Thursday, April 18, 2024
HomeEditorialറഷ്യൻ യാത്രയുടെ ഓർമ്മകൾ: കത്തീഡ്രലുകളും വോഡ്‌ക മ്യൂസിയവും

റഷ്യൻ യാത്രയുടെ ഓർമ്മകൾ: കത്തീഡ്രലുകളും വോഡ്‌ക മ്യൂസിയവും

“ഇന്നിയാൾ വോഡ്‌കയെപ്പറ്റിയല്ലേടോ പറയാൻ പോകുന്നത്?”
“അതേ പിള്ളേച്ചാ. അതിനു മുൻപ് പ്രധാനപ്പെട്ട രണ്ടു കത്തീഡ്രലുകളെപ്പറ്റി കൂടി പറയാതെ വയ്യ.”
“അതേതാടോ?”
“സെന്റ് പീറ്റേഴ്‌സ്ബർഗിലെ രണ്ടു പ്രശസ്ത ദേവാലയങ്ങളാണ് ‘കസാൻ കത്തീഡ്രലും’ ‘ചർച്ച് ഓഫ് ദി സേവ്യർ ഓൺ സ്പിൽഡ് ബ്ലഡ്’ എന്ന കത്തീഡ്രലും. ഇതിൽ കസാൻ കത്തീഡ്രൽ ‘ഔർ ലേഡി ഓഫ് കസാൻ’ എന്നും അറിയപ്പെടുന്നു. ഈ ദേവാലയത്തിലെ വിശുദ്ധ ദൈവമാതാവിന്റെ ഒരു ഐക്കൺ ലോക പ്രശസ്തമാണ്.1812 ൽ നെപ്പോളിയൻ റഷ്യ ആക്രമിച്ചപ്പോൾ റഷ്യയുടെ എക്കാലത്തെയും മികച്ച മിലിട്ടറി കമാണ്ടർമാരിൽ ഒരാളായിരുന്ന മിഖയിൽ കുട്ടൂസോവ് യുദ്ധത്തിനു പോകുന്നതിനു മുൻപ് കന്യകമറിയാമിന്റെ ഈ ഐക്കണിനു മുൻപിൽ പ്രാർഥിച്ചു സഹായം അഭ്യർഥിച്ചതായും വിജശ്രീലളിതനായി മടങ്ങി വന്നപ്പോൾ ഈ ദേവാലയം നന്ദിസൂചകമായി മാതാവിന് സമർപ്പിക്കുകയും ചെയ്തു. ആ ജനറലിന്റെ ഭൗതികശരീരം ഈ ദേവാലയത്തിലാണ് അടക്കം ചെയ്തിരിക്കുന്നത്. ഞങ്ങളുടെ ഗൈഡ് അലീസ്യ റഷ്യൻ ഓർത്തഡോക്‌സ്‌കാരിയായിരുന്നതുകൊണ്ടു ദേവാലയത്തിൽ പാലിക്കേണ്ട ചട്ടങ്ങളും അതിന്റെ പശ്ചാത്തലവും വിവരിച്ചിരുന്നു. ഓർത്തഡോക്‌സ്‌ ദേവാലയത്തിൽ പ്രാർഥിക്കാൻ കയറുന്ന സ്ത്രീകൾ ശിരസ് കവർ ചെയ്തിരിക്കണം. കൂടുതലും ഇതിനായി സ്‌കാർഫ് ആണ് ഉപയോഗിക്കുക. സാരിത്തലപ്പായാലും മതിയാവും. ഈ ഐക്കണിനു മുൻപിൽ പ്രാർഥിക്കാനുള്ളവരുടെ നീണ്ട നിരയുണ്ടായിരുന്നു.

അതുപോലെ തന്നെ വളരെയധികം സന്ദർശകരെ ആകർഷിക്കുന്ന ഒന്നാണ് ‘ചർച്ച് ഓഫ് ദി സേവ്യർ ഓൺ സ്പിൽഡ് ബ്ലഡ്’.  ഈ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നത് സാർ ചക്രവർത്തിയായിരുന്ന അലക്സാണ്ടർ രണ്ടാമൻ വധിക്കപ്പെട്ട സ്ഥലത്താണ്. റഷ്യൻ സാർ ചക്രവർത്തിമാരിൽ പ്രവൃത്തികൊണ്ടു പ്രശസ്തനായ ഒരാളാണ് അലക്സാണ്ടർ രണ്ടാമൻ. അടിമകളെ സ്വാതന്ത്രരാക്കുകയും ജന്മിമാരുടെ ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്ത് വിളവെടുക്കുമ്പോൾ ജന്മിമാർക്കു തന്നെ വിളവ് മുഴുവൻ നൽകേണ്ടി വരികയും ചെയ്തിരുന്ന പാവപ്പെട്ട അടിയാളന്മാർക്ക് ആ ഭൂമി പതിച്ചു നൽകി സ്വന്തമായി അവർക്കു കൃഷിഭൂമി നൽകുകയും ചെയ്തു. വളരെയധികം നവീന ആശയങ്ങൾ അദ്ദേഹം നടപ്പിലാക്കി. ഇത് പലരെയും ചൊടിപ്പിച്ചു. ‘പീപ്പിൾസ് വിൽ’ എന്ന വിപ്ലവ സംഘടന അദ്ദേഹത്തെ വധിക്കാൻ പലതവണ ശ്രമിച്ചു പരാജയപ്പെട്ടെങ്കിലും 1881 മാർച്ച് 13 ഞായറാഴ്ച രാവിലെ പതിവുപോലെ അദ്ദേഹം അടുത്തുള്ള മിലിട്ടറി ക്യാമ്പിലേക്കു പോയപ്പോൾ വഴിയരികിൽ നിന്നിരുന്ന ഒരാൾ അദ്ദേഹത്തിന്റെ കുതിരവണ്ടിയുടെ കീഴിലേക്ക് ബോംബെറിഞ്ഞു. അദ്ദേഹം സഞ്ചരിച്ചിരുന്ന വണ്ടി നെപ്പോളിയൻ സമ്മാനമായി നൽകിയ ബുള്ളറ്റ് പ്രൂഫ് വാഹനമായിരുന്നു. അംഗരക്ഷകരിൽ ഒരാൾ മരിക്കുകയും വാഹനത്തിനു കേടുപാടുകളുണ്ടാകുകയും ചെയ്‌തെങ്കിലും ചക്രവർത്തി പരുക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു. മറ്റു പലർക്കും പരുക്കേറ്റു. ഉടനെ തന്നെ ചക്രവർത്തിയെ മറ്റൊരു വാഹനത്തിൽ കൊട്ടാരത്തിലേക്കു മടങ്ങാൻ സുരക്ഷാ സേന നിർദ്ദേശിച്ചെങ്കിലും പരിക്കേറ്റവരുടെ ക്ഷേമാന്വേഷണത്തിനായി അദ്ദേഹം അവിടെത്തന്നെ നിന്ന് നിർദ്ദേശങ്ങൾ നൽകി. അപ്പോഴാണ് വഴിയരുകിൽ നിന്ന മറ്റൊരാൾ ചക്രവർത്തിയുടെ നേരെ ബോംബെറിഞ്ഞത്. അതിൽ ഗുരുതരമായി പരുക്കേറ്റ ചക്രവർത്തി രക്തം വാർന്നു മരിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ഓർമ്മക്കായിട്ടാണ് ആ സ്ഥലത്തു തന്നെ ഈ ദേവാലയം പണിതത്.
അലക്സാണ്ടർ രണ്ടാമൻ ചക്രവർത്തി 1861 ലാണ് അടിമകൾക്ക്‌ സ്വാതന്ത്ര്യം നൽകിയത്. 1881 ൽ അദ്ദേഹം വധിക്കപ്പെട്ടു.”

“ഇത് നിങ്ങളുടെ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺന്റെ അനുഭവം പോലെയുണ്ടല്ലോടോ. അദ്ദേഹം 1863 ജനുവരി ഒന്നിന് അടിമകൾക്ക്‌ സ്വാതന്ത്ര്യം നൽകി. അദ്ദേഹം 1865  ഏപ്രിൽ 15 നു വധിക്കപ്പെട്ടു എന്നതും ചരിത്രം.”
“അതേ പിള്ളേച്ചാ. അമേരിക്കൻ പ്രെസിഡന്റുമാരിൽ പലരും പ്രശസ്തരാണെങ്കിലും ജനഹൃദയങ്ങളിൽ, പ്രത്യേകിച്ച് കറുത്തവർഗക്കാരുടെ മനസ്സിൽ, ഇന്നും ജീവിക്കുന്ന ഒരു വ്യക്തിത്വമാണ് എബ്രഹാം ലിങ്കൺ.”
“നിങ്ങൾക്ക് അലാസ്‌കാ സംസ്ഥാനം വിറ്റതും അലക്സാണ്ടർ രണ്ടാമൻ ചക്രവർത്തിയാണെടോ. ഇനി ഒരു യുദ്ധമുണ്ടായാൽ ബ്രിട്ടീഷ്‌കാർ അവിടെ അവരുടെ കോളനി സ്ഥാപിക്കുമെന്നും അത് ഭാവിയിൽ റഷ്യക്കു ദോഷം ചെയ്യുമെന്നും കരുതിയാണ് അദ്ദേഹം അങ്ങനെ ചെയ്തത്. പക്ഷെ പിന്നീട് അമേരിക്കയ്ക്ക് റഷ്യയെ അടുത്തു നിരീക്ഷിക്കാൻ ഇതു വലിയ സഹായകമായി. തുച്ഛമായ വിലക്കാണ് അന്നത് നിങ്ങൾക്കു തന്നത്.”
“പിള്ളേച്ചൻ പറഞ്ഞതു ശരിയാണ്. 72 ലക്ഷം ഡോളറിനാണ് അന്നത് വാങ്ങി അമേരിക്കയുടെ സംസ്ഥാനമാക്കിയത്.”
“പിന്നെ എന്തൊക്കെയാണെടോ അവിടെ കാണാനുള്ളത്?”
“പിള്ളേച്ചാ, അവിടത്തെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നാണ് ‘ഗ്രാൻഡ് മാക്കിയറ്റ് (Grand Maket). ഇത് റഷ്യയുടെ സമസ്‌ത മേഖലകളുടെയും ഒരു മോഡൽ ആണ്. ഇത് ലോകത്തിലെ രണ്ടാമത്തെ മോഡൽ സ്റ്റേഷൻ ആണ്. ഒന്നാമത്തെത് ജർമ്മനിയിലെ ഹാംബർഗിലാണ്. സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഒരു കെട്ടിടത്തിൽ രണ്ടു നിലകളിലായി 800 ചതുരശ്ര മീറ്റർ സ്ഥലത്തു സ്ഥാപിച്ചിരിക്കുന്ന ഈ മോഡൽ സ്റ്റേഷനിലെ കാഴ്ചകൾ ആരെയും ആതിശയിപ്പിക്കുന്നതാണ്. മോസ്കോ-സെന്റ് പീറ്റേഴ്‌സ്ബർഗ്-സൈബീരിയ-കിഴക്കൻ മേഖലകളെ കൂട്ടി യോജിപ്പിക്കുന്ന റോഡുകൾ, റെയിൽ പാളങ്ങൾ, ജല ഗതാഗത മാർഗങ്ങൾ, നാവികത്താവളം, ഫാക്ടറികൾ, സമുദ്രവും അതിലെ കപ്പലുകളും, കൃഷിസ്ഥലങ്ങൾ, പുൽമേടുകളിൽ മേയുന്ന ആട്ടിൻ പറ്റവും അതിനെ മേയ്ക്കുന്ന ആട്ടിടയനും തുടങ്ങി റഷ്യയുടെ സമസ്ത മേഖലകളെയും ഇതിൽ കലാപരമായി പുനർസൃഷ്ഠിച്ചിരിക്കയാണ്. 100 ൽ പരം ആളുകൾ 5 വർഷം തുടർച്ചയായി അധ്വാനിച്ചതിന്റെ ഫലമായിട്ടാണ് ഇതു പൂർത്തീകരിക്കാൻ സാധിച്ചത്. പകൽ സൂര്യ പ്രകാശത്തിൽ ഈ കഴ്ച അതിമനോഹരമാണ്. എന്നാൽ രാത്രിയിൽ കൊടുത്തിരിക്കുന്ന ദീപക്കാഴ്ചകളോടെ കാണുവാൻ അതിലും മനോഹരമാണ്. ഓരോ 13 മിനിറ്റിലും ഇവിടെ പകലും രാവും മാറി വരും. അഞ്ചു ലക്ഷം LED ബുൾബുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. രണ്ടര കിലോമീറ്റർ നീളം വരുന്ന റയിൽപാളങ്ങളിൽ കൂടി ഓടുന്ന 250 ട്രെയിനുകളെ നിയന്ത്രിക്കുന്നത് 452 സ്വിച്ച് ബോക്‌സുകളാണ്. പാലങ്ങളും തുരംഗങ്ങളും കടന്ന് ഓരോ ട്രെയിനും ലക്ഷ്യ സ്ഥാനത്തേക്കു കുതിക്കുന്നത്‌ നോക്കി നിൽക്കാൻ സന്ദർശകർ ഏറെയാണ്.

ഇവിടേക്കുള്ള പ്രവേശന ഫീസ് പ്രായപൂർത്തി ആയവർക്ക് 680 റൂബിളും (8.5 ഡോളർ) കുട്ടികൾക്ക് 420 റൂബിളും (5.25 ഡോളർ) ആണ്.”
“എടോ, ട്രാൻസ്-സൈബീരിയൻ ട്രെയിൻ റഷ്യയുടെ എക്കാലത്തെയും സ്വകാര്യ അഹങ്കാരമാണ്. അതിൽ ഒന്നു പോയാൽ മതി റഷ്യ മുഴുവൻ സഞ്ചരിച്ചതുപോലെയാകും എന്നാണ് കേട്ടിട്ടുള്ളത്. ഇയ്യാൾ അതിൽ കയറിയോ?”
“ഇല്ല പിള്ളേച്ചാ, അത് 10 ദിവസത്തെ യാത്രയാണ്. ഇനി ഒരിക്കൽ അതിനു പോകണമെന്നാഗ്രഹമുണ്ട്.”
“ഇയ്യാൾ വോഡ്‌കയുടെ കാര്യം മറന്നോ?”
“ഹേയ്, മറന്നതല്ല. അവിടെ വൈകിട്ടാണ് പോയത്. വോഡ്‌ക എന്നു പറയുന്ന പാനീയം റഷ്യൻ സംസ്കാരത്തിന്റെ ഭാഗമാണ്. റഷ്യയിൽ വോഡ്‌ക ഇല്ലാതെ യാതൊരു ആഘോഷങ്ങളെപ്പറ്റിയും ചിന്തിക്കാൻ പോലും അവർക്കു സാധിക്കില്ല. മോസ്കോ ക്രെംലിനിലെ ചുഡോവ് ആശ്രമത്തിലെ ഇസിഡോർ എന്ന ഒരു സന്യാസിയാണ് 1430 ൽ ആദ്യമായി വോഡ്‌ക ധാന്യങ്ങളിൽ നിന്ന് വാറ്റി നല്ലൊരു മദ്യമായി ലോകത്തിനു കാണിച്ചു കൊടുത്തത്. എന്നാൽ പതിനാലാം നൂറ്റാണ്ടു മുതൽ റഷ്യയിൽ വോഡ്‌ക ഉണ്ടായിരുന്നതായും ചില രേഖകളിൽ കാണുന്നു. വോഡ്‌കയുടെ ചരിത്രമില്ലാതെ സാർ ചക്രവർത്തിമാരുടെയോ കമ്യൂണിസ്റ്റ് പാർട്ടിയുടേയോ ചരിത്രം പൂർത്തിയാകില്ല. വ്ളാഡിമിർ ലെനിൻ മദ്യ നിരോധനം കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പിന്നീട് വന്ന ജോസഫ് സ്റ്റാലിൻ ലോക മഹാ യുദ്ധത്തിൽ പങ്കെടുക്കുന്ന സൈനികർക്കു പ്രത്യേക ക്വോട്ട അനുവദിക്കുകയാണുണ്ടായത്. യൂറോപ്പിൽ വിപണിയിലിറക്കുന്ന മദ്യത്തിന് 37.5% ആൽക്കഹോൾ നിശ്ചയിച്ചപ്പോൾ റഷ്യ വോഡ്‌കയിൽ 40% ആൽക്കഹോൾ നിർബന്ധമാക്കി. റഷ്യക്കാർ പറയുന്നത്, പാശ്ചാത്യ രാജ്യങ്ങളിൽ ആളുകൾ ചെറിയ പ്രശ്നങ്ങൾക്ക് പോലും മനോരോഗ വിദഗ്ദ്ധരെ ആശ്രയിക്കുമ്പോൾ റഷ്യക്കാർ ഒരു കുപ്പി വോഡ്‌കക്കു മുൻപിൽ ഇരുന്നു പ്രശ്‌നം പറഞ്ഞു തീർക്കുമെന്നാണ്. അത്ര കണ്ടു വോഡ്‌ക റഷ്യൻ സംസ്‌കാരത്തിലും സമൂഹത്തിലും സ്വാധീനം ചെലുത്തിയിരിക്കുന്നു. റഷ്യയുടെ അതിശൈത്യ കാലാവസ്ഥ ആയിരിക്കാം അതിനു കാരണം. എന്തായാലും സാധാരണ ജനങ്ങളുടെ പാനീയമാണ് റഷ്യൻ വോഡ്‌ക എന്നു പറയുമെങ്കിലും വളരെ വിലയേറിയ വോഡ്‌കയും ഉത്പാദിക്കപ്പെടുന്നുണ്ട്.
“ഏതു ധാന്യങ്ങളിൽ നിന്നാടോ ഈ വോഡ്‌ക ഉണ്ടാക്കുന്നത്?”
“കൂടുതലും ഉരുളക്കിഴങ്ങിൽ നിന്നാണ് ഉണ്ടാക്കുന്നത്. എന്നാൽ ഗോതമ്പിൽ നിന്നും ഉണ്ടാക്കുന്നതും വളരെയുണ്ട്. പല ധാന്യങ്ങളിൽ നിന്നും വോഡ്‌ക ഉണ്ടാക്കാറുണ്ട്.”

“നമ്മുടെ നാട്ടിലെ കപ്പയിൽ നിന്നും ഉണ്ടാക്കാനാകുമോടോ?”
“ഒരു പക്ഷെ സാധിക്കുമായിരിക്കും. അതിനെപ്പറ്റി താത്പര്യമുള്ള ആരെങ്കിലും ആ രംഗത്ത് ഗവേഷണം നടത്തി നോക്കണം.”
“അതിന് ഗവണ്മെന്റ് തന്നെ മുൻകൈ എടുത്തിറങ്ങണം. ഏതായാലും ഇതാണല്ലോ കേരളത്തിന്റെ പ്രധാന വരുമാന മാർഗ്ഗം. നിങ്ങളൊന്നു പറഞ്ഞു നോക്ക് സർക്കാരിനോട്. ഏതായാലും നിങ്ങളുടെ ആളുകളാണല്ലോ കൂടുതൽ ഈ സാധനം കുടിക്കുന്നത്!”
“അതെന്താ പിള്ളേച്ചാ അങ്ങനെ പറഞ്ഞത്?”
“എടോ, ഏറ്റവും കൂടുതൽ മദ്യം കേരളത്തിൽ വിൽക്കുന്നത് ഈസ്റ്ററിനും ക്രിസ്തുമസ്സിനുമല്ലേ? അപ്പോൾ അച്ചായന്മാർക്കു രണ്ടെണ്ണം കൂടുതൽ അടിക്കാതെ പറ്റില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യം വിൽക്കുന്ന സ്ഥലങ്ങൾ ഏതെന്നു നോക്കെടോ. അച്ചായന്മാർ കൂടുതലുള്ള ഇരിങ്ങാലക്കുട പോലെയുള്ള സ്ഥലങ്ങളല്ലേ?”
“അങ്ങനെ നോക്കിയാൽ പിള്ളേച്ചൻ പറഞ്ഞതിലും കാര്യമുണ്ട്. പക്ഷേ, അവരൊക്കെ നാടിന്റെ സാമ്പത്തിക ഭദ്രതക്കു വേണ്ടിയാണ് പിള്ളേച്ചാ ഇല്ലാത്ത പണം കൊടുത്തു വാങ്ങി അടിക്കുന്നത്! പ്രബുദ്ധരായ ക്രിസ്ത്യാനികൾ!”
“ഓ കേട്ടു. ഇയ്യാൾ വോഡ്ക മ്യൂസിയത്തിലെ കാര്യം പറ.”
“ങ്ഹാ, ഞങ്ങൾ മ്യൂസിയത്തിൽ ചെന്നപ്പോൾ ഞങ്ങളുടെ ഗ്രൂപ്പിന് വേണ്ടി രണ്ടു ടേബിളുകളിലായി 30 മില്ലി വീതമുള്ള 66 കപ്പുകളിൽ വോഡ്‌ക നിറച്ചു വച്ചിരുന്നു. ഇത് ഫ്രീ സാമ്പിളുകളാണ്. രുചി നോക്കാനായി വച്ചിരിക്കയാണ്. അതിന്റെ മേന്മയെ പറ്റി പറയാനായി ഒരാൾ വരുമെന്നറിയിച്ചെങ്കിലും അയാൾ വന്നപ്പോഴേക്കും 66 കപ്പുകളും കാലിയായിരുന്നു! മലയാളിയോടാ കളി!
വോഡ്‌കയുടെ ചരിത്രം പറയുന്ന നിരവധി ഫോട്ടോകളും സ്മാരക ചിഹ്നങ്ങളും അവിടെ ഭിത്തിയിൽ തൂക്കിയിട്ടുണ്ട്. വിവിധ തരം വോഡ്‌ക വില്പനക്ക് വച്ചിട്ടുണ്ട്. ഒരു കുപ്പിക്ക് ആയിരം റൂബിൾ മുതൽ വോഡ്ക ലഭിക്കുമെങ്കിലും ആറര ലക്ഷം റൂബിൾ വില വരുന്ന ബലൂഗ (BALUGA ) വോഡ്‌കയുടെ ഒരു കുപ്പി അവരുടെ ഡിസ്‌പ്ലേയിൽ ഒരു വശത്തായി മാറ്റി വച്ചിട്ടുണ്ട്. ഉത്തര ആർട്ടിക്കിലെ അതിശൈത്യത്തിൽ വളർത്തപ്പെടുന്ന ഒരു തരം ഗോതമ്പുമണികളും ഉപരിതലത്തിൽ നിന്നും ആയിരം അടി താഴ്ചയിലുള്ള ഉറവകളിൽ നിന്നും ഊറ്റിയെടുക്കുന്ന ജലവുമാണ് ബലൂഗ വോഡ്‌ക വാറ്റിയെടുക്കാനായി ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരന് ഇതു വാങ്ങാൻ അത്ര എളുപ്പമല്ല. സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഉത്പാദിക്കപ്പെടുന്ന ‘റഷ്യൻ സ്റ്റാൻഡേർഡ് (Russian Standard)’ വളരെ നല്ലൊരു ബ്രാൻഡ് ആണെന്നാണ് ഗൈഡ് അഭിപ്രായപ്പെട്ടത്. ഇതിൽ തന്നെ റെഗുലർ, പ്രീമിയം, സിൽവർ, ഗോൾഡ് മുതലായ വിവിധ നിലവാരത്തിലുള്ളത് ലഭ്യമാണ്. ഓരോന്നിനും മേന്മയനുസരിച്ചു വില കൂടുമെന്നു മാത്രം. ഗ്രൂപ്പിലുള്ള ചിലരൊക്കെ അവിടെ നിന്ന് കുപ്പികൾ വാങ്ങി അവരെ സഹായിച്ചു. അവർക്കു കച്ചവടം നടക്കണമല്ലോ. അതല്ലേ ആവശ്യം.
ആ മ്യൂസിയത്തിൽ അര മണിക്കൂറാണ് സമയ പരിധിയെങ്കിലും ഞങ്ങൾക്ക് ഒരു മണിക്കൂറിലധികം സമയം അനുവദിച്ചു.
പിറ്റേന്ന് രാവിലെ ഞങ്ങൾ നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന സെന്റ് പീറ്റേഴ്‌സ്ബർഗിനോടു വിട പറഞ്ഞു.”
“പിന്നെ എങ്ങോട്ടാണ് പോയത്?”
“ആർട്ടിക്കിനോട് അടുത്ത് കിടക്കുന്ന ‘മർമാൻസ്‌ക്’ (Murmansk) എന്ന പട്ടണത്തിലേക്കാണ് പോയത്.”
“അവിടത്തെ വിവരങ്ങൾ നാളെയാകട്ടെടോ.”
“ശരി പിള്ളേച്ചാ.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular