അത്യാധുനിക ആയുധങ്ങൾ എത്തിച്ചേരുന്നതിലൂടെ യുദ്ധക്കളത്തിലുണ്ടാകുന്ന നിരന്തരമായ നാശനഷ്ടങ്ങളും റഷ്യയുടെ സമനില തെറ്റിച്ചാൽ, അത് കൂടുതൽ വിനാശകരമായ പ്രതികരണത്തിലേക്ക് നയിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ലോകം അതിന് കനത്ത വില നൽകേണ്ടതായി വരും.

തങ്ങളുടെ സ്വാതന്ത്ര്യവും സ്വൈര്യജീവിതവും സംരക്ഷിക്കപ്പെടണമെന്നും ഭാവിയിൽ കൂടുതൽ യുദ്ധങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിക്കണമെന്നും ആഗ്രഹിക്കുന്ന സ്വാഭിമാനികളാണ് യുക്രെയ്ൻ ജനത.
സോവിയറ്റ് അധിനിവേശത്തെത്തുടർന്നുണ്ടായ അമേരിക്കയുടെ തലതിരിഞ്ഞ വിദേശനയത്തിന്റെ  ഫലമാണ് അഫ്ഗാനിസ്ഥാനിൽ  താലിബാൻ രൂപീകരിക്കപ്പെട്ടതും  9/11   ഭീകരാക്രമണവും  എന്ന്  വലിയൊരു വിഭാഗം വാദിക്കുന്നുണ്ട്.

ആ ചരിത്രം ആവർത്തിക്കാൻ പോവുകയാണോ? കാഴ്ചക്കാരെ പോലെ നോക്കിയിരിക്കുന്നതിന് പകരം ലോകം എന്താണ് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിൽ സജീവമായി ഏർപ്പെടാത്തത്?
ആശയവിനിമയത്തിനും ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും അതിരുകളില്ലാത്ത കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്.

വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിനും സമാധാനത്തിനായി നിലകൊള്ളുന്നതിനും ലോക പൗരന്മാർ എടുക്കുന്ന താൽപ്പര്യത്തിന് അനുസൃതമായിരിക്കും  ലോകം ഇതുവരെ കണ്ടിട്ടില്ലാത്തത്ര ഭീകരമായ കൂട്ടക്കുരുതി ഒഴിവാക്കാനുള്ള സാധ്യത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular