Saturday, April 20, 2024
HomeIndiaരാജ്യത്തെ ആദ്യ ഹൈ പെര്‍ഫോമന്‍സ് ഇ-ബൈക്ക്, അൾട്രാവയലറ്റ് എഫ്​ 77

രാജ്യത്തെ ആദ്യ ഹൈ പെര്‍ഫോമന്‍സ് ഇ-ബൈക്ക്, അൾട്രാവയലറ്റ് എഫ്​ 77

ഇലക്ട്രോണിക് സിറ്റി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ സ്റ്റാർട്ടപ്പാണ്​ അൾട്രാവയലറ്റ്​. ടിവിഎസ് ഓട്ടോമൊബൈലിന്‍റെ പിന്തുണയോടെ ആരംഭിച്ച കമ്പനി 2019 നവംബറിൽ ആണ് എഫ്​ 77 ​ പ്രീ-പ്രൊഡക്ഷൻ പതിപ്പിനെ പ്രദര്‍ശിപ്പിക്കുന്നത്. രാജ്യത്തെ ആദ്യ ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക്ക് ബൈക്ക് എന്ന ഖ്യാതിയോടെ 2020 ഓടെ ഈ ബൈക്ക് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തും എന്നായിരുന്നു കരുതിയിരുന്നത്. മോട്ടോര്‍സൈക്കിളിന്റെ ഡെലിവറികള്‍ 2020 ഒക്ടോബര്‍ മുതല്‍ ആരംഭിക്കാനിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനവും ലോക്ക്ഡൗണും അള്‍ട്രാവയലറ്റിന്റെ പദ്ധതികള്‍ വൈകിപ്പിക്കുകയായിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ ആദ്യ ഇലക്​ട്രിക്​ ബൈക്കിന്‍റെ അവതരണ വിവരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ബംഗളൂരുവിൽ തന്നെ തങ്ങളുടെ ആദ്യ നിർമാണ ഫാക്​ടറി സ്​ഥാപിക്കാനാണ്​ കമ്പനി ലക്ഷ്യമിടുന്നതെന്നും 2022 മാർച്ചിൽ ആദ്യ മോഡലായ എഫ്​ 77 അവതരിപ്പിക്കും എന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യ വർഷത്തിൽ 15,000 യൂനിറ്റുകൾ നിർമിക്കുമെന്നും തുടർന്ന് 1,20,000 യൂനിറ്റ് വാർഷിക ശേഷിയിലേക്ക് ഉയർത്തും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.  ബൈക്കിനായുള്ള മുൻകൂർ ഓർഡർ സ്വീകരിക്കൽ ഈ വർഷം ആരംഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലാണ് അള്‍ട്രാവയലറ്റ് പുതിയ നിര്‍മ്മാണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. കമ്പനിയുടെ ബെംഗളൂരുവിലെ ആര്‍ ആന്‍ഡ് ഡി സൗകര്യത്തിന് സമീപത്താണ് ഈ സ്ഥലം തിരഞ്ഞെടുത്തത്.  70,000 ചതുരശ്ര അടിയിൽ നിർമ്മാണ കേന്ദ്രം ഒരുക്കാനാണ്​ അൾട്രാവയലറ്റ്​ ലക്ഷ്യമിടുന്നത്​. അഞ്ച് വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹന നിർമാണത്തിലും അസംബ്ലിയിലും പരിശീലനം നേടിയ 500 ലധികം ജീവനക്കാർക്ക് തൊഴിൽ സൃഷ്​ടിക്കും എന്നും കമ്പനി പറയുന്നു.

ഏവിയേഷന്‍ എന്‍ജിനിയറിങ്ങില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ബൈക്കിന്റെ നിര്‍മ്മാണമെന്ന് 2019 നവംബറിലെ ആദ്യ പ്രദര്‍ശന വേളയില്‍ കമ്പനി അവകാശപ്പെട്ടിരുന്നു.  കരുത്തന്‍ സ്‌പോര്‍ട്‌സ് ബൈക്കുകളോട് കിടപിടിക്കുന്ന രൂപഘടനയാണ് സ്‌ട്രെല്ലീസ് ഫ്രെയ്‍മില്‍ നിര്‍മ്മിക്കുന്ന ഈ ബൈക്കുകള്‍ക്ക്.  ഉയര്‍ന്ന പെര്‍ഫോമെന്‍സ് നല്‍കുന്നതിനൊപ്പം മികച്ച സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ടാകും.  നിരവധി കണക്റ്റിവിറ്റി സംവിധാനങ്ങളുള്ള സ്മാര്‍ട്ട് കണക്റ്റഡ് ഇലക്ട്രിക് ബൈക്കാണിത്. റൈഡ് ടെലിമാറ്റിക്‌സ്, റിമോട്ട് ഡയക്‌നോസിസ്, ഓവര്‍ ദി എയര്‍ അപ്‌ഡേറ്റ്‌സ്, റീജനറേറ്റീവ് ബ്രേക്കിങ്, മള്‍ട്ടിപ്പിള്‍ റൈഡ് മോഡുകള്‍, റൈഡ് അനലക്റ്റിക്‌സ്, ബൈക്ക് ട്രാക്കിങ് തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ടാകും. എയര്‍ അപ്ഗ്രേഡുകള്‍, റിജനറേറ്റീവ് ബ്രേക്കിംഗ്, ബൈക്ക് ട്രാക്കിംഗ് എന്നിവയ്ക്കൊപ്പം റൈഡ് ഡയഗ്‌നോസ്റ്റിക്‌സ് പോലുള്ള സവിശേഷതകള്‍ F77 ലഭിക്കും.

24 kW ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും ഈ വാഹനത്തിന്‍റെ ഹൃദയം എന്നായിരുന്നു മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 2.7 സെക്കന്‍ഡ് മാത്രം മതിയാകും.  ഇന്‍സാന്‍, സ്‌പോര്‍ട്ട്, ഇക്കോ എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളിലാവും വാഹനം എത്തുക. സാധാരണ ബൈക്കുകളിലെ എന്‍ജിന്റെ സ്ഥാനത്താണ് ഇതിലെ ബാറ്ററി പാക്ക്. അതേസമയം ബാറ്ററി റേഞ്ച് സംബന്ധിച്ച സൂചനയെന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിന് ഏകദേശം 3 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. 2024-ഓടെ ആഗോള അരങ്ങറ്റത്തിനും ഇപ്പോള്‍ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular