Friday, April 19, 2024
HomeUncategorizedകേരളം ഉക്രെയ്‌നിലേക്കൊഴുക്കുന്ന 2500 കോടി കൊണ്ട് 25 മെഡി. കോളജുകൾ തുറക്കാം

കേരളം ഉക്രെയ്‌നിലേക്കൊഴുക്കുന്ന 2500 കോടി കൊണ്ട് 25 മെഡി. കോളജുകൾ തുറക്കാം

ഏറ്റവും കുറഞ്ഞ ചെലവിൽ ഡോക്ടറാകാനാണ് വിദേശത്ത് പഠിക്കാൻ പോയതെന്നാണ്  ഉക്രെയ്‌നിൽ നിന്ന് മടങ്ങിയെത്തിയ മലയാളി വിദ്യാർത്ഥികളെല്ലാം പറയുന്നത്.  മൂവായിരം പേർ വരുന്ന അവർ ഓരോരുത്തരും 35 ലക്ഷം രൂപ മുടക്കുന്നവരാണ്. യാത്രച്ചെലവ്, തണുപ്പിനെ അതിജീവിക്കാനുള്ള ഉടയാടകൾ മുതലായവ പുറമെ.

എന്നാൽ ഉക്രെയന് പുറമെ, റഷ്യ,  ജോർജിയ, അസർബൈജാൻ, ഖസാഖ്സ്റ്റാൻ, ടാജിക്കിസ്റ്റാൻ, അർമീനിയ  , മോൾഡോവ, റൊമേനിയ, ബൾഗേറിയ,  ഹങ്കറി, ചൈന, ഫിലിപ്പീൻസ് തുടങ്ങിയ വലുതും ചെറുതുമായ രാജ്യങ്ങളിൽ പഠിക്കുന്നവരെക്കൂടി ഉൾപ്പെടുത്തിയാൽ എണ്ണം പതിനായിരക്കണക്കിനാകും.

മെഡിസിൻ പഠിക്കാൻ നീറ്റ് പരീക്ഷ എഴുതുന്നവർ 15  ലക്ഷം

കേരളീയരെ മാത്രം കണക്കാക്കിയാൽ ഈ രാജ്യങ്ങളിൽ എല്ലാം കൂടി അയ്യായിരം പേർ  പഠിക്കുന്നു എന്ന് കരുതുക. അവർ അമ്പതുലക്ഷം രൂപവീതം മുടക്കുന്നുവെങ്കിൽ അതുതന്നെ 2500 കോടി വരും. ഇവിടെ കുറഞ്ഞത് 25 മെഡിക്കൽ കോളേജുകൾ  തുടങ്ങാൻ വേണ്ടിവരുന്ന തുക.

ഉക്രെയ് നിൽ നിന്നു 22,500 പേർ  മടങ്ങിയെത്തിയെന്നാണ് കേന്ദ്രഗവര്മെന്റിന്റെ കണക്ക്. ബഹുഭൂരിപക്ഷവും മെഡിക്കൽ വിദ്യാർത്ഥികൾ. യുദ്ധരംഗത്തുനിന്നു ഇന്ത്യ രക്ഷപ്പെടുത്തിക്കൊണ്ടുവന്നവരിൽ  എല്ലാസംസ്ഥാനക്കാരും ഉൾപ്പെടുന്നു. ചുരുക്കത്തിൽ ഇന്ത്യയുടെ ഒരു പരിഛേദം.

 പാസാകുന്നവർ 8 ലക്ഷം; സീറ്റ് കിട്ടുന്നവർ 88,000

ഇരുപതിനായിരം ഇന്ത്യൻ വിദ്യാർത്ഥികൾ  മെഡിക്കൽ പഠനത്തിന് 50 ലക്ഷം രൂപ വീതം മുടക്കുന്നു എന്നു കരുതിയാൽ ഉക്രയിനിലേക്കു മാത്രം ഇന്ത്യ നിക്ഷേപിക്കുന്നത് പതിനായിരം കോടി. മറ്റു രാജ്യങ്ങളിലെ കണക്കുകൂടി എടുത്താൽ ഇത് എത്ര ബഹുശത കോടിയായിരിക്കും!

ഇന്ത്യയിൽ ഭരണകൂടവും മെഡിക്കൽ കൗൺസിലും സ്വീകരിക്കുന്ന അവസര നിഷേധത്തിന്റെ ഫലമാണ് ഇവിടത്തെ വിദ്യാർത്ഥികൾ യുദ്ധത്തിന്റെയും കോവിഡിന്റെയുമെല്ലാം ഒന്നാം ഇരകളായി മാറുന്നതും രണ്ടാം ലോകത്തെ പണം ഒന്നാം രാജ്യങ്ങളിലേക്ക് ഒഴുകുന്നതും എന്നു ആരോപിക്കുന്നതിൽ ഒരു തെറ്റും ഇല്ലല്ലോ.

ഉക്രെയ്നിൽ നിന്ന് മടങ്ങി വന്നവർ

കേരളത്തിൽ നിന്ന് ഉക്രെയ്‌നിലേക്കു അയക്കുന്ന തുകയുടെ നൂറു ശതമാനവും, പൊതുമേഖലാ ബാങ്കുകളിൽ നിന്നെടുക്കുന്ന വിദ്യാഭ്യാസ വായ്പയാണെങ്കിലും ആ തുക ആത്യന്തികമായി കേരളീയരുടെ പോക്കറ്റുകളിൽ നിന്നാണ്  പോവുക.  ലൈഫ് പദ്ധതിപ്രകാരമുള്ള ഭവന നിർമ്മാണം മുതൽ സിൽവർ ലൈൻ വരെയുള്ള  പദ്ധതികൾക്ക് പണം കടമെടുക്കുന്ന കേരളത്തിന്റെ മുമ്പിൽ ഈ വൻ നഷ് ടം വലിയ ചോദ്യചിഹ്നമാന്  ഉയർത്തുന്നത്.

 രക്ഷപെട്ട മലയാളികളിൽ ചിലർ

വിദ്യാഭ്യാസത്തിലും ആരോഗ്യപരിരക്ഷയിലും രാജ്യത്തിനു മാതൃകയായ കേരളത്തിന് എത്രകാലം കടം വാങ്ങി കാര്യങ്ങൾ നടത്തിക്കൊണ്ടു പോകാൻ സാധിക്കും? വിദേശത്ത് വൈദ്യശാസ്ത്രം പഠിക്കാൻ ചെലവിടുന്ന തുക കേരളത്തിൽ മെഡിക്കൽ സ്ഥാപനങ്ങൾ തുടങ്ങി ഇവിടെത്തന്നെ സ്വരൂപിക്കാൻ കഴിഞ്ഞാൽ അതല്ലേ ബുധ്ധി?

ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് വിദേശ സർവകലാശാലകൾക്കു വാതായനം തുറന്നിടാൻ ആലോചിക്കുന്ന കേരളം ഇക്കാര്യത്തിലും മാതൃക കാട്ടണമെന്നു വിദഗ്ദ്ധന്മാർ വാദിക്കുന്നു.  എന്തുകൊണ്ട് വിദേശവിദ്യാർത്ഥികളെക്കൂടി ഇങ്ങോട്ടു ആകര്ഷിച്ചുകൂടാ?

മിച്ചഭൂമിയിൽ കോളജുകൾ തുടങ്ങണം: ഡോ. ബി. അശോക്

വിദേശത്ത് മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാൻ നൂറു കണക്കിന് ഏക്കറുകൾ വിനിയോഗിക്കുന്നില്ല എന്നാണ് അവിടൊക്കെ സന്ദർശിച്ച അനുഭവം വച്ചുകൊണ്ടു ഡോ. ബി. അശോക് ചൂണ്ടിക്കാട്ടുന്നത്. കേരള വെറ്റിനറി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ആയിരുന്ന അദ്ദേഹം ഇപ്പോൾ കേരള സ്റ്റേറ്റ് ഇലക്ട്രിസിസ്റ്റി ബോർഡ് ചെയർമാൻ ആണ്.

“എഴുപതു ഫാക്കൽറ്റിയും 100ൽ താഴെ ഏക്കർ ഭൗതിക  സൗകര്യവുമുള്ള എഡിൻബറോ സ്‌കൂൾ ഓഫ് വെറ്ററിനറി മെഡിസിൻ 200 വിദ്യാർഥികൾക്കു വാർഷിക അഡ്മിഷൻ നൽകുമ്പോൾ 120  ഫാക്കൽറ്റിയും 300 ഏക്കറുമുള്ള കേരള വെറ്ററിനറി വെറ്ററിനറി കോളജിൽ  100 വിദ്യാർത്ഥികളെ മാത്രം പ്രവേശിപ്പിക്കുന്നു”–2013ലെ കണക്കു  ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. വാർപ്പ് മാതൃകയിലുള്ള ടൈം ടേബിൾ മാറ്റിയാൽ  രണ്ടു ഷിഫ്റ്റിൽ മണ്ണുത്തി കോളജിനു 200-250 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാം.

പത്തു കോളേജുകൾക്ക് വഴിയൊരുക്കിയ ഡോ.പിജിആർ

“ഭൂമി വിഴുങ്ങുന്ന വൻ സർവകലാശാലകളുടെയൊക്കെ കാലം ഭൂമിക്കു പരിധിയുള്ള ഒന്നാം ലോക രാജ്യങ്ങളിലൊക്കെ എന്നേ  കഴിഞ്ഞു. ലോകപ്രശസ്തമായ ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സും ലണ്ടൻ സ്‌കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനുമൊക്കെ ലണ്ടൻ നഗരമധ്യത്തിലെ ഒറ്റക്കൂറ്റൻ  എടുപ്പുകളാണ്. അധികസ്ഥലം ലീസിനെടുത്തൊക്കെയാണ് അവ വികസിപ്പിക്കുന്നത്.

ഉടച്ചു വാർക്കണമെന്നു  റായ്പ്പൂരിലെ എയിംസ് പ്രൊഫ.  ജെസ്സി ഏബ്രഹാം

“നിലവിലെ സർവകലാശാലകളിൽ തന്നെ എത്രയോ ഭൂമി തരിശു കിടക്കുന്നു! ഉത്പ്പാദനമില്ലാതെ കിടക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ ഭൂമി വിദ്യാഭ്യാസ ആവശ്യത്തിന് കുറെ വർഷം പാട്ടത്തിനു കൊടുത്തു കൂടെ? ഓരോജില്ലക്കും ഓരോ മെഡിക്കൽ കോളജെങ്കിലും വേണം എന്ന ആശയം ശക്തമായി പൂർത്തീകരിക്കണം.”

140 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ 596  മെഡിക്കൽ കോളജുകളിലായി 88,120  എംബിബിഎസ്‌ സീറ്റുകൾ ആണുള്ളത്. പകുതി ഗവർമെന്റ് സ്ഥാപനങ്ങളിലും പകുതി പ്രൈവറ് സ്ഥാപനങ്ങളിലും. ഇവയിൽ 65,000 സീറ്റുകൾ മാത്രമേ ഗവർമെന്റ് നിരക്കിൽ മിതമായ ഫീസ് ചുമത്തുന്നുള്ളു.

കെട്ടിടങ്ങൾ ആയി–ഇടുക്കി മെഡിക്കൽ കോളജ്

നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഏറ്റവും ഒടുവിൽ നടത്തിയ  നീറ്റ് പരീക്ഷയിൽ 15.4  ലക്ഷം പേരാണ് പങ്കെടുത്തത്. 8.7 ലക്ഷം പേർ പാസായി. അഡ്മിഷൻ കിട്ടിയതു അതിൽ എത്രയോ തുശ്ചത്തിനും. ബാക്കിയുള്ളവരാണ് വിദേശത്താണെങ്കിലും പോയി ഡോക്ടർ ആവാൻ ശ്രമിക്കുന്നവത്.  ഇന്ത്യയിൽ സീറ്റ് കിട്ടിയിരുന്നെങ്കിൽ അവർ പോവില്ലെന്നു ഉറപ്പാണ്.

കേരളത്തിൽ പത്തോളം മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിനു പ്രോജക്ട് തയ്യാറാക്കിയ വിദഗ്ധനാണ്  കോട്ടയത്തെ ഡോ പിജിആർ പിള്ള. സർജറി പ്രൊഫസറും പ്രിൻസിപ്പലും ആയിരുന്നു. അവയിൽ അഞ്ചെണ്ണം പൂർണ്ണമായി നടപ്പായി അഞ്ചെണ്ണം ഭാഗികമായും.

 പ്രൈവറ്റ് മുന്നേറ്റം–പാലായിലെ മാർ സ്ലീവാ മെഡി സിറ്റി

പൊതുമേഖലയിലുള്ള കോളജുകൾ ആയിരുന്നു ബഹുഭൂരിപക്ഷവും. സർക്കാർ ഭൂമി കണ്ടുപിടിച്ച് കൊടുത്തതോടെ വലിയ ഭാരം ഒഴിവായി. നൂറു കിടക്കകൾ  ഉള്ള ആശുപതി ഉൾപ്പെടെ ഒരു കോളജിനു 300 കോടി രൂപ ചെലവ് വരുമെന്ന് അദ്ദേഹം കണ്ടെത്തി. അത് പല വർഷങ്ങളിലായി കണ്ടെത്തിയാൽ മതിയാകും.

പരിയാരം, കൊച്ചി, മഞ്ചേരി, പാരിപ്പള്ളി  ഗവർമെന്റ് കോളജുകളും സ്വകാര്യ മേഖലയിലുള്ള തൃശൂർ ജൂബിലിയും നടപ്പിലായി. കോന്നി, ഇടുക്കി  മെഡിക്കൽ കോളജുകളിൽ ഗംഭീര കെട്ടിടങ്ങൾ ആയി. ആശുപത്രികൾ നടന്നു വരുന്നു. ഹരിപ്പാട് മെഡിക്കൽ കോളജ് ഒന്നുമാകാതെ പോയി.

 കൊച്ചി ആംസ്റ്റർ മെഡി സിറ്റി

1956ലെ മെഡിക്കൽ കൗൺസിൽ  ഓഫ് ഇന്ത്യ ചട്ടങ്ങൾ അനുസരിച്ചാണ് ഇന്ത്യയിൽ മെഡിക്കൽ കോളജുകൾ നടന്നു വന്നിരുന്നത്. 1996ൽ  ആചട്ടങ്ങൾക്കു വൻ ഭേദഗതികൾ വരുത്തി.   മെഡിക്കൽ കൗൺസിൽ തന്നെ ഇല്ലാതായി. പകരം നാഷണൽ മെഡിക്കൽ കമ്മീഷൻ നിലവിൽ വന്നു.

ഒരു മെഡിക്കൽ കോളജ് തുടങ്ങാൻ വാൻ നഗരങ്ങളിൽ 20  ഏക്കർ സ്ഥലം ഉണ്ടായിരിക്കണമെന്ന നിയമത്തിൽ ഇളവ് വന്നു  പലയിടങ്ങളിലായി അത്രയും മതിയാകും. അതിലും കുറഞ്ഞ ഭൂമിയിൽ ആകാശത്തേക്കു ഉയർത്തുന്ന കെട്ടിടങ്ങൾ ആകാമെന്ന് ഇപ്പോൾ ഊന്നൽ വന്നിട്ടുണ്ട്. വിദേശത്ത് അങ്ങനെയൊക്കെയാണ്. 300 കിടക്കകൾ ഉള്ള ആശുപത്രി മൂന്നു  വർഷമായി നടത്തിയ അനുഭവസമ്പത്ത് ഉണ്ടായിരിക്കണം.

140 കോടിജനമുള്ള ഇന്ത്യയിൽ ഡോക്ടർമാർ കുറവായതിനാൽ എല്ലാ  ജില്ലാആശുപത്രികളും മെഡിക്കൽ കോളജുകളായി വികസിപ്പിക്കണമെന്ന നയം കേന്ദ്രം ആവിഷ്കരിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഓരോ എഐഎംഎസ് സ്ഥാപിക്കണമെന്ന ആശയം നടപ്പാക്കി വരുന്നു.

ഉദാഹരണത്തിന്  ചട്ടിസ് ഗറിന്റെ തലസ്ഥാനമായ   റായിപൂരിൽ  എയിംസ് എന്ന ആൾ ഇന്ത്യ  ഇൻസ്റ്റിറ്റിയൂട് ഓഫ് മെഡിക്കൽ സയൻസസ്  തുറന്നിട്ട് 12  വർഷമായി. എന്റെ ഒരടുത്ത ബന്ധു ഡോ. ജെസ്സി എബ്രഹാം വാഷിംഗ് ടണിലെ നല്ല യൂണിവേഴ്‌സിറ്റി ജോലി  ഉപേക്ഷിച്ചിട്ടാണ് അവിടെ ബയോകെമിസ്ട്രി പ്രഫസറായി എത്തിയത്.  കാരണം മഹാത്മജി പറഞ്ഞ ഇന്ത്യയെന്ന സ്വപ് നം.

പക്ഷെ ഇപ്പോൾ നിരാശയുണ്ട്. അഞ്ചരവർഷത്തേക്കു അടിച്ചു പരത്തിയ ഇന്നത്തെ മെഡിക്കൽ വിദ്യാഭ്യാസം മൂന്നു വർഷമായി കുറച്ച് ജനങ്ങളെ സേവിക്കാൻ ഗ്രാമങ്ങളിലേക്ക് പോകുന്ന “കുടുംബ ഡോക്ടർമാരെ” സൃഷ്ടിക്കണം എന്നാണ് ജെസ്സി വാദിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പബ്ലിക്-പ്രൈവറ്റ് പങ്കാളിത്തത്തെക്കുറിച്ചും ഗൗരവമായി ആലോചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

“ഇന്ത്യയിലും കേരളത്തിലും എത്ര  പുതിയ മെഡിക്കൽ കോളജുകൾ തുടങ്ങിയാലും നീറ്റ് പരീക്ഷ ജയിച്ചിട്ടും ഒരിടത്തും പ്രവേശനം കിട്ടാതെ വാലറ്റത്ത് കിടക്കുന്നവർ എന്തുവന്നാലും വിദേശത്ത് പോകുമെന്ന് ഉറപ്പാണ്. എങ്കിലും അവിടങ്ങളിലേക്കുള്ള കോടികളുടെ ഒഴുക്ക് ഒരളവു വരെയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞാൽ അത് നാടിനു ഗുരുണകരമാകും,” ഡോ പിജിആർ  തുറന്നു പറഞ്ഞു.

ഉക്രെയ്‌നിൽ നിന്നു മടങ്ങിവന്ന ആയിരങ്ങളുടെ മനോവേദന കത്തിക്കാളുന്നു. യുദ്ധം തീർന്നിട്ട് അവിടേക്കു മടങ്ങാമെന്ന പ്രതീക്ഷ ഓരോ ദിനം കഴിയുതോറും മങ്ങുകയാണ്. മറ്റെവിടെയെങ്കിലും പോകാമെന്നുവച്ചാൽ ദുർവഹമാണ് ഫീസും വ്യവസ്ഥകളും. കോഴ്സ് കഴിഞ്ഞവർക്ക് ഹൗസ് സർജൻസി ചെയ്യണം. കഴി യാത്തവർക്കു തുടർപഠനം നടത്തണം. എല്ലാറ്റിനും കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ ഉടനെ ഉണർന്നു പ്രവർത്തിച്ചെ മതിയാവൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular